ലളിതമായി പറയൂ: നേമത്ത് എന്തുകൊണ്ടു തോറ്റു?

ഇടതുമുന്നണി മിന്നുന്ന പ്രകടനം നടത്തുമ്പോൾ നേമത്തെ പരാജയം പരിശോധിക്കേണ്ടതാണ്. എന്തുകൊണ്ട് നേമത്ത് പാർട്ടി പരാജയപ്പെട്ടു. എന്തുകൊണ്ട് സംസ്ഥാനത്ത് മുഴുവനുണ്ടായ മുന്നേറ്റം നേമത്ത് മാത്രം ഉണ്ടാകാതെ പോയി- സെബിൻ എ ജേക്കബ് എഴുതുന്നു.

ലളിതമായി പറയൂ: നേമത്ത് എന്തുകൊണ്ടു തോറ്റു?

v sivankuttyസെബിൻ എ ജേക്കബ്

തിരുവനന്തപുരം: സിപിഐ(എം) നയിച്ച ഇടതുപക്ഷജനാധിപത്യമുന്നണിയുടെ മിന്നുന്ന പ്രകടനം കണ്ട തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ആ മധുരത്തിനിടയിലും നേമത്ത് എൻഡിഎ സ്ഥാനാർത്ഥിയായ ഒ രാജഗോപാലിന്റെ താമരച്ചിഹ്നത്തിലെ തിളങ്ങുന്ന വിജയം കേരളത്തിലെ ഇടതുപക്ഷപാർട്ടികളെ ഞെട്ടിച്ചിരിക്കയാണ്. പന്ത്രണ്ട് തവണയോളം നടന്ന റിവ്യൂകൾക്കു ശേഷം സിപിഎം ജില്ലാകമ്മിറ്റിക്ക് നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി നൽകിയ കണക്കിൽ 4600 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി ശിവൻകുട്ടി ജയിക്കേണ്ടതാണ്. ആ സ്ഥാനത്താണ് 8671 വോട്ടിന്റെ ലീഡിന് ബിജെപി കേരളനിയമസഭയിലെ ആദ്യ സീറ്റ് ഉറപ്പിച്ചത്.


ഇത്രയും വ്യത്യാസം എവിടെനിന്നു വന്നു എന്ന ചോദ്യം സ്വാഭാവികമാണ്. യുഡിഎഫ് പാളയത്തിൽ നിന്നു ചോർന്ന വോട്ടാണ് രാജഗോപാലിനെ വിജയിപ്പിച്ചത് എന്ന ന്യായീകരണത്തിൽ അതിനെ ഒളിപ്പിക്കാനാണ് ഔദ്യോഗികമായി പാർട്ടിവൃത്തങ്ങൾ തയ്യാറായിരിക്കുന്നത്. അതിന് ഉപോത്ഭലകമായ കണക്ക് അവതരിപ്പിക്കാനാവുകയും ചെയ്യും. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ചാരുപാറ രവി 20248 വോട്ടുകൾ പിടിച്ചിരുന്ന സ്ഥാനത്ത് നിലവിലെ സ്ഥാനാർത്ഥി സുരേന്ദ്രൻപിള്ളയ്ക്ക് 13860 വോട്ടുകൾ മാത്രമാണു സ്വരൂപിക്കാൻ കഴിഞ്ഞത്.

