മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ലീഗിന് പത്ത് സീറ്റ് നഷ്ടമാകും: മുസ്ലീം ലീഗ് നടത്തിയ സര്‍വേ ഫലം പുറത്ത്

യൂത്ത് ലീഗ് നേതാക്കളായ കെ എം ഷാജി മത്സരിക്കുന്ന അഴീക്കോട്, എന്‍ ഷംസുദ്ദീന്‍ സ്ഥാനാര്‍ഥിയായ മണ്ണാര്‍ക്കാട് മണ്ഡലങ്ങള്‍ തോല്‍ക്കുന്ന പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കാസര്‍കോട്, മഞ്ചേശ്വരം എന്നിങ്ങനെ പത്തുസീറ്റുകള്‍ ഇത്തവണ കിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ലീഗിന് പത്ത് സീറ്റ് നഷ്ടമാകും: മുസ്ലീം ലീഗ് നടത്തിയ സര്‍വേ ഫലം പുറത്ത്

കോഴിക്കോട്: മുസ്ലീം ലീഗിന് കനത്ത തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് സര്‍വേ. മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പടെ മുസ്ലീലീഗിന് പത്ത് സീറ്റ് നഷ്ടമാകുമെന്നാണ് സര്‍വേയിലുള്ളത്. ലീഗ് നിയോഗിച്ച പ്രൊഫഷണല്‍ ഏജന്‍സിയാണ് സര്‍വെ നടത്തിയതെന്നും കഴിഞ്ഞദിവസം ലീഗ് നേതൃയോഗത്തില്‍ സര്‍വേ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌തെങ്കിലും കനത്ത തോല്‍വി പ്രവചിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെന്നും ദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


മുസ്ലീംലീഗ് സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന 24 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേയില്‍നിന്നാണ് ഫലം വിശകലനം ചെയ്തത്. സര്‍വേ പ്രകാരം ലീഗ് ഇക്കുറി 'മലപ്പുറം ലീഗാ'യി ഒതുങ്ങും. മന്ത്രിമാരായ എം കെ മുനീര്‍(കോഴിക്കോട് സൗത്ത്), പി കെ അബ്ദുറബ്ബ്്( തിരൂരങ്ങാടി), മഞ്ഞളാംകുഴി അലി(പെരിന്തല്‍മണ്ണ) എന്നിവരുടെ തോല്‍വി പ്രവചിക്കുന്നു. താനൂര്‍, മങ്കട, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി എന്നിങ്ങനെ മലപ്പുറം ജില്ലയില്‍ മാത്രം നാല് സീറ്റ് നഷ്ടമാകും.

യൂത്ത് ലീഗ് നേതാക്കളായ കെ എം ഷാജി മത്സരിക്കുന്ന അഴീക്കോട്, എന്‍ ഷംസുദ്ദീന്‍ സ്ഥാനാര്‍ഥിയായ മണ്ണാര്‍ക്കാട് മണ്ഡലങ്ങള്‍ തോല്‍ക്കുന്ന പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കാസര്‍കോട്, മഞ്ചേശ്വരം എന്നിങ്ങനെ പത്തുസീറ്റുകള്‍ ഇത്തവണ കിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിരൂര്‍, ഏറനാട്, കൊണ്ടോട്ടി, കൊടുവള്ളി എന്നിവ കടുത്ത മത്സരം നേരിടുന്നു. കുറ്റ്യാടി, ബാലുശേരി, ഗുരുവായൂര്‍, പുനലൂര്‍ മണ്ഡലങ്ങള്‍ തീരെ സാധ്യതയില്ലാത്തവ.

മന്ത്രിമാരും യുവ നേതാക്കളുമെല്ലാം ഇക്കുറി സഭയിലെത്തുക പ്രയാസമാണെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ എംഎല്‍എമാരില്‍ പകുതിയോളം പേര്‍ വിജയിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നും പറയുന്നു. ലീഗ് കോട്ടകള്‍ തകര്‍ന്ന് ഉന്നത നേതാക്കള്‍ തോറ്റ 2006ലേതിന് സമാനമായ  അന്തരീക്ഷമാണ് മലപ്പുറം ജില്ലയിലെന്നും അനുബന്ധ റിപ്പോര്‍ട്ടിലുണ്ട്. അഴിമതിയും ഭരണവിരുദ്ധ വികാരവുമാണ് തിരിച്ചടിക്ക് പ്രധാന കാരണം. ലീഗ് മത്സരിക്കുന്ന 24 മണ്ഡലങ്ങളിലെ 25,000 വോട്ടര്‍മാരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ലീഗിന് മാത്രം വോട്ട് ചെയ്തവര്‍, പുതിയ വോട്ടര്‍മാര്‍, മുസ്ലീം ഇതര വോട്ടര്‍മാര്‍ എന്ന ക്രമത്തിലാണ് ഏജന്‍സി മെയ് ആദ്യവാരം സര്‍വേ നടത്തിയത്.

സ്ഥാനാര്‍ഥികളെ കണ്ടെത്താനും ലീഗ് ഇതേ ഏജന്‍സിയുടെ സേവനമാണുപയോഗിച്ചത്. ബംഗളൂരു ആസ്ഥാനമായുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം  ലീഗ് നേതൃയോഗം ചര്‍ച്ചചെയ്തു. സര്‍വേ റിപ്പോര്‍ട്ട്  നേതൃത്വത്തെ ഞെട്ടിച്ചു. ഇത് മണ്ഡലം കമ്മിറ്റികളില്‍ അറിയിക്കാതെ രഹസ്യമാക്കിവയ്ക്കാനാണ് തീരുമാനം. സര്‍വേ റിപ്പോര്‍ട്ട് ശരിയല്ലെന്നും സ്വീകാര്യമല്ലെന്നുമാണ് നേതാക്കളുടെ നിലപാട്.

2006ല്‍ മലപ്പുറത്ത് കുറ്റിപ്പുറം, മങ്കട, തിരൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ ലീഗിന് കനത്ത തോല്‍വി നേരിട്ടിരുന്നു. അതിലും വലിയ തോല്‍വിയാകും ഇത്തവണയെന്നാണ് സര്‍വേ നല്‍കുന്ന സൂചന.