എന്‍ഡിഎയെ വിജയിപ്പിച്ചതിന് നന്ദി പറഞ്ഞ് കുമ്മനം; കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഐ(എം) ഓര്‍ക്കണമെന്ന് രവിശങ്കര്‍ പ്രസാദ്

എന്‍ഡിഎ വിജയിച്ചാല്‍ കേരളം ഭ്രാന്താലയമാകുമെന്നും വര്‍ഗീയ കലാപമുണ്ടാകുമെന്നും യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ പ്രചരിപ്പിച്ചു.

എന്‍ഡിഎയെ വിജയിപ്പിച്ചതിന് നന്ദി പറഞ്ഞ് കുമ്മനം; കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഐ(എം) ഓര്‍ക്കണമെന്ന് രവിശങ്കര്‍ പ്രസാദ്

തിരുവനന്തപുരം: കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ എന്‍ഡിഎയ്ക്ക് അവസരം നല്‍കിയതില്‍ നന്ദി അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്‍ഡിഎയ്‌ക്കെതിരെ യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ വ്യാപകമായി ആരോപണങ്ങള്‍ അഴിച്ചുവിട്ടെന്നും കുമ്മനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭാ ചട്ടങ്ങള്‍ പോലും ലംഘിച്ചുള്ള പ്രചരണങ്ങളാണ് യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ എന്‍ഡിഎയ്‌ക്കെതിരെ നടത്തിയത്. ഇത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ എന്‍ഡിഎ വിരുദ്ധ വികാരമുണ്ടാകാന്‍ കാരണമായി.


എന്‍ഡിഎയെ നിയമസഭയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നേതാക്കളുടെ വാദം. എന്‍ഡിഎ വിജയിച്ചാല്‍ കേരളം ഭ്രാന്താലയമാകുമെന്നും വര്‍ഗീയ കലാപമുണ്ടാകുമെന്നും യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ പ്രചരിപ്പിച്ചു. എന്‍ഡിഎ വിരുദ്ധ വോട്ടുകള്‍ പിടിച്ചെടുത്ത് വിജയം വരിക്കാനായിരുന്നു ശ്രമം. എന്നാല്‍ എന്‍ഡിഎയെ തരംതാഴ്ത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും കുമ്മനം പറഞ്ഞു.

അതേസമയം, കേരളത്തില്‍ അധികാരത്തിലേറാന്‍ തയ്യാറായി നില്‍ക്കുന്ന ഇടത് സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി നേതാവും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി.

രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഐ(എം) ഓര്‍ക്കണമെന്നും അക്രമങ്ങളെ പാര്‍ലമെന്റിന് പുറത്തും നേരിടുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Read More >>