തിളച്ച് മറിയുന്ന കൊല്ലം

വ്യവസായങ്ങളെപ്പോലെ രാഷ്ട്രീയ പാർട്ടികൾ തഴച്ച് വളരുകയും തകർന്ന് വീഴുകയും ചെയ്ത കൊല്ലത്തിന്റെ രാഷ്ട്രീയ ചരിത്രം- ഉമേഷ് ബാലകൃഷ്ണന്‍ എഴുതുന്നു.

തിളച്ച് മറിയുന്ന കൊല്ലം

ഉമേഷ് ബാലകൃഷ്ണൻ

ഭൂമി ശാസ്ത്രപരമായും രാഷ്ട്രീയമായും ഏറെ സവിശേഷതകൾ ഉള്ള ജില്ലയാണ് കൊല്ലം ജില്ല. 2491 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ജില്ലയിലെ മൂന്നിലൊന്ന് ഭാഗവും വനപ്രദേശമാണ്. ലക്ഷദ്വീപിനോട് ചേർന്ന് കിടക്കുന്ന നിമ്‌നപ്രദേശം, ചെറുകുന്നുകളും താഴ്‌വരകളും നിറഞ്ഞ മധ്യതടം, ഉയർന്ന പ്രദേശങ്ങളും മലകളും ചേർന്ന ഉന്നതതടം എന്നിങ്ങനെ മൂന്ന് ഭൂപ്രദേശങ്ങളും സമമായി ഉൾപെടുന്നു കൊല്ലം ജില്ലയിൽ. കശുവണ്ടി, കയർ, കൈത്തറി, തുടങ്ങി പരമ്പരാഗത വ്യവസായങ്ങളും, മത്സ്യബന്ധനവും കൊല്ലം ജില്ലയുടെ സാമ്പത്തിക അടിത്തറ നിശ്ചയിക്കുന്നു.


പരമ്പരാഗത വ്യവസായങ്ങൾ എല്ലാം ഇന്ന് തകർച്ചയുടെ വക്കിലാണ്. വ്യവസായങ്ങൾക്ക് വർഷങ്ങളുടെ പാരമ്പര്യമുണ്ട് കൊല്ലം ജില്ലയിൽ. 1880 ൽ ഓട് കമ്പനി കൊല്ലത്ത് സ്ഥാപിക്കുമ്പോൾ ഏഷ്യയിലെ രണ്ടാമത്തെ ഫാക്ടറിയായി ചരിത്രം ഇതിനെ അടയാളപ്പെടുത്തിയിരുന്നു. 1910 ൽ എച്ച് ആൻഡ് ഡി സ്ഥാപിതമായിരുന്നപ്പോൾ അത് കേരളത്തിലെ ഏറ്റവും വലിയ എഞ്ചിനിയറിംഗ് സ്ഥാപനമായി. ജില്ലയിലെ വ്യവസായ ചരിത്രം ചവറ കെഎംഎംഎല്ലും, പുനലൂർ പേപ്പർ മിൽ, പുനലൂർ അഗ്രോ ഫ്രൂട്‌സ്, കുണ്ടറയിലെ അലിൻഡ്, ലക്ഷ്മി സ്റ്റാര്ച്ച്, തോമസ് സ്റ്റിഫൻ ആന്റ് കോ, പ്രീയ എസ്‌റ്റേറ്റ് ഇങ്ങനെ നീളുന്നു വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക. ഇതിൽ പലതും പൂട്ടിക്കഴിഞ്ഞു. തുറന്ന് പ്രവർത്തിക്കുന്നവ തകർച്ചയിലേയ്ക്കും നീങ്ങുകയാണ്.

