തന്നെ തോല്‍പ്പിക്കാന്‍ കാന്തപ്പുരം മുസ്ലിയാര്‍ പറഞ്ഞതിന് പിന്നിലുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി മണ്ണാര്‍ക്കാട് എംഎല്‍എ

12 മുതല്‍ 20 വയസ് വരെ പ്രായമുള്ള 22 പെണ്‍ക്കുട്ടികളെ ദുരുപയോഗം ചെയ്ത യത്തീംഖാന നടത്തിപ്പുകാരനെ കേസില്‍ നിന്നു രക്ഷിക്കാത്ത വിരോധം, യത്തീംഖാന നടത്തിപ്പുകാരന്‍ ഉസ്മാന്‍ സഖാഫി എ.പി മുസ്ലിയാരുമായി അടുത്ത ബന്ധം ഉള്ളയാള്‍, തന്നെ തോല്‍പ്പിക്കാന്‍ കാന്തപ്പുരം മുസ്ലിയാര്‍ പറഞ്ഞതിന് പിന്നിലുള്ള കാരണങ്ങള്‍ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍.ഷംസുദ്ദീന്‍ നാരദ ന്യൂസിനോട് വെളിപ്പെടുത്തുന്നു.

തന്നെ തോല്‍പ്പിക്കാന്‍ കാന്തപ്പുരം മുസ്ലിയാര്‍ പറഞ്ഞതിന് പിന്നിലുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി മണ്ണാര്‍ക്കാട് എംഎല്‍എപാലക്കാട്: മണ്ണാര്‍ക്കാട്  എം .എല്‍.എ എന്‍.ഷംസുദ്ദീനെ ജയിപ്പിക്കരുത് എന്ന കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയോടെ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇത്തവണ ആരു വിജയിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കാന്തപുരത്തിന്റെ പ്രസ്താവനയോടെ അരയും തലയും മുറുക്കി ഷംസുദ്ദീനെ ജയിപ്പിക്കാന്‍ ഇ.കെ വിഭാഗം സുന്നികളും  തോല്‍പ്പിക്കാന്‍ എ.പി വിഭാഗം സുന്നികളും സജീവമായതോടെ മണ്ഡലത്തില്‍ മത്സരത്തിന് ചൂടേറിയിരിക്കുകയാണ്.

ഇവിടെ ആരു വിജയിച്ചാലും തോറ്റാലും അതില്‍ സുന്നികളിലെ ഒരു വിഭാഗമുണ്ടായിരിക്കും എന്നതാണ് സ്ഥിതി. വിജയം യു ഡി എഫിനോ, എല്‍ഡിഎഫിനോ എന്നതിലുപരി സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരമായി മാറിയതാണ് മണ്ണാര്‍ക്കാട് മണ്ഡലത്തെ സംസ്ഥാന ശ്രദ്ധയാകര്‍ഷിക്കുന്നത്.  സുന്നി എ.പി വിഭാഗം പ്രവര്‍ത്തകരും സി പി എം അനുഭാവികളും സഹോദരങ്ങളുമായ കുഞ്ഞുഹംസ (50), നൂറുദ്ദീന്‍ ( 38) എന്നിവരെ 2013 നവംബര്‍ മാസം 20 ന് രാത്രി ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി കുത്തി കൊലപ്പെടുത്തിയിരുന്നു. കല്ലാംകുഴി ജുമാമസ്ജിദില്‍ തണല്‍ എന്ന സംഘടനയുടെ പേരില്‍ ലീഗ് പ്രവര്‍ത്തകരായ ഇ കെ വിഭാഗം സുന്നികള്‍ പിരിവ് നടത്തിയിരുന്നുവത്രെ. ഇത് കുഞ്ഞുഹംസ ചോദ്യം ചെയ്യുകയും ഇതിനെതിരെ വഖഫ് ബോര്‍ഡിന് പരാതി നല്‍കിയതോടെ പള്ളിയില്‍ പിരിവ് നടത്തരുതെന്ന് വഖഫ് ബോര്‍ഡ് ഉത്തരവിറക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ലീഗുകാര്‍ സഹോദരങ്ങളെ രാത്രി കാര്‍ തടഞ്ഞു നിര്‍ത്തി കുത്തികൊലപ്പെടുത്തിയെന്നാണ് കേസ് .

സംഭവത്തില്‍ ലീഗ് നേതാവും  കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സിദ്ധീഖ അടക്കം പത്തിധികം പേരുടെ പേരില്‍ പോലീസ് കേസെടുത്തു അറസ്റ്റ്  ചെയ്തിരുന്നു. എന്നാല്‍ ലീഗ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ എം .എല്‍.എ എന്‍ ഷംസുദ്ദീന്‍ അന്യായമായി ഇടപെട്ട് പ്രതികള്‍ക്ക് ജാമ്യം വാങ്ങി കൊടുത്തതായും ഇവരെ സംരക്ഷിച്ചതുമായാണ് ആരോപണം.  മണ്ണാര്‍ക്കാട് എം.എല്‍.എയെ വിജയിപ്പിക്കരുതെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്ക് പിന്നിലെ കാരണങ്ങളെ  കുറിച്ച്  മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍.ഷംസുദ്ദീന്‍ നാരദ ന്യൂസിനോട് ഉള്ളു തുറന്നു.

