"ഒരുപാട് സൂചനകള്‍ ഒളിപ്പിച്ചുവച്ച ചിത്രമാണ് കമ്മട്ടിപ്പാടം"

"ഒരുപാട് സൂചനകള്‍ ഒളിപ്പിച്ചുവച്ച ചിത്രമാണ് കമ്മട്ടിപ്പാടം, കമ്മട്ടിപ്പാടത്തിന്‍റെ തിരക്കഥകൃത്ത് പി.ബാലചന്ദ്രന്‍ നാരദ ന്യൂസിനോട്

"ഒരുപാട് സൂചനകള്‍ ഒളിപ്പിച്ചുവച്ച ചിത്രമാണ് കമ്മട്ടിപ്പാടം"

മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി.ബാലചന്ദ്രന്‍ തിരക്കഥ  എഴുതുന്ന പുതിയ ചിത്രമാണ് കമ്മട്ടിപ്പാടം.  യുവനടന്‍ ദുല്‍ഖര്‍ സല്‍മനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപിക്കുന്നത്.പേരിലെ കൗതുകവും ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ രൂപഭാവവും പ്രേക്ഷകരെ ഏറെ പ്രതീക്ഷയിലേയ്ക്ക് ഉയര്‍ത്തുന്നു. ദുല്‍ഖര്‍സല്‍മാന്‍ കൃഷ്ണനായി അഭിനയിക്കുമ്പോള്‍ ഗംഗനായി പ്രത്യക്ഷപ്പെടുന്നത് വിനായകനാണ്.


"ഇവൻ മേഘരൂപൻ" എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധായകനായി എത്തിയ പി. ബാലചന്ദ്രന്‍ ഉള്ളടക്കം,അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ , മനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി.

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി “വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമർമ്മരം,ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച  പി ബാലചന്ദ്രന്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശക്തമായ മറ്റൊരു തിരക്കഥ കൂടി മലയാള സിനിമയ്ക്ക് സമ്മാനിക്കുകയാണ്.

പി.ബാലചന്ദ്രനുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്നും...

എന്താണ് കുമ്മട്ടിപ്പാടം?

ഇന്ന് ഈ പേര് ആര്‍ക്കും ഓര്‍മ്മയില്ല. കാരണം പുരോഗതിയുടെ സ്പര്‍ശത്താല്‍ ആ പ്രദേശം ഗാന്ധിനഗര്‍, നോര്‍ത്ത് ഗിരിനഗര്‍, ജവഹര്‍നഗര്‍, കുമാരനാശാന്‍നഗര്‍ എന്നിങ്ങനെ പല പല പേരുകളില്‍ വലിയനഗരമായി മാറി. പണ്ട് പാടവും വരമ്പുകളുമായി പരന്നുകിടന്നിരുന്ന 'കമ്മട്ടിപ്പാടം' മറവിയുടെ തീരത്താണ്. അങ്ങനെ കമ്മട്ടിപ്പാടം വളര്‍ന്ന് നഗരമായതിനെക്കുറിച്ചുള്ള കഥയാണ് ഈ ചിത്രം പറയുന്നത്.

എങ്ങനെ ഈ പേരിലേക്ക് എത്തി?

ഈ ചിത്രത്തിന്റെ സംവിധായകന്‍ രാജീവ്‌ രവിയുമായി ചിത്രത്തിന്റെ കഥ ചര്‍ച്ച ചെയ്യുന്ന വേളയില്‍ രാജിവ് എറണാകുളത്തെ കമ്മട്ടിപ്പാടം എന്ന സ്ഥലത്തെ കുറിച്ച് പറയുകയുണ്ടായി. കര്‍ഷകരായിരുന്നു ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും. പിന്നീട് അവര്‍ വിവിധ കാരണങ്ങള്‍ കൊണ്ട് കമ്മട്ടിപ്പാടം ഉപേക്ഷിച്ചു പോവുകയും ഈ സ്ഥലം ഇന്നത്തെ ജവഹര്‍ നഗറും ഗിരി നഗറും ഒക്കെയായി മാറുകയും ചെയ്തു.

രാജീവ് രവിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന പല അനുഭവങ്ങളും സമ്മാനിച്ച സ്ഥലമാണ് കമ്മട്ടിപ്പാടം. അത് പോലെ തന്നെ, ഇന്ന് പ്രമുഖരായ പലരുടെയും ജീവിതം മാറ്റി മറിക്കുകയും പിന്നീട് അവര്‍ വിസ്മരിക്കുകയും ചെയ്ത സ്ഥലം കൂടിയാണ് കമ്മട്ടിപ്പാടം. ഇവര്‍ക്ക് എല്ലാം വേണ്ടിയുള്ള ഒരു ഓര്‍മ്മപ്പെടുതലും സൂചനകളുമാണ് ഈ പേരിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്

ചിത്രത്തിന്റെ കഥയും പേരുമായുള്ള ബന്ധം?

ചിത്രം ഈ മാസം ഒടുവില്‍ തീയറ്ററുകളില്‍ എത്തും. കഥയും ബന്ധവും ഒക്കെ അത് വരെ സസ്പന്‍സ് ആയി തന്നെ നില്‍ക്കട്ടെ...