എന്റെ ജയം രാജ്യം ഫാസിസത്തിന്റെ കടന്നുവരവിനെ തിരിച്ചറിഞ്ഞതിന്റെ അടയാളം: പട്ടാമ്പിയില്‍ നിന്ന് വിജയിച്ച ജെ എന്‍ യു നായകന്‍ മുഹമ്മദ് മുഹ്സിന്‍ നാരദ ന്യൂസിനോട്

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനെ തകര്‍ത്തത് ബി ജെ പിയുമായുള്ള പിന്നാമ്പുറ ബന്ധം, നേമം മോഡലോടെ അത് കേരളത്തിലും എത്തി. ഈ പോക്ക് പോയാല്‍ കേരളത്തിലും കോണ്‍ഗ്രസുണ്ടാവില്ല, എന്ത് വികസനം വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മണ്ഡലത്തിലെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കും. ബൂത്ത് തലത്തില്‍ യോഗങ്ങള്‍ വിളിച്ചാവും എന്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക.... പട്ടാമ്പിയില്‍ നിന്ന് വിജയിച്ച ജെ എന്‍ യു നായകന്‍ മുഹമ്മദ് മുഹ്‌സിന്‍ നാരദയോട്..

എന്റെ ജയം രാജ്യം ഫാസിസത്തിന്റെ കടന്നുവരവിനെ തിരിച്ചറിഞ്ഞതിന്റെ അടയാളം: പട്ടാമ്പിയില്‍ നിന്ന് വിജയിച്ച ജെ എന്‍ യു നായകന്‍ മുഹമ്മദ് മുഹ്സിന്‍ നാരദ ന്യൂസിനോട്

പാലക്കാട്: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ മോഡിക്കേറ്റ തിരിച്ചടിയായി കൂടിയായി വിലയിരുത്തുന്നത്  പട്ടാമ്പിയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയും ജെ എന്‍ യു വിദ്യാര്‍ത്ഥിയുമായി മുഹമ്മദ് മുഹ്‌സിന്റെ വിജയത്തോടു കൂടിയാണ്. മുഹമ്മദ് മുഹ്‌സിന്റെ വിജയം പ്രധാനമന്ത്രി മോദിയുടെ കരണത്ത് ഏല്‍ക്കുന്ന അടിക്കു തുല്യമായിരിക്കും എന്നാണ് ജെ എന്‍ യു സമരനായകന്‍ കനയ്യ പട്ടാമ്പിയില്‍ മുഹ്‌സിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലെത്തി പ്രഖ്യാപിച്ചത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച മത്സരത്തില്‍   മുഹ്‌സിനെ മുട്ടുകുത്തിക്കാന്‍ യു ഡി എഫിനെക്കാള്‍ മുന്‍പന്തിയില്‍ ബി ജെ പി കൂടിയുണ്ടായിരുന്നു. ജെ എന്‍ യുവിലെ രാജ്യദ്രോഹികളെ തോല്‍പ്പിക്കാനും ദേശീയതക്കും വോട്ടു ചോദിച്ച ബി ജെ പിക്ക് വോട്ടെണ്ണിയപ്പോള്‍ വോട്ടു കുറെ കുറഞ്ഞു. രാജ്യദ്രോഹിയെ തോല്‍പ്പിക്കാന്‍ ബി ജെ പിയുടെ വോട്ടുകള്‍ യു ഡി എഫ് വിലക്കു വാങ്ങിയതാണെന്ന് ഇടത് മുന്നണി ആരോപിക്കുന്നുണ്ട്. വോട്ട് കച്ചവടം നടന്നില്ലായിരുന്നെങ്കില്‍ മുഹ്‌സിന്റെ ഭൂരിപക്ഷം 20000 ത്തിന് മുകളില്‍ പോകുമായിരുന്നുവെന്നാണ് എല്‍ ഡി എഫ് വാദം.


