ഉറ്റവര്‍ക്കൊപ്പം ഇനിയെന്ന്?

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പേരുകേട്ട ജയിലാണ് ടോഗോ സെന്‍ട്രല്‍ ജയില്‍. ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്താല്‍ തന്നെ ഇവിടത്തെ തടവുകാരുടെ സ്ഥിതിയറിയാം. ഇവിടത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് പരിഹാരം കാണാനാകാത്തതിനെ തുടര്‍ന്ന് ടോഗോയിലെ മനുഷ്യാവകാശ കമ്മിഷന്‍ രാജിവെച്ചിരുന്നു. കസ്റ്റഡി മരണം ഇവിടെ നിത്യസംഭവമാണ്.

ഉറ്റവര്‍ക്കൊപ്പം ഇനിയെന്ന്?

എന്റെ മക്കള്‍ അച്ഛനെവിടെ അമ്മേ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ എന്ത് ഉത്തരമാണ് കോടുക്കേണ്ടത് സാറേ.. ക്രിസ്തുമസും പുതുവര്‍ഷവും കഴിഞ്ഞ് 4 മാസമായി... അവര്‍ എന്ന് മടങ്ങി വരും?... മൂന്ന് വര്‍ഷമായി ചെയ്യാത്ത കുറ്റത്തിന് ദക്ഷിണ ആഫ്രിക്കയിലെ ടോഗോ ജയിലില്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേനായി കഴിയുന്ന തരുണിന്റെ ഭാര്യ  നിലീനയ്ക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളതിതാണ്. ഇരട്ടകുട്ടികള്‍ക്ക്  അച്ഛനെ കണ്ട്  ഓര്‍മ്മിയില്ല. ഇവര്‍ക്ക് 6 മാസം പ്രായമുള്ളപ്പോള്‍ അടുത്ത സുഹൃത്തിനെ പുതിയ ബിസിനസ്സില്‍ സഹായിക്കാന്‍ ദക്ഷിണ ആഫ്രിക്കയിലേക്ക് പോയതാണ് എറണാകുളം കലൂര്‍ കീര്‍ത്തിനഗര്‍ സ്വദേശി തരുണ്‍ ബാബുവും സഹോദരന്‍  നിതിന്‍ ബാബുവും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും. കഴിഞ്ഞ ക്രിസ്തുമസിന് മുമ്പ് ഇവരെ പുറത്തിറക്കാം എന്നാണ് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പും നല്‍കിയിരുന്നത്. സംസ്ഥാനസര്‍ക്കാരിന് പുറമേ യുപിഎ സര്‍ക്കാരിനും ഇപ്പോള്‍  എന്‍ഡിഎ ഭരണകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്കും ഉള്‍പ്പടെ പരാതി ബോധിപ്പിച്ചിട്ടും നീതി കിട്ടാതെ അലയുകയാണ് മൂന്ന് കുടുംബങ്ങള്‍. കടല്‍കൊല കേസില്‍ മത്സ്യതൊഴിലാളികളെ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികര്‍ സുരക്ഷിതരായി സ്വന്തം രാജ്യത്ത് ജീവിക്കുമ്പോള്‍ ഒരു തെറ്റും ചെയ്യാതെ അന്യരാജ്യത്ത് ജയിലുകളില്‍ കുടുങ്ങിപോകുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകളും നോര്‍ക്കയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും ഒക്കെ എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം. എന്‍ഡിഎ സര്‍ക്കാരും സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയവടംവലിയുടെ ഇരകള്‍ കൂടിയാണ് ഇന്നിവര്‍ എന്നും ചില സൂചനകളുണ്ട്. ഇതിനേത്തുടര്‍ന്നാണ്  കേന്ദ്രവിദേശകാര്യ മന്ത്രാലയം ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതും എന്നും ആരോപണമുണ്ട്.


