ജ്ഞാനിയായ സൂഫിവര്യനെ കുറിച്ചുള്ള ഓര്‍മ്മകള്‍

ജ്ഞാനിയായ സൂഫിവര്യനെ കുറിച്ചുള്ള ഓര്‍മ്മകള്‍, സഹപ്രവര്‍ത്തകനായിരുന്ന ആനക്കര സി കോയക്കുട്ടി മുസ്ല്യാരെ കുറിച്ച് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ല്യാര്‍ നാരദയോട്..

ജ്ഞാനിയായ സൂഫിവര്യനെ കുറിച്ചുള്ള ഓര്‍മ്മകള്‍

കോഴിക്കോട്: 'നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക' ഇതൊരു ബൈബിള്‍ വചനമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ ആലിക്കുട്ടി മുസ്ല്യാരെ കാണാന്‍ ചെന്നാല്‍ ഈ വാക്കുകള്‍ ഓര്‍ത്തു പോകും. കാരണം ആരോടും അത്രയും വിനയം നിറഞ്ഞ് തുളുമ്പുന്ന പെരുമാറ്റമാണ്. മഹത്തുകളായ സാത്വിക പണ്ഡിതന്‍മാരുടെ മുന്‍നിരയില്‍ ഉള്ള ആലിക്കുട്ടി മുസ്ല്യാര്‍ മതരംഗത്തെന്ന പോലെ വൈജ്ഞാനിക രംഗത്തും അറിവിന്റെ നിറകുടമാണ്. കേരളത്തിലെമ്പാടും ശിഷ്യന്‍മാരുള്ള അദ്ദേഹം കേരളത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ സുന്നി ഇകെ വിഭാഗം സമസ്തയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പൂര്‍ണ സമയവും കര്‍മ നിരതനാണ്. രാവിലെ 9.15 മുതല്‍ അരമണിക്കൂറാണ് അദ്ദേഹം നാരദ ന്യൂസിനു വേണ്ടി കഴിഞ്ഞ ദിവസം അന്തരിച്ച സി കോയക്കുട്ടി മുസ്ല്യാരെ കുറിച്ചുള്ള അനുസ്മരണത്തിന്  സമയം അനുവദിച്ചിരുന്നത്. സമസ്തയുടെ പ്രസിഡന്റായിരുന്നു കോയക്കുട്ടി മുസ്ല്യാര്‍. അദ്ദേഹം പ്രിന്‍സിപ്പളായ പട്ടിക്കാട് ജാമിഅ നൂറിയ അറബിക് കോളേജില്‍ എത്തിയപ്പോള്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ട് 5 മിനിറ്റ് വൈകി. അദ്ദേഹത്തിന്റെ മുറിക്ക് പുറത്ത് നിരവധി പേര്‍ കാണാനും അനുഗ്രഹം വാങ്ങാനും കാത്തു നിന്നിരുന്നെങ്കിലും സമയം വൈകിയിട്ടും കാത്തിരിക്കുകയായിരുന്നു. കണ്ടപ്പോള്‍ മുറിക്കു പുറത്തേക്കിറങ്ങി വന്നു കൈപിടിച്ച് അകത്തേക്ക് ക്ഷണിച്ചു.


