ഏഴ് മണ്ഡലങ്ങളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്ത്

മഞ്ചേശ്വരം, കാസര്‍ഗോഡ്, മലമ്പുഴ, പാലക്കാട്, ചാത്തന്നൂര്‍, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തിയത്.

ഏഴ് മണ്ഡലങ്ങളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുതരംഗം അലയടിച്ചെങ്കിലും ചരിത്രത്തിലാദ്യമായി നേമം മണ്ഡലത്തിലൂടെ ബിജെപി അക്കൗണ്ട് തുറന്നതും ഏഴ് മണ്ഡലങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം രണ്ടാം സ്ഥാനത്തെത്തിയതും ആശങ്കയുണ്ടാക്കുന്നു.

മഞ്ചേശ്വരം, കാസര്‍ഗോഡ്, മലമ്പുഴ, പാലക്കാട്, ചാത്തന്നൂര്‍, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തിയത്.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി അബ്ദുള്‍ റസാഖ് 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ശക്തമായ മത്സരമായിരുന്നു മഞ്ചേശ്വരത്ത് യുഡിഎഫ് നേരിട്ടത്. കാസര്‍ഗോഡ് യുഡിഎഫിന്റെ എന്‍എ നെല്ലിക്കുന്നിനോട് എന്‍ഡിഎയുടെ രവിഷ തന്ത്രി കുന്താര്‍ 8607 വോട്ടിന് പരാജയപ്പെട്ടു. 56120 വോട്ടാണ് മണ്ഡലത്തില്‍ തന്ത്രി നേടിയത്.


മലമ്പുഴയില്‍ ഇടതുമുന്നണിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി വിഎസ് അച്യുതാനന്ദന് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തിയത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സി കൃഷ്ണകുമാറാണ്. 46157 വോട്ടാണ് കൃഷ്ണകുമാര്‍ നേടിയത്. 27142 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അച്യുതാനന്ദന്റെ വിജയം.

പാലക്കാട് യുഡിഎഫിന്റെ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത് എന്‍ഡിഎയുടെ ശോഭാ സുരേന്ദ്രനാണ്. ശക്തമായ മത്സരമാണ് ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തില്‍ കാഴ്ച്ചവെച്ചത്. 40076 വോട്ടുകള്‍ ശോഭാ സുരേന്ദ്രന്‍ നേടി.

കൊല്ലം ചാത്തന്നൂരില്‍ 33199 വോട്ട് നേടിയാണ് എന്‍ഡിഎയുടെ ബിബി ഗോപകുമാര്‍ പരാജയപ്പെട്ടത്. എല്‍ഡിഎഫിന്റെ ജിഎസ് ജയലാലാണ് മണ്ഡലത്തില്‍ വിജയിച്ചത്.

കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന് ശക്തമായ വെല്ലുവിളിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്‍ ഉയര്‍ത്തിയത്. 7347 വോട്ടിനാണ് കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ജയിച്ചുകയറിയത്. വി മുരളീധരന്‍ 42732 വോട്ട് മണ്ഡലത്തില്‍ പിടിച്ചു.

വട്ടിയൂര്‍കാവിലും ശക്തമായ സാന്നിധ്യമായി എന്‍ഡിഎ അവസാനം വരെ നിന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ കെ മുരളീധരന്‍ 7622 വോട്ടിനാണ് വിജയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു വട്ടിയൂര്‍കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 43700 വോട്ടുകളാണ് കുമ്മനം നേടിയത്.

നേമത്ത് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ 8671 വോട്ടിനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Read More >>