മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനുള്ള നീക്കം മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ താല്‍പ്പര്യമനുസരിച്ച്; പിന്നില്‍ കോടികളുടെ റിയല്‍ എസ്റ്റേറ്റ് മാഫിയയെന്ന് ആരോപണം

മലാപ്പറമ്പ് എ യു പി സ്‌കൂളിനോട് ചേര്‍ന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ ഏറ്റവും അടുത്ത ബന്ധുവായ അബുബക്കര്‍ ഹാജിയുടെ ഒന്നെ കാല്‍ ഏക്കര്‍ പറമ്പും വീടുമുണ്ട്. പി ഡബ്ലു.ഡി യില്‍ ജോലി ചെയ്തിരുന്ന വിജയനില്‍ നിന്ന് ഈ വീടും പറമ്പും വാങ്ങിയെന്നാണ് വിവരം

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനുള്ള നീക്കം മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ താല്‍പ്പര്യമനുസരിച്ച്;  പിന്നില്‍ കോടികളുടെ റിയല്‍ എസ്റ്റേറ്റ് മാഫിയയെന്ന് ആരോപണം

കോഴിക്കോട്: മലാപ്പറമ്പ് എ യു പി സ്‌കൂള്‍ പൂട്ടാനുള്ള നീക്കത്തിന് പിന്നില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ താല്‍പ്പര്യങ്ങളും ഉണ്ടെന്ന് സൂചന. കോടികളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് താല്‍പ്പര്യത്തിനാണ് സ്‌കൂള്‍ പൂട്ടിക്കാനുള്ള ശ്രമം നടക്കുന്നതെന്നാണ് സ്‌കൂള്‍ സംരക്ഷണ സമിതി നാരദ ന്യൂസിനോട് പറഞ്ഞത്. 143 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു സ്‌കൂള്‍ സംരക്ഷിക്കാന്‍ നാട്ടുകാര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ടി വന്നതും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു മുതലെന്ന് ആരോപണം.


'മലാപ്പറമ്പ് എ യു പി സ്‌കൂളിനോട് ചേര്‍ന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ ഏറ്റവും അടുത്ത ബന്ധുവായ അബുബക്കര്‍ ഹാജിയുടെ ഒന്നെ കാല്‍ ഏക്കര്‍ പറമ്പും വീടുമുണ്ട്. പി ഡബ്ലു.ഡി യില്‍ ജോലി ചെയ്തിരുന്ന വിജയനില്‍ നിന്ന് ഈ വീടും പറമ്പും വാങ്ങിയെന്നാണ് വിവരം. അബുബക്കര്‍ ഹാജി പി കെ അബ്ദുറബ്ബിന്റെ അളിയനാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിനൊന്നും തെളിവില്ല. എന്നാല്‍ അടുത്ത ബന്ധുവാണ് എന്ന കാര്യത്തില്‍ സംശയമില്ല. അബുബക്കര്‍ ഹാജിയുടെ പറമ്പിനോട് ചേര്‍ന്നാണ് സ്‌കൂള്‍ നില നില്‍്ക്കുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി സ്‌കൂളിനോട് ചേര്‍ന്നുള്ള മൂന്നാലു കടമുറികള്‍ ഉടന്‍ പൊളിച്ചു നീക്കും. പിന്നെ റോഡിനോട് ചേര്‍ന്നു വരിക സ്‌കൂളാണ്. സ്‌കൂള്‍ പൊളിക്കുന്നതോടെ അബുബക്കര്‍ ഹാജിയുടെ സ്ഥലവും സ്‌കൂള്‍ പറമ്പും ഒരു പോലെയാകും. പിന്നെ അബുക്കര്‍ ഹാജിയുടെ സ്ഥലത്തിന് ഇപ്പോഴുള്ളതിനെക്കാള്‍ കോടികളാവും വിലമതിക്കുക. സ്‌കൂള്‍ പറമ്പു കൂടി അബുബക്കര്‍ ഹാജിയുടെ സ്ഥലത്തിന്റെ കൂടെ ചേരുന്നതോടെ മലാപ്പറമ്പിലെ തന്നെ ഏറ്റവും വിലമതിക്കുന്ന സ്ഥലമായി ഇതു മാറുമെന്നാണ് സ്‌കൂള്‍ സംരക്ഷണ സമിതി കണ്‍വീനറും അഡ്വക്കറ്റുമായ ജയദീപ് നാരദ ന്യൂസിനോട് പറഞ്ഞത്. മലാപ്പറമ്പ് സ്‌കൂളിനെ സംരക്ഷിക്കാന്‍ വേണ്ടി സ്‌കൂള്‍ സംരക്ഷണ സമിതിയുടെ ഉപരോധം ഇന്ന് 54 ാം ദിവസത്തിലേക്ക് കടക്കുകയാണ്. ജീവന്‍ കൊടുത്തും സ്‌കൂളിനെ സംരക്ഷിക്കുകമെന്ന നിലപാടിലാണ് മലാപ്പറമ്പ് സ്‌കൂള്‍ സംരക്ഷണ സമിതി. അതിനിടെയാണ് സ്‌കൂള്‍ സംരക്ഷണ സമിതി നാരദ ന്യൂസിനോട് സമരത്തിന് പിന്നിലെ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളെ കുറിച്ച് പ്രതികരിച്ചത്.

