തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്യുന്ന മമ്മൂട്ടി കിഴക്കമ്പലം പഞ്ചായത്തില്‍ നികത്തിയത് 3.74 ഏക്കര്‍ തണ്ണീര്‍ത്തടം

കുടിവെള്ള പ്രശ്‌നങ്ങളുടെ കാഠിന്യം നേരിട്ടറിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് കുടിവെള്ളവുമായെത്തുകയും, തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്ത മമ്മൂട്ടി ഈ പ്രശ്‌നങ്ങള്‍ മറ്റേതു സ്ഥലത്തേക്കാളും കൂടുതല്‍ അനുഭവിക്കുന്ന കിഴക്കമ്പലത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുമോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.

തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്യുന്ന മമ്മൂട്ടി കിഴക്കമ്പലം പഞ്ചായത്തില്‍ നികത്തിയത് 3.74 ഏക്കര്‍ തണ്ണീര്‍ത്തടം

കടുത്ത വേനലില്‍ കുടിവെള്ളം കിട്ടാതെ നട്ടം തിരിയുന്ന കേരളീയര്‍ക്ക് ജലം നല്‍കാന്‍ മുന്നിട്ടിറങ്ങുന്ന നടന്‍ മമ്മൂട്ടി കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ത്? റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ ഇടപെടല്‍ മൂലം ഉണ്ടായിരുന്ന തണ്ണീര്‍ത്തടങ്ങളെല്ലാം നികത്തപ്പെട്ട് കുടിവെള്ളം മുട്ടിയ കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങള്‍ മമ്മൂട്ടിയുടെ ഇരട്ടമുഖം കണ്ട് ഞെട്ടിയിരിക്കുകയാണ്. നാടുനീളെ നടന്ന് ജലം നല്‍കുകയും തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെയും സംസാരിച്ച് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന മമ്മൂട്ടി തണ്ണീര്‍ത്തടമായി പ്രഖ്യാപിച്ചിരുന്ന 3.5 ഏക്കറിലധികം ഭൂമിയാണ് കിഴക്കമ്പലം പഞ്ചായത്തില്‍ നികത്തിയത്.


എറണാകുളം ജില്ലയിലെ കുന്നത്തു നാട് താലൂക്കില്‍ കിഴക്കമ്പലം പഞ്ചായത്തിലെ കിഴക്കമ്പലം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 25 ല്‍ ഉള്‍പ്പെടുന്ന 354/1, 354/2, 354/3, 354/7, 354/13, 354/14, 354/15, 357/4 & 357/6 എന്നീ സര്‍വ്വേ നമ്പരുകളിലായി മമ്മൂട്ടിക്കും ഭാര്യ സുള്‍ഫത്ത് മമ്മൂട്ടിക്കും സ്വന്തമായുള്ള 3.74 ഏക്കര്‍ വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

Mammooty highcourt case

ഭൂമി നികത്തിയതുമായി ബന്ധപ്പെട്ട് കിഴക്കമ്പലം കൃഷി ഓഫീസറേയും കിഴക്കമ്പലം വില്ലേജ് ഓഫീസറേയും കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും പ്രതികളാക്കി മമ്മൂട്ടിയും ഭാര്യ സുള്‍ഫത്തും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് വിധി പുറത്തുവന്നിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച ഭൂമി  2003 ല്‍ നികത്തിയതാണെന്നും എന്നാല്‍ അതിനുശേഷം 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തോടെ പ്രസ്തുത ഭൂമി ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി കരട് ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തി തണ്ണീര്‍ത്തടമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും, ഭൂമിയെ തണ്ണീര്‍ത്തട പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും കാട്ടിയാണ് മമ്മൂട്ടി ഹൈക്കോടതിയെ സമീപിച്ചത്.

