കുഞ്ഞു ലോകത്തെ കുഞ്ഞുണ്ണി മാഷ്‌

ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ, ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ.. വിരസ നിമിഷങ്ങൾ സരസമാക്കുവാനിവ, ധാരാളമാണെനിക്കെന്നും...കുഞ്ഞു കവിതകളിലൂടെ വലിയ കാര്യങ്ങള്‍ പറഞ്ഞ കുഞ്ഞുണ്ണി മാഷ്‌, ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 89 വയസിന്റെ പിറന്നാള്‍ ആഘോഷിക്കുമായിരുന്നു.

കുഞ്ഞു ലോകത്തെ കുഞ്ഞുണ്ണി മാഷ്‌

കുട്ടിക്കവിതകളിൽ എന്തെല്ലാം ഒളിപ്പിക്കാം? നക്ഷത്രങ്ങളെയോ അതോ പൂന്തോപ്പിലെ വർണ്ണങ്ങളെയോ?

കുട്ടിക്കവിതകളിൽ അതിലേരെ ദാർശനികത എഴുതി ചേർക്കാം എന്ന് കാണിച്ചു തന്ന കുഞ്ഞുണ്ണി മാഷ് ജനിച്ചത് ഒരു മെയ് 10നാണ്. 1927 -ൽ ജനിച്ച കുഞ്ഞുണ്ണി മാഷ് ലോകത്തോട് വിട പറയുന്നത് 2006 മാർച്ച് 20 നായിരുന്നു. ആത്മവിമർശനത്തിലൂടെ മാഷ് സമൂഹത്തെ പരിഹസിച്ചപ്പോൾ എതിർക്കുവാനോ വാദിക്കുവാനോ ആർക്കും ഒന്നും അവശേഷിച്ചിരുന്നില്ല.

"എനിക്ക് പൊക്കം കുറവാണ്.. എന്നെ പൊക്കാതിരിക്കുവീൻ...എനിക്ക് തൂക്കം കുറവാണ് .... എന്നെ താങ്ങാതിരിക്കുവീൻ...."

കുഞ്ഞുണ്ണി മാഷിന്റെ വരികളിലെല്ലാം ലാളിത്യം നിറഞ്ഞതായിരുന്നുവെങ്കിലും അവയിൽ മറഞ്ഞിരിക്കുന്ന അർത്ഥങ്ങളുടെ വ്യാപ്തി വളരെ വലുതായിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ഭാഷാ ശൈലിയെ ആരാധിച്ചിരുന്ന കുഞ്ഞുണ്ണി മാഷ് തന്റെ രചനകളിലും, ഭാഷാശുദ്ധി പാലിക്കുവാൻ ശ്രദ്ധിച്ചിരുന്നു. പ്രൈമറി വിദ്യാഭ്യാസ കാലത്ത് തന്നെ തുള്ളൽക്കഥകൾ എഴുതിയിരുന്ന കുഞ്ഞുണ്ണി മാഷ് പിൽകാലത്ത് കവിതകളിലേക്ക് തന്റെ രചനയെ വ്യാപിപ്പിച്ചു. ആദ്യകാല കവിതകൾ ദൈർഘ്യമുള്ളവയായിരുന്നു. ഊതി കാച്ചിയെടുത്ത പൊന്ന് പോലെ കുഞ്ഞുണ്ണി മാഷ് കവിതകൾ പെരുപ്പം കുറയുംതോറും മൂല്യമേറിയതായി വന്നു.

"എനിക്കുണ്ടൊരു ലോകം...

നിനക്കുണ്ടൊരു ലോകം...

നമ്മുക്കില്ലൊരു ലോകം!"

മാഷിന്റെ വരികൾക്ക് ഇന്നു പ്രസക്തി നഷ്ടപ്പെടുന്നില്ല. ഞാനും നീയും എന്ന മതിലുകൾ കെട്ടി നമ്മൾ എന്ന ലോകത്തെ ഇല്ലാതാക്കുന്ന മനുഷന്റെ സ്വാർത്ഥതയെ കേവലം മൂന്ന് വരികളിൽ ഒതുക്കി വർണ്ണിക്കുവാൻ കുഞ്ഞുണ്ണി മാഷിനെ കഴിയുകയുള്ളൂ.

"എന്റെ പേരെഴുതുമ്പോഴാണ്, എന്റെ കയ്യക്ഷരം ഏറ്റവും ചീത്തയാകുന്നത്..."