ചതിച്ചത് ഉറ്റ സുഹൃത്ത്

2013 ജൂണ്‍ 21നാണ് തരുണ്‍ ബാബു, നിതിന്‍ ബാബു, കൊച്ചി പൂക്കാട്ടുപടി സ്വദേശി ഷാജി, ചേരാനെല്ലൂര്‍ സ്വദേശി ഗോഡ്‌വിന്‍ ആന്റണി എന്നിവര്‍ തേവര സ്വദേശിയായ അരുണ്‍ ചന്ദ്രന്‍ എന്ന സുഹൃത്തിനെ സഹായിക്കാന്‍ ആഫ്രിക്കയിലേക്ക് പോയത്. കലൂര്‍ കീര്‍ത്തിനഗര്‍ സ്വദേശികളായ തരുണ്‍ ബാബു, നിതിന്‍ ബാബു, എന്നിവരുടെ ഉറ്റ സുഹൃത്തായിരുന്നു ക്യാപ്ടന്‍ അരുണ്‍ ചന്ദ്ര. പണത്തേക്കാളേറേ ഉറ്റ സുഹൃത്തിന്റെ പുതിയ സംഭരത്തിന് സഹായിക്കുക എന്നതായിരുന്നു ഇവരുടെ മനസ്സിലെ ചിന്ത. പത്ത് പേരെ സംഘടിപ്പിക്കാന്‍ അരുണ്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ നാല് പേര്‍ക്ക്  മാത്രമാണ് രേഖകള്‍ തയ്യാറായത്. ഒരു മാസം കഴിഞ്ഞ് നിതിന്റെ വിവാഹം നിശ്ചയിച്ചിരുന്നതിനാലും ഇവരുടെ അച്ഛന്റെ ഒന്നാം ആണ്ടിനും മുന്‍പ് സഹോദരങ്ങളെ മടക്കി അയക്കാം എന്നതായിരുന്നു ഉറപ്പ്. മലയാള ചലച്ചിത്ര വ്യവസായത്തിന് ഏറേ സുപരിചിതനാണ് ഗോഡ്വിന്‍. ഫോര്‍ഡ് ഉള്‍പ്പടെയുള്ള കമ്പനികളുടെ കാറുകള്‍ ഗോഡ്വിന്‍  പരിഷ്‌കരിച്ചത് നിരവധി സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ട്.

മര്‍ച്ചന്റ് നേവിയില്‍ എബിള്‍ഡ് സീമാനായിരുന്ന തരുണും റിഗ്ഗില്‍ റേഡിയോ ഓഫീസറായിരുന്ന നിതിനും ഒന്നരമാസത്തെ അവധിയെടുത്താണ്  പോയത്. ഷിപ്പിന്റെ മെയിന്റനന്‍സിനുള്ള പുതിയ കമ്പനിയിലേക്ക് അഡ്മിനിസ്ട്രേറ്റര്‍, ഹോം മെക്കാനിക്ക്, ഡീസല്‍ മെക്കാനിക്ക്, വെല്‍ഡര്‍ എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട് ചെയതത്. ടോഗോ എംബസിയില്‍ വിസാ അപ്ലിക്കേഷന്‍ നല്‍കിയിരുന്നു. എല്ലാ രേഖകളും ശരിയാക്കിയിരുന്നു. ക്യാപ്റ്റന്‍ അരുണ്‍ചന്ദ്രന്റെ അനിയന്‍ അശോകും ഭാര്യസഹോദരനായ നവീന്‍ ഗോപിയും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ടോഗോയിലെത്തി ഒരു മാസമാകുന്നതിന് മുമ്പ്  ബ്രിട്ടീഷ് ഷിപ്പിങ് കമ്പനി യൂനിയന്‍ മാരിടൈമിന്റെ ചരക്കുകപ്പലായ എ.ടി ഓഷ്യന്‍ സെഞ്ചൂറിയിന്റെ അറ്റകുറ്റ പണികള്‍ക്കെന്ന പേരില്‍ ക്യാപ്റ്റന്‍ അരുണ്‍ ചന്ദ്രന്‍ ഇവരെ കൊണ്ടുപോയി. കപ്പലിലെത്തിയെങ്കിലും അപ്പോള്‍ അറ്റകുറ്റ പണികള്‍ക്ക് അനുമതി ലഭിച്ചില്ലെന്ന് സൂചിപ്പിച്ച് തിരികെ റൂമിലേക്ക് തന്നെ കൊണ്ടുവിട്ടു. എന്നാല്‍ തൊട്ടുപിന്നാലെ പൊലീസ് എത്തി എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കപ്പലില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങളും ക്രൂ അംഗങ്ങളുടെ വാച്ചും മൊബൈല്‍ ഫോണുമടക്കമുള്ള വസ്തുക്കളും കാണാതായെന്ന് ആരോപിച്ചു. വിചാരണക്കിടെ കഴിഞ്ഞ വര്‍ഷം ഏപ്രിലോടെ ക്യാപ്റ്റന്‍ അരുണ്‍ ചന്ദ്രനും അനിയന്‍ അശോകും നവീനും ജയില്‍ ചാടി. നവീന്‍ മാത്രം പിന്നീട് പിടിക്കപ്പെട്ടു. ഇതോടെ മറ്റുള്ളവരുടെ മോചന ശ്രമങ്ങള്‍ക്കും തിരിച്ചടിയായി.

