അനുപം ഖേറിനെ വിമര്‍ശിച്ചു നസറുദ്ദീന്‍ ഷാ

കാശ്മീരി പണ്ഡിറ്റുകളുടെ കുടിയേറ്റ പ്രശ്നത്തില്‍ അനുപം ഖേറിന്റെ ഇടപെടലുകളെയാണ് നസറുദ്ദീന്‍ ഷാ പരിഹസിച്ചത്‌

അനുപം ഖേറിനെ വിമര്‍ശിച്ചു നസറുദ്ദീന്‍ ഷാ

കാശ്മീരി പണ്ഡിറ്റുകളുടെ കുടിയേറ്റ പ്രശ്നത്തില്‍ അനുപം ഖേറിന്റെ ഇടപെടലുകളെ വിമര്‍ശിച്ചു നടന്‍ നസറുദ്ദീന്‍ ഷാ. തന്റെ പുതിയ ചിത്രമായ 'ദി വെയിറ്റിംഗ്'ന്‍റെ പ്രചാരണത്തിനായി ഡല്‍ഹിയില്‍ എത്തിയ നസറുദ്ദീന്‍ ഷാ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

ജന്മം കൊണ്ട് കാശ്മീരിയല്ലാത്ത അനുപം ഖേര്‍ കാശ്മീരി പണ്ഡിറ്റുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നത് എന്തിന് എന്ന് നസറുദ്ദീന്‍ ഷാ പരിഹാസ രൂപേണ മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇതിനെതിരെ തന്റെ ട്വിറ്റെര്‍ പേജിലൂടെ അനുപം ഖേര്‍ പ്രതികരിച്ചതോടെയാണ് സംഭവം വാര്‍ത്താപ്രാധാന്യം നേടിയത്. വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാര്‍ സ്വന്തം രാജ്യത്തെപ്പറ്റി ചിന്തിക്കരുത് എന്ന് പറയുന്നതിന് തുല്യമാണ് നസറുദ്ദീന്‍ ഷായുടെ വാക്കുകള്‍ എന്നാണ് അനുപം ഖേര്‍ മറുപടി നല്‍കിയത്.


അനുപം ഖേറിനെ പിന്തുണച്ച് പല പ്രമുഖരും മുന്നോട്ടു വന്നു. നസറുദ്ദീന്‍ ഷാ അനുപം ഖേറിനോട് മാപ്പ് പറയണം എന്നാണു സംവിധായകനായ അശോക്‌ പണ്ഡിറ്റ് അഭിപ്രായപ്പെട്ടത്.  സംവിധായകനായ മധുര്‍ ഭണ്ടാര്‍ക്കറും ഖേറിനെ പിന്തുണച്ചു രംഗത്തെത്തി. കാശ്മീരി പണ്ഡിറ്റുകള്‍ നേരിടുന്ന ക്രൂരത മനസ്സിലാക്കി അവരുടെ അവകാശങ്ങളെ പിന്തുണക്കാന്‍ ഏതൊരു ഭാരതീയനും അവകാശമുണ്ടെന്നും അതിനായി കാശ്മീരില്‍ ജനിക്കണമെന്നുള്ള വാദം അസംബന്ധം ആണെന്നും അദ്ദേഹം തന്റെ ട്വിറ്റെര്‍ പേജില്‍ കുറിച്ചു.

എന്നാല്‍ സംഭവം വിവാദമായപ്പോള്‍ താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിച്ചതാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ഒരു മാധ്യമാപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ വ്യക്തമാക്കിയത്.