കേരള വിദ്യാഭ്യാസ ചട്ടത്തിലെ സെക്ഷന്‍ 7(6) വകുപ്പ് പ്രകാരം ലാഭകരമല്ലാത്ത സ്‌കൂള്‍ മാനേജര്‍ക്ക് പൂട്ടാം എന്ന അധികാരം ഉപയോഗിച്ചാണ് സ്‌കൂള്‍ പൂട്ടാനായി മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചത്. മാനേജര്‍ ഇക്കാര്യത്തിന് വേണ്ടി കോടതിയെ സമീപിച്ചാല്‍ സ്‌കൂള്‍ നിലനിര്‍ത്താനായി വിദ്യാഭ്യാസ വകുപ്പാണ് കക്ഷി ചേരേണ്ടത്. എന്നാല്‍ മലാപ്പറമ്പ് സ്‌കൂളിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ അങ്ങിനയൊരു നീക്കം ഉണ്ടായിട്ടില്ല. കഴിഞ്ഞ മന്ത്രിസഭ വന്ന ശേഷമാണ് സ്‌കൂള്‍ പൂട്ടല്‍ നടപടികള്‍ മാനേജര്‍ വേഗത വര്‍ദ്ധിപ്പിച്ചത്. രണ്ടു വര്‍ഷം മുമ്പ് ലോകസഭ തെരഞ്ഞെടുപ്പ് നടന്ന് ഒരാഴ്ച്ചക്കകം മാനേജര്‍ സ്‌കൂള്‍ പൊളിച്ചു നീക്കി. രാത്രി ജെ സി ബി ഉപയോഗിച്ചാണ് പൊളിക്കല്‍ നടത്തിയത്. എന്നാല്‍ സ്‌കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ പുനര്‍ നിര്‍മ്മിച്ചു. 20 ലക്ഷത്തോളം രൂപ ചെലവാക്കി നിര്‍മ്മിച്ച സ്‌കൂളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണവും നടത്തി.

രണ്ടു വര്‍ഷം മുമ്പാണ് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് വന്നത്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ രണ്ടു വര്‍ഷമായിട്ടും വിദ്യാഭാസ വകുപ്പ് തയ്യാറായില്ലെന്നതും അപ്പീല്‍ പോയിരുന്നെങ്കില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ നടക്കില്ലായിരുന്നുവെന്നുംസ്‌കൂള്‍ സംരക്ഷണ സമിതി ചൂണ്ടികാട്ടുന്നു. 'സര്‍ക്കാറിനു ഇല്ലാത്ത ഉത്തരവാദിത്വം നാട്ടുകാര്‍ക്ക് എന്താണ് സ്‌കൂള്‍ പൂട്ടാതിരിക്കുന്നതില്‍ ' എന്നാണ്് ഹൈക്കോടതി വരെ ചോദിച്ചത്.
മലാപ്പറമ്പ്് സ്‌കൂള്‍ പൂട്ടിക്കുന്നതില്‍ റിയല്‍ എസ്റ്റേറ്റ് വിജയിച്ചാല്‍ കേരളത്തില്‍ ഇതുപോലെ 1500 സ്‌കൂളുകള്‍ പൂട്ടേണ്ടി വരും. 12 വര്‍ഷത്തിലധികമായി പല സ്‌കൂളുകളും പൂട്ടാനുള്ള ഉത്തരവ് കാത്തു കിടക്കുന്നുണ്ട്. ഇത് വിജയിച്ചാല്‍ ഇവിടെ പഠിക്കുന്ന കുട്ടികളുടെ ഭാവി അപകടത്തിലാകും. പകരം സ്‌കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാറിന്റെ കയ്യില്‍ സ്ഥലമില്ലെന്നതാണ് സത്യം.
മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടല്‍ ഭീഷണിക്കിടയിലും പുതിയതായി 28 കുട്ടികളാണ് ഈ അദ്ധ്യയന വര്‍ഷം ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം 78 കുട്ടികളാണ് പഠിച്ചിരുന്നത്. ഏഴ് അദ്ധ്യാപകരും സ്‌കൂളിലുണ്ട്.

അതേസമയം മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നാരദ ന്യൂസിനോട് പറഞ്ഞു. മലാപ്പറമ്പ് സ്‌കൂള്‍ മാത്രമല്ല, കേരളത്തില്‍ പൂട്ടല്‍ ഭീഷണി നേരിടുന്ന ഒരു സ്‌കൂളും പൂട്ടില്ല. സര്‍ക്കാര്‍ അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭാസ മന്ത്രി പറഞ്ഞു.

Read More >>