ഒഴിവു ദിവസത്തെ കളി ഇനി തീയറ്ററില്‍..

ആദ്യ ഘട്ടത്തില്‍ ചിത്രം തിരുവനന്തപുരത്ത് മാത്രമാണ് റിലീസ് ചെയ്യുന്നത്

ഒഴിവു ദിവസത്തെ കളി ഇനി തീയറ്ററില്‍..

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒഴിവ് ദിവസത്തെ കളി മെയ്‌ 17ന് തിരുവനന്തപുരത്തെ തീയറ്ററുകളില്‍ എത്തുന്നു.

2015ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സംസ്ഥാന സര്‍ക്കാര്‍ നേടിയ ഒഴിവ് ദിവസത്തെ കളി ഒരിക്കലും ഒരു 'അവാര്‍ഡ്‌' ചിത്രമല്ലെന്നും അത് കൊണ്ട് തന്നെ സാധാരണ സിനിമ പ്രേക്ഷകര്‍ ചിത്രം ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നും ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നാരദ ന്യൂസിനോട് പ്രതികരിച്ചു.

തന്റെ മുന്‍ ചിത്രങ്ങള്‍ക്ക് 'അവാര്‍ഡ്‌' ചിത്രങ്ങള്‍ എന്ന പേര് ഉള്ളത് കൊണ്ട്, തീയറ്ററുകളില്‍ ഈ ചിത്രം എത്രമാത്രം വിജയം കാണുമെന്നുള്ള ആശങ്കയുള്ളത് കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ ചിത്രം തിരുവനന്തപുരത്ത് മാത്രം റിലീസ് ചെയ്യുന്നത് എന്നും, ആദ്യ ആഴ്ചയിലെ പ്രതികരണങ്ങള്‍ക്ക് ശേഷം ചിത്രം കേരളത്തിലെ എല്ലാ ജില്ലകളിലും എത്തുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഒരു തിരഞ്ഞെടുപ്പ് ദിവസം, അഞ്ചു മധ്യവയസ്ക്കര്‍ ഒഴിവ് ദിവസം ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ആ ഒഴിവ് ദിവസം കൂടുതല്‍ രസകരമാക്കാന്‍ അവര്‍ ഒരു കളി കളിക്കുന്നു. ഇതാണ് ചിത്രം പറയുന്ന കഥ. കൂടുതല്‍ അറിയാന്‍ കുറച്ചു ദിവസം കൂടി കാക്കാന്‍ സനല്‍ കുമാര്‍ പറയുന്നു.