വ്യവസായങ്ങളെപ്പോലെതന്നെ രാഷ്ട്രീയപ്പാർട്ടികൾ തഴച്ചു വളരുന്നതിനും തകർന്ന് വീഴുന്നതിനും കൊല്ലം സാക്ഷിയായിട്ടുണ്ട്.. ആര്എസ്പി പാർട്ടികളുടെ ഈറ്റില്ലമാണ് കൊല്ലം. ഔദ്യോഗിക ആർഎസ്പിയ്ക്ക് വെല്ലുവിളിയായി 1980ലാണ് ആദ്യമായി മറ്റൊരു ആർഎസ്പി പാർട്ടിയുണ്ടാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്പി നേതാവ് എൻ ശ്രീകണ്ഠൻ നായരുടെ തോൽവിയെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളായിരുന്നു ആർഎസ്പി (എസ്) ന്റെ രൂപീകരണത്തിന് കാരണമായത്. ഒടുവിൽ ശ്രീകണ്ഠൻ നായരുടെ മരണ ശേഷം നേതാക്കൾ പലരും മാതൃസംഘടനയിലേയ്‌ക്കോ മറ്റ് പാർട്ടികളിലേയ്‌ക്കൊ തിരിച്ച് പോയതോടെ ആർഎസ്പി എസ് ഇല്ലാതായി.

കോൺഗ്രസിലെത്തുകയും, കരുണാകരന്റെ വിശ്വസ്ഥനായി തീരുകയും ചെയ്ത കടവൂർ ശിവദാസൻ മാത്രം ഇതിൽ അതിജീവിച്ചു. 1999 ൽ ബേബി ജോണിന്റെ നേതൃത്വത്തിൽ ആർഎസ്പി (ബി) നിലവിൽ വന്നു. യുഡിഎഫിനൊപ്പം നിന്ന ആർഎസ്പി ബി 2005 ൽ യുഡിഎഫ് വിടാൻ തീരുമാനിച്ചു. ഇതിൽ പ്രതിഷേധിച്ച് ബാബു ദിവാകരൻ രൂപം നല്കിയ പാർട്ടിയായിരുന്നു ആർഎസ്പി എം. 2008 ൽ വീണ്ടും ആർഎസ്പി പാർട്ടി പിളർന്ന് ആർഎസ്പി (ബേബി ജോൺ) എന്ന പുതിയ പാർട്ടിയ്ക്ക് രൂപം നല്കി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ആർഎസ്പി ആർഎസ്പി (ബേബിജോൺ) പാർട്ടികൾ ഒന്നാവുകയും, എൽഡിഎഫ് മുന്നണിവിട്ട് യുഡിഎഫിൽ ചേക്കേറുകയും ചെയ്തു.

ആർഎസ്പി എം സ്ഥാപകൻ ബാബു ദിവാകരനും മാതൃസംഘടനയിലേയ്ക്ക് തിരികെയെത്തി. എന്നാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ പുതിയൊരു ആർഎസ്പി പാർട്ടി രൂപീകരണത്തിനും കൊല്ലം വേദിയായി. അങ്ങനെ ആർഎസ്പി ലെനിനിസ്റ്റിനും കൊല്ലം വേദിയായി.

Kerala-Congressകൊല്ലം പറയുമ്പോൾ കേരളാ കോൺഗ്രസ് ബിയെക്കുറിച്ചും ആർ ബാലകൃഷ്ണപിള്ള എന്ന അതികായകനെയുംകുറിച്ച് പറയാതെ പോകാനാകില്ല. 1964 ൽ കോട്ടയത്ത് കേരളാ കോൺഗ്രസ് രൂപം കൊണ്ടു. ലോക്‌സഭാ സീറ്റ് വിഭജന ചർച്ചയിലെ തർക്കത്തെ തുടർന്ന് 1989 ൽ കേരളാ കോൺഗ്രസിനെ പിളർത്തിയാണ് ബാലകൃഷ്ണപിള്ള കേരളാ കോൺഗ്രസ് ബി രൂപീകരിക്കുന്നത്. പിളർന്ന പാർട്ടി കൊല്ലം പാർട്ടിയെന്ന് അറിയപ്പെട്ടു. പുതിയ പാർട്ടി രൂപീകരിച്ച പിള്ളയുടെ നിയമസഭാ അംഗത്വം റദ്ദാക്കിയെങ്കിലും തുടർന്ന് മൂന്ന് വട്ടം കൊട്ടാരക്കരയിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2006 ൽ ബാലകൃഷ്ണ പിള്ളയെ കൊട്ടാരക്കരയിൽ ഐഷാപോറ്റി പരാജയപ്പെടുത്തി.