ഇവര്‍ കടല്‍കൊള്ളക്കാരാണ് എന്നതാണ് ടോഗോ പോലീസിന്റെ ആരോപണം. കപ്പല്‍ മോഷണം, കപ്പലിലെ സാധനങ്ങള്‍ കൊള്ളയടിക്കുക, സ്ഥലത്ത് കൊള്ള സംഘം രൂപീകരിക്കുക തുടങ്ങിയവയാണ് ഇവര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍. ഇതില്‍ കൊള്ള സംഘ രൂപീകരണം എന്ന ആരോപണം കോടതി തള്ളി. കേസില്‍ നാല് വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്. കപ്പലിന് മൂന്ന് മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നും ആരോപിച്ചു. ഇന്‍ഷൂറന്‍സ് തട്ടാനായിരുന്നു ഇത്. അരുണും ബന്ധുക്കളും മറ്റ് നാലുപേരുടെ വീട്ടുകാരെ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുന്നുമുണ്ട്. അതിനിടെ എ.ടി ഓഷ്യന്‍ സെഞ്ചൂറിയനിലെ ക്യാപ്റ്റനായിരുന്ന സുനില്‍ ജെയിംസിനെയും കൂടെയുണ്ടായിരുന്ന വിജയനെയും വെറുതേ വിടുകയും ചെയ്തു.മോചനത്തിന് ശ്രമം നടത്തുന്നതിനിടെ സുനിലിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് വിവിയന്‍ ആമാശയ രോഗ മൂലം മുംബൈയിലെ ആശുപത്രിയില്‍ മരിച്ചിരുന്നു.

