പ്രതിപക്ഷ നേതാവിനെ മറ്റന്നാള്‍ അറിയാം

ഉമ്മന്‍ ചാണ്ടിയാണോ രമേശ്‌ ചെന്നിത്തലയാണോ അടുത്ത പ്രതിപക്ഷ നേതാവ് എന്ന് മറ്റന്നാള്‍ അറിയാം.

പ്രതിപക്ഷ നേതാവിനെ മറ്റന്നാള്‍ അറിയാം
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ നയിക്കേണ്ട നേതാവിനെ മറ്റന്നാള്‍ തിരഞ്ഞെടുക്കും. അതിന്റെ ഒപ്പം നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ഹൈക്കമാന്‍റ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ കോണ‍്ഗ്രസ് എംഎല്‍എമാരുടെ യോഗവും ഞായറാഴ്ച ചേരും.

ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവിന്റെ കുപ്പായം വേണ്ട എന്ന് വാശി പിടിക്കുന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാനാണ് കൂടുതൽ സാധ്യത. അതേ സമയം കെ.മുരളീധരന്‍, വി.ഡി സതീശന്‍ എന്നീ പേരുകളും ഉയരുന്നുണ്ട്.
ഐ ഗ്രൂപ്പിനാണ് നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷവും. എം.എല്‍.എമാരുടെ അഭിപ്രായമറിയാനാണ് ഹൈക്കമാൻഡ് പ്രതിനിധികളെത്തുന്നത്. ഷീലാ ദീക്ഷിത് ,മുകുള്‍ വാസ്നിക്ക് ,ദീപക് ബാബ്റിയ എന്നിവരാണ് തിരുവനന്തപുരത്ത് എത്തുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനം തര്‍ക്ക വിഷയമാകരുതെന്ന ധാരണയാണ് ഉന്നത നേതാക്കള്‍ക്കിടയിലുള്ളത്. കനത്ത തോല്‍വിക്ക് ശേഷം നേതൃപദവിയെ ചൊല്ലി തമ്മിലടിയുണ്ടാകുന്നത് പാര്‍ട്ടിയുടെ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. അസാധാരണമായ സാഹചര്യത്തിൽ അല്ലാതെ ഹൈക്കമാൻഡ് ഏതെങ്കിലും പേര് നിര്‍ദേശിക്കില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.  അതിനാൽ എംഎൽഎമാരുടെ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാനാണ് സാധ്യത.