ഞങ്ങള്‍ക്ക് ഈ വികസനം മതി സര്‍, മോദിക്ക് ഒരു തുറന്നകത്ത്

താങ്കളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആദിവാസികളുടേയും ദളിതരുടേയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥയൊന്ന് നോക്കൂ. താങ്കള്‍ അവര്‍ക്കൊപ്പമൊന്നും സെല്‍ഫി എടുക്കാറില്ലാത്തതുകൊണ്ട് ചിലപ്പോള്‍ ആ അവസ്ഥകള്‍ അറിഞ്ഞു എന്നു വരില്ല.

ഞങ്ങള്‍ക്ക് ഈ വികസനം മതി സര്‍, മോദിക്ക് ഒരു തുറന്നകത്ത്

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുമായി താങ്കള്‍ കേരളത്തില്‍ പ്രചരണ പരിപാടികള്‍ നടത്തിവരികയാണെല്ലോ. താങ്കള്‍ ഇന്ന് പാലക്കാട് കോട്ടമൈതാനിയില്‍ നടത്തിയ പ്രസംഗം ശ്രദ്ധയോടെ കേട്ടിരുന്നു. അപ്പോള്‍ മുതല്‍ ചില കാര്യങ്ങള്‍ പറയണമെന്ന് കരുതുന്നതാണ്.

കഴിഞ്ഞ 60 വര്‍ഷമായി ഇവിടെ ഭരിച്ചിരുന്നവര്‍ ഒന്നും ചെയ്തില്ല, ഇടതു, വലത് മുന്നണികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്, കേരളത്തെ രക്ഷിക്കാന്‍ ഒരു മൂന്നാം മുന്നണിയെന്നോണം ബി.ജെ.പി അധികാരത്തില്‍ വരണം

എന്നൊക്കെയാണെല്ലോ താങ്കള്‍ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ കാര്യങ്ങള്‍. അതുകൊണ്ട് അക്കാര്യത്തിലേക്ക് മാത്രം താങ്കളുടെ ശ്രദ്ധ ഒന്നു ക്ഷണിക്കുകയാണ്.

കേരളത്തിന് 60 വര്‍ഷത്തെ മാത്രം ചരിത്രമല്ല ഉള്ളത്. 1492-ഓഗസ്റ്റില്‍ കൊളംബസ് അമേരിക്കയിലെത്തിയെങ്കില്‍ കേവലം ആറു വര്‍ഷങ്ങള്‍ക്കു ശേഷം 1498 ഓഗസ്റ്റിലാണ് വാസ്‌കോ ഡി ഗാമ കേരളത്തിലെ കാപ്പാട് കടപ്പുറത്ത് ഇറങ്ങിയത്. വിവിധ സംസ്‌കാരങ്ങള്‍- പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്, അറബ്, ചൈനീസ് തുടങ്ങി ലോകത്തിലെ മിക്ക സംസ്‌കാരങ്ങളും- ഇവിടെയെത്തിയിട്ടുണ്ട്. ഇതിലെ ഭൂരിഭാഗം സംസ്‌കാരങ്ങളും ഈ മണ്ണില്‍ വേരുപിടിക്കുകയും സമാധാനത്തോടെ കഴിയുകയും ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്.

ഇത് പറയാന്‍ കാരണം, താങ്കള്‍ ഏറെക്കാലം മുഖ്യമന്ത്രിയായിരിക്കുകയും ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്ന ഗുജറാത്ത് മോഡല്‍ വികസനമാണ് വലിയ സംഭവമെന്ന് പ്രചരിപ്പിക്കുന്നുണ്ടെല്ലാ. എങ്കില്‍ ചിലത് പറയാം; കഞ്ജി മലാം എന്നൊരാളെക്കുറിച്ച് താങ്കള്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല. ഗാമ ഗുജറാത്ത് തീരത്തെത്തിയപ്പോള്‍ കോഴിക്കോട്ടേക്ക് അദ്ദേഹത്തിന് വഴികാട്ടിയായി വന്നയാളാണ് ഗുജറാത്തിലെ കച്ച് സ്വദേശിയായ മലാം. ചരിത്രകാരന്മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കെിലും ഭൂരിഭാഗം പേരും ഇക്കാര്യം ശരിവയ്ക്കുന്നവരാണ്.

