എജി,ഡിജിപി നിയമനം; പ്രമുഖ അഭിഭാഷകരെ എല്‍ഡിഎഫ് പരിഗണിക്കുന്നു

പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടികാട്ടി ദാമോദരന്‍ സ്വയം മാറിനില്‍ക്കുന്ന ഒരു സാഹചര്യത്തിനും സാധ്യതയുണ്ട്.

എജി,ഡിജിപി നിയമനം; പ്രമുഖ അഭിഭാഷകരെ എല്‍ഡിഎഫ് പരിഗണിക്കുന്നു

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് എജി സ്ഥാനം വഹിച്ചിരുന്ന കെ പി ദണ്ഡപാണി സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ സ്ഥാനഭ്രിഷ്ടനാകുന്നു. ദണ്ഡപാണിക്ക്പകരം സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകനും നായനാര്‍ മന്ത്രിസഭയില്‍ എജിയുമായിരുന്ന എം കെ ദാമോദരന്‍ എജിയാകുമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപിക്കുന്നു.

എന്നാല്‍ പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടികാട്ടി ദാമോദരന്‍ സ്വയം മാറിനില്‍ക്കുന്ന ഒരു സാഹചര്യത്തിനും സാധ്യതയുണ്ട്. അതുപോലെ തന്നെ, ലാവലിന്‍ കേസില്‍ പിണറായി വിജയന്‍റെ അഭിഭാഷന്‍ കൂടിയാണ് അദ്ദേഹം. ഈ അവസരത്തില്‍ കേസിലെ അപ്പീല്‍ ഹൈക്കോടതിയില്‍ വരാനിരിക്കേ അഡ്വക്കേറ്റ് ജനറല്‍ പദം ഏറ്റെടുത്താല്‍ അദ്ദേഹത്തിന് പിണറായിക്കായി  ഹാജരാകാന്‍ കഴിയാതെ വരും. ഇങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എം കെ ദാമോദരന്‍ നിര്‍ദേശിക്കുന്ന ഒരാള്‍ അഡ്വക്കേറ്റ് ജനറല്‍ ആകുമെന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍നല്‍കുന്നസൂചന.


വി എസ് സര്‍ക്കാരിന്റെ കാലത്ത് എ ജി ആയിരുന്ന സിപി സുധാകര പ്രസാദാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍.  ഏറ്റുമാനൂര്‍ എം എല്‍ എ സുരേഷ് കുറുപ്പിന്‍റെ സഹോദരനും  ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കെ ഗോപാലൃഷ്ണക്കുറുപ്പും പരിഗണിനയിലുണ്ട്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്‍റെ തസ്‌കയിലേക്ക്  അഡ്വ കെ കെ രവീന്ദ്രനാഥ്, തിരുവിതാകൂദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് അഡ്വക്കേറ്റ് രാജഗോപലന്‍ നായര്‍ എന്നീ പേരുകളും ആലോചനയിലുണ്ട്.