മലപ്പുറത്ത് അഞ്ച് മണ്ഡലങ്ങളില്‍ യു ഡി എഫിന് പ്രശ്‌നം രൂക്ഷം, അട്ടിമറിഞ്ഞാല്‍ ജില്ലയില്‍ ലീഗിന്റെ കുത്തക തീരും

ഇരുമുന്നണികളിലേയും പാര്‍ട്ടികളിലെ വോട്ട് അതാത് മുന്നണിക്കു തന്നെ കിട്ടുമോയെന്ന കാര്യത്തിലാണ് മലപ്പുറത്ത് ആശങ്ക

മലപ്പുറത്ത് അഞ്ച് മണ്ഡലങ്ങളില്‍ യു ഡി എഫിന് പ്രശ്‌നം രൂക്ഷം, അട്ടിമറിഞ്ഞാല്‍ ജില്ലയില്‍ ലീഗിന്റെ കുത്തക തീരുംമലപ്പുറം: ഇരുമുന്നണികളിലേയും പാര്‍ട്ടികളിലെ വോട്ട് അതാത് മുന്നണിക്കു തന്നെ കിട്ടുമോയെന്ന കാര്യത്തിലാണ് മലപ്പുറത്ത് ആശങ്ക. പ്രചരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ അഞ്ചിടത്ത് ഫലം പ്രവചനീതമായി മാറികഴിഞ്ഞു. താനൂര്‍, തിരൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലാണ് മത്സരം കടുത്തത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളായ ഈ മണ്ഡലങ്ങളില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഇവിടെ ആര് ജയിക്കും എന്നത് മുന്നണികള്‍ക്കുള്ളിലെ അടിയൊഴുക്കുകള്‍ കൂടി വിലയിരുത്തിയെ നിര്‍ണയിക്കാന്‍ കഴിയു എന്നതാണ് അവസ്ഥ. എന്നാല്‍ എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളായ പൊന്നാനി, താനൂര്‍ എന്നിവിടങ്ങളില്‍ ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജില്ലയില്‍ ലീഗിന്റെ ഏകാധിപത്യ നയം പലയിടത്തും കോണ്‍ഗ്രസ് അണികളെ ചൊടിപ്പിച്ചിട്ടുണ്ട്. തദ്ദേശത്തില്‍ ഇത് വ്യക്തമാകുകയും ഫലം വന്നപ്പോള്‍ ലീഗിന് കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്ന അവസ്ഥയും ഉണ്ടായി. നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പറഞ്ഞൊതുക്കിയിരുന്ന ഈ പ്രശ്‌നം അവസാനഘട്ടമായപ്പോള്‍ പല മണ്ഡലത്തിലും മറ നീക്കി പുറത്തു വരുന്ന കാഴ്ച്ചകളും ദ്യശ്യമാകുന്നുണ്ട്. ഇടത് മുന്നണിയെ അപേക്ഷിച്ച് മുന്നണിക്കുള്ളിലെ ഈ പ്രശ്‌നം യു ഡി എഫിലാണ് രൂക്ഷമായിരിക്കുന്നത്.


താനൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന്‍ കോണ്‍ഗ്രസ് നേതാവും തിരൂര്‍ മുനിസിപ്പല്‍ വൈസ് പ്രസിഡന്റുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നാണ് അബ്ദുറഹ്മാന്‍ അവകാശപ്പെടുന്നത്. ഏതായാലും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ പ്രചരണത്തില്‍ മുന്നിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. താനൂരില്‍ അബ്ദുറഹ്മാന്‍ ജയിക്കുമെന്ന് ചില സര്‍വേകള്‍ വന്നത് ഇടത് മുന്നണിയുടെ ആവേശം കൂട്ടിയിട്ടുണ്ട്. ശക്തമായ മത്സരം താനൂരില്‍ നടക്കുന്നുണ്ടെന്നും എന്തായാലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് യു ഡി എഫ് കേന്ദ്രങ്ങളും സമ്മതിക്കുന്നുണ്ട്.
താനൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് രംഗത്ത് വരുന്നതെങ്കില്‍ നിലമ്പൂരില്‍ സ്ഥിതി മറിച്ചാണ്. ലീഗ് വിരുദ്ധ നിലപാട് എടുക്കുന്ന ആര്യാടന്‍ മുഹമ്മദിനെതിരെ ഒരു വിഭാഗം അമര്‍ഷത്തിലാണ്. കുടുംബാധിപത്യത്തിനും ലീഗ് വിരുദ്ധ നിലപാടിനും വോട്ട് ചെയ്യാന്‍ തീരുമാനിച്ച അണികള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്ന് ലീഗ് നേത്യത്വത്തിനും അറിയാം. ഇതിനു പുറമെയാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ആര്യാടന്‍ ഷൗക്കത്തിനുള്ള എതിര്‍പ്പ്. ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചെന്ന് യു ഡി എഫ് അവകാശപ്പെടുന്നുണ്ടെങ്കിലും അണിയറയില്‍ ഇതെല്ലാം നിലനില്‍ക്കുന്നുണ്ട്. സമാനമായ പ്രശ്‌നം ഇടതു മുന്നണിയിലും നിലനില്‍ക്കുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ സി പി ഐ ശക്തമായ നിലപാട് എടുത്തിരുന്നു. 2011 ല്‍ ഏറനാട് മണ്ഡലത്തില്‍ പി വി അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു. അന്ന് ഇടത് മുന്നണിയില്‍ നിന്ന് മത്സരിച്ച സി പി ഐ മൂന്നാംസ്ഥാനത്തായി. ഇതാണ് സി പി ഐ അന്‍വറിന് എതിരെ തിരിയാന്‍ കാരണം. രണ്ട് മുന്നണികള്‍ക്കുള്ളിലും നില നില്‍ക്കുന്ന ഈ അസ്വാരസങ്ങള്‍ ഇരു കൂട്ടര്‍ക്കും തലവേദനയാണ്. സിറ്റിംഗ് സീറ്റായതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കോണ്‍ഗ്രസിനാണ്.

പെരിന്തല്‍മണ്ണ മണ്ഡലത്തിലും മത്സരം ഇഞ്ചോടിഞ്ചായി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കുകയെന്നതാണ് സി പി എമ്മിന്റെ ലക്ഷ്യം. സീറ്റ് നില നിര്‍ത്താനുള്ള പോരാട്ടത്തിലാണ് യു ഡി എഫ്. പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിക്കൊപ്പം സജീവമായിരുന്ന അലി ഫാന്‍സ് അലിക്കെതിരെ തിരിഞ്ഞതാണ് ഇവിടെ ലീഗിനു പ്രശ്‌നമായത്. അലിയെ ജയിപ്പിക്കാന്‍ വന്നവര്‍ പിണങ്ങി പോയത് ഫലത്തെ ബാധിക്കില്ലെന്ന് ലീഗ് കരുതുന്നു. എന്നാല്‍ ക്യത്യമായി ഒരു മുന്നണിക്ക് അവകാശപ്പെടാന്‍ കഴിയാത്ത മണ്ഡലമാണ് പെരിന്തല്‍മണ്ണ. ഇവിടത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശശികുമാര്‍ കാന്തപുരത്തെ ചെന്ന് കണ്ട് പിന്തുണ തേടിയിരുന്നു. കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് ലീഗ് പ്രശ്‌നങ്ങള്‍ ഇപ്പോഴും നല്ലതല്ലാത്ത രീതിയില്‍ തുടരുകയാണ്. ശക്തമായ മത്സരമാണ് ഇവിടേയും നടക്കുന്നത്. താനൂര്‍ കഴിഞ്ഞാല്‍ എല്‍ ഡി എഫിന് വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരൂര്‍. യു ഡി എഫ് മുന്നണികള്‍ക്കകത്തെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ ഇവിടേയും കഴിഞ്ഞിട്ടില്ല.

Read More >>