സംസ്ഥാനത്ത് ഇടതു തരംഗം; കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞു

തൃശൂര്‍ ജില്ലയും കൊല്ലം ജില്ലയും എല്‍ഡിഎഫ് തൂത്തുവാരി. എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളില്‍ യുഡിഎഫും അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ജയിച്ചു

സംസ്ഥാനത്ത് ഇടതു തരംഗം; കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞു

സംസ്ഥാനത്ത് ഇടതു തരംഗം. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള ഇടത് മുന്നേറ്റമാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കേരളം സാക്ഷിയായത്. ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷ ജനാധിപത്യ മുന്നണി 91 സീറ്റ് നേടി അടുത്ത അഞ്ച് വര്‍ഷം കേരളത്തെ നയിക്കും. യുഡിഎഫ് 47 സീറ്റില്‍ ഒതുങ്ങി. അതേസമയം, ചരിത്രത്തിലാധ്യമായി കേരളത്തില്‍ താമര വിരിഞ്ഞതിനും ഇത്തവണത്തെ തിരഞ്ഞെടുപ്പ് കാഴ്ച്ചവെച്ചു. നേമത്ത് രാജഗോപാല്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.


ധര്‍മടത്ത് പിണറായി വിജയനും കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രനും വിജയിച്ചു. പാലായില്‍ വീണ്ടും കെഎം മാണി ജയിച്ചപ്പോള്‍ ആറന്‍മുളയില് വീണ ജോര്‍ജും പത്തനാപുരത്ത് ഗണേഷ്‌കുമാറും വിജയിച്ചു. പൂഞ്ഞാറില്‍ പിസി ജോര്‍ജ് 27000ലധികം വോട്ടുകള്‍ ലീഡ് നേടി ജയിച്ചു കയറി.

തൃശൂര്‍ ജില്ലയും കൊല്ലം ജില്ലയും എല്‍ഡിഎഫ് തൂത്തുവാരി. എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളില്‍ യുഡിഎഫും അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ജയിച്ചു. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനുമായ എന്‍വി നികേഷ് കുമാര്‍ തോറ്റു. 2254 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംവി നികേഷ്‌കുമാറിനെ കെഎം ഷാജി പരാജയപ്പെടുത്തിയത്.

തൃപ്പുണിത്തുറയില്‍ മന്ത്രി കെ ബാബുവിനെ യുവ നേതാവ് എം സ്വരാജ് അട്ടിമറിച്ചു. 4372 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന്റെ വിജയം. തൃത്താലയില്‍ വി ടി ബല്‍റാം സിപിഎമ്മിലെ സുബൈദാ ഇസഹാഖിനെ 9,757 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. ശക്തമായ മത്സരത്തില്‍ പാലക്കാട്ട് ഷാഫി പറമ്പില്‍ ബിജെപിയിലെ ശോഭാ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇവിടെ സിപിഎമ്മിലെ അതിശക്തനായ മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മണ്ണാര്‍ക്കാട് 14,414 വോട്ടുകള്‍ക്ക് കെ പി സുരേഷ് രാജിനെ തോല്‍പ്പിച്ച് എന്‍ ഷംസുദീന്‍ വിജയം ആവര്‍ത്തിച്ചു. നെയ്യാറ്റിന്‍കരയില്‍ സിറ്റിംഗ് എംഎല്‍എ ആര്‍ ശെല്‍വരാജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ അന്‍സലന്‍ 9,324 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എല്‍ഡിഎഫിന്റെ കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ സിറ്റിംഗ് എംഎല്‍എ ബി സത്യന്‍ മുപ്പത്തയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് മണ്ഡലം നിലനിര്‍ത്തി. തരൂരില്‍ എ കെ ബാലന്‍, ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി, ഒറ്റപ്പാലത്ത് പി ഉണ്ണി, ഷൊര്‍ണൂരില്‍ പി കെ ശശി എന്നിവര്‍ വിജയം കണ്ടു.

കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ സിറ്റിംഗ് എംഎല്‍എ എം എ വാഹിദിനെ പരാജയപ്പെടുത്തി. ഭൂരിപക്ഷം 7,347. മട്ടന്നൂരില്‍ ഇ പി ജയരാജന്‍ നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് എതിരാളിയെ തകര്‍ത്തത്. ആര്‍എസ്പി സംസ്ഥാനത്ത് നാമാവശേഷമായി. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എ എ അസീസ് ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഷിബു ബേബി ജോണും ചവറയില്‍ പരാജയപ്പെട്ടു.