ഇടമലയാർ അഴിമതിക്കേസിൽ ജയിലിലും കിടന്നു ബാലകൃഷ്ണപിള്ള. കഴിഞ്ഞ വർഷം മകൻ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കൊടുക്കാത്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്ക ത്തിനൊടുവിൽ മുഖ്യമന്ത്രിയ്‌ക്കെതിരെയുൾപ്പെടെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ആർഎസ്പി ബി മുന്നണി വിടുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും, നിമയസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫുമായി സഹകരിച്ച് മത്സരിക്കുകയാണ് കേരളാ കോൺഗ്രസ് ബി. ഇനി ഒരു പിളർപ്പിന് കേരളാ കോൺഗ്രസ് ബിയ്ക്ക് ശക്തിയില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളുടെയും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ മാധ്യമ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു കൊല്ലം ജില്ല. കൊല്ലം നിയമസഭാ മണ്ഡലത്തിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പികെ ഗുരുദാസനെ മാറ്റി നടൻ മുകേഷിനെ സ്ഥാനാർത്ഥിയാക്കിയതും, പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനെതിരെ നടന്മാരായ ജഗദീഷ് യുഡിഎഫ് സ്ഥാനാർത്ഥിയായും, ഭീമൻ രഘു എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയതും ശ്രദ്ദേയമായി. മന്ത്രി ഷിബു ബേബി ജോണിനെതിരെ ബാർ വ്യവസായി വിജയൻ പിള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതും ചർച്ചയായി.

13151503_1288588881155440_8510906537606366150_nകൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലം നാല് രാഷ്ട്രീയ പാർട്ടികൾക്ക് നിർണാകമാകും. ആർഎസ്പി, ആർഎസ്പി എൽ, കേരളാ കോൺഗ്രസ് ബി, സിഎംപി എന്നീ പാർട്ടികൾക്ക്. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങൾ ചേർന്നതാണ് കൊല്ലം ജില്ല. കൊല്ലം, മാവേലിക്കര, ആലപ്പുഴ.  മൂന്ന് നിയമസഭാ മണ്ഡലങ്ങളും യുഡിഎഫാണ് ഭരിക്കുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുൻതൂക്കം അവകാശപ്പെടാൻ യുഡിഎഫിന് കഴിയില്ല. 11 നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കൊല്ലം

കൊല്ലം

ഒരുകാലത്ത് ആർഎസ്പിയുടെ ശക്തി കേന്ദ്രമായിരുന്നു കൊല്ലം നിയമസഭാ മണ്ഡലം. ടികെ ദിവാകരനും, ത്യാഗരാജനും, കടവൂർ ശിവദാസനും, ബാബു ദിവാകരനുമൊക്കെ ജയിച്ചു കയറിയ മണ്ഡലം. 67 ന് ശേഷം 82 ലാണ് ആർഎസ്പി മണ്ഡലത്തിൽ തോൽവിയറിഞ്ഞത്. അതും ആർഎസ്പി വിട്ട് കോൺഗ്രസിലെത്തിയ കടവൂർ ശിവദാസന്റെ മുന്നിൽ. 87ലും, 96 ലും 2001 ലും വീണ്ടും ആർഎസ്പി തന്നെ മണ്ഡലത്തിൽ വിജയിച്ചു. പത്ത് വർഷമായി മണ്ഡലത്തിൽ ചെങ്കൊടി പാറാൻ തുടങ്ങിയിട്ട്. 2006 ലാണ് സിപിഐ(എം) കൊല്ലം മണ്ഡലത്തിൽ ആദ്യമായി ജയിക്കുന്നത്. പികെ ഗുരുദാസൻ 11439 വോട്ടുകൾക്ക് ബാബു ദിവാകരനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു. 2011 ൽ പികെ ഗുരുദാസൻ 8540 വോട്ടുകൾക്ക് കോൺഗ്രസിലെ കെസി രാജനെ പരാജയപ്പെടുത്തി രണ്ടാമതും നിയമസഭയിലെത്തി. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നണിമാറി യുഡിഎഫിലെത്തി മത്സരിച്ച എൻ കെ പ്രേമചന്ദ്രന് 14,242 വോട്ടുകളുടെ ഭൂരിപക്ഷം നൽകി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ വീണ്ടും മാറി മറിഞ്ഞു. മണ്ഡലമുൾപെടുന്ന കോർപ്പറേഷനിലെ 24 ഡിവിഷനുകളിൽ ഭൂരിഭാഗവും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു തൃക്കരുവ, പനയം പഞ്ചയത്തുകളിലെ ഭരണവും വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ എൽഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു.