മുഹമ്മദ് മുഹ്‌സിനെ കാണാന്‍ പട്ടാമ്പിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് തിരക്കോടു തിരക്കായിരുന്നു. സിപിഎം പാര്‍ട്ടി ഓഫീസില്‍ രാവിലെ എട്ടുമണിക്ക് കാണാമെന്നായിരുന്നു ഫോണിലൂടെ പറഞ്ഞിരുന്നതെങ്കിലും മുഹ്‌സിന്‍ എത്തിയപ്പോള്‍ പത്ത് മിനിറ്റ് വൈകി. സ്വീകരണങ്ങളുടെ തിരക്കാണ്. രാവിലെ മുതല്‍ തുടങ്ങുന്ന സ്വീകരണം രാത്രിയോടെയാണ് കഴിയുന്നത്. ദിവസം 25 ലേറെ സ്ഥലത്ത്. എട്ടരക്ക് തന്നെ പോകണം. പ്രവര്‍ത്തകര്‍ കാറുമായി കാത്തു നില്‍ക്കുന്നുണ്ട്. അതിനിടയിലാണ് നാരദക്ക് വേണ്ടി അല്‍പസമയം തരുന്നത്. വൈകിയതില്‍ ക്ഷമ പറഞ്ഞു കൊണ്ടാണ്  മുഹ്‌സിന്‍ സംസാരിച്ചത്. അധിക സമയം ഇരിക്കാന്‍ കഴിയില്ലെന്ന് മുന്‍കൂട്ടി പറഞ്ഞ്  അതിനും ക്ഷമ പറഞ്ഞു.

പുതിയ എം എല്‍ എ എന്ന നിലയില്‍ ഏതു രീതിയിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് സ്വന്തം ആശയം പങ്കു വെച്ചാണ് മുഹ്‌സിന്‍ പറഞ്ഞു തുടങ്ങിയത്.

'എന്റെ വീക്ഷണത്തില്‍ റോഡുകളും പാലങ്ങളും നിര്‍മ്മിക്കല്‍ മാത്രമല്ല വികസനം. പരിസ്ഥിതിക്ക് കൂടി ഇണങ്ങുന്ന ഒരു വികസനമാണ് വരേണ്ടത്. എന്ത് വികസനം വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മണ്ഡലത്തിലെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കും. ബൂത്ത് തലത്തില്‍ യോഗങ്ങള്‍ വിളിച്ചാവും എന്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തീരുമാനിക്കുന്നത്. ജനങ്ങള്‍ക്ക് ജീവിത നിലവാരം ഉയര്‍ത്താനുള്ള കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. മുകളില്‍ നിന്ന് നിശ്ചയിക്കുന്ന വികസനം താഴേക്ക് കെട്ടിയിറക്കലല്ല, താഴെ തട്ടിലുള്ളവര്‍ക്ക് കൂടിയുള്ള വികസനത്തിനാണ് പ്രധാനം. ചെയ്യാന്‍ പറ്റുന്നതും കഴിയാത്തതുമായ കാര്യങ്ങളെ കുറിച്ച് സ്വയം പഠിക്കുകയും ജനങ്ങളെ ബോധവാന്‍മാരാക്കുകയും ചെയ്യും.'
ജെ.എന്‍.യുവില്‍ ശരിക്കും എന്താണ് സംഭവിക്കുന്നതെന്നും മുഹ്‌സിന്‍ പറഞ്ഞു.

' ജെ എന്‍ യു വിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അവിടെ നിന്നും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ബോധവാന്‍മാരാണ്. അവിടെ ഗവേഷണം നടത്തുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. ഇവരൊക്കെ പഠിച്ചിറങ്ങുന്നതില്‍ ഭയപ്പെടുന്ന സര്‍ക്കാരാണ് ഉള്ളതെന്ന് തോന്നും ഇപ്പോഴത്തേത്. അതുകൊണ്ടാണ് അത് തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നത്. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. അതിനെതിരെ വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി നടത്തി വന്നിരുന്ന സമരം പൊളിക്കാനാണ് രാജ്യദ്രോഹികളെന്ന ആരോപണം ഉയര്‍ത്തി കൊണ്ടു വന്നത്.'

കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ കുറിച്ചും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചും പിന്നീട് പറഞ്ഞു.
'ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണം അവര്‍ വര്‍ഗീയതക്ക് എതിരെ വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കാത്തതാണ്. ബി ജെ പി യാണ് ശത്രുവെന്ന് കോണ്‍ഗ്രസ് പറയുമ്പോഴും പലയിടത്തും പ്രാദേശിക തലത്തില്‍ ബി ജെ പിയുമായി ഒരു പിന്നാമ്പുറ ബന്ധം അവര്‍ പുലര്‍ത്തുന്നുണ്ട്.  ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേമത്ത് കണ്ടതു പോലെ. ഈ ബന്ധം കൊണ്ട് ഗുണം കിട്ടിയത് ബി ജെ പിക്കു മാത്രമാണ്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ കൂടി അവര്‍ കയറി വന്നു, പലയിടത്തും കോണ്‍ഗ്രസ് ഇല്ലാതായി. കേരളത്തിലും ഈ ബന്ധം വളര്‍ന്നു വരുന്നതാണ് ഈ തെരഞ്ഞെടുപ്പോടെ കണ്ട്ത്. നേമത്ത് താമര വിരിഞ്ഞപ്പോള്‍ യു ഡി എഫിന് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. ഇത് വളര്‍ന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകും. കേരളത്തിലെ ജനങ്ങള്‍ പൊതുവെ സാക്ഷരത കൂടിയവരും ദേശീയ രാഷ്ട്രീയത്തെ നോക്കി കാണുന്നവരുമാണ്. മോദിയുടെ ഭരണകാലത്ത് ഇന്ത്യ പൂര്‍ണമായി ഒരു ഫാസിസ്റ്റ് രാജ്യമായില്ലെങ്കിലും ഫാസിസ്റ്റു രാജ്യമായി മാറാനുള്ള പ്രവണത കാണിക്കാന്‍ തുടങ്ങി. എന്ത് കഴിക്കണം, ഉടുക്കണം, വായിക്കണം, ചിന്തിക്കണം, ചെയ്യണം എന്നത് വരെ ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥയിലേക്ക് എത്തുന്ന നിലയിലായി കാര്യങ്ങള്‍. ഫാസിസ്റ്റ് ശക്തികളെ നിലക്കു നിര്‍ത്താന്‍ ഇടതു പക്ഷത്തിനെ കഴിയു എന്നൊരു തിരിച്ചറിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായി. അതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയതലത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മുഹ്‌സിന്‍ പറഞ്ഞു.

രാഷ്ട്രീയക്കാരനാവാനുള്ള പ്രചോദനം എന്തായിരുന്നുവെന്ന ചോദ്യത്തിന് രാഷട്രീയത്തിന്റെ പ്രസക്തിയെ കുറിച്ചു കൂടി പറഞ്ഞായിരുന്നു ഉത്തരം.

ഒരു കുട്ടി ജനിച്ചു വീഴുമ്പോള്‍ തന്നെ അവന്റെ ജീവിതത്തില്‍ രാഷട്രീയം ഇടപെടുന്നുണ്ട്. അതവന്‍ അറിയുന്നില്ലെങ്കിലും രാഷ്ട്രീയം തന്നെയാണ് അവനെ ഒരു വ്യക്തിയാക്കി മാറ്റുന്നത്. പത്തില്‍ പഠിക്കുമ്പോഴാണ് രാഷട്രീയ പ്രവര്‍ത്തനത്തില്‍ ആഭിമുഖ്യം വരുന്നത്. യുവകലാസാഹിതി അംഗമായിരുന്നു. നാടകങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ ഇവയൊക്കെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കി. 2011 ല്‍ എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീടാണ് ചെന്നെയില്‍ നിന്ന് എം.ഫില്‍ പൂര്‍ത്തിയാക്കി പി.എച്ച് ഡി ചെയ്യാന്‍ ജെ ന്‍ യുവിലെത്തിയതെന്ന് മുഹ്‌സിന്‍ പറഞ്ഞു.