കൊച്ചു കുട്ടികളുടെ ഇഷ്ട തോഴനായിരുന്നു കുഞ്ഞുണ്ണി മാഷ്. വാർദ്ധക്യത്തിലെ ബാല്യം അദ്ദേഹം ഏറെ ആസ്വദിച്ചു. അദ്ദേഹം  ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു. പോസ്റ്റ് കാർഡുകളിലൂടെ കുട്ടികൾക്ക് മറുപടി അയക്കുവാൻ താൽപര്യപ്പെട്ടിരുന്ന മാഷ് അവരുടെ സാഹിത്യ സൃഷ്ടികളിൽ കുഞ്ഞു തിരുത്തലുകൾ വരുത്തി അയച്ചിരുന്നു പോലും. ജീവിതത്തിൽ അവിവാഹിതനായിരിക്കുന്നതിനെ കുറിച്ചു മാഷ് വിവരിക്കുന്നതും രസകരമാണ്.

“ജീവിതം മറ്റാര്‍ക്കും പകുക്കുവാന്‍ കഴിയാഞ്ഞു,

ഞാനെന്നെത്തന്നെ വേളി കഴിച്ചുകൂടീടുന്നു..!” എന്നായിരുന്നു ആ വിശദീകരണം.

മാതൃഭൂമി ആഴ്ചപതിപ്പിൽ കുട്ടേട്ടൻ എന്ന പേരിൽ കുട്ടികളോട് ഇടപഴകിയിരുന്ന മാഷ് മലയാള സാഹിത്യത്തിലേക്ക് പല എഴുത്തുകാരെയും വളർത്തിക്കൊണ്ടു വന്നു.

"എത്രമേലകലാം,ഇനിയടുക്കാനിടമില്ലെന്നതു വരെ

എത്രമേലടുക്കാം,ഇനിയകലാനിടമില്ലെന്നതു വരെ..."

രൂപപരമായ ഹ്രസ്വതയെ മുൻ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്.

"ഒന്നെന്നെങ്ങനെയെഴുതാം

വളവും വേണ്ട, ചെരിവും വേണ്ട,

കുത്തനെയൊരു വര, കുറിയ വര,


ഒന്നായി, നന്നായി,

ഒന്നായാല്‍ നന്നായി, നന്നാ‍യാല്‍ ഒന്നായി..!"

"കുട്ടികള്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നൊരു

കുട്ടിയും കോലും മരിച്ചുപോയി

വിദേശത്തുനിന്നു ഇറക്കുമതി ചെയ്‌ത

ക്രിക്കറ്റിലാണിന്നത്തെ ഭ്രാന്തന്‍ തലമുറ..!"

രാഷ്ട്രീയ ഭ്രാന്തിന്റെ പിന്നിലെ, കാരണം കുഞ്ഞുണ്ണിമാഷിന്റെ ഭാവനയില്‍ ഇങ്ങനെ..”

"രാക്ഷസനിൽനിന്നു - രാ

ദുഷ്ടനിൽനിന്നു- ഷ്ട

പീറയിൽനിന്നു-റ

ഈച്ചയിൽനിന്നു- ഈ 

മായയിൽനിന്നു- യ- 

ഇതാണ് രാഷ്ട്രീയം"

കഥാകാരനും കവിയും മാത്രമായിരുന്നില്ല കുഞ്ഞുണ്ണി മാഷ്‌. അദ്ദേഹം നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും വര്‍ണ്ണചിത്രങ്ങളും നൂറോളം വരുമെങ്കിലും അവയെയെല്ലാം ക്രമത്തിൽ സൂക്ഷിക്കുവാനോ പ്രദർശിപ്പിക്കാനോ അദ്ദേഹം ശ്രമിച്ചിരുന്നില്ല. എഴുതപ്പെട്ട കവിതകളിലൂടെ മരണത്തിനപ്പുറം നിന്നും കുഞ്ഞുണ്ണിമാഷ് സമൂഹത്തിന്റെ ദുരാചാരങ്ങളെ പരിഹസിക്കുന്നു.

കുഞ്ഞുണ്ണിമാഷിന്റെ ചില കവിതാശകലങ്ങള്‍

“മന്ത്രിയായാൽ മന്ദനാകും

മഹാ മാർക്സിസ്റ്റുമീ


മഹാ ഭാരത ഭൂമിയിൽ...”

“കുരിശേശുവിലേശുമോ?

യേശുവിലാണെൻ വിശ്വാസം

കീശയിലാണെൻ ആശ്വാസം”

കുട്ടികളുടെ ലോകത്തില്‍ കഴിയുവാന്‍ ആഗ്രഹിച്ച കുഞ്ഞുണ്ണി മാഷ്‌ തന്റെ മരണത്തെ ആഗ്രഹിച്ചത്‌ ഇങ്ങനെയായിരുന്നു..

കുഞ്ഞുണ്ണിക്കൊരു മോഹം

“എന്നും കുഞ്ഞായിട്ടു രമിക്കാൻ

കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു

കവിയായിട്ടു മരിക്കാൻ...”

Read More >>