പാണക്കാട് തങ്ങളെ വിമർശിച്ചയാൾക്ക് ഊരുവിലക്ക്; പ്രതിഷേധം ശക്തമാകുന്നു

പാണക്കാട് ശിഹാബ് തങ്ങളെ വിമർശിച്ചയാളെ ഊരുവിലക്കിയ മഹല്ല് കമ്മറ്റി തീരുമാനത്തിനെതിരെ നവമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. ഊരുവിലക്കി കൊണ്ട് മഹല്ല് കമ്മറ്റി നൽകിയ കത്ത് ഇതിനകം വൈറലായി കഴിഞ്ഞു. പ്രാകൃതമായ നടപടിയെന്നാണ് ഇതിനെക്കുറിച്ച് സിപിഎം നേതാവ് എം വി ജയരാജൻ വിശേഷിപ്പിച്ചത്.

പാണക്കാട് തങ്ങളെ വിമർശിച്ചയാൾക്ക് ഊരുവിലക്ക്; പ്രതിഷേധം ശക്തമാകുന്നു

ബത്തേരി: നവമാധ്യമങ്ങളിലൂടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിമർശിച്ചു എന്നാരോപിച്ച് യുവാവിനും കുടുംബത്തിനും മഹല്ല് കമ്മറ്റിയുടെ ഊരുവിലക്ക്. അമ്പലവയൽ ആനപ്പാറ സ്വദേശി ലബീബിനും കുടുംബത്തിനുമാണ് മഹല്ല് കമ്മറ്റി ഊരുവിലക്ക് ഏർപ്പെടുത്തിയത്. നവമാധ്യമങ്ങളിലൂടെ സമുദായത്തെ ആക്ഷേപിച്ചുവെന്നാണ് നരിക്കുണ്ട്, ആനപ്പാറ ജുമ മസ്ജിദ്ദ് കമ്മറ്റി ഊരുവിലക്കിയത്.

ലബീബിനെയും കുടുംബത്തേയും ഊരുവിലക്കി കൊണ്ട് മഹല്ല് കമ്മറ്റി പുറത്തുവിട്ട കത്തിന്റെ പകർപ്പുകൾ നവമാധ്യമങ്ങളിൽ വൈറലായി. മഹല്ല് കമ്മറ്റി പ്രസിഡന്റ് കുഞ്ഞാവ, സെക്രട്ടറി അഷറഫ് പൈക്കാടൻ എന്നിവരുടെ പേരിലാണ് ഊരുവിലക്കി കൊണ്ടുള്ള കത്ത് കൊടുത്തിട്ടുള്ളത്.


നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ സിപിഐഎം പ്രവർത്തകനായ ലബീബ് ലീഗിനെതിരെ പ്രചരിപ്പിച്ച ചിത്രമാണ് മഹല്ല് കമ്മറ്റിക്കാരെ ചൊടിപ്പിച്ചത്. ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ചിത്രം സമുദായത്തിന്റെ താത്പര്യങ്ങൾ നിരക്കുന്നതല്ലെന്നാണ് മഹല്ല് കമ്മറ്റിയുടെ വാദം.

സിപിഐഎം പ്രവർത്തകനായ ലബീബ് വോട്ടെടുപ്പ് ദിവസം കോ-ലീ-ബി സഖ്യത്തെ കളിയാക്കിക്കൊണ്ട് തനിക്ക് ലഭിച്ച ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഊരുവിലക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന ലബീബിന്റെ വിവാഹച്ചടങ്ങളിൽനിന്ന് ആനപ്പാറ മഹല്ല് വിട്ടുനിന്നു. മഹല്ല് കമ്മറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് ചടങ്ങിൽനിന്ന് ചെറിയൊരു ശതമാനം പേർ വിട്ട് നിന്നതായി ലബീബ് നാരദ ന്യൂസിനോട് പറഞ്ഞു.

അതേസമയം ലിബീഷിന് ഊര് വിലക്ക് ഏർപ്പെടുത്തിയ നടപടി പ്രാകൃതമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജൻ ആരോപിച്ചു. വിവാഹ ചടങ്ങിൽ ഉസ്താദ് പങ്കെടുത്തില്ല. മറ്റ് ചടങ്ങുകളിലും വിലക്കേർപ്പെടുത്തിയ പളളി കമ്മിറ്റി തീരുമാനം കത്തിലൂടെ പുറത്ത് വന്നു. ഇത് ഞെട്ടലുണ്ടാക്കിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് തങ്ങൾ ലീഗിൻറ സംസ്ഥാന പ്രസിഡണ്ടാണ്. ഒരു പാർട്ടിയുടെ നേതാവിനെ വിമർശിക്കാൻ ജനങ്ങൾക്ക് അവകാശമില്ലെ? വിമർശനം ലീഗ് നേതാവിന്റെ അന്തസ് കുറക്കുമോ? എങ്കിൽ അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കുകല്ലേ നല്ലതെന്നും എം വി ജയരാജൻ ചോദിച്ചു.

ലബീബിനും കുടുംബത്തിനും നേരെയുണ്ടായ ഊരുവിലക്കെതിരെ നവമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്. ഊരുവിലക്കികൊണ്ട് മഹല്ല് കമ്മറ്റി ലബീബിന്റെ കത്തുകൾ താഴെ കൊടുക്കുന്നു.

2

3

Story by
Read More >>