ലാഭം നോക്കി പദ്ധതി;കേരളം വന്‍ദുരന്തത്തിനരികെ

മറ്റു ബള്‍ബുകള്‍ നശിപ്പിക്കുന്നതുപോലെ സി.എഫ്.എല്‍ നശിപ്പിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മെര്‍ക്കുറി ഭൂമിയില്‍ കലരുന്നതാണ് പാരിസ്ഥിതിക ദുരന്തഭീഷണിക്കിടയാക്കുന്നത്...

ലാഭം നോക്കി പദ്ധതി;കേരളം വന്‍ദുരന്തത്തിനരികെ

വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി കേരളത്തെ കൊണ്ടുചെന്നെത്തിക്കുന്നത് വന്‍ദുരന്തത്തിലേക്ക്. സി.എഫ്.എല്‍ ബള്‍ബുകളുപയോഗിച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള പദ്ധതിയാണ് സംസ്ഥാനത്തെ വന്‍ പാരിസ്ഥിതിക ദുരത്തിനരികെ എത്തിച്ചിട്ടുള്ളത്. മറ്റു ബള്‍ബുകള്‍ നശിപ്പിക്കുന്നതുപോലെ സി.എഫ്.എല്‍ നശിപ്പിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മെര്‍ക്കുറി ഭൂമിയില്‍ കലരുന്നതാണ് പാരിസ്ഥിതിക ദുരന്തഭീഷണിക്കിടയാക്കുന്നത്.വൈദ്യൂതി ഉപയോഗം വര്‍ധിച്ചപ്പോഴാണ് ലാഭപ്രഭ എന്ന പദ്ധതി വൈദ്യുതി ബോര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പാക്കിയത്. സാധാരണ ബള്‍ബ് മാറ്റി സി.എഫ്.എല്‍ നല്‍കുന്നതായിരുന്നു പദ്ധതി. സാധാരണ ബള്‍ബുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ സി.എഫ്.എല്ലിന് കുറച്ചു വൈദ്യുതി മാത്രം മതി. വലിയ പ്രചാരണം കൂടി നല്‍കിയതോടെ ഗാര്‍ഹിക ഉപയോക്താക്കള്‍ പൂര്‍ണമായും സി.എഫ്.എല്ലിലേക്ക് തിരിഞ്ഞു. ജനങ്ങള്‍ വിപണിയില്‍ നിന്നും സി.എഫ്.എല്‍ വാങ്ങി ഉപയോഗിച്ചു തുടങ്ങി. എന്നാല്‍ ഉപയോഗശൂന്യമായ സി.എഫ്.എല്ലുകള്‍ കുന്നുകൂടിയതോടെയാണ് പരിസ്ഥിതി ദുരന്ത ഭീഷണി തുടങ്ങിയത്. സുരക്ഷിതമായി നശിപ്പിച്ചില്ലെങ്കില്‍ വന്‍പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സി.എഫ്.എല്‍ ഉണ്ടാക്കുന്നത്. ഓരോ സി.എഫ്.എല്‍ ബള്‍ബിലും 0.5 മില്ലിഗ്രാം മെര്‍ക്കുറിയാണ് അടങ്ങിയിരിക്കുന്നത്. ആറായിരം ഗാലണ്‍ ശുദ്ധജലത്തെ മലിനീകരിക്കുന്നതിന് ഇത് പര്യാപ്തമാണ്. ഈ മെര്‍ക്കുറി ഭൂമിയില്‍ കലര്‍ന്നാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു. മറ്റ് ബുള്‍ബുകള്‍ നശിപ്പിക്കുന്നതുപോലെ സി.എഫ്.എല്‍ ഉപേക്ഷിക്കുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോള്‍ മെര്‍ക്കുറി നേരിട്ട് ഭൂമിയില്‍ കലരുകയാണ് ചെയ്യുന്നത്. ജലാശയത്തില്‍ എത്തിപ്പെട്ടാല്‍ മത്സ്യസമ്പത്ത് ഉള്‍പ്പെടെയുള്ളവയുടെ നാശത്തിന് ഇടയാക്കുകയും ചെയ്യും.

ഇതോടെ വൈദ്യുതി ബോര്‍ഡ് ലാഭപ്രഭയിലൂടെയുള്ള സി.എഫ്.എല്‍ വിതരണം നിര്‍ത്തിവച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വഴി ഉപയോഗശൂന്യമായ സി.എഫ്.എല്‍ തിരിച്ചെടുക്കാനുള്ള പദ്ധതി സര്‍ക്കാര്‍ തയാറാക്കി. കെ.എസ്.ഇ.ബി വിതരണം ചെയ്ത സി.എഫ്.എല്‍ തിരിച്ചെടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനുശേഷം സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ഇതിലുള്ള മെര്‍ക്കുറിയും അലൂമിനിയവും വേര്‍തിരിച്ചെടുത്ത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു പദ്ധതികൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ തുടങ്ങുന്നതിനു മുമ്പു തന്നെ പദ്ധതി സ്തംഭിച്ചു. ഇതോടെ സി.എഫ്.എല്‍ തിരിച്ചെടുക്കുന്നത് നടന്നില്ല. വൈദ്യുതി ബോര്‍ഡ് വിതരണം നിര്‍ത്തിയില്ലെങ്കിലും ജനങ്ങള്‍ വിപണിയിലുള്ള സി.എഫ്.എല്ലുകള്‍ ഇപ്പോഴും വാങ്ങുന്നുണ്ട്. സി.എഫ്.എല്ലുകളുടെ ഉല്‍പ്പാദനവും വിതരണവും നിര്‍ബാധം തുടരുകയാണ്. 1.25 കോടി സി.എഫ്.എല്‍ ബള്‍ബുകളാണ് കെ.എസ്.ഇ.ബി വഴി മാത്രം വീടുകളിലെത്തിയത്. പതിനായിരക്കണക്കിന് സി.എഫ്.എല്ലുകള്‍ കെ.എസ്.ഇ.ബിയുടെ സെക്ഷന്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. കാര്‍ബണ്‍ ക്രെഡിറ്റും ഊര്‍ജ്ജ സംരക്ഷണവും ലക്ഷ്യമിട്ട് ഒരു പഠനവുമില്ലാതെ തിടുക്കപ്പെട്ട് പദ്ധതി നടപ്പാക്കിയതാണ് സംസ്ഥാനത്തെ ഇപ്പോള്‍ പ്രതിസന്ധിയിയാക്കിയത്.

ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ സി.എഫ്.എല്‍ ബള്‍ബുകള്‍ നശിപ്പിക്കുന്നതിനായി പ്രത്യേകം പ്ലാന്റ് തുടങ്ങിയിരുന്നു. ഇതിനു ശേഷമാണ് സി.എഫ്.എല്‍ വിതരണം ചെയ്തു തുടങ്ങിയത്. ഉപയോഗ ശൂന്യമായവ പ്രത്യേകം ഏജന്‍സികളിലൂടെ തിരിച്ചെടുക്കുകയും നശിപ്പിക്കുകയുമാണ് ചെയ്യുന്നത്.