തവനൂരില്‍ കെടി ജലീലിനെ തളയ്ക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പുറമെ നാലു അപരന്മാരും
| Updated On: 2016-05-11T19:38:58+05:30 | Location :
മണ്ഡലത്തിന്റെ പൊതുവായ സ്വഭാവം വെച്ച് നോക്കിയാല്‍ ഇടത് മുന്നണിക്കാണ് സാധ്യത.
മലപ്പുറം: മുസ്ലീംലീഗ് നായകന് കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച കുറ്റിപ്പുറം മണ്ഡലത്തില്‍ പിന്നെ മത്സരിക്കാന്‍ കുഞ്ഞാലിക്കുട്ടി എത്തിയില്ല. പക്ഷെ കുഞ്ഞാലിക്കുട്ടിയെ മുട്ടു കുത്തിച്ച കെ.ടി .ജലീല്‍ മണ്ഡലം മാറിയില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പോടെ മണ്ഡലത്തിന് രൂപമാറ്റം വന്നു തവനൂരായപ്പോഴും കെ ടി ജലീല്‍ മത്സരിച്ചു.
2011 ല്‍ തന്റെ രണ്ടാമങ്കത്തില്‍ 6854 വോട്ടിന്റെ ഭൂരിപക്ഷത്തിന് കെ പി സി സി സെക്രട്ടറിയും യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ വി.കെ പ്രകാശിനെ തോല്‍പ്പിച്ചു. ഈ ജയത്തോടെ ഹാട്രിക് തികക്കലാണ് കെ ടി ജലീലിന്റെ ലക്ഷ്യം.
മണ്ഡലത്തിന്റെ പൊതുവായ സ്വഭാവം വെച്ച് നോക്കിയാല്‍ ഇടത് മുന്നണിക്കാണ് സാധ്യത. എന്നാല്‍ ഒരു അട്ടിമറി സാധ്യതയാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഇഫ്ത്തിഖാറുദ്ദീനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പൂക്കരത്തറ ദാറുല്‍ ഹിദായത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന് കൂടിയാണ് ഇഫ്ത്തിഖാറുദ്ദീന്. കോണ്‍ഗ്രസ് ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയായതിനാല്‍ എ ഐ സി സിയുടെ പ്രത്യേക നിരീക്ഷണമുണ്ട്.
ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും മണ്ഡലത്തില്‍ പ്രചരണത്തിന് വന്നിട്ടുണ്ട്. കെ ടി ജലീലിന് മണ്ഡലത്തില്‍ പ്രത്യേകിച്ചൊരു വികസന പരിപാടികളും കൊണ്ടു വരാന്‍ കഴിഞ്ഞില്ലെന്നാണ് യു ഡി എഫ് പറയുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ചില വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളു. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞില്ല,തവനൂര്‍ തിരുന്നാവായ പാലത്തിനു നടപടികള്‍ സ്വീകരിച്ചില്ല, മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ല തുടങ്ങിയ യു ഡി എഫ് ആരോപണങ്ങളാണ്.
എന്നാല്‍ മണ്ഡലത്തില്‍ 378.74 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി സിറ്റിങ്ങ് എം എല്‍ എ കൂടിയായ കെ ടി ജലീല്‍ അവകാശപ്പെടുന്നു. കുറ്റിപ്പുറം- പുതു പൊന്നാനി പാത നിര്‍മ്മാണം, പടിഞ്ഞാറക്കര വിനോദ സഞ്ചാര കേന്ദ്രം തുടങ്ങിയത്, ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് കമ്മീഷന് ചെയ്തത്, എടപ്പാള്‍ കണ്ടനകത്ത് കെ.എസ്.ആര്‍യടി.സി ഡ്രൈവര്‍ പരിശീലന കേന്ദ്രം തുടങ്ങിയത് തുടങ്ങി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കെ ടി ജലീലും അവകാശപ്പെടുന്നു. മലപ്പുറം ജില്ലയില്‍ കടുത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിലേക്ക് തവനൂര്‍ മാറിയിട്ടില്ല.
അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ കെ ടി ജലീലിനു തന്നെയാണ് സാധ്യത. പക്ഷെ വെല്‍ഫെയര്‍ പാര്‍ട്ടി, പി ഡി പി, എസ് ഡി പി ഐ, തുടങ്ങിയ ചെറുപാര്‍ട്ടികള്‍ പിടിക്കുന്ന വോട്ട് ഏത് മുന്നണിയെ ബാധിക്കുമെന്ന് പറയാറായിട്ടില്ല.എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബി ജെ പി യിലെ രവി തേലത്താണ്. മൂന്ന് കെ ടി ജലീല്‍ ഉള്‍പ്പടെ 4 അപര സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ ഒരു ഇഫ്ത്തിഖാറുദ്ദീനും അപര വേഷത്തിലുണ്ട്.