ബിജെപി- സിപിഐ(എം) സ്ഥാനാര്‍ഥികളില്‍ പലരും 'കൊലപാതകികള്‍'

സര്‍വകലാശാലാ നിയമനത്തട്ടിപ്പു മുതല്‍ താലിബാന്‍ മോഡല്‍ കൊലപാതകം വരെയുള്ള കേസുകളിലെ പ്രതികളാണ് സിപിഎം സ്ഥാനാര്‍ഥികളെന്നും ബിജെപി സ്ഥാനാര്‍ഥികളില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ വരെയുണ്ടെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ബിജെപി- സിപിഐ(എം) സ്ഥാനാര്‍ഥികളില്‍ പലരും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് ഇനി അഞ്ചു ദിവസം മാത്രം അവശേഷിക്കെ ബിജെപി- സിപിഐ(എം) പാര്‍ട്ടി സ്ഥാനാര്‍ഥികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്.

സര്‍വകലാശാലാ നിയമനത്തട്ടിപ്പു മുതല്‍ താലിബാന്‍ മോഡല്‍ കൊലപാതകം വരെയുള്ള കേസുകളിലെ പ്രതികളാണ് സിപിഎം സ്ഥാനാര്‍ഥികളെന്നും  ബിജെപി സ്ഥാനാര്‍ഥികളില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ വരെയുണ്ടെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.


സംസ്ഥാനത്തു മത്സരിക്കുന്ന മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ഥികളുടെ പേരില്‍ 943 കേസുകളാണുള്ളത്. ഇതില്‍ 685 എണ്ണം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ്. സിപിഎമ്മിന്‍റെ 67 സ്ഥാനാര്‍ഥികളുടെ പേരില്‍ 617 കേസുകളാണുള്ളത്.

എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പേരില്‍ 152 കേസുകളുണ്ട്. കേരള നിയമസഭയെ കുറ്റവാളികളുടെയും തട്ടിപ്പുകാരുടെയും ഇരിപ്പിടമാക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ഇവരെ ജനം തിരസ്കരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപറയുന്നു.

കേരള സര്‍വകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തട്ടിപ്പില്‍ മൂന്നാം പ്രതിയാണ് അരുവിക്കരയിലെ സിപിഎം സ്ഥാനാര്‍ഥി എ.എ.റഷീദ്. ഈ കേസിലെ നാലാം പ്രതി ബി.എസ്.രാജീവ് വട്ടിയൂര്‍ക്കാവിലെ സിപിഎം സ്ഥാനാര്‍ഥി ടി.എന്‍.സീമയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ്.2005ല്‍ നടത്തിയ അസി.ഗ്രേഡ് പരീക്ഷയില്‍ ഉത്തരക്കടലാസുകള്‍ നശിപ്പിക്കുകയും റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തി സിപിഎം നേതാക്കളുടെ അടുപ്പക്കാരായ ഇരുനൂറോളം പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തുവെന്നാണു കേസ്. അന്ന് സിന്‍ഡിക്കറ്റ് അംഗങ്ങളായിരുന്ന എ.എം.റഷീദും ബി.എസ്.രാജീവും ഒന്നും രണ്ടും പ്രതികളായ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ എന്നിവരുമായി സാമ്പത്തിക നേട്ടങ്ങള്‍ക്ക് ഗൂഢാലോചന നടത്തി എന്നാണ് കുറ്റപത്രത്തിലുള്ളത്. തിരുവനന്തപുരം വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജ് പരിഗണിക്കുന്ന കേസില്‍ പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

കേരളത്തെ ഞെട്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ടി.വി.രാജേഷ് 33ആം പ്രതിയാണ്. സിപിഎമ്മിന്‍റെ ശക്തിദുര്‍ഗമായ കീഴറയില്‍ വച്ച് 2011 ഏപ്രിലിലാണ് എംഎസ്എഫ് നേതാവ് അബ്ദുല്‍ ഷുക്കൂറിനെ (21) വിചാരണ ചെയ്ത് താലിബാന്‍ മോഡലില്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്.