ചരിത്രത്തിന്റെ ആനുകൂല്യം ആർഎസ്പിയ്ക്ക് മാത്രം അവകാശപ്പെടാവുന്ന മണ്ഡലത്തിൽ പക്ഷേ പഴയ പ്രതാപം ആർഎസ്പിയ്ക്ക് ഇല്ല. കൊല്ലത്ത് നിന്ന് ജയിക്കുന്നവർ ഭരണമുന്നണിയിലാണെങ്കിൽ മന്ത്രിയാകുമെന്നാണ് ചരിത്രം. ടികെ ദിവാകരനും, കടവൂർ ശിവദാസനും, ബാബു ദിവാകരനും, പികെ ഗുരുദാസനും കൊല്ലത്ത് നിന്ന് ജയിച്ച് മന്ത്രിയായവരാണ്. തിരുക്കൊച്ചി മന്ത്രിസഭയിൽ കൊല്ലത്തുനിന്ന് ജയിച്ച എഎ റഹീമും മന്ത്രിയായിരുന്നു.. 1,69,411 വോട്ടർമാരുള്ള മണ്ഡലത്തിൽ 80951 പുരുഷ വോട്ടർ മാരും, 88460 സ്ത്രീവോട്ടർമാണ് ഉള്ളത്.

13173261_1711991792387742_3721328006948634236_oസിപിഐ(എം) മുതിർന്ന നേതാവും, കേന്ദ്രകമ്മിറ്റി അംഗവുമായ പികെ ഗുരുദാസന് സ്ഥാനാർത്ഥിത്വം നിഷേധിച്ചത് എൽഡിഎഫിൽ സ്ഥാനാർത്ഥി നിർണ്ണയം വിവാദമാക്കിയിരുന്നു. ഒടുവിൽ കൊടിയേരി ബാലകൃഷ്ണനും, പിണറായി വിജയനും, നേരിട്ട് ജില്ലകമ്മിറ്റിയിൽ പങ്കെടുത്തായിരുന്നു സിനിമ താരം മുകേഷിനെ സ്ഥാനാർത്ഥിയാക്കാൻ അന്തിമ തീരുമാനത്തിലെത്തിയത്. ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കാൻ തീരുമാനിച്ച ശേഷം വിഎം സുധീരന്റെ അവസാന ചരട് വലിയിലൂടെയായിരുന്ന സൂരജ് രവി കൊല്ലത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത്. വിഎം സുധീരന്റെ രാഷ്ട്രീയ ഗുരു തോപ്പിൽ രവിയുടെ മകനും ഡിസിസി വൈസ് പ്രസിഡന്റുമാണ് സൂരജ് രവി. എൻഡിഎ സ്ഥാനാർത്ഥിയായി ആർഎസ്പി എമ്മിലെ ബാബു ദിവാകരനെ മത്സരിപ്പിക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ ബാബു ദിവാകരൻ ആർഎസ്പിയിലേയ്ക്ക് തിരികെ പോകാനുള്ള നീക്കം തുടങ്ങിയതോടെയാണ് ജെഎസ്എസ് രാജൻ ബാബു വിഭാഗത്തിന് സീറ്റ് അനുവദിച്ചത്. വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനും, എസ്എൻ കൊളേജ് മുൻ പ്രിൻസിപ്പലുമാണ് ജെഎസ്എസ് സ്ഥാനാർത്ഥി പ്രഫസർ കെ ശശികുമാർ.