മടങ്ങി വരുമെന്ന പ്രതീക്ഷ നശിച്ച് ബന്ധുക്കള്‍, കൊടിയപീഡനത്തിന് ഇരകളായി യുവാക്കളും


കലൂര്‍ കീര്‍ത്തി നഗറിലെ തരുണിന്റെയും നിതിന്റെയും വീട്ടില്‍  നാല് പേരുടെയും കുടുംബാംഗങ്ങളെ കാണാന്‍ നാരദാ ന്യുസ് ടീം എത്തിയപ്പോള്‍ മരവിച്ച നാല് വൃദ്ധ മനസ്സുകളെയാണ് കാണാന്‍ കഴിഞ്ഞത്. ഭര്‍ത്താവ് മരിച്ച ഒരു വര്‍ഷം തികയുന്നതിന് മുന്‍പേ മക്കളും നഷ്ടപ്പെട്ട തരുണിന്റെയും നിതിന്റെയും അമ്മ. കരഞ്ഞ് കരഞ്ഞ്  കണ്ണുനീര് വറ്റി കുഴിഞ്ഞ കണ്ണുകള്‍ക്ക്ചുറ്റും കറുത്ത് ഇരുണ്ട പാടുകള്‍ മാത്രം. എന്തൊക്കെ സഹിക്കേണ്ടി വന്നാലും നേരായ മാര്‍ഗ്ഗത്തിലൂടെ അല്ലാതെ നാട്ടിലേക്ക് തിരികെ വരരുത് എന്നാണ് ഈ ധീരയായ അമ്മ മക്കളോട് പറയുന്നത്. പക്ഷെ മാധ്യമങ്ങളോട് നിങ്ങള്‍ എന്തിന് ഇനിയും വരുന്നു എന്നാണ് ഇവര്‍ ചോദിക്കുന്നത്. മൂന്ന് കൊല്ലമായി ഞങ്ങളുടെ മക്കള്‍ ഞങ്ങളും നരകയാതന അനുഭവിക്കുന്നു. നാടിനും നാട്ടുകാര്‍ക്കും നല്ലത് മാത്രം എന്നും ചെയ്തിട്ടുള്ള ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാര്‍.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പേരുകേട്ട ജയിലാണ് ടോഗോ സെന്‍ട്രല്‍ ജയില്‍. ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്താല്‍ തന്നെ ഇവിടത്തെ തടവുകാരുടെ സ്ഥിതിയറിയാം. ഇവിടത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് പരിഹാരം കാണാനാകാത്തതിനെ തുടര്‍ന്ന് ടോഗോയിലെ മനുഷ്യാവകാശ കമ്മിഷന്‍ രാജിവെച്ചിരുന്നു.  കസ്റ്റഡി മരണം ഇവിടെ നിത്യസംഭവമാണ്. ദരിദ്രരാഷ്ട്രമായതിനാല്‍ എന്തിനും ഏതിനും പണമാണ് പ്രധാനം. പണം നല്‍കിയാലും പീഡനങ്ങള്‍ സഹിക്കുകയും വേണം.ആഹാരം കഴിക്കാനും മലമുത്ര വിസര്‍ജ്ജനം നടത്താനും കിടന്ന് ഉറങ്ങാനും എന്തിനേറേ ജഡ്ജിക്ക് വരെ കൈക്കുലി കൊടുക്കേണ്ട അവസ്ഥ. രക്ഷപ്പെടത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെല്ലാം ഗുണ്ടകളുടെ മര്‍ദ്ദനം.തോക്കിന്‍ കുഴലില്‍ ഏത് നിമിഷവും ജീവിതം അവസാനിച്ചേക്കുമോ എന്ന ഭയവും. എയ്ഡ്സും ക്ഷയവും മാരകരോഗങ്ങളും ബാധിച്ച കൊടുകുറ്റവാളിക്കള്‍ക്കൊപ്പം നില്‍ക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത ജയിലില്‍  ഇവര്‍ക്ക്മൂന്ന് പേര്‍ക്കും മാറി മാറി പലതവണ മലേറിയ ഉള്‍പ്പടെയുള്ള രോഗങ്ങളും ബാധിച്ചു.ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍ കടം വാങ്ങിയും പണയം വെച്ചും 2 കോടിയിലേറെ രൂപ ഇതിനോടകം ബന്ധക്കള്‍ അയച്ചു കഴിഞ്ഞു. ഷാജിയുടെ കുടുംബത്തിന് അതിനുള്ള അവസ്ഥ പോലും ഇല്ലാത്തതിനാല്‍ മറ്റുള്ളവര്‍ ആ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്നു. സാമാന്യം തരക്കേടില്ലാത്ത കഴിഞ്ഞിരുന്ന ഈ കുടുംബങ്ങളും ഇന്ന് കടക്കെണിയിലാണ്. ഗോഡ്വിന്റെ ഭാര്യ നീതു കുടുംബം പോറ്റാന്‍ ഗള്‍ഫില്‍ ജോലി തേടാനും നിര്‍ബന്ധിതയായി. രണ്ടോ മൂന്നോ മിനിറ്റ് ആരും കാണാതെ വിളിച്ച്  കരച്ചില്‍ മാത്രമാണ് ബന്ധുക്കളുമായുളള ഇവരുടെ സംസാരം. ആഹാരം കഴിച്ചോ ഉറങ്ങിയോ എന്നതിനപ്പുറം സുഖവിവരത്തെ കുറിച്ച് പരസ്പരം അന്വേഷണങ്ങളുമില്ല. പല തവണ ഫോണ്‍ പിടിച്ചുപറിച്ചു കൊണ്ട് പോയതിനാല്‍ വീണ്ടും ഫോണ്‍ വാങ്ങേണ്ടി വരുന്നു.രോഗങ്ങളോട് മല്ലിടുന്ന വാര്‍ദ്ധക്യത്തില്‍ മകളുടെ ഭര്‍ത്താവിന്റെ ദുര്യോഗമോര്‍ത്ത്‌ഗോഡ്വിന്റെ അച്ചനോടൊപ്പം എല്ലാ വാതിലുകളും മുട്ടുകയാണ് നീതുവിന്റെ അച്ഛന്‍.പരാതി പറയാനുള്ള ത്രാണി പോലുമില്ലാതെ ഷാജിയുടെ ഉമ്മയും.