സി കോയക്കുട്ടി മുസ്ല്യാരെ കുറിച്ച് സംസാരിച്ചാണ് തുടങ്ങിയത്. കോയക്കുട്ടി മുസ്ല്യാരുടെ വിയോഗത്തോടെ  സൂഫി ജീവിതം നയിച്ച ഒരു പണ്ഡിതനെയാണ് നഷ്ടപ്പെട്ടതെന്ന് പറഞ്ഞാണ് തുടങ്ങിയത്. 'കോയക്കുട്ടി മുസ്ലാരുടെ കൂടെയാണ് ഞാനും സമസ്തയിലേക്ക് വന്നത്. പാണക്കാട് ശെയ്ഖ് ശിഹാബ് തങ്ങള്‍, കരുവാരക്കുണ്ട് അബ്ദു മുസ്ല്യാര്‍, കോയക്കുട്ടി മുസ്ല്യാര്‍, കടങ്ങോട് അബ്ദുമുസ്ല്യാര്‍ എന്നിവരുടെ കൂടെയാണ് സമസ്തയിലേക്ക് വന്നത്. ഇതില്‍ കോയക്കുട്ടി മുസ്ല്യാര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം നേരത്തെ മരിച്ചു പോയി. ആദ്യഘട്ടത്തില്‍ സമസ്തയുടെ നേത്യത്വത്തില്‍ ജംഇയ്യത്തുല്‍ ഉലമ ഒറ്റഘടകം മാത്രമായിരുന്നു. പിന്നീടാണ് ജില്ലാ ഘടകങ്ങള്‍ നിലവില്‍ വന്നത്. പിന്നീടാണ് ജില്ലാ ഘടകങ്ങള്‍ രൂപികരിച്ചത്. അപ്പോള്‍ കോയക്കുട്ടി മുസ്ല്യാര്‍ ജില്ലാഘടകത്തില്‍ അംഗമായി. പിന്നീട് താലൂക്ക് ഘടകം വന്നപ്പോള്‍ പൊന്നാനി താലൂക്ക് പ്രസിഡന്റായി. പൊന്നാനി, ഏറനാട്, പെരിന്തല്‍മണ്ണ താലൂക്കുകള്‍ നിലവില്‍ വന്നപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും താലൂക്ക് പ്രസിഡന്റുമാരായും പ്രവര്‍ത്തിച്ചു. സമസ്ത മലപ്പുറം ജില്ലാഘടകം 1971 ലാണ് നിലവില്‍ വരുന്നത്. സൂഫിവര്യനായ ചാപ്പനങ്ങാടി പാപ്പു മുസ്ലിയാരുടെ വീട്ടിലാണ് യോഗം നടക്കുന്നത്. ആ യോഗത്തില്‍ കോയക്കുട്ടി മുസ്ല്യാര്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു. വ്യത്യസ്ത സ്ഥലങ്ങളില്‍ മുദരിസ് ആയി സേവനം ചെയ്തിട്ടുള്ള കോയക്കുട്ടി മുസ്ല്യാര്‍ ഏറ്റവും ഒടുവില്‍ കാരത്തോട് തിരൂര്‍ മര്‍ക്കസിലാണ് സേവനം അനുഷ്ഠിച്ചത്. കേരളത്തിലെ എല്ലാ സ്ഥലങ്ങള്‍ക്കും പുറമെ ഗള്‍ഫിലെ എല്ലാ സ്ഥലത്തും ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ല അവസാനിച്ച് മലപ്പുറം ജില്ല തുടങ്ങുന്ന സ്ഥലത്ത് വീടായതിനാല്‍ രണ്ട് ജില്ലകളിലേയും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. രണ്ട് ജില്ലാ കമ്മിറ്റികളിലും സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കോയക്കുട്ടി മുസ്ല്യാരുമായി വളരെ അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്നു. പറഞ്ഞാലും തീരാത്ത അത്രയും അടുത്ത ബന്ധം ഉണ്ടായിരുന്നു.' കുറച്ച് കാര്യങ്ങളാണ് കെ ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞത്. പക്ഷെ അത് പറയുമ്പോള്‍ അടുത്ത സുഹ്യത്ത് കൂടിയായ ഒരു സൂഫിവര്യന്റെ വിയോഗത്തിന്റെ വേദന മുഖത്തു കാണാമായിരുന്നു.

ഇടക്കിടെ പരീക്ഷ എഴുതാന്‍ പോകുന്ന ശിഷ്യര്‍ അനുഗ്രഹം വാങ്ങാന്‍ വന്നു കൊണ്ടിരുന്നു. അവര്‍ക്ക് സ്നേഹത്തോടെ അനുഗ്രഹം നല്‍കി മടക്കി അയച്ചു കൊണ്ടിരുന്നു. പരിപാടികള്‍ക്ക് ക്ഷണിക്കാനും അതിഥികള്‍ വന്നു കൊണ്ടിരുന്നു. അല്‍പ്പ സമയത്തിനകം തിരൂര്‍ ഒരു ജൂനിയര്‍ കോളേജിന്റെ ഉത്ഘാടനം, അത് കഴിഞ്ഞാല്‍ കോഴിക്കോട്, അങ്ങിനെ നീണ്ട പരിപാടികള്‍. ഒരാഴ്ച്ച മുമ്പാണ് നെയ്റോബി തുടങ്ങിയ രാജ്യങ്ങളില്‍ പോയി വന്നത്. എല്ലാം സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്. വീണ്ടും കാണാമെന്ന് പറഞ്ഞ് അദ്ദേഹം പോകാന്‍ തയ്യാറായി. കഴിഞ്ഞ ഫിബ്രവരി മാസത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണത്തോടെയാണ് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരെ ഇ കെ വിഭാഗം സമസ്തയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 1986 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ് ആലിക്കുട്ടി മുസ്ല്യാര്‍. 2010 മുതല്‍ സമസ്ത ജോയിന്റ് സെക്രട്ടറിയാണ്. സമസ്തയുടെ അന്തരാഷ്ട മുഖം കൂടിയാണ് ആലിക്കുട്ടി മുസ്ല്യാര്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story by
Read More >>