മണ്ണാര്‍ക്കാട് കാന്തപുരം- ബിജെപി രഹസ്യധാരണയെന്ന് ആരോപണം; വാര്‍ത്തകള്‍ക്കെതിരെ നിയമനടപടിയുമായി കാന്തപുരം

മണ്ണാര്‍ക്കാട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കാന്തപുരം- ബിജെപി രഹസ്യധാരണയെന്ന് ആരോപണം.വാര്‍ത്തകള്‍ക്കെതിരെ നിയമനടപടിയുമായി കാന്തപുരം

മണ്ണാര്‍ക്കാട് കാന്തപുരം- ബിജെപി രഹസ്യധാരണയെന്ന് ആരോപണം; വാര്‍ത്തകള്‍ക്കെതിരെ നിയമനടപടിയുമായി കാന്തപുരം

കോഴിക്കോട്: മണ്ണാര്‍ക്കാട് യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ കാന്തപുരം വിഭാഗം ബി ജെ പിയുമായി രഹസ്യധാരണ ഉണ്ടാക്കിയതായി ആക്ഷേപം. മഞ്ചേശ്വരത്ത് എ പി വിഭാഗം വോട്ടുകള്‍ സുരേന്ദ്രന് മറിച്ചു നല്‍കുമ്പോള്‍ പകരം മണ്ണാര്‍ക്കാട് ബി ജെ പി വോട്ടുകള്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സുരേഷ് രാജിന് നല്‍കുമെന്ന് കരാര്‍ ഉണ്ടാക്കിയതായാണ് ആരോപണം. ഇത് സംബന്ധിച്ച് മണ്ണാര്‍ക്കാടുള്ള ഒരു പ്രാദേശിക ചാനലിലും ചില യു ഡി എഫ് അനുകൂല പത്രങ്ങളിലും കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.


മഞ്ചേശ്വരത്ത് അവിടെയുള്ള എ.പി വിഭാഗം പ്രവര്‍ത്തകര്‍ മുഴുവന്‍ വോട്ട് ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നല്‍കുകയും മറ്റുള്ളവരോട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പകരം മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സി പി ഐയുടെ സ്ഥാനാര്‍ത്ഥി സുരേഷ് രാജിന് വോട്ടു മറിക്കും. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ബി ജെ പി വോട്ടുകള്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സുരേഷ് രാജിന് മറിക്കാനുള്ള നീക്കം കാന്തപുരം നടത്തിയത് ഇടത് മുന്നണിയുടെ കൂടി അറിവില്ലാതെയത്രെ. ഇത്തരമൊരു കരാറിന് വേദിയൊരുങ്ങിയത് മലപ്പുറത്ത് മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി ബാദുഷ തങ്ങള്‍ മൂലമാണെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നു. മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ ജയിച്ചാല്‍ കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ഷിപ്പും പത്മശ്രീ പുരസ്‌കാരവുമാണ് കാന്തപുരത്തിന് ബി ജെ പി നല്‍കിയിരിക്കുന്ന ഓഫറത്രെ.

മഞ്ചേശ്വരത്ത് എ പി വിഭാഗത്തിന്റെ പിന്തുണയുണ്ടായാല്‍ വിജയിക്കാന്‍ കഴിയുമെന്ന് ബി ജെ പി കണക്കു കൂട്ടുന്നുണ്ട്. പ്രത്യുപകാരമായാണ്് കാന്തപുരത്തിന്റെ അഭിമാന പ്രശ്‌നമായ മണ്ണാര്‍ക്കാട് ബി ജെ പി വോട്ടുകള്‍ കാന്തപുരം പറയുന്ന സ്ഥാനാര്‍ത്ഥിക്കു നല്‍കുന്നതത്രെ. മണ്ണാര്‍ക്കാട് മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി കേശവദേവ് പുതുമന ജയിക്കാനുള്ള സാഹചര്യമില്ലാത്തതും വോട്ടുകള്‍ കുറഞ്ഞാലും ക്ഷീണമില്ലാത്തതുമാണ് ബി ജെ പി ഇങ്ങിനെയൊരു തീരുമാനമെടുക്കാന്‍ കാരണമായതെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നുണ്ട്.

എന്നാല്‍ വാര്‍ത്ത സത്യത്തിന് നിരക്കാത്തതാണെന്നും കാന്തപ്പുരത്തെ അപമാനിക്കാന്‍ മനപൂര്‍വ്വം കെട്ടിചമച്ചതാണെന്നും കാന്തപ്പുരം മര്‍ക്കസ് അധിക്യതര്‍ നാരദ ന്യൂസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി അവര്‍ അറിയിച്ചു.