അറബിക് സര്‍വകലാശാലയോട് വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ വര്‍ഗീയ വാദികളാണെന്ന് മന്ത്രി അബ്ദുറബ്

ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും കലാപരിപാടികള്‍ക്കും മടിയില്ലാതെ പണം ചെലവഴിക്കുകയും നൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് സ്‌കൂളുകളാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അറബിക് സര്‍വകലാശാലയ്ക്ക് വേണ്ടി പണം ചെലവാക്കാന്‍ ഇല്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പറയുന്നത് ഏത് സമൂഹത്തെ തൃപ്തിപ്പെടുത്താനാണെന്നും മന്ത്രി ചോദിക്കുന്നു.

അറബിക് സര്‍വകലാശാലയോട് വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ വര്‍ഗീയ വാദികളാണെന്ന് മന്ത്രി അബ്ദുറബ്

തിരുവനന്തപുരം: കേരളത്തില്‍ രാജ്യാന്തര അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന് നടപടിക്രമം പാലിക്കണം എന്ന് വിയോജന കുറിപ്പ് എഴുതിയ ഉന്നത ഉദ്യോഗസ്ഥര്‍ വര്‍ഗീയവാദികളാണെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്. വിയോജിപ്പ് രേഖപ്പെടുത്തിയ ചീഫ്‌സെക്രട്ടറി ജിജി തോംസണ്‍,ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രിഹാം എന്നിവര്‍ക്കെതിരെ ആണ് മന്ത്രി രൂക്ഷമായ വിമര്‍ശനം നടത്തിയത്. ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം രേഖപ്പെടുത്തിയ കുറിപ്പ് മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ചു. മംഗളം ദിനപത്രമാണ് മന്ത്രിയുടെ കുറിപ്പും ഉദ്യോഗസ്ഥരുടെ വിയോജന കുറിപ്പും പ്രസിദ്ധീകരിച്ചത്.


കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിച്ചാല്‍ വിദേശത്ത് നിന്ന് ധന സഹായം ലഭിക്കുമെന്ന് മന്ത്രി പറയുന്നു.അറബിക് സര്‍വകലാശാലയെ മദീന സര്‍വകലാശാലയുമായും സൗദി അറേബ്യയിലെ കിംഗ് അബ്ദുള്‍ അസീസ് സര്‍വകലാശാലയുമായാണ് മന്ത്രി താരതമ്യം ചെയ്യുന്നത്. എന്നാല്‍ മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു എന്നും മന്ത്രി ആരോപിക്കുന്നു. സംസ്‌കൃതം,സുറിയാനി,ലത്തീന്‍, എന്നിവ മൃത ഭാഷകളാണെന്നും മന്ത്രി പറയുന്നു.

ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും കലാപരിപാടികള്‍ക്കും മടിയില്ലാതെ പണം ചെലവഴിക്കുകയും നൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് സ്‌കൂളുകളാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അറബിക് സര്‍വകലാശാലയ്ക്ക് വേണ്ടി പണം ചെലവാക്കാന്‍ ഇല്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പറയുന്നത് ഏത് സമൂഹത്തെ തൃപ്തിപ്പെടുത്താനാണെന്നും മന്ത്രി ചോദിക്കുന്നു.

പശ്ചിമ ബംഗാളിലെ ആലിയ സര്‍വകലാശാല ചൂണ്ടിക്കാട്ടിയാണ് അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനെ മന്ത്രി ന്യായീകരിക്കുന്നത്. ന്യൂനപക്ഷ പദവി നല്‍കിയിട്ടുള്ള ആലിയ സര്‍വകലാശാലയില്‍ പക്ഷേ എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് അടക്കമുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം മന്ത്രി സൂചിപ്പിക്കുന്നില്ല. മലയാളം, സംസ്‌കൃതം സര്‍വകലാശാലയ്ക്ക് വേണ്ടി കോടികള്‍ ചെലവഴിക്കുമ്പോള്‍ അറബിക് സര്‍വകലാശാലയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് വേണ്ടത് 90 കോടി രൂപയും 35 ശതമാനം കേന്ദ്ര സഹായവുമാണെന്നും മന്ത്രി വിശദീകരിക്കുന്നു.

വിദേശത്ത് നിന്ന് ധനസഹായം ലഭിക്കുമ്പോള്‍ സംസ്ഥാനത്തിന് കുറഞ്ഞ തുക മാത്രം ചെലവഴിച്ചാല്‍ മതിയെന്നും മന്ത്രി വിശദീകരിക്കുന്നു. മാത്രമല്ല അറബിക് സര്‍വകലാശാല ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി ചോദിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിക്കുന്നു. കേന്ദ്രാനുമതി വേണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം പറഞ്ഞതിനുള്ള മറുപടിയായാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം.

ഭരണഘടനയില്‍ പരാമര്‍ശിക്കാത്ത അറബി ഭാഷയ്ക്ക് വേണ്ടി സര്‍വകലാശാല തുടങ്ങുന്നത് അബദ്ധമാണെന്നാണ് അന്ന് ചീഫ് സെക്രട്ടറി ആയിരുന്ന ജിജി തോംസണ്‍ മന്ത്രിക്ക് നല്‍കിയ മറുപടി. വിദേശഭാഷയ്ക്ക് വേണ്ടി മാത്രം കേരളത്തില്‍ സര്‍വകലാശാല തുടങ്ങുന്നത് ഉചിതമായ തീരുമാനമല്ല. സംസ്‌കൃത സര്‍വകലാശ പോലും പൂര്‍ണ വിജയമല്ലെന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ചൈനീസ് പോലുള്ള വിദേശഭാഷകള്‍ പഠിപ്പിക്കാന്‍ സര്‍വകലാശാല തുടങ്ങുന്നതാകും നല്ലതെന്നും ജിജി തോംസണ്‍ അഭിപ്രായപ്പെട്ടു.

ഭാഷ,മതം,ജാതി,വര്‍ഗം എന്നിവയുട അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ധ്രുവീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കരുതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ച കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്തിന്റെ താത്പര്യം നോക്കുകയാണെങ്കില്‍ അറബിക് സര്‍വകലാശാലയ്ക്ക് പ്രസക്തി ഇല്ലെന്നും തന്റെ അഭിപ്രായത്തെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും എബ്രഹാം സമര്‍പ്പിച്ച വിയോജന കുറിപ്പില്‍ പറയുന്നു.

Read More >>