ബിജു രമേശിന്‍റെ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് കളക്റ്ററുടെ നോട്ടീസ്

ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബില്‍ തിരുവനന്തപുരത്തെ എഐഎഡിഎംകെ സ്ഥാനാര്‍ഥിയും പ്രമുഖ മദ്യ വ്യവസായിയുമായ ബിജു രമേശ് നടത്തിയ പത്ര സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാ കളക്റ്റര്‍ ബിജുപ്രഭാകര്‍ നോട്ടീസ് അയച്ചു

ബിജു രമേശിന്‍റെ പത്രസമ്മേളനം റിപ്പോര്‍ട്ട്  ചെയ്ത മാധ്യമങ്ങള്‍ക്ക് കളക്റ്ററുടെ നോട്ടീസ്

തിരുവനന്തപുരം: ഇന്നലെ രാവിലെ 11 മണിക്ക്  തിരുവനന്തപുരം പ്രസ് ക്ലബില്‍ തിരുവനന്തപുരത്തെ എഐഎഡിഎംകെ സ്ഥാനാര്‍ഥിയും പ്രമുഖ മദ്യ വ്യവസായിയുമായ ബിജു രമേശ് നടത്തിയ പത്ര സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാ കളക്റ്ററുടെ നോട്ടീസ്.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും ആരോഗ്യമന്ത്രിയുമായ ശിവകുമാറിന്റെ പരാതിയെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്തതിന് നടപടിയെടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് കളക്റ്ററുടെ നോട്ടീസില്‍ പറയുന്നത്.


Card


ഇന്നലെയാണ് പരാതിക്ക് അടിസ്ഥാനമായ വാര്‍ത്താ സമ്മേളനം നടന്നത്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശിവകുമാര്‍ ഒരു മരുന്നു കമ്പനിയില്‍ നിന്ന് 15 കോടി രൂപ കമ്മിഷന്‍ വാങ്ങിയതായി ബിജുരമേശ് ഇന്നലെ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കൂടാതെ ഈ മരുന്ന് കമ്പനിയുടെ ആള്‍ക്കാരാണ് മന്ത്രിയുടെ മകളെ ഡല്‍ഹിയില്‍ തട്ടിക്കൊണ്ടു പോയതെന്നും, പിന്നീട് കമ്മിഷന്‍ തുക തിരിച്ചു നല്‍കിയാണ് മന്ത്രി മകളെ മോചിപ്പിച്ചതെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളും ഇന്നലെ ബിജു രമേശ് മന്ത്രി ശിവകുമാറിന് നേരെ ഉന്നയിച്ചിരുന്നു.

ഇത് കൂടാതെ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ ഒരു ആശുപത്രിക്കായി 164 കോടിയുടെ ബിനാമികരാറില്‍ ശിവകുമാര്‍ ഏര്‍പ്പെട്ടതായും ബിജുരമേശ് ആരോപിച്ചു. വരും ദിവസങ്ങളില്‍ കടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇലക്ഷന്‍ അടുത്ത് വരുംതോറും കൂടുതല്‍ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ പുറത്തുവരാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ടാണ് ജില്ലാ വരണാധികാരികൂടിയായ കളക്റ്ററെ പരാതിയുമായി ശിവമാര്‍ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ ബിജു രമേശിന് കളക്റ്റര്‍ ബിജു പ്രഭാകര്‍  കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു  വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്.

Read More >>