ലാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണം; വേദനയുണ്ടെന്ന് ജഗദീഷ്; കുഴപ്പമില്ലെന്ന് മുകേഷ്

മോഹന്‍ലാല്‍ പ്രചാരണത്തിനെത്തിയതില്‍ 'അമ്മ' അംഗങ്ങള്‍ക്ക് വേദനയുണ്ടെന്ന്എന്നായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ജഗദീഷിന്റെ പ്രതികരണം.

ലാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണം; വേദനയുണ്ടെന്ന് ജഗദീഷ്; കുഴപ്പമില്ലെന്ന് മുകേഷ്

പത്തനാപുരം: സിനിമ താരങ്ങള്‍ സ്ഥാനാര്‍ഥികളാകുന്ന പത്താനപുരം മണ്ഡലത്തില്‍ സിനിമ താരങ്ങള്‍ പ്രചാരണത്തിന് എത്തുമോ എന്നത് എല്ലാവരും ഉറ്റു നോക്കിയ ഒരു ചോദ്യമാണ്, ഒടുവില്‍ ഒരു താരം എത്തിയപ്പോള്‍ വിവാദങ്ങള്‍ വിട്ടു ഒഴിയുന്നുമില്ല.

ഇന്നലെ പത്താനപുരത്ത് മോഹന്‍ലാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് എത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍  പ്രചാരണത്തിനെത്തിയതില്‍ സിനിമ താരങ്ങളുടെ സംഘടനയായ  'അമ്മ'യിലെ അംഗങ്ങള്‍ക്ക് വേദനയുണ്ടെന്നായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ജഗദീഷിന്റെ പ്രതികരണം. മോഹന്‍ലാല്‍ എത്തിയത് ബ്ലാക്ക്മെയില്‍ രാഷ്‌ട്രീയത്തിന്റെ ഭാഗമായാണെന്ന് കരുതുന്നില്ലയെന്നും മോഹന്‍ലാല്‍ ബ്ലാക്ക്മെയില്‍ ചെയ്യപ്പെടാവുന്ന ആളാണെന്ന് കരുതുന്നില്ലെന്നും ജഗദീഷ് പറഞ്ഞു.


നേരത്തെ നടന്‍ സലിം കുമാര്‍ 'അമ്മ' സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. താരപോരാട്ടത്തില്‍ പക്ഷം പിടിക്കരുതെന്ന അമ്മ നിര്‍ദ്ദേശമുണ്ടെന്നുംമോഹന്‍ലാല്‍ പ്രചാരണത്തിന് പത്താനപുരത്ത് എത്തിയതില്‍ പ്രതിഷേധിച്ചു നടന്‍ സലിം കുമാര്‍ രാവിലെ അമ്മയില്‍ നിന്നും രാജി വച്ചിരുന്നു.

അതെസമയം, കെബി ഗണേഷ്കുമാറിന്റെ പ്രചാരണത്തിനായി പത്തനാപുരത്തുപോയ മോഹൻലാലിനെ പിന്തുണച്ച് കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥിയും നടനുമായ മുകേഷ് രംഗത്ത് എത്തി.

വിവാദങ്ങളിലേക്ക് മോഹൻലാലിനെ വലിച്ചിഴയ്ക്കരുത് എന്നും പത്തനാപുരത്ത് പോയത് മോഹൻലാലിന്റെ അവകാശമാണ്. എന്നും ജഗദീഷിന് പരിഭവം പറയാമെന്നല്ലാതെ പോകണ്ട എന്ന് പറയാൻ പറ്റില്ലയെന്നും മുകേഷ് പറഞ്ഞു. സലിം കുമാറിന്റെ രാജിയെ കുറിച്ചുള്ള ചോദ്യത്തിന് സലിംകുമാർ കോൺഗ്രസുകാരനാണ് എന്നും  പ്രതികരണത്തിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുകേഷ് പ്രതികരിച്ചു.