ദോഹയില്‍ തൊഴിലാളികൾക്കു മാത്രമായി മൂന്ന് പുതിയ ആശുപത്രികൾ

ഖത്തറിൽ ആദ്യമായാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ ചികിൽസാ സൗകര്യമൊരുക്കുന്നത്.

ദോഹയില്‍ തൊഴിലാളികൾക്കു മാത്രമായി മൂന്ന് പുതിയ ആശുപത്രികൾ

ദോഹ: മെഡിക്കൽ സിറ്റിയിൽ നിലവിലുള്ള നാല് ആശുപത്രികളിൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തിയും വ്യവസായമേഖലകളിൽ തൊഴിലാളികൾക്കു മാത്രമായി മൂന്നു പുതിയ ആശുപത്രികൾ തുറന്നും ആരോഗ്യ രംഗത്ത് പുതിയ കാല്‍വയ്പ്പിന്ഒരുങ്ങുകയാണ് ദോഹ.

രാജ്യത്തെ ചികിത്സാ സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിച്ച് അടുത്ത വർഷാന്ത്യത്തോടെ രോഗികളെ കിടത്തി ചികിൽസിക്കുന്നതിന് 1,100 കൂടുതൽ കിടക്കകൾ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്‌ഷ്യമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആരോഗ്യസംരക്ഷണ സൗകര്യവിഭാഗം മേധാവി ഹമദ് അൽ ഖലീഫ പറഞ്ഞു.


ഖത്തറിൽ ആദ്യമായാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ ചികിൽസാ സൗകര്യമൊരുക്കുന്നത്. പുതിയ ആശുപത്രികൾ തുറക്കുന്നതോടെ രാജ്യത്തെ ചികിത്സാസൗകര്യങ്ങളിൽ വൻ മാറ്റമുണ്ടാകും. ഏറ്റവും എളുപ്പത്തിൽ എത്താവുന്ന സ്‌ഥലങ്ങളിലാണ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കുന്നതെന്നും അൽ ഖലീഫ പറഞ്ഞു.

ഏഴ് ആശുപത്രികളിൽ നാല് എണ്ണം ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലാണ്. വിമൻസ് ഹോസ്‌പിറ്റൽ, സാംക്രമിക രോഗചികിത്സാ കേന്ദ്രം, ആംബുലേറ്ററി കെയർ സെന്റർ, ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയാണിവ. ദോഹ, അൽഖോർ, മിസൈദ് എന്നിവിടങ്ങളിലെ വ്യവസായ മേഖലകളിലാണ് മറ്റു മൂന്ന് ആശുപത്രികൾ തുറക്കുന്നത്. ഓരോന്നിലും 112 കിടക്കകൾ വീതമുണ്ടാകും. തനിച്ചുകഴിയുന്ന പുരുഷ തൊഴിലാളികളുടെ വിദഗ്‌ധ ചികിൽസയ്ക്കാണ് ഇവ തുറക്കുന്നത്.

ആംബുലേറ്ററി കെയർ സെന്ററിൽ ഒപി ക്ലിനിക്കുകളും നിരീക്ഷണം വേണ്ട മുതിർന്ന രോഗികൾക്കും പകൽമാത്രം കിടക്കാനുള്ള ഇലക്‌ടീവ് ക്ലിനിക്കുകളും ഉണ്ടാവും. ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കും ചികിത്സ ലഭ്യമാകും. ഇവിടെ 193 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ടാകും. സാംക്രമിക രോഗചികിത്സാ കേന്ദ്രത്തിൽ 65 കിടക്കകളുണ്ട്. ഇവ 65 മുറികളിലായാണ് സജ്‌ജീകരിക്കുക.