ഇവരുടെ മോചനത്തിനായി ശ്രമിക്കുന്ന നിസാര്‍ കൊച്ചേരിയെന്ന വക്കിലിന് നല്കുന്ന തുക നോര്‍ക്ക തിരികെ നല്കാം എന്ന് പറയുന്നതല്ലാതെ അതിനും നടപടികളുണ്ടായിട്ടില്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം  രാജശേഖരന്‍ വഴി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബന്ധുക്കള്‍ പരാതി നല്‍കിയില്ലെങ്കിലും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. കേന്ദ്രം വഴി നിങ്ങള്‍ക്ക് സാധിക്കാമെങ്കില്‍ സാധിച്ചോളു എന്ന ഭീഷണിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് അഴസാനിച്ചാല്‍ തൊട്ടടുത്ത ദിവസംതന്ന വന്ന് കാണു എന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോഴും ഭരണകാലാവധി അവസാനിച്ച സര്‍ക്കാറില്‍ നിന്ന് വലുതായി ഒന്നും പ്രതീക്ഷിക്കാനാവില്ല. കേസില്‍ വിചാരണ അവസാനിച്ച്ജൂണ്‍ ഒന്‍പതിന് വിധി വരാനിരിക്കെ ഇനിയെങ്കിലും ശക്തമായ നടപടികളാണ് ആവശ്യം.

സ്വന്തം മണ്ഡലത്തിലെ ദുരിതമനുഭവിക്കുന്ന കുടുംബത്തെ അറിയാത്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ഞങ്ങളെല്ലാം ചെയ്യുന്നുണ്ട് എന്ന് ഉരുണ്ട് കളിക്കുന്ന യുഡിഎഫും ബിജെപിയും.

മൂന്ന് വര്‍ഷമായി ദുരിതകയത്തിലകപ്പെട്ട ഈ കുടുംബത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് ഞങ്ങള്‍ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളോട് അന്വേഷിച്ചു.

സിറ്റിങ്ങ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഹൈബി ഈഡന്‍

ടോഗോയില്‍ ജയിലില്‍കഴിയുന്ന യുവാക്കള്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് ചെയ്തു?