ബിജെപിയുടെ പാറശാല സ്ഥാനാര്‍ഥി ജയചന്ദ്രന്‍ നായര്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഹൈക്കോടതിയില്‍ അപ്പീലുണ്ട്. രണ്ടു ഡിഫിക്കാരെ 1990ല്‍ കൊലപ്പെടുത്തിയ കേസിലാണ് ഇദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും ചാത്തന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി ബി.ബി.ഗോപകുമാറിന് കേസുണ്ട്. വട്ടിയൂര്‍ക്കാവിലെ ബേക്കറിയില്‍ അതിക്രമിച്ചു കയറി ഉടമയെ കയ്യേറ്റം ചെയ്തതിനാണ് പത്തനാപുരം സ്ഥാനാര്‍ഥി ഭീമന്‍ രഘുവിനെതിരെ കേസുള്ളത്. വസ്തു വഞ്ചനക്കേസാണ് ചടയമംഗലത്തെ ബിജെപി സ്ഥാനാര്‍ഥി ശിവദാസന്‍ പിള്ളയ്ക്കെതിരെയുള്ളത്.
പേരാവൂര്‍ സ്ഥാനാര്‍ഥി ബിനോയ് കുര്യന്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു വീഴ്ത്തിയ കേസിലെ പ്രതിയാണ്. 2013 ഒക്ടോബര്‍ 27 നാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു കല്ലേറുണ്ടായത്. കണ്ണൂരില്‍ കാലു കുത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്ന ഭീഷണിക്കിടയില്‍ മുഖ്യമന്ത്രി ഒരു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ കല്ലേറിഞ്ഞ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്‍റെ ചില്ല് തകര്‍ക്കുകയും മുഖ്യമന്ത്രിയുടെ നെഞ്ചിനു മുറിവേല്‍പ്പിക്കുകയും ചെയ്തു എന്നാണു കേസ്. ഇപ്പോള്‍ കണ്ണൂര്‍ സെഷന്‍സ് കോടതിയിലാണ് കേസ്.

തളിപ്പറമ്പിലെ സിപിഎം സ്ഥാനാര്‍ഥി ജയിംസ് മാത്യു ആത്മഹത്യാ പ്രേരണ കേസില്‍ രണ്ടാം പ്രതിയാണ്. ഈ കേസില്‍ അറസ്റ്റിലായ ജയിംസ് മാത്യു രണ്ടാഴ്ചയോളം ജയിലിലായിരുന്നു. ടാഗോര്‍ വിദ്യാനികേതന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശശിധരനെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാണു കേസ്. തുടര്‍ന്ന് അദ്ദേഹം ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കിയിരുന്നു. ആത്മഹത്യാ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണു ജയിംസിനെ പ്രതിയാക്കിയത്. ജയിംസിനെതിരെ മൊത്തം 11 കേസുകളുണ്ട്.
ഉടുമ്പഞ്ചോലയിലെ സിപിഎം സ്ഥാനാര്‍ഥി എം.എം.മണിക്കെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. അഞ്ചേരി ബേബിയെ വെടിവച്ചുകൊന്ന കേസ് ഇപ്പോള്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ മുന്നിലാണ്.

തിരുവനന്തപുരത്തെ ഇടതു സ്ഥാനാര്‍ഥി ആന്‍റണി രാജു തൊണ്ടിമുതലില്‍ തിരിമറി നടത്തി കോടതിയില്‍ ഹാജരാക്കി പ്രതിയെ ശിക്ഷയില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ചു എന്ന കേസുണ്ട്.

നേമത്ത് വി. ശിവന്‍കുട്ടിക്കെതിരെ 31 കേസുകളുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ കേസുകള്‍ സംബന്ധിച്ച സത്യവാങ്മൂലം ഇല്ല.

അഴീക്കോട് സിപിഎം സ്ഥാനാര്‍ഥി നികേഷ് കുമാറിനെതിരേയുള്ള 57ല്‍ 54 എണ്ണവും വഞ്ചനാക്കുറ്റമാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ ആറു കേസുകളും പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ 11 കേസുകളുമുണ്ട്.