തന്നെ കുടുംബത്തോടൊപ്പം ഇല്ലാതാക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടുന്ന സംഘം ശ്രമിച്ചിരുന്നുവെന്ന് പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍

തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ മരണപ്പെട്ടാല്‍ അത് അപകടമരണമോ സാധാരണ മരണമോ എന്ന് വ്യക്തമായി പരിശോധിച്ച ശേഷം മാത്രമേ തന്റെ മൃതദേഹം ദഹിപ്പിക്കാവു എന്ന് ഞാന്‍ ഡയറിയിലെഴുതുകയും ചെയ്തിരുന്നു

തന്നെ കുടുംബത്തോടൊപ്പം ഇല്ലാതാക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടുന്ന സംഘം ശ്രമിച്ചിരുന്നുവെന്ന് പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍

തന്നെയും തന്റെ കുടുംബത്തേയും ഒന്നോടെ ഇല്ലാതാക്കാനുള്ള നീക്കം സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുമുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍. ഈ തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞുപോയത് മരണഭീതിയോടെയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷവും ആ ഭീതി നിലനില്‍ക്കുന്നുണ്ടെന്നും കലാകൗമുദി ആഴ്ചപതിപ്പതിന് അനുവദിച്ച അഭിമുഖത്തില്‍ ബിജിമോള്‍ പറയുന്നു.

താന്നെ ഇടതുമുന്നി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നിശ്ചയിച്ചതോടെ സംഘടതിമായ നീക്കങ്ങളാണ് തനിക്കെതിരെ നടന്നതെന്നും ബിജിമോള്‍ പറയുന്നു. യുഡിഎഫും എന്‍ഡിഎയും മറ്റ് എതിരാളികളുമെല്ലാം ഇടതുപക്ഷമുന്നണിയെയല്ല ശത്രുവായി കണ്ടിരുന്നത്. ഇഎസ് ബിജിമോള്‍ എന്ന വ്യക്തിയെയാണ് അവര്‍ ശത്രുപക്ഷത്ത് കണ്ടിരുന്നത്. അതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളി നടേശന്‍ വളരെ തരംതാഴ്ന്ന ഭാഷയില്‍ തന്നെ ആക്രമിച്ചത്- ബിജിമോള്‍ അഭിമുഖത്തില്‍ പറയുന്നു. തന്നോട് വ്യക്തിപരമായി അടുപ്പമുള്ള, ഒരേ പാത്രത്തില്‍ നിന്നും ആഹാരം കഴിച്ചുകൊണ്ടിരുന്ന ഒരുവ്യക്തി തനിക്കെതിരെ അപവാദപ്രചരണം നടത്തിയ കാര്യവും ബിജിമോള്‍ സൂചിപ്പിക്കുന്നു.


തന്റെ പേരില്‍ 4000 ഏക്കര്‍ മാന്തോപ്പും 2000 ഏക്കര്‍ തെങ്ങിന്‍ബതോപ്പും 3000 ഏക്കര്‍ പൂന്തോപ്പും 240 ഏക്കര്‍ കവുങ്ങിന്‍ തോപ്പുമുണ്ടെന്ന് പ്രചരണം നടത്തിയത് ആ വ്യക്തിയായിരുന്നെന്നും ബിജിമോള്‍ പറയുന്നു. തന്റെ സ്വന്തം പാര്‍ട്ടിയായ സിപിഐയുടെ മുഖപത്രം ജനയുഗത്തിന്റെ പീരുമേട് ലേഖകന്‍ ബിജിമോനാണ് ആ വ്യക്തിയെന്നും ബിജിമോള്‍ വെളിപ്പെടുത്തുന്നു. ക്രൈം മാഗസിനില്‍ പ്രസിദ്ധീകരിക്കാന്‍ ഈ ആരോപണങ്ങള്‍ അടങ്ങിയ പതിനാല് പേജുള്ള മാറ്റര്‍ ബിജിമോനാണ് തയ്യാറാക്കി നല്‍കിയതെന്നും ബിജിമോള്‍ പറഞ്ഞു. എന്നാല്‍ ഇതിനുമുമ്പ് രണ്ടുതവണ തനിക്കെതിരെ വളരെ മോശമായി ക്രൈം എഴുതിയിരുന്നെന്നും അതുകൊണ്ടു തന്നെ ഈ വാര്‍ത്തയെ താന്‍ അവഗണിക്കുകയാണുണ്ടായതെന്നും ബിജിമോള്‍ അഭിമുഖത്തില്‍ പറയുന്നു. ക്രൈം പ്രസിദ്ധീകരിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഈ മാറ്റര്‍ ഡിടിപിയെടുത്ത് ബുക്കാക്കി മണ്ഡലത്തില്‍ പ്രചരിപ്പിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

പ്രസ്തുത അഭിമുഖത്തില്‍ തന്നെയും കുടുംബത്തേയും കൊലപ്പെടുത്താനുള്ള നീക്കമുണ്ടായതായും ബിജിമോള്‍ പറയുന്നു. പീരുമേട്ടിലെ ഒരു പ്രമുഖ സിപിഐ നേതാവിന്റെ അറിവോടെയാണ് ഇൗ നീക്കം നടത്തിയതെന്നും 17ഉം 16ഉം വയസ്സുള്ള തന്റെ രണ്ടു മക്കളെ ഉള്‍പ്പെടെ കൊന്നുകളയാനായിരുന്നു ശത്രുക്കളുടെ നീക്കമെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഞാനും ഭര്‍ത്താവും മക്കളും ഒരുമിച്ച് സഞ്ചരിച്ചിട്ടില്ല. ഇടയ്ക്കു കിട്ടുന്ന ഭക്ഷണം വരെ പരിശോധിച്ചാണ് കഴിച്ചത്. രാത്രി ഒറ്റയ്ക്ക് യാത്രചെയ്യേണ്ട സാഹചര്യങ്ങളൊക്കെ ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ മരണപ്പെട്ടാല്‍ അത് അപകടമരണമോ സാധാരണ മരണമോ എന്ന് വ്യക്തമായി പരിശോധിച്ച ശേഷം മാത്രമേ തന്റെ മൃതദേഹം ദഹിപ്പിക്കാവു എന്ന് ഞാന്‍ ഡയറിയിലെഴുതുകയും ചെയ്തിരുന്നു- ബിജിമോള്‍ പറയുന്നു.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ താന്‍ വിജയിക്കുന്നതാണ് ഈ പകയുടെ കാരണമെന്നും മറ്റുകാരണങ്ങള്‍ എന്തെങ്കിലുമുള്ളതായി താന്‍ വിശ്വസിക്കുന്നില്ലെന്നും ബിജിമോള്‍ സൂചിപ്പിച്ചു. എന്നാല്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച സിപിഐയില്‍ നിന്നുള്ള ആ വ്യക്തിയാരെന്ന് തുറന്നുപറയാന്‍ ബിജിമോള്‍ വിസമ്മതിച്ചു. അക്കാര്യം പാര്‍ട്ടി നേരിട്ട് അന്വേഷിച്ച് നടപടിയെടുക്കുമെന്നാണ് വിശ്വാസമെന്നും ബിജിമോള്‍ പറഞ്ഞു.

നാരദാ ന്യൂസ് ബിജിമോളുടെ അഭിപ്രായമറിയുന്നതിനായി ശ്രമിച്ചുവെങ്കിലും അവര്‍ ഫോണെടുക്കാന്‍ തയ്യാറായില്ല.

Read More >>