ഞാന്‍ മനസ്സിലാക്കിയിടത്തോളം മുഖ്യമന്ത്രി നേരിട്ട് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഒരു വക്കീലിനെ നിയോഗിച്ച് വേണ്ടുന്ന നിയമസഹായവും ഉറപ്പ് വരുത്തിയിട്ടുണ്ട്. പക്ഷെ വളരെ സംശയാസ്പദമായ നിലപാടാണ് ടോഗോ കോടതി സ്വീകരിക്കുന്നത്. ശിക്ഷാകാലാവധി തീര്‍ന്നിട്ടും സമയം നീട്ടി ചോദിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 9ന് അവര്‍ മോചിതരാകേണ്ടതായിരുന്നു പക്ഷെ അത് ജൂണിലേക്ക് നീട്ടി.മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇത് കൊണ്ട് വരുകയും ചെയ്തു. കഴിഞ്ഞായാഴ്ച മുഖ്യമന്ത്രിയെ ഈ കുടുംബങ്ങള്‍ നേരില്‍ കണ്ടു. മുഖ്യമന്ത്രി നേരിട്ട് ദില്ലിയില്‍ വെച്ച് വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ കണ്ട് വിഷയം ധരിപ്പിച്ചു. സംസ്ഥാന സര്ക്കാര്‍ വളരെ ഗൗരവത്തോടെ തന്നെ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഏതാണ് ഇതിന്റെ പിന്നാമ്പുറ കഥകള്‍ എന്ന് പക്ഷെ മനസ്സിലാകുന്നില്ല.

ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍ വക്കീലിനെ ടോഗോയില്‍ എത്തിക്കുന്ന ചിലവ്, ജഡ്ജിക്കുള്ള കൈക്കൂലി എന്നിങ്ങിനെ ദിവസവും വലിയ ചിലവുകളാണ് ഇവര്‍ നേരിടുന്നത്. സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കാതെ ഇവര്‍ക്ക് മുന്നോട്ട് പോകാനാവില്ല. നോര്‍ക്കയുടെ ഉറപ്പൊക്കെ ഇപ്പോഴും പേപ്പറുകളില്‍ മാത്രമാണ്.

ഈ വിഷയത്തില്‍ ഒരു ഹ്യുമാനിറ്റേറിയന്‍ വശം പരിഗണിച്ചാണ് ഇടപെട്ടത്. പണത്തേക്കാളുപരി ഇവരുടെ മോചനത്തിനായി ആഗ്രഹിക്കുന്ന ഇവരെ ഒരു നോക്ക് കാണാന്‍ ആഗ്രഹിക്കുന്ന കുടുംബത്തെകുറിച്ചാണ് ചിന്തിച്ചത്. എക്സ്റ്റേണല്‍ അഫയേഴ്സില്‍ ചെറുതും വലുതുമായ നിരവധി കേസുകളില്‍ മുഖ്യമന്ത്രി കാണിച്ചിട്ടുള്ള പ്രത്യേക താത്പര്യം നമുക്ക് കാണാതിരുന്നുകൂടാ. ഇപ്പോള്‍ തിരഞ്ഞെടുപ്പ് സമയമായതിനാല്‍ നിലവിലെ സാഹചര്യം കൃത്യമായി എനിക്ക് ശ്രദ്ധിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷെ ഞാന്‍ മനസ്സിലാക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാറിനാല്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നാണ്. ഒരു വിദേശ രാജ്യത്ത് പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചതായതിനാല്‍ പരിമിതികളുണ്ട്.

ജൂണ്‍ 9ന് വിധി വരാനിരിക്കുകയാണ്. കുടുംബങ്ങള്‍ക്ക് കടവും ലോണും ജപ്തി ഭീഷണിയും ഒക്കെയുണ്ട്.