മുഹ്‌സിനെതിരെ യു ഡി എഫ് സ്ഥാനാര്‍ഥിയായി സി പി മുഹമ്മദാണ് അങ്കത്തട്ടിലുണ്ടായിരുന്നത്. 2001ലും 2006ലും സി പി ഐ യിലെ കെ ഇ ഇസ്മായിലിനെ തോല്‍പ്പിച്ചാണ് സി പി മുഹമ്മദ് പട്ടാമ്പി മണ്ഡലം പിടിച്ചെടുത്തത്. 2011ല്‍ സി പി മുഹമ്മദ് സി പി ഐയിലെ കെ പി സുരേഷ് രാജിനെ 12,475 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇത്തവണയും സി പി മുഹമ്മദ് മത്സര രംഗത്ത് വന്നപ്പോള്‍ സി പി ഐ മണ്ഡലം പിടിച്ചെടുക്കുന്നതിന് പല പേരുകള്‍ ഉയര്‍ത്തിയെങ്കിലും ഒടുവില്‍ നറുക്ക് വീണത് മുഹമ്മദ് മുഹ്‌സിനാണ്.
മുഹ്‌സിന്റെ സ്ഥാനാര്‍ഥിത്വത്തെ വളരെ ലാഘവത്തോടെയാണ് യു ഡി എഫ് കണ്ടിരുന്നതെങ്കിലും ജെ എന്‍ യു വിദ്യാര്‍ഥികളുടെ പ്രചാരണവും മുഹ്‌സിന്റെ യുവത്വവും മണ്ഡലത്തെ കീഴടക്കുകയായിരുന്നു. അവസാന ഘട്ടത്തില്‍ സി പി മുഹമ്മദ് പല അടവുകള്‍ പയറ്റിയെങ്കിലും അതെല്ലാം വിഫലമാക്കി മുഹമ്മദ് മുഹ്‌സിന്‍ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. പട്ടാമ്പിയില്‍ 17,8471 ആകെയുള്ള വോട്ടര്‍മാരില്‍ 14,0652 പേര്‍ പോള്‍ ചെയ്തപ്പോള്‍ മുഹമ്മദ് മുഹ്‌സിന്‍ 64,025 വോട്ട് നേടി. സി പി മുഹമ്മദ് 56,621 വോട്ട് നേടിയപ്പോള്‍ ബി ജെ പി സ്ഥാനാര്‍ഥി പി മനോജിന് ലഭിച്ചത് 14,824 വോട്ടാണ്. അപരന്മാരായ മൊഹ്‌സിന് 525 ഉം പി മാഹ്‌സിന് 315 ഉം വോട്ടുകള്‍ കിട്ടി. കഴിഞ്ഞ നിയമസഭാ തിരെഞ്ഞടുപ്പില്‍ 15,4374 വോട്ടര്‍മാരില്‍ 11,2377 പേര്‍ പോള്‍ ചെയ്തപ്പോള്‍ സി പി മുഹമ്മദ് 57,728 ഉം എല്‍ ഡി എഫിലെ കെ പി സുരേഷ് രാജ് 45,253 ഉം ബി ജെ പിയിലെ പി ബാബു 8,874 ഉം വോട്ടുകള്‍ നേടിയിരുന്നു. ലോക്‌സഭാ തിരെഞ്ഞടുപ്പില്‍ എം ബി രാജേഷ് 53,821 വോട്ടും ഇവിടെ നേടിയിരുന്നു.