18 വര്‍ഷമായി ബിജെപി ഭരണം നടത്തുന്ന ഗുജറാത്തില്‍ പോഷകാഹാരക്കുറവും വിളര്‍ച്ചയും അനുഭവിക്കുന്നത് അഞ്ച് ലക്ഷത്തിലേറെ കുട്ടികളെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഏറ്റവും കുറവ് ശിശു മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ ശിശു മരണ നിരക്കിന്റെ കാര്യത്തില്‍ ഗുജറാത്ത് ഏറെ മുന്നിലുമാണ്. യുഎന്‍ വനിതാ ശിശുക്ഷേമ സംഘടനയായ യുണിസെഫ് 2015 ജൂണില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ശൈശവ ആരോഗ്യ സൂചികയിലെ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്തിന്റെ സ്ഥാനം 21 ആണ്.

18 വര്‍ഷമായി ബിജെപി ഭരണം നടത്തുന്ന ഗുജറാത്തില്‍ പോഷകാഹാരക്കുറവും വിളര്‍ച്ചയും അനുഭവിക്കുന്നത് അഞ്ച് ലക്ഷത്തിലേറെ കുട്ടികളെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെറ്റുപറ്റിയെന്ന് പറയാതെ പറഞ്ഞ് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 18 വര്‍ഷമായി ബിജെപി ഭരണം നടത്തുന്ന ഗുജറാത്തില്‍ പോഷകാഹാരക്കുറവും വിളര്‍ച്ചയും അനുഭവിക്കുന്നത് അഞ്ച് ലക്ഷത്തിലേറെ കുട്ടികളാണെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ 18 വര്‍ഷത്തില്‍ 13 വര്‍ഷവും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗുജറാത്ത് ഭരിച്ചതെന്നുള്ളത് യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു.


ഗുജറാത്തിലെ ഒന്നര ലക്ഷം കുട്ടികളും സീവിയര്‍ അക്യൂട്ട് മാല്‍ന്യൂട്രീഷന്‍ എന്ന കടുത്ത രീതിയില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ ഗണത്തില്‍ പെടുന്നവരാണെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒരു വര്‍ഷത്തിനിടെ ഇത് ഒരു ലക്ഷം കുട്ടികള്‍ എന്ന നിലയില്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഗുജറാത്തിലെ 5.13 ലക്ഷം സ്‌കൂള്‍ കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

മുഖ്യമന്ത്രി ആനന്തിബെന്‍ പട്ടേലിന്റെ നിര്‍ദ്ദേശാനുസരണം ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം മെയില്‍ പോഷകാഹാര കുറവ് പരിഹരിക്കാനായി തുടങ്ങിയ കുപോഷണ്‍ മുക്ത് ഗുജറാത്ത് മഹാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ കണെക്കെടുപ്പിലാണ് ഈ സത്യങ്ങള്‍ ലോകമറിഞ്ഞത്. സംസ്ഥാനത്തെ ഗോത്രമേഖലകളിലെ ഒന്നര ലക്ഷം കുട്ടികള്‍ക്ക് തീരെ പോഷകാഹാരം ലഭിക്കുന്നില്ലെന്നും ഇതില്‍ 6600 പേരെ കടുത്ത പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങള്‍ ബാധിച്ച് ചികിത്സാലയങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണെന്നും 5.13 ലക്ഷം സ്‌കൂള്‍ കുട്ടികളും പോഷകാഹാരക്കുറവ് മൂലം വിളര്‍ച്ച അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പോഷകാഹാരത്തിന്റെ അഭാവം മൂലം മൂന്ന് വര്‍ഷത്തിനിടെ ഒരു ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്കാണ് അനീമിയ കണ്ടെത്തിയത്.

ഇന്ത്യയില്‍ ഏറ്റവും കുറവ് ശിശു മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ ശിശു മരണ നിരക്കിന്റെ കാര്യത്തില്‍ ഗുജറാത്ത് ഏറെ മുന്നിലുമാണ്. യുഎന്‍ വനിതാ ശിശുക്ഷേമ സംഘടനയായ യുണിസെഫ് 2015 ജൂണില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ശൈശവ ആരോഗ്യ സൂചികയിലെ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്തിന്റെ സ്ഥാനം 21 ആണ്. ഗുജറാത്തില്‍ 33.5 ശതമാനം കുട്ടികള്‍ പട്ടിണി അനുഭവിക്കുന്നുണ്ടെന്നും ഈ കണക്ക് ദേശീയ ശരാശരിയെക്കാള്‍ വളരെയേറെ താഴെയാണെന്നും വ്യക്തമാണ്. 42 ശതമാനം കുട്ടികള്‍ വിളര്‍ച്ച അനുഭവിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവെക്കാന്‍ സര്‍വെ വിരങ്ങള്‍ ഭാഗികമായി പുറത്തുവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഗുജറാത്തില്‍ ദാരിദ്ര്യം പൂര്‍ണമായും തുടച്ചു നീക്കിയെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിജയ് രുപാണിയും കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.