അതിന് മുമ്പ്തന്നെ ഈ തിരഞ്ഞെടുപ്പ്കഴിഞ്ഞാല്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ ഇനി എന്ത് ചെയ്യണമെന്ന് പരിശോധിക്കും. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരും. തിരഞ്ഞെടുപ്പ്  പെരുമാറ്റ ചട്ടം നിലവിലുളളതിനാല്‍ നമുക്ക്ഇപ്പോള്‍ കൂടുതല്‍ പറയാനാകില്ല. എങ്കിലും ഉടന്‍ വേണ്ടത് ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷ.അവരെ വിട്ടുകിട്ടുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം. സാമ്പത്തിക വശങ്ങള്‍ക്ക് ഇവിടെ ഒരു ക്യാബിനറ്റ് തീരുമാനത്തിന്റെ ആവശ്യമേയുള്ളു.

ബിജെപി സ്ഥാനാര്‍ത്ഥി എന്‍ കെ മോഹന്‍ദാസ്

ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ട ചില കടലാസുകള്‍ നീക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ സുരക്ഷതിരാണ് എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ നാനാവശങ്ങള്‍ പരിശോധിച്ച ശേഷമേ ഇടപെടാനും കഴിയു. തമിഴ്നാട്ടില്‍ നിന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയും ഇവര്‍ക്ക് വേണ്ടി  ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസവും വിഷയം ചര്‍ച്ചയില്‍ വന്നിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം അനില്‍കുമാര്‍

അഴിമതി ഭരണത്തെകുറിച്ചും യുഡിഎഫ് സര്‍ക്കാരിന്റെ വഴി തെറ്റിയ വികസനത്തെ കുറിച്ചും വാചാലനായ എല്‍ഡിഎഫ് സഥാനാര്‍ത്ഥി അനില്‍കുമാറിന് തന്റെ മണ്ഡലത്തിലെ ഈ കുടുംബങ്ങളെ കുറിച്ച് അറിയുകപോലും ഇല്ല എന്നതാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. മൂന്ന് തവണ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായിരുന്നു അനില്‍കുമാര്‍.

താങ്കളുടെ മണ്ഡലത്തിലെ നാല് യുവാക്കള്‍ ആഫ്രിക്കയിലെ ജയിലിലാണ് കഴിഞ്ഞ 3 കൊല്ലമായി. എന്ത് ഇടപെടലാണ് എല്‍ഡിഎഫ്  ഇവരുടെ മോചനത്തിന് വേണ്ടി നടത്തിയത്.

ഞാന്‍ ഇത് വരെ അറിഞ്ഞിട്ടില്ല. ആരും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയോ പറയുകയോ ചെയ്തിട്ടില്ല. സ്വാഭാവികമായും ഇത്തരം ഒരു വലിയ വിഷയം ആകുമ്പോള്‍ നേതൃത്വം തന്നെ ഇടപേടണ്ട വിഷയം ആണ്. വിശാദാംശങ്ങള്‍ പരിശോധിച്ച് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താം.

വലിയ കുറ്റങ്ങള്‍ക്ക് പോലും വിദേശികള്‍ക്ക് ഇന്ത്യയില്‍ ഒരു തരത്തിലുമുള്ള നീതിയെയും നിയമത്തെയും ഭയക്കണ്ട എന്നിരിക്കെ  ആണ് ചെയ്യാത്ത കുറ്റത്തിന്  ആ രാജ്യങ്ങളിലെ നിയമത്തിന്റെ നൂലാമാലകള്‍ ചൂണ്ടികാട്ടി നമ്മുടെ ഭരണകര്‍ത്താക്കള്‍ പൗരന്റെ ജിവന് പോലും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കെല്‍പില്ലാത്തവരാകുന്നത്. മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ മറീനുകളുടെ മോചനത്തിന് എന്തിന്റെ പേരിലാണെങ്കിലും കാണിച്ച ശുഷ്‌കാന്തി ഒരല്പം സ്വന്തം പൗരന്മാര്‍ക്ക് വേണ്ടി കൂടി മാറ്റി വെച്ചെങ്കില്‍ എന്നാശിച്ചുപോകുന്നു.

Story by
Read More >>