കഴിഞ്ഞ പ്രാവശ്യത്തേക്കാൾ 6388 വോട്ട് യുഡിഎഫിനു കുറഞ്ഞിരിക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ശശി തരൂരിനു ലഭിച്ച 32639 വോട്ടിൽ നിന്ന് സുരേന്ദ്രൻപിള്ളയ്ക്കു കിട്ടിയ വോട്ടുകൾ കിഴിച്ചാൽ ഈ വ്യത്യാസം 18,779 വോട്ടുകളുടേതാവുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, സാമ്പത്തികരംഗമെടുത്താലും സാംസ്‌കാരികരംഗമെടുത്താലും രാഷ്ട്രീയപ്രയോഗങ്ങൾ പരിശോധിച്ചാലും കോൺഗ്രസും ബിജെപിയും വലതുപക്ഷത്താണ് നിലകൊള്ളുന്നത് എന്നതാണ്. അതായത് വലതുപക്ഷത്തിന്റെ വോട്ട് വലതുപക്ഷത്തു തന്നെയുണ്ട്. അതിന്റെ ഗുണഭോക്താവായ പാർട്ടി മാറി എന്നേയുള്ളൂ. ആ സാഹചര്യത്തിലാണ് ശിവൻകുട്ടിയുടെ വോട്ടും പരിശോധിക്കേണ്ടത്. 59142 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഇവിടെ നേടിയത്. ഇത് 2011ലെ 50076 വോട്ടുകളേക്കാൾ 5007 വോട്ട് അധികമാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ ബെന്നെറ്റ് നേടിയ 31634 വോട്ടുകളുമായി താരതമ്യപ്പെടുത്തിയാൽ ശിവൻകുട്ടി ഇത്തവണ അധികം പിടിച്ചത് 27508 വോട്ടുകളാണ്. കോൺഗ്രസ് വോട്ട് ബിജെപിക്കു ചോർന്നു എന്നാരോപിക്കാനും ഒപ്പം തന്റെ വോട്ട് ഗണ്യമായി കൂടി എന്ന് വാദിക്കാനും കൂടുതൽ തെളിവൊന്നും വേണ്ടല്ലോ.

എന്നാൽ ഇത്രയും ലളിതമല്ല കാര്യം. ശിവൻകുട്ടി അധികംപിടിച്ച വോട്ടിൽ യുഡിഎഫിന്റെ വോട്ട് തീരെയില്ല എന്നു പറയാനാകുമോ?

ന്യൂനപക്ഷവോട്ട് കുലയോടെ ശിവൻകുട്ടിക്ക് ലഭിച്ചു എന്നാണല്ലോ വയ്പ്പ്. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയ കക്ഷികൾ നേമത്ത് തങ്ങളുടെ വോട്ട് ശിവൻകുട്ടിക്കാണ് എന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇവർക്ക് ഇവിടെ എത്ര സ്വാധീനമുണ്ടെന്ന് വ്യക്തമല്ല. എങ്കിലും ബിജെപി പേടി ന്യൂനപക്ഷങ്ങൾക്കിടയിൽ നന്നായി ചെലവാകുന്ന ചരക്കാണ്. അതുകൊണ്ടുതന്നെ മുമ്പു യുഡിഎഫ് നേടിയിരുന്ന കുറേയേറെ വോട്ടുകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്നു ശിവൻകുട്ടിക്കു വീണിരിക്കാൻ സാധ്യതയുണ്ട്. അതായത് യുഡിഎഫിൽ നിന്നു ചോർന്നിരിക്കുന്ന വോട്ടുകളെല്ലാം ബിജെപിയിലേക്കു തന്നെയാവണം പോയതെന്ന് നിശ്ചയിക്കാനാവില്ല. ബിജെപിയെ തോല്പിക്കാനായി അവ ശിവൻകുട്ടിക്ക് പോൾ ചെയ്യപ്പെട്ടിരിക്കാം. എന്നിട്ടും ശിവൻകുട്ടി തോറ്റെങ്കിൽ അതിന്റെ കാരണം എവിടെയാണ് അന്വേഷിക്കേണ്ടത്?