കുന്നത്തൂർ

ജില്ലയിലെ ഏക സംവരണ മണ്ഡലമാണ് കുന്നത്തൂർ. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകവും, അഷ്ടമുടികായലും, കല്ലടയാറും, സമ്പന്നമാക്കിയ കാർഷിക മേഖല ഉൾപ്പെടുന്ന പ്രദേശം. വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതലും കുന്നത്തൂരിൽ തന്നെയാണ്. രണ്ട് ലക്ഷത്തി അയ്യായിരത്തി നാന്നൂറ്റി എഴുപത്തേഴ് വോട്ടർമാർ. ഇതിൽ 1,06, 88 സ്ത്രീവോട്ടർമാരും, 98,689 പുരുഷ വോട്ടർമാരുമാണ് ഉള്ളത്.

തെരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണയും ആർഎസ്പി സ്ഥാനാർത്ഥികൾ തന്നെയാണ് ജയിച്ചിട്ടുള്ളത്. ഇടത് പക്ഷത്തോടൊപ്പം നിൽക്കുമ്പോൾ ആർഎസ്പി സ്ഥാനാർത്ഥിയായി ഹാട്രിക്ക് വിജയം നേടി കോവൂർ കുഞ്ഞുമോൻ. ആർഎസ്പി എൽ രൂപീകരിച്ച കോവൂർ കുഞ്ഞുമോൻ തന്നെയാണ് കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം കണ്ടിട്ടില്ലാത്ത അളിയന്മാർ തമ്മിലുള്ള പോരാട്ടം, അങ്ങനെയും ചരിത്രമാവുകയാണ് കുന്നത്തൂർ. നിലവിലെ എംഎൽഎ കോവൂർ കുഞ്ഞുമോൻ ഇടത് പക്ഷത്തിന് വേണ്ടി മത്സരരംഗത്തിറങ്ങുമ്പോൾ സഹോദരി പുത്രൻ കോവൂർ ഉല്ലാസാണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിഡിജെഎസിന്റെ തഴവ സഹദേവനാണ് എൻഡിഎ സ്ഥാനാർത്ഥി.

ഇരവിപുരം

കാലങ്ങളായി ആർഎസ്പി കോട്ടയായി കണക്കാക്കപെടുന്ന മണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അത് തെളിയിച്ചിട്ടുമുണ്ട്. എഎ റഹീമും, പികെകെ ബാവയും ജയിച്ചതൊഴിച്ചാൽ ഏത് മുന്നണിയിലായിരുന്നാലും ആർഎസ്പി മാത്രം ജയിച്ചു പോന്നിരുന്ന മണ്ഡലം. കോൺഗ്രസിനും, സിപിഐ(എം) നും, ഒരുപോലെ ശക്തി കേന്ദ്രമാണ് ഇരവിപുരമെങ്കിലും, മുന്നണി സംവിധാനത്തിന്റെ ഭാഗമായി മുസ്ലീം ലീഗും ആർഎസ്പിയും മത്സരിച്ചു പോന്നിരുന്ന മണ്ഡലമാണിത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ആകെ മാറി. ആർഎസ്പി മുന്നണി മാറി യുഡിഎഫിൽ എത്തിയതോടെ ലീഗിന് സീറ്റ് നഷ്ടമായി. എൽഡിഎഫിൽ ഒഴിവുവന്ന സീറ്റ് സിപിഐ(എം) ഏറ്റെടുക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളും, കശുവണ്ടി മേഖലയിൽ ജോലിചെയ്യുന്നവരും കൂടുതലുള്ള മണ്ഡലമാണ് ഇരവിപുരം. ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള മണ്ഡലവും ഇത് തന്നെ. 166591 വോട്ടർമാർ, ഇതിൽ 79517 പുരുഷ വോട്ടർമാരും, 87074 സ്ത്രീ വോട്ടർമാരും.