കാന്തപ്പുരത്തിന്റെ പ്രസ്താവനക്ക് പിന്നില്‍ കാന്തപ്പുരം പുറത്ത് പറഞ്ഞ കാരണങ്ങളല്ല, അവര്‍ പുറത്തു പറയാന്‍ മടിക്കുന്ന കാരണങ്ങളുണ്ടെന്നാണ് എന്‍.ഷംസുദ്ദീന്‍ നാരദ ന്യൂസിനോട് പറഞ്ഞത്.മണ്ണാര്‍ക്കാട് എം.എല്‍.എ പ്രചരണ തിരക്കിനിടയിലാണ് നാരദയോട് സംസാരിച്ചത്. ആ വാക്കുകള്‍..

‘മണ്ഡലത്തിന് പുറത്ത് രണ്ടു വിഭാഗം സുന്നികള്‍ തമ്മില്‍ സംഘര്‍ഷവും ആളുകള്‍ കൊല്ലപ്പെട്ട സംഭവവും ഉണ്ടായി. അതില്‍ അവരെ സഹായിച്ചില്ല എന്നതാണ് അവരുടെ ആരോപണം. സത്യത്തില്‍ അങ്ങിനയൊരു സഹായത്തിന്റെ വിഷയം അതില്‍ വരുന്നില്ല. അത് പോലീസ് ക്യത്യമായി അന്വേഷിച്ച് അതുമായി ബന്ധപ്പെട്ട പ്രതികളെയൊക്കെ അറസ്റ്റ് ചെയ്ത കാര്യമാണ്. അവര്‍ ജയിലില്‍ കിടന്നു. ജാമ്യത്തിലാണ് ഇപ്പോള്‍ അവര്‍.അതില്‍ എന്തു സഹായമാണ് ചെയ്തത്?.അതല്ല, അതിന്റെ വിഷയം. അതിന്റെ വിഷയം എന്നു പറയുന്നത് എന്റെ മണ്ഡലത്തില്‍ അട്ടപ്പാടിയില്‍ ഒരു യത്തീംഖാനയുണ്ട്. ആ യത്തീംഖാനയിലെ അന്തേവാസികളായ പെണ്‍ക്കുട്ടികളെ ഉപദ്രവിച്ചു എന്നു പറയുന്ന ഒരു പരാതി ഉയര്‍ന്നു വരികയും തുടര്‍ന്ന് സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍മെന്റ് വന്ന് യത്തീംഖാന പൂട്ടി. ഈ യത്തീംഖാനയിലെ കുട്ടികള്‍ സോഷ്യല്‍വെല്‍ഫെയര്‍ ഓഫീസര്‍ വന്നപ്പോള്‍ അവരുടെ മുമ്പില്‍ മൊഴി കൊടുത്തു. 22 ഓളം പെണ്‍ക്കുട്ടികളെ ഉപദ്രവിച്ചു എന്ന് പറഞ്ഞ് മൊഴി കൊടുത്തു.’

’12 മുതല്‍ 20 വയസ് വരെ പ്രായമുള്ള പെണ്‍ക്കുട്ടികളെ. മൊഴി കൊടുത്തപ്പോള്‍ സോഷ്യല്‍വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇത് പൂട്ടാന്‍ തീരുമാനിച്ചു.പോലീസിനും നിര്‍ദ്ദേശം കൊടുത്തു. ആ സമയത്ത് സോഷ്യല്‍വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നമ്മുടെ പാര്‍ട്ടിയാണല്ലോ ഉണ്ടായിരുന്നത്. ഒരിടപെടല്‍ ഉണ്ടായി, പൂട്ടല്‍ ഒഴിവാക്കണം, പക്ഷെ ഇങ്ങിനത്തെ ഒരു നാറ്റ കേസായതിനാല്‍ ഇടപെടാന്‍ കഴിയില്ല എന്നു ഞാനും പറഞ്ഞു. പിന്നെ അതില്‍ പോലീസ് കേസെടുക്കാനും സോഷ്യല്‍ വെല്‍ഫയര്‍ ഓഫീസറുടെ ഓര്‍ഡര്‍ ഉണ്ടായിരുന്നു. സി.ഐ രണ്ട് കേസുകള്‍ ഇയാള്‍ക്ക് എതിരെ രജിസ്ട്രര്‍ ചെയ്തു.അവിടത്തെ ഉസ്മാന്‍ സഖാഫിയെന്ന സ്ഥാപനം നടത്തിയിരുന്ന ആള്‍ക്കെതിരെ കേസെടുത്തു. അയാള്‍ എ.പി മുസ്ലിയാരുമായി അടുത്ത ബന്ധം ഉള്ളയാളാണ്. അങ്ങിനെ പൊലീസ് രണ്ട് കേസെടുത്തു. ആ സമയത്തും പറഞ്ഞപ്പോളും നമ്മള്‍ ഇതില്‍ ഇടപ്പെടില്ല, ഇയാള്‍ക്കെതിരെ കേസ് രൂക്ഷമാക്കാനും നമ്മളില്ല, കേസില്‍ ഇടപെട്ട് സഹായിക്കാനും നമ്മളില്ലെന്ന് പറഞ്ഞു. ഒന്നാമത് നമുക്ക് ഒരിക്കലും  യോജിക്കാന്‍ കഴിയാത്ത ആരോപണമാണല്ലോ വന്നിട്ടുള്ളത്. യത്തീംഖാനയില്‍ യാതൊരു നിവ്യത്തിയില്ലാത്ത പെണ്‍ക്കുട്ടികളാണ് വരുന്നത്. അവരെ ഇങ്ങിനെ ദുരുപയോഗം ചെയ്തൂന്നൊക്കെ പറയുന്നു, അതു കൊണ്ട് ഞാന്‍ ഇടപെടില്ല, സ്വഭാവികമായും കേസായി, ലുക്കൗട്ട് നോട്ടീസായി. ഇയാളെ ഇവര് എ.പി വിദേശത്തേക്ക് കടത്തി. അങ്ങിനെ രണ്ടു വര്‍ഷം കഴിഞ്ഞ് ഇയാള്‍ വിദേശത്ത് നിന്ന് വരുമ്പോള്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അയാളെ പിടിച്ചത്.’

