മാതൃദിനം ആഘോഷിക്കപ്പെടട്ടെ..

ചിതറി പറന്ന മുടിയും, മുഷിഞ്ഞ വേഷവുമായി എത്തിയ ഒരു സ്ത്രീ പെൻ ക്യാമറ ആവശ്യപ്പെട്ടപ്പോൾ, പെരുമ്പാവൂരിലെ ആ കടയുടമ അൽപമൊന്നു അതിശയിച്ചു.വിൽപന നടത്തും മുമ്പേ എന്തിനാണിത് വാങ്ങുന്നതെന്ന ചോദ്യത്തിന് ആ സ്ത്രീ വാചാലയായി. വീട്ടിൽ താനും മകളും തനിച്ചാണ്. താൻ പണിയ്ക്ക് പോയിക്കഴിഞ്ഞാൽ മകൾ വീട്ടിൽ ഒറ്റയ്ക്കായിരിക്കും. പലരും അവളെ ശല്യപ്പെടുത്തുന്നുണ്ട്. ആരാണ് എന്ന് കണ്ടു പിടിക്കാനുള്ള ഒരു ശ്രമമാണ്...ആ അമ്മ പറഞ്ഞു.

മാതൃദിനം ആഘോഷിക്കപ്പെടട്ടെ..

മാതൃദിനാശംസകളുമായി ലോകം അമ്മമാരെ സ്നേഹത്തോടെ പുണരുന്നു. കാതങ്ങൾക്കപ്പുറം വൃദ്ധസദനങ്ങളിലും, ഹോംനേഴ്സിന്‍റെ പരിചണത്തിലുമുള്ള അമ്മമാർക്ക് അവർ സ്നേഹസന്ദേശങ്ങളയക്കുന്നു. ഇനിയും വീട്ടിൽ തന്നെയാണ് അമ്മമാരുള്ളതെങ്കിലോ, അല്ലെങ്കിൽ അവർ മരണപ്പെട്ടു പോയെങ്കിലോ സാരമില്ല ... അൽബത്തിൽ നിന്നും ഏതെങ്കിലും പഴയ ഒരു ഫോട്ടോ കണ്ടെത്തി മനോഹരമായ വാചകങ്ങളും ചേർത്ത് എഫ്.ബിയിൽ പോസ്റ്റ് ചെയ്യുകയെ വേണ്ടൂ. മാതൃദിനം പതിവ് പോലെ ശുഭം!


ജിഷ കൊലകേസ് അന്വേഷണത്തിനിടയിലാണ് പോലീസ് ആ പെൻ ക്യാമറ കണ്ടെത്തുന്നത്. ഒരു കതക് പോലും ഇല്ലാതിരുന്ന ആ ചുമരുകൾക്കിടയിൽ (വീട് എന്ന് അതിനെ സംബോധന ചെയ്യുവാൻ കഴിയില്ലെല്ലോ) കഴിഞ്ഞിരുന്ന രണ്ടു സ്ത്രീകൾക്ക് എന്തിനീ പെൻ ക്യാമറ എന്ന് സദാചാര വാദികളുടെ നെറ്റി ചുളിയും മുമ്പ് ആ പെൻ ക്യാമറയും മറ്റ് ചില കഥകൾ പറഞ്ഞു.. ഒരു മാതൃത്വത്തിന്റെ കഥ.

ചിതറി പറന്ന മുടിയും, മുഷിഞ്ഞ വേഷവുമായി എത്തിയ ഒരു സ്ത്രീ പെൻ ക്യാമറ ആവശ്യപ്പെട്ടപ്പോൾ, പെരുമ്പാവൂരിലെ ആ കടയുടമ അൽപമൊന്നു അതിശയിച്ചു.വിൽപന നടത്തും മുമ്പേ എന്തിനാണിത് വാങ്ങുന്നതെന്ന ചോദ്യത്തിന് ആ സ്ത്രീ വാചാലയായി. വീട്ടിൽ താനും മകളും തനിച്ചാണ്. താൻ പണിയ്ക്ക് പോയിക്കഴിഞ്ഞാൽ മകൾ വീട്ടിൽ ഒറ്റയ്ക്കായിരിക്കും. പലരും അവളെ ശല്യപ്പെടുത്തുന്നുണ്ട്. ആരാണ് എന്ന് കണ്ടു പിടിക്കാനുള്ള ഒരു ശ്രമമാണ് എന്നൊക്കെയും അവർ വിവരിക്കുവാൻ തുടങ്ങിയത്രേ. പെൻ ക്യാമറ പ്രവർത്തിപ്പിക്കേണ്ടതെങ്ങനെ എന്ന് ആ സ്ത്രീയോട് വിവരിച്ചുവെങ്കിലും, അവർക്കൊന്നും മനസ്സിലായതായി തോന്നിയിരുന്നില്ലെന്നും ആ കടയുടമ പറയുന്നു. ബിൽ തുക നൽകി അവർ അത് വാങ്ങി മടങ്ങിപ്പോയി.

2 ദിവസത്തിന് ശേഷം ഒരു പെൺകുട്ടി പെൻ ക്യാമറയുമായി എത്തിയാണ് അത് ഉപയോഗിക്കുന്നതെങ്ങനെയാണ് എന്ന് ചോദിച്ചു മനസ്സിലാക്കുന്നത്. അവൾ ആ സ്ത്രീയുടെ മകളാണെന്ന് മനസ്സിലായി. പക്ഷെ, മകൾ അധികമൊന്നും സംസാരിച്ചിരുന്നില്ല. മാസങ്ങൾക്കിപ്പുറം ലോകത്തിലെ എല്ലാ ക്യാമറാ കണ്ണുകളും പെരുമ്പാവൂരിലെ ആ കുടിലിലേക്ക് തിരിയുമ്പോൾ, പരാജയത്തിന്റെ ഒരു കഥ പറഞ്ഞു ആ പെൻ ക്യാമറയും ഏതൊ കോണിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.