13131305_478912692302532_4053812507432248381_o2011 ൽ എല്ഡിഎഫിലായിരുന്ന ആര്എസ്പിയ്ക്ക് വേണ്ടി മത്സരിച്ച എഎ അസീസിന് 8012 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലം നൽകിയത്. ആർഎസ്പി മുന്നണി മാറിയ ശേഷം 2014 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ കെ പ്രേമചന്ദ്രൻ 6564 വോട്ടിന്റെ ഭൂരിപക്ഷവും മണ്ഡലം നല്കി. എന്നാൽ അതിന് ശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ മാറി മറിഞ്ഞു. വ്യക്തമായ ഭൂരിപക്ഷം നേടി ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും എൽഡിഎഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു.

ഇരവിപുരത്തെ രാഷ്ട്രീയം പ്രവചനാതീതമാണ്. ആർഎസ്പി സംസ്ഥാന സെക്രട്ടറിയും, തുടർച്ചയായ മൂന്ന് തവണ ഇരവിപുരത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുകയും എഎ അസീസാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി. മൂന്ന് തവണ എൽഡിഎഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച അസീസ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരരംഗത്തെത്തുന്നു എന്നതാണ് പ്രത്യേകത. മുൻ കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായ എം നൗഷാദാണ് പ്രധാന എതിർ സ്ഥാനാർത്ഥി. നിയമസഭയിലേയ്ക്ക് കന്നിയംഗമാണെങ്കിലും, കോർപ്പറേഷനിലെ മൂന്ന് ഡിവിഷനുകളിൽ വിജയിച്ചിട്ടുള്ള നൗഷാദിനും മണ്ഡലത്തിൽ പരിചയപെടുത്തലിന്റെ ആവശ്യമില്ല. എൻഡിഎ യ്ക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാർത്ഥിയാണ് മത്സരരംഗത്തുള്ളത്. എസ്എൻഡിപി യൂണിയൻ ഭാരവാഹിയും, ജില്ലയിലെ പ്രമുഖ പിഡബ്ല്യുഡി കരാറുകാരനുമാണ് ബിഡിജെഎസ് സ്ഥാനാർത്ഥി ആക്കാവിള സതീക്.

കരുനാഗപ്പള്ളി

സിപിഐ യുടെ സ്വന്തം മണ്ഡലമായാണ് കരുനാഗപ്പള്ളി കണക്കാക്കപെടുന്നത്. കണക്കുകളും സിപിഐയ്ക്ക് അനുകൂലം. 1987 ന് ശേഷം ഒരു തവണമാത്രമാണ് സിപിഐ സ്ഥാനാർത്ഥി കരുനാഗപ്പള്ളിയിൽ തോറ്റത്. 2001 ൽ കെസി പിള്ളയെ ജെഎസ്എസിലെ രാജൻ ബാബുവാണ് തോല്പിച്ചത്. 1,98,997 വോട്ടർമാരുള്ള കരുനാഗപ്പള്ളിയിൽ 96,366 പുരുഷ വോട്ടർമാരും, 1,02631 സ്ത്രീ വോട്ടർ മാരുമാണ് മണ്ഡലത്തിലുള്ളത്.