അവിടെയാണ് പ്രദേശത്തെ പാർട്ടി വിഭാഗീയതയിലേക്കു കൂടി ശ്രദ്ധ പോകേണ്ടത്. ചാല ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ആറ് ലോക്കൽ കമ്മിറ്റികൾ, നേമം, പാപ്പനംകോട്, വിളപ്പിൽ എന്നീ മൂന്ന് ഏരിയ കമ്മിറ്റികൾക്കു കീഴിലെ ഓരോ ലോക്കൽ കമ്മറ്റികൾ, കോവളം ഏരിയ കമ്മിറ്റിക്കു കീഴിലെ രണ്ട് ലോക്കൽ കമ്മിറ്റികൾ - ഇത്രയുമാണ് നിലവിലെ നേമം നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സിപിഎം എൽസികൾ. ഇവയിൽ മിക്കയിടത്തും പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ അതീവ രൂക്ഷമാണ്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ചാല ഏരിയ കമ്മിറ്റിക്കു കീഴിലുള്ള വാർഡുകളിൽ സംഭവിച്ച കനത്ത തോൽവിക്കു ശേഷവും സംഘടനാപ്രശ്‌നങ്ങൾ പരിഹരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയോ സംസ്ഥാനകമ്മിറ്റിയോ പരിശ്രമിച്ചില്ല എന്ന ആരോപണം ഇതിനകം തന്നെ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. യുഡിഎഫ് വോട്ട് ബിജെപിക്ക് പോയതുപോലെ തന്നെ ഇടതുപക്ഷത്തിന് സ്വാഭാവികമായി ലഭിക്കേണ്ട വോട്ടുകളും ഇത്തവണ രാജഗോപാലിന്റെ പെട്ടിയിൽ വീണിട്ടുണ്ടെന്നുള്ളത് മറച്ചുവെയ്‌ക്കേണ്ടതല്ല. പോസ്റ്റൽ വോട്ടിൽ പോലും രാജഗോപാലിന് ലഭിച്ച മുൻതൂക്കം ഈ വസ്തുതയ്ക്ക് അടിവരയിടുന്നു.

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന കരമന ഹരി, ചാലയുടെ കിടീടം വയ്ക്കാത്ത രാജാവ് എന്നറിയപ്പെട്ടിരുന്ന ചാല മോഹനൻ എന്നിവരടക്കം ബിജെപിയോട് അടിയറവു പറഞ്ഞത് വിഭാഗീയത മൂലമായിരുന്നു. ഗ്രൂപ്പുവഴക്ക് മൂത്ത് പാർട്ടി ഏരിയ സമ്മേളനം തന്നെ നിർത്തിവയ്‌ക്കേണ്ടിവരികയും സമ്മേളനത്തിൽ വോട്ടെടുപ്പിലൂടെ തോൽപ്പിച്ച നാലുപേരെ സംസ്ഥാനകമ്മിറ്റി ഇടപെട്ട് തിരിച്ചെടുപ്പിക്കുകയും ചെയ്ത സമീപകാല ചരിത്രം സുന്ദർ സെക്രട്ടറിയായ ഈ കമ്മിറ്റിക്കുണ്ട്. സിപിഎം സംസ്ഥാനതലത്തിൽ ആഹ്വാനം ചെയ്യുന്ന ഫണ്ട് ശേഖരണത്തിൽ പലപ്പോഴും ഏറ്റവുമധികം പണം പിരിഞ്ഞുകിട്ടുന്ന ഏരിയയാണിത്. പണം ലഭിക്കയും വോട്ടു ലഭിക്കാതിരിക്കയും ചെയ്യുന്നതിന്റെ കാരണം എന്തെന്ന അന്വേഷണം പോലും ഉണ്ടാകുന്നില്ല. ചാല എസിക്കു കീഴിലെ പ്രധാനപ്പെട്ട ലോക്കൽ കമ്മിറ്റിയാണ് കമലേശ്വരം. ഇവിടത്തെ ലോക്കൽ സെക്രട്ടിയെ നാലുമാസം മുമ്പു പാർട്ടിയിൽ നിന്നു പുറത്താക്കി. ചന്ദനക്കള്ളക്കടത്തുകേസിൽ പ്രതിയായതോടെയായിരുന്നു, ഇത്.