ആ അമ്മ പരാജയപ്പെട്ടിരുന്നല്ലൊ.. അഷ്ടിക്ക് വക കണ്ടെത്തുവാൻ ബുദ്ധിമുട്ടിയപ്പോഴും, രണ്ടറ്റവും കൂട്ടിമുടിക്കുവാൻ പണിപ്പെട്ടപ്പോഴും അവർ മുഷിഞ്ഞ നോട്ടുകൾ അടുക്കി വച്ച് വാങ്ങിയ പെൻ ക്യാമറയും ജിഷയുടെ ജീവനെ സംരക്ഷിച്ചിരുന്നില്ല. 'അമ്മ'  എന്നതിന്റെ വ്യാപ്തിയിൽ പരിഭ്രാന്തയായിരുന്നു അവർ. ഇപ്പോഴും അങ്ങനെ തന്നെ... “ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന” അവരുടെ നിലവിളിക്ക് മുന്നിൽ മാതൃദിനത്തിന്റെ പ്രഭ കെട്ടടങ്ങുന്നത് പോലെ.

അനുകൂല സാഹചര്യങ്ങളും, ദുർബലയായ ഇരയയെയും തേടി നടന്ന ആ വേട്ടക്കാരനും/ വേട്ടക്കാർക്കും ജന്മം നൽകിയ സ്ത്രീകളെയും നമ്മൾ അമ്മമാരെന്നു തന്നെയാണല്ലൊ വിളിക്കുക. അമ്മ മഹത്വപ്പെടുന്നത് മക്കളുടെ പ്രവർത്തികളിലൂടെയാകുന്നതിങ്ങനെയാണ്. 'പിതൃത്വം' സംശയിക്കപ്പെട്ടാലും, ഒരിക്കലും മാതൃത്വം അങ്ങനെയല്ല. ഒരു പക്ഷെ, ഒരാളുടെ ജീവിതത്തിലെ ഏക സത്യവും മാതൃത്വം ആകാം!

ഗർഭപാത്രത്തിൽ പേറിയതിന്റെയും, നൊന്തു പ്രസവിച്ചതിന്റെയും പോറ്റി വളർത്തിയതിന്റെയും കഥകൾക്കപ്പുറം അഭിമാനിക്കുവാൻ കഴിയുന്ന സന്തോഷങ്ങളാകണം മാതൃത്വം.'അമ്മ' ഒരു വികാരത്തിനപ്പുറം മഹത്വമുള്ള ഉത്തരവാദിത്തം ആയി പരിഗണിക്കപ്പെടണം.

മാതൃത്വം ഇന്ന് പഴയത് പോലെ ശാരീരിക ആയാസമല്ല. വൈദ്യരംഗത്തെ മുന്നേറ്റത്തിൽ ഗർഭ പാത്രത്തിന് പുറത്തും ടെസ്റ്റ് ട്യൂബുകളിലും ജീവിതം രൂപം കൊള്ളുന്നു. വാടക ഗർഭപാത്രങ്ങളിൽ നിന്നു ജനിച്ചു വീഴുന്നവർക്ക് 'അമ്മ' എന്നാൽ നിയമപരമായ ഒരു അവകാശമാണ്. മുലയൂട്ടലുകൾ ലാക്ടജനും, സെറിലാക്കും കയ്യടക്കി കഴിഞ്ഞിരിക്കുന്നു. അമ്മയുടെ പ്രസവാവധി കഴിയും മുന്നേ കുഞ്ഞ് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിരിക്കണം. മാതൃത്വത്തിന്റെ സങ്കൽപ്പങ്ങൾ പാടെ മാറിയിരിക്കുന്നു. മാതൃദിനം (മദേര്‍സ് ഡേ) ചുവടു പിടിക്കുന്നതും ഇങ്ങനെയാണ്.

പുരാതന ഗ്രീക്കിലാണ് ആദ്യമായി മദേഴ്‌സ് ഡേ ആഘോഷിച്ചു തുടങ്ങിയത്. ദൈവങ്ങളുടെ അമ്മയായ റിയായോടുള്ള ആദര സൂചകമായാണ് ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ മതങ്ങളിലും മദേഴ്‌സ് ഡേ ആഘോഷിക്കുന്നതില്‍ വ്യത്യസ്ത വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.

അമ്മമാരില്ലാതെ എന്ത് ആഘോഷം...അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. അതിനിടയില്‍, പെന്‍ ക്യാമറ വാങ്ങി മകള്‍ക്ക് സുരക്ഷ തീര്‍ക്കാന്‍ ശ്രമിക്കുകയും ഇപ്പോള്‍ ഭ്രാന്തമായി അലമുറയിട്ടു നിലവിളിക്കുന്ന ആ അമ്മയെയും, ജിഷയുടെ ചോരക്കറ പുരണ്ട ക്രൂരതയുമായി ഒളിച്ചുനില്‍ക്കുന്ന മകനെ പ്രസവിച്ച ആ ഗര്‍ഭത്തെയും നമ്മുക്ക് കണ്ടില്ലെന്നു നടിക്കാം.

മാതൃദിനാശംസകള്‍...

Read More >>