അന്ന് കച്ചവടത്തിനായി ഇവിടെ വരികയും പിന്നീട് ഞങ്ങളെ ഭരിക്കാന്‍ തുടങ്ങുകയും ചെയ്ത ഗാമയ്ക്കും പിന്നീട് ഇവിടെ കടന്നുകയറ്റം നടത്തിയ വിവിധ ആളുകള്‍ക്കുമെതിരെ പോരാട്ടം നടത്തിയ ചരിത്രമാണ് കേരളത്തിനുള്ളത്. ഏറിയും കുറഞ്ഞും അക്കാര്യത്തിലൊക്കെ കുറവുകളും കുറ്റങ്ങളുമുണ്ടെങ്കിലും. അന്ന് ഗാമയെ ആനയിച്ചുകൊണ്ടുവന്ന മലാമിനെപ്പോലെ ഇപ്പോള്‍ ഗുജറാത്തിലെ വികസനം ചൂണ്ടിക്കാട്ടി ബി.ജെ.പിയെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ചില കാര്യങ്ങള്‍ കൂടി പറയാം.

Card


ഇങ്ങനെ വികസിപ്പിക്കണമെന്നാണോ താങ്കള്‍ പറയുന്നത്? ഇതൊരു പട്ടിക മാത്രമല്ല, ഒരു സംസ്ഥാനം ഏറെ നൂറ്റാണ്ടുകൊണ്ട് ആര്‍ജിച്ചെടുത്ത സംസ്‌കാരത്തിന്റേയും സഹിഷ്ണുതയുടേയും വികസന മാതൃകയുടേയുമൊക്കെ സാക്ഷിപത്രമാണ്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് താങ്കള്‍ ഒരുവിധപ്പെട്ട വികസിത രാജ്യങ്ങളൊക്കെ സന്ദര്‍ശിച്ചു കഴിഞ്ഞല്ലോ; അവിടെ മനുഷ്യര്‍ ജീവിക്കുന്നതിനടുത്തൊക്കെ വരും ഞങ്ങള്‍ ജീവിക്കുന്നതെന്നാണ് പറഞ്ഞത്.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതെിരെയൊക്കെ താങ്കളും താങ്കള്‍ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്ര വക്താക്കളുമൊക്കെ നിരന്തരം ആക്രമണം നടത്തുന്നുണ്ടല്ലാ. അതേ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യന്‍ മിഷണറിമാര്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കേരളത്തെ മുകളില്‍ കാണിച്ച പട്ടികയില്‍ പല സ്ഥലങ്ങളിലും ഒന്നാം സ്ഥാനത്തെത്തിക്കാന്‍ കാരണം.

ഇപ്പോള്‍ താങ്കളുടെ തോളോട് ചേര്‍ന്നു നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശന്‍ എന്ന എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറിയുണ്ടെല്ലാ. വെള്ളാപ്പള്ളിയെക്കുറിച്ച് മാത്രമേ ചിലപ്പോള്‍ താങ്കള്‍ക്കറിയൂ. അദ്ദേഹത്തിനു മുമ്പ് ഈ സമുദായത്തില്‍ നിന്ന് കേരളത്തിന്റെ സാമൂഹിക മേഖലയെ അടിമുടി ഉഴുതി മറിച്ച ഒരു മഹദ്‌വ്യക്തിത്വമുണ്ടായിരുന്നു. ശ്രീനാരായണ ഗുരു എന്നാണ് ഞങ്ങള്‍ മലയാളികള്‍ വിളിക്കുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് മലയാളിക്ക് വഴികാട്ടിയ ആ മഹാന്റെ നാമധേയത്തില്‍ ഇന്ന് അതിനെയൊക്കെ മറച്ചുവച്ച് പ്രവര്‍ത്തിക്കുന്ന ഒരു നേതാവും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെല്ലോ ഇപ്പോള്‍ താങ്കള്‍ക്ക് ഒപ്പം ഉള്ളത് എന്നതു കൂടി ഒന്നോര്‍മിപ്പിക്കുന്നു. ഗുജറാത്തില്‍ നിന്ന് ലോകം മുഴുവന്‍ വളരുകയും ഇന്നും ആദരിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും ഗുരുവിനെ വന്നുകണ്ട് ആദരവ് പ്രകടിപ്പിച്ചിരുന്നു എന്ന കാര്യവും ഓര്‍മപ്പെടുത്തട്ടെ.

ഇവിടെ നിന്ന് ഇനി ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് വരാം. ക്രിസ്ത്യന്‍ മിഷണറിമാരും ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയേയുമൊക്കെപ്പോലെയുള്ള മഹാമനീഷികള്‍ ഉഴുതിട്ട മണ്ണിലാണ് ഇടതുപക്ഷം ഇവിടെ വളര്‍ന്നതെന്ന് താങ്കള്‍ മറക്കരുത്. ആ ഇടതുപക്ഷ സംസ്‌കാരം കേരളത്തിന് ഉള്ളതുകൊണ്ടാണ് കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ഇന്നും സഹിഷ്ണുതയും സഹാനുഭൂതിയും നിലനില്‍ക്കുന്നത്.