മമ്മൂട്ടിയുടെയും ഭാര്യയുടേയും ഹര്‍ജി പരിശോധിച്ച കോടതി മമ്മൂട്ടിയുടെ വാദം പൂര്‍ണ്ണമായി അംഗീകരിച്ചില്ല എന്നുമാത്രമല്ല രേഖകള്‍ ഒന്നുകൂടി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാന്‍ ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയോട് കോടതി നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. എന്നാല്‍ നാരദാ ന്യുസിന്റെ അന്വേഷണത്തില്‍ മമ്മൂട്ടിയുടെ വാദം തികച്ചും അസത്യമാണെന്നാണ് തെളിയുന്നത്. 2003 ല്‍ നികത്തിയെന്ന് മമ്മൂട്ടി കോടതിയെ ബോധിപ്പിച്ച നിലം യഥാര്‍ത്ഥത്തില്‍ നികത്തിയിരിക്കുന്നത് 2009-2010 കാലഘട്ടത്തിലാണെന്നാണ് അന്വേഷണത്തിലൂടെ അറിയാന്‍ കഴിഞ്ഞത്.

കടമ്പ്രയാര്‍ ടൂറിസ്റ്റ് പദ്ധതിക്ക് സമീപത്തു നിന്നും നൂറുമീറ്റര്‍ അകലെയാണ് പ്രസ്തുത നിലം സ്ഥിതിചെയ്യുന്നത്. ടൂറിസ്റ്റ് പദ്ധതിയുടെ വരവോടെ പ്രാധാന്യം വര്‍ദ്ധിച്ച ഈ സ്ഥലത്തിന് വില കോടികളായി മാറിയിരിക്കുകയാണ്. ഇത് മുന്നില്‍ക്കണ്ടാണ് മമ്മൂട്ടി നിലം നികത്തി അത് ഭൂമിയാക്കി മാറ്റിയതെന്നാണ് സൂചനകള്‍. അതിനെതിരെ ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി ശക്തമായ നിലപാടെടുത്തതോടെയാണ് മമ്മൂട്ടി ഹര്‍ജിയുമായി ഹൈകോടതിയെ സമീപിച്ചത്.

ഒരു കാലത്ത് തണ്ണീര്‍ത്തടങ്ങളാല്‍ സമ്പന്നമായിരുന്ന കിഴക്കമ്പലം ഭൂമാഫിയയുടെ കടന്നുവരവോടെ ഇന്ന് രൂക്ഷമായ കുടിവെള്ള പ്രശ്‌നങ്ങളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. കടമ്പ്രയാര്‍ ടൂറിസ്റ്റ് പദ്ധതി മുന്നില്‍ക്കണ്ട് വന്‍തോതില്‍ നിലം വാങ്ങിക്കൂട്ടി അതിനെ നികത്തിയെടുത്ത് ഉയര്‍ന്ന വിലയ്ക്ക് മറിച്ചു വില്‍ക്കുന്ന സംഘങ്ങളുടെ ഇടപെടല്‍ മൂലം പഞ്ചായത്തിന്റെ കുടിവെള്ള വാഹനങ്ങള്‍ കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുവാനും ആവശ്യമെങ്കില്‍ അതിനായി നീയമനിര്‍മ്മാണം നടത്തുന്നതിനുള്ള സാധ്യതകള്‍ ആരായാനുമുള്ള ശ്രമങ്ങള്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് ജേക്കബ് നാരദാ ന്യൂസിനോട് പറഞ്ഞു.

കുടിവെള്ള പ്രശ്‌നങ്ങളുടെ കാഠിന്യം നേരിട്ടറിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് കുടിവെള്ളവുമായെത്തുകയും, തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്ത മമ്മൂട്ടി ഈ പ്രശ്‌നങ്ങള്‍ മറ്റേതു സ്ഥലത്തേക്കാളും കൂടുതല്‍ അനുഭവിക്കുന്ന കിഴക്കമ്പലത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുമോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.

Mammooty highcourt case

Read More >>