‘പെണ്‍ക്കുട്ടികളെ ദുരുപയോഗം ചെയ്ത സംഭവം കഴിഞ്ഞിട്ട് നാലുകൊല്ലമായി കാണും. പിന്നെ മുണ്ടെക്കര എന്നു പറയുന്ന സ്ഥലത്ത് ഒരു അടി ഉണ്ടായി. ഇവരെ ആള്‍ക്കാര്‍ അപ്പുറത്തെ ഇ.കെ വിഭാഗക്കാരെ അടിച്ചു പരിക്കേല്‍പ്പിച്ച ഒരു സംഭവമാണ്. അതിലും പോലീസ് അന്നത്തെ എസ്.ഐ ഇവര്‍ക്കെതിരെ സ്‌ട്രോങ്ങ് വകുപ്പിട്ട് കേസെടുത്തു. ആ സമയത്തും എം.എല്‍.എ ഇടപെടണം, സ്‌ട്രോങ്ങ് വകുപ്പെടുത്തത് നോര്‍മല്‍ കേസാക്കണം, എന്നൊക്കെ പറഞ്ഞു. നമ്മള്‍ പറഞ്ഞു. ഞാന്‍ അതില്‍ ഇടപെടില്ല, കാരണം പരുക്കുപറ്റിയ ആളുകള്‍ നമ്മുടെ പാര്‍ട്ടിയുമായി ഒക്കെ ബന്ധപ്പെട്ട ആളുകളായിരുന്നു. അപ്പോ അവര്‍ ഈ പ്രതികളെ ഹോസ്പ്പിറ്റലില്‍ നിന്ന് ചാടിച്ചു കൊണ്ടു പോയി. സ്വഭാവികമായും അതിന്റെ ചില പീഡനങ്ങള്‍ ഉണ്ടാകുമല്ലോ, പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് നോക്കി നില്‍ക്കെ ഇവര്‍ അതി വിദഗ്ദമായി ചാടിച്ചു കൊണ്ടു പോയി, ഇവര്‍ കോയമ്പത്തൂര്‍ വഴി എവിടേക്കോ പോയി, അങ്ങിനെ അഞ്ചാറുമാസം ഒളിവിലൊക്കെയായി.’

‘ഈ രണ്ടു സംഭവത്തില്‍ അവരെ സഹായിച്ചില്ല എന്നതാണ് അവര്‍ക്ക് നമ്മോടുള്ള എതിര്‍പ്പിന്റെ കാരണം. അല്ലാതെ ഇപ്പോ പറയുന്ന കല്ലാങ്കുഴി സംഭവമല്ല. കല്ലാംങ്കുഴി സംഭവം അവിടത്തെ ഒരു പ്രാദേശിക ഇഷ്യുവാണ്, മണ്ഡലത്തിലല്ല, മണ്ഡലത്തില്‍ ബന്ധമുള്ള ആളുകളല്ല,അത് കോങ്ങാട് മണ്ഡലമാണ്, പോലീസ് സ്‌റ്റേഷന്‍ മണ്ണാര്‍ക്കാടാണ്, ഞങ്ങളുടെ ഒരു കണക്ക് ഒരു ജനവിധി അട്ടിമറിക്കാന്‍ ഇത്തരം പ്രചരണങ്ങള്‍ കൊണ്ടു കഴിയില്ല എന്നതാണ്.കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം കിട്ടാന്‍ മണ്ഡലത്തില്‍ ചെയ്ത വികസനങ്ങള്‍ മാത്രം മതി.’

Read More >>