അതിനു ശേഷം ഇതേവരെ എൽസി ചേരുകയോ പുതിയ സെക്രട്ടറിയെ നിയമിക്കുകയോ ചെയ്തിട്ടില്ല. ഇതേ ലോക്കൽ കമ്മറ്റിയിൽ അംഗമായ മറ്റൊരാൾ സമീപകാലത്ത് ബിജെപിയിൽ ചേർന്നു. ഒ രാജഗോപാലിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച കുടുംബയോഗം പോലും ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്തുവച്ച് നടന്നെങ്കിലും സിപിഎം ഇതേവരെ ഇദ്ദേഹത്തെ കമ്മിറ്റി കൂടി പുറത്താക്കിയിട്ടില്ല. പാർട്ടിവഴി സഹകരണ സ്ഥാപനത്തിൽ ജോലിക്കു കയറിയ ഇയാളുടെ ഭാഗ്യ ഒരു കോടി രൂപയുടെ സാമ്പത്തിക തിരിമറിയിൽ പിടിയിലായപ്പോൾ പാർട്ടി പിന്തുണച്ചില്ല എന്ന കാരണം പറഞ്ഞാണ് ഇയാൾ ബിജെപിയിൽ ചേർന്നത്. സെക്രട്ടറി ഇല്ലാത്ത എൽസി വിളിച്ചു ചേർക്കാൻ ഏരിയ കമ്മിറ്റി തയ്യാറാകാത്തതാണ്, ഇദ്ദേഹം ഇപ്പോഴും എൽസി മെമ്പറായി തുടരാൻ കാരണം. ഇവിടെ ബൂത്ത് ഏജന്റ് ആയിരിക്കാൻ പോലും പാർട്ടി അംഗങ്ങൾ തയ്യാറാകാഞ്ഞതിനെ തുടർന്ന് കാൻഡിഡേറ്റ് മെമ്പർ ആയ യുവാവാണ് 75-ാം നമ്പർ വാർഡിൽ ആ കർത്തവ്യം നിർവ്വഹിച്ചത്.

തെരഞ്ഞെടുപ്പിനു ശേഷം ഇദ്ദേഹം കൊടുത്ത കണക്കിൽ 120 വോട്ട് നോട്ടയ്ക്ക് എഴുതിവച്ചു എന്നത് പോലും വലിയ ബഹളത്തിനിടയാക്കി എന്നു പറഞ്ഞാൽ തമാശയല്ല.
പെരുന്താന്തി ലോക്കൽ കമ്മിറ്റിയുടെ ഒരു ഭാഗവും ഈ മണ്ഡലത്തിലാണ്. ഇവിടുത്തെ സെക്രട്ടറിയായിരുന്ന വ്യക്തിയും ഇപ്പോൾ പാർട്ടിക്കു പുറത്താണ്. മറ്റൊരു പാർട്ടി അംഗത്തെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായതോടെയാണ്, ഇയാൾക്കു പുറത്തേക്കുള്ള വഴി തുറന്നത്. ഇത്രയും സാമൂഹ്യവിരുദ്ധന്മാർ എങ്ങനെ ഇപ്രദേശത്ത് പാർട്ടിയുടെ മുഖമാകുന്നു എന്ന ചോദ്യം സിപിഎം അഭിമുഖീകരിക്കേണ്ടതുണ്ട്. അമ്പലത്തുറ, വലിയതുറ എൽസികളിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നു. വലിയതുറയിൽ ഡിവൈഎഫ്‌ഐ ലോക്കൽ സമ്മേളനങ്ങൾ പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇതിനൊക്കെ പുറമേയാണ്, സിപിഎമ്മിന്റെ മേയർ സ്ഥാനാർത്ഥി പരാജയപ്പെട്ടപ്പോൾ പകരം പരിഗണിച്ചവരിൽ ഒരാളായ നെടുങ്കാട് വാർഡ് കൗൺസിലർ പുഷ്പലതയെ കുറിച്ചുള്ള ആരോപണങ്ങൾ.

നേമത്തെ തോൽവിയോടെ എല്ലാം അവസാനിക്കുന്നില്ല. തിരുവനന്തപുരം നഗരത്തിൽ പുതിയ വെട്ടിനിരത്തലുകളുടെ ആരംഭമാകും ഈ തെരഞ്ഞെടുപ്പു തോൽവി. അത് സിപിഎമ്മിന്റെ ശുദ്ധീകരണത്തിലേക്കു നയിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നുകാണാം.

Read More >>