പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുമെന്നു വാഗ്ദാനം ചെയ്ത ധനസഹായം ഇതുവരെ ലഭിച്ചില്ല

ആശുപത്രിയിലെത്തുന്നവര്‍ക്ക് ചികിത്സ സൗജന്യമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനും കാശ് മുടക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. പലരും മുറിവുകളില്‍ മരുന്നുവെയ്ക്കാനും ഡ്രസ് ചെയ്യാനും ആശുപത്രികളില്‍ എത്തുന്നത് സ്വന്തം ചെലവിലാണ്. പല ആശുപത്രികളിലും ചികിത്സ സൗജന്യമാണെങ്കിലും ചികിത്സയ്ക്ക് ചെലവാകുന്ന ഉപകരണങ്ങളും മരുന്നുമൊക്കെ രോഗികള്‍ തന്നെ കാശ്‌കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്...

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുമെന്നു വാഗ്ദാനം ചെയ്ത ധനസഹായം ഇതുവരെ ലഭിച്ചില്ല

സംസ്ഥാനത്തെ ഞെട്ടിച്ച പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്നിട്ട് ഒരുമാസം പിന്നിടുമ്പോള്‍ അതിനിരയായ സാധാരണക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാതെ നരകിക്കുന്നു. ദുരന്തഭൂമിയിലേക്ക് ഓടിപ്പാഞ്ഞെത്തി ധനസഹായം പ്രഖ്യാപിച്ച കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള നാടകമായിരുന്നോ എന്നാണ് ദുരന്തബാധിതരുടെ ഇപ്പോഴത്തെ സംശയം.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഇതു കൂടാതെ അടിയന്തിര സഹായമായി മരണപ്പെട്ടവരുടെ കുടുംബത്തിന് 10000 രൂപയും പരിക്കേറ്റവര്‍ക്ക് 5000 രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചികിത്സ തേടിയെത്തുന്നവര്‍ക്ക് ആശുപത്രികളുടെ സേവനം തികച്ചും സൗജന്യമാണെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതില്‍ അനേക നാളത്തെ കാത്തിരിപ്പിനും ആവലാതിക്കുമൊടുവില്‍ അടിയന്തിര ധനസഹായം ലഭിച്ചെങ്കിലും മറ്റൊന്നിനും ഒരു തീരുമാനമാകാതെ കാത്തിരിക്കുകയാണ് ദുരിതബാധികതരും കുടുംബങ്ങളും.


അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം ഇതുവരെ രണ്ടുകുടുംബങ്ങള്‍ക്കുമാത്രമേ ലഭിച്ചിട്ടുള്ളു. അച്ഛനും അമ്മയും മരണപ്പെട്ട കൃഷ്ണ- കിഷോര്‍ എന്നീ കുട്ടികള്‍ക്കും കൊല്ലം സ്വദേശിയായ വിപിനുമാണ് ധനസഹായം ലഭിച്ചചിട്ടുള്ളത്. മരിച്ചവരും പരിക്കേറ്റവരുമായി 470ഓളം പേര്‍ക്ക് ധനസഹായം കിട്ടാനുണ്ടെന്നുള്ളതാണ് യഥാര്‍ത്ഥവസ്തുത. എന്നാല്‍ ഈ തുക എന്ന് കിട്ടുമെന്നോ, തുടര്‍ ചികിത്സയ്ക്കായി തങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നോ അറിയാതെ ദിനങ്ങള്‍ തള്ളി നീക്കുകയാണ് ദുരന്തത്തിന്റെ ഇരകളായവരില്‍ ബഹുഭൂരിപക്ഷവും.

ആശുപത്രിയിലെത്തുന്നവര്‍ക്ക് ചികിത്സ സൗജന്യമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനും കാശ് മുടക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. പലരും മുറിവുകളില്‍ മരുന്നുവെയ്ക്കാനും ഡ്രസ് ചെയ്യാനും ആശുപത്രികളില്‍ എത്തുന്നത് സ്വന്തം ചെലവിലാണ്. പല ആശുപത്രികളിലും ചികിത്സ സൗജന്യമാണെങ്കിലും ചികിത്സയ്ക്ക് ചെലവാകുന്ന ഉപകരണങ്ങളും മരുന്നുമൊക്കെ രോഗികള്‍ തന്നെ കാശ്‌കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്.

ഈ ധനസഹായ വിതരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യാതെവരുവിധ വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. പുറ്റിങ്ങല്‍ ധനസഹായ വിതരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതിയും നല്‍കിക്കഴിഞ്ഞു. കാത്തിരിപ്പുകള്‍ക്കും വില്ലേജ് ഓഫീസിലെ ഇറങ്ങിക്കയറ്റങ്ങള്‍ക്കും ശേഷം പരിക്കേറ്റവര്‍ക്കുള്ള അടിയന്തിര സഹായമായ 5000 രൂപ ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ജനങ്ങള്‍ക്ക് ലഭിച്ചത്. സര്‍ക്കാര്‍ ധനസഹായം പ്രതീക്ഷിച്ച് ചികിത്സനടത്താനിരിക്കുന്നവരുടെ കാത്തിരിപ്പുകള്‍ ഇനിയും നീളുമെന്നുള്ള കാര്യം ഉറപ്പാണ്. പലരും കടം വാങ്ങിയും സ്വര്‍ണ്ണം പണയം വെച്ചുമൊക്കെയാണ് ചികിത്സ തുടരുന്നത്.

ദുരന്തത്തില്‍ പെട്ടവരെ തിരിച്ചറിയുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള വിശദീകരണം. അത് പൂര്‍ത്തിയാകുന്നതിനനുസരിച്ച് ധനസഹായ വിതരണം ഉണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പുറ്റിങ്ങല്‍ അപകടവും വാഗ്ദാനം നല്‍കിയവരുടെ ഓര്‍മ്മയില്‍ നിന്നും മറയുമോ എന്ന ഭയത്തിലാണ് അപകടത്തിന്റെ ഇരകള്‍.

Read More >>