താങ്കളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സാധാരണ ജനങ്ങളുടെ അവസ്ഥയൊന്ന് നോക്കൂ. അവിടുത്തെ ആദിവാസികളുടേയും ദളിതരുടേയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥയൊന്ന് നോക്കൂ. താങ്കള്‍ അവര്‍ക്കൊപ്പമൊന്നും സെല്‍ഫി എടുക്കാറില്ലാത്തതുകൊണ്ട് ചിലപ്പോള്‍ ആ അവസ്ഥകള്‍ അറിഞ്ഞു എന്നു വരില്ല. അവരില്‍ എത്ര പേര്‍ രണ്ടു നേരം ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഒന്നന്വേഷിച്ചു നോക്കൂ.

ഗുജറാത്തില്‍ മുസ്ലീങ്ങള്‍ ഉള്ളതുകൊണ്ടാണെല്ലോ അവിടെ കലാപങ്ങള്‍ നടക്കുന്നത് എന്നൊക്കെയുള്ള തിയറി താങ്കളുടെ പ്രത്യയശാസ്ത്രക്കാര്‍ പറഞ്ഞു നടക്കാറുണ്ടെല്ലാ. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി, മാന്യമായി, സമാധാനത്തോടെ മുസ്ലീം സമുദായം ജീവിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് താങ്കള്‍ മറക്കരുത്. ബി.ജെ.പി ശക്തി പ്രാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ നടന്നിട്ടുള്ള കലാപങ്ങളുടെയും ഇതില്‍ കൊല്ലപ്പെട്ടവരുടേയുമൊക്കെ കണക്കുകള്‍ കൂടി നോക്കാനും മറക്കരുത്.

കോണ്‍ഗ്രസും കേരളത്തിലെ ശക്തമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇടതുപക്ഷവും കോണ്‍ഗ്രസും പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് മനസിലാകും, അതില്‍ കുറെയൊക്കെ മനസിലാക്കാനും അംഗീകരിക്കാനും പറ്റും എന്നതുകൊണ്ടാണ് അഞ്ചു വര്‍ഷം കൂടുമ്പോള്‍ അവര്‍ക്ക് മാറിമാറി അവസരം നല്‍കാനുള്ള ഒരു മാനസികാവസ്ഥ ഞങ്ങള്‍ക്കുണ്ടാകുന്നത്. എന്തുകൊണ്ടാണ് കഴിഞ്ഞ 60 വര്‍ഷമായി ഒരു എം.എല്‍.എയെപ്പോലൂം നിയമസഭയില്‍ എത്തിക്കാന്‍ താങ്കളുടെ പാര്‍ട്ടിക്ക് കഴിയാഞ്ഞത് എന്നതു തന്നെ ഒന്നാലോചിച്ചാല്‍ പോരേ ഇതിന്റെ കാരണം വ്യക്തമാകാന്‍?

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താങ്കള്‍ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രം വളര്‍ത്തിക്കൊണ്ടു വരുന്ന സാക്ഷി മഹാരാജിനെപ്പോലുള്ളവര്‍ ഞങ്ങള്‍ക്കിടയിലുമുണ്ട്. ശശികലയും ശോഭാ സുരേന്ദ്രനുമൊക്കെ ഇവിടെയുമുണ്ട്. അവര്‍ ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. കഴിഞ്ഞ 60 കൊല്ലവും ഇക്കാര്യം മനസിലാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇവിടെ ഈ കേരളത്തില്‍ താങ്കളുടെ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ പറ്റാത്തത് എന്ന് ഇനിയും പറയണോ?

ഈ രാജ്യത്ത് ജീവിക്കുന്ന അനേകം മനുഷ്യര്‍ക്കിടയില്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കിടയിലും കൊള്ളരുതാത്തവരുണ്ട്, സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ട്, ദളിതര്‍ വിവേചനം അനുഭവിക്കുന്നുണ്ട്- ഇത്തരം കാര്യങ്ങള്‍ക്കെതിരെ ജാഗരൂകമായ ഒരു സമൂഹമായി മാറാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, സ്ത്രീകളെ മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ കാണാനും പെറ്റുകൂട്ടാനുള്ള ഉപകരണം മാത്രമായി ഉപയോഗിക്കാനും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലാനും ഞങ്ങള്‍ തയാറല്ല സാര്‍, അതുകുറച്ചുള്ള വികസനം മതി ഞങ്ങള്‍ക്ക്.

അഭിവാദ്യങ്ങള്‍

സമാധാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ഒരു മലയാളി

Read More >>