'നേറ്റീവ് ബാപ്പ'യുടെ രണ്ടാം ഭാഗമായ 'ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍' പുറത്തിറങ്ങി

മുസ്ലിം മതവിശ്വാസികളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തുന്ന ഇന്നത്തെ സമൂഹത്തെ നിശിതമായി വിമര്‍ശിച്ച 'നേറ്റീവ് ബാപ്പ' യുട്യൂബിലൂടെ കണ്ടത് അഞ്ചു ലക്ഷം ആളുകളാണ്.

കേരളത്തിലെ ആദ്യ പൊളിറ്റിക്കല്‍ ഹിപ് ഹോപ്‌ മ്യൂസിക് വീഡിയോ 'നേറ്റീവ് ബാപ്പ'യുടെ രണ്ടാം ഭാഗമായ 'ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍' പുറത്തിറങ്ങി. കെ എല്‍ 10' എന്ന ചലച്ചിത്രം അണിയിച്ചൊരുക്കിയ മുഹ്സിന്‍ പരാരിയാണ് ആല്‍ബത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

മുസ്ലിം മതവിശ്വാസികളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തുന്ന ഇന്നത്തെ സമൂഹത്തെ നിശിതമായി വിമര്‍ശിച്ച 'നേറ്റീവ് ബാപ്പ' യുട്യൂബിലൂടെ കണ്ടത് അഞ്ചു ലക്ഷം ആളുകളാണ്. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗത്തിലും നടന്‍ മാമുക്കോയയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാലും ആലപിച്ചിരിക്കുന്നത് രശ്മി സതീഷും ചേര്‍ന്നാണ്. രശ്മി സതീഷ് ആല്‍ബത്തില്‍ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുമുണ്ട്. കൊച്ചിയില്‍ കഫെ പപ്പായയില്‍ ആല്‍ബത്തിന്റെ പ്രത്യേക സ്ക്രീനിംഗ് മെയ്‌ 20--ന് നടന്നിരുന്നു. യു ട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.