സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവുമായി മാനേജ്‌മെന്റ് എത്തി; തടയാന്‍ നാട്ടുകാരും: മലാപ്പറമ്പ് യുപി സ്‌കൂളില്‍ സംഘര്‍ഷം

ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെ സ്‌കൂള്‍ പൂട്ടുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ അധ്യാപകരെ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം.

സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവുമായി മാനേജ്‌മെന്റ് എത്തി; തടയാന്‍ നാട്ടുകാരും: മലാപ്പറമ്പ് യുപി സ്‌കൂളില്‍ സംഘര്‍ഷം

മലാപ്പറമ്പ് യുപി സ്‌കൂള്‍ പൂട്ടാനുള്ള നീക്കത്തിനും സ്‌കൂള്‍ രേഖകള്‍ തിരിച്ചെടുക്കാനായി എഇഒ എത്തിയതും സംഘര്‍ഷത്തിന് കാരണമായി. എഇഒയെ സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരും ഉപരോധിച്ചതോടെ പ്രതഷേധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. ഒടുവില്‍ സ്‌കൂള്‍ പൂട്ടാനുള്ള ഉത്തരവ് നടപ്പാക്കാതെ എഇഒയ്ക്ക് മടങ്ങിപ്പോകേണ്ടി വന്നു.

ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെ സ്‌കൂള്‍ പൂട്ടുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ അധ്യാപകരെ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഇതോടെ സമിതി പ്രവര്‍ത്തകര്‍ സമരം ശക്തമാക്കുകയായിരുന്നു. സ്‌കൂള്‍ പരിസരത്ത് ഉത്തരവ് നടപ്പാക്കാനെത്തിയ പോലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശക്തമായ പോലീസ് കാവലാണ് ഇപ്പോള്‍ സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഡിപിഐ സ്‌കൂള്‍ വീണ്ടും അടച്ചുപൂട്ടാന്‍ നല്കിയ അന്യായമായ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിരോധ സമരം നടന്നുവരവേയാണ് ഈ പ്രശ്‌നങ്ങളും വന്നുപെട്ടത്. 70 പേര്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നടത്തുവാനുള്ള അധികാരം നഗരസഭയ്ക്ക് നല്കുകയോ ചെയ്യണമെന്ന് സമരസമതി നേതാക്കള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.