കഴിഞ്ഞ രണ്ട് തവണയായി സിപിഐയിലെ സി. ദിവാകരനാണ് മണ്ഡലത്തിലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. 2011 ൽ രാജൻ ബാബുവിനെ 14, 522 വോട്ടുകൾക്കായിരുന്നു സി. ദിവാകരൻ പരാജയപ്പെടുത്തിയത്. എന്നാൽ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ മാറി മറിഞ്ഞു. കെസി വേണുഗോപാലിന് 703 വോട്ടിന്റെ ഭൂരിപക്ഷമാണ് കരുനാഗപ്പള്ളി മണ്ഡലം നൽകിയത്. അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും ശക്തി തെളിയിച്ചു. കരുനാഗപ്പള്ളി നഗരസഭ, ഓച്ചിറ, ആലപ്പാട്, കുലശോഖര പുരം, തഴവ, തൊടിയൂർ പഞ്ചായത്തുകളിലെ ഭരണം എൽഡിഎഫ് പിടിച്ചു. ക്ലാപ്പന പഞ്ചായത്തിൽ മാത്രമാണ് ഭരണം നേടാൻ യുഡിഎഫിന് കഴിഞ്ഞത്. സ്ഥാനാർത്ഥി നിർണയം മൂന്ന് മുന്നണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

13173261_1711991792387742_3721328006948634236_oസിറ്റിംഗ് എംഎൽഎ സി ദിവാകരനെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം സിപിഐയിൽ തുടക്കത്തിൽ ഉയർന്നു. ജില്ലകമ്മിറ്റി സി ദിവാകരന്റെ പേര് വെട്ടിയതോടെ വിഷയം വിവാദമായി. ഒടുവിൽ സിപിഐ ജില്ല സെക്രട്ടറി ആർ രാമചന്ദ്രനെ കരുനാഗപ്പള്ളിയിലും, ദിവാകരനെ നെടുമങ്ങാടും മത്സരിപ്പിക്കാൻ തീരുമാനിച്ച് പ്രശ്‌നം പരിഹരിച്ചു. യുഡിഎഫിൽ മുസ്ലീംലീഗ് കരുനാഗപ്പള്ളി സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതായിരുന്നു വിവാദങ്ങൾക്ക് കാരണം. സീറ്റ് കോൺഗ്രസിനാണെന്ന് തീരുമാനമായതോടെ കൂടുതൽ വിവാദങ്ങളില്ലാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആർ മഹേഷിനെ സ്ഥാനാർത്ഥിയാക്കി. ജെഎസ്എസ് രാജൻ ബാബു വിഭാഗം എൻഡിഎ മുന്നണിയിലെത്തിയതോടെ രാജൻ ബാബു ജയിച്ചിട്ടുള്ള മണ്ഡലം ജെഎസ്എസിനെ വേണമെന്നും ആവശ്യമുയർന്നു. ബിഡിജെഎസ് മണ്ഡലത്തിനായി ശക്തമായി വാദിച്ചതോടെ സീറ്റ് അവർക്ക് നൽകി. എസ്എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും, വെള്ളാപ്പള്ളി നടേശൻ എഞ്ചിനിയറിംഗ് കൊളേജിലെ അസിസ്റ്റന്റ് സെക്രട്ടറിയുമാണ് എൻഡിഎ സ്ഥാനാർത്ഥി വി സദാശിവൻ. മൂന്ന് സ്ഥാനാർത്ഥികളും കന്നിയങ്കരാണെന്ന പ്രത്യേകതയുമുണ്ട്.

കുണ്ടറ

ജില്ലയിൽ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്നു കുണ്ടറ. എന്നാൽ ഇന്ന് വ്യവസായങ്ങളുടെ ശവപ്പറമ്പാണ് മണ്ഡലം. സിപിഐ(എം) പിബി അംഗം എംഎ ബേബിയെ രണ്ട് തവണ വിജയിപ്പിച്ച മണ്ഡലം കൂടിയാണ് കുണ്ടറ. 2011 ൽ എംഎ ബേബിയ്ക്ക് 14,793 വോട്ടുകളുടെ ഭൂരിപക്ഷം നല്കിയായിരുന്നു കുണ്ടറ വിജയിപ്പിച്ചത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ടുകൾ പൂർണമായി ചോർന്നു. എൻ കെ പ്രേമചന്ദ്രന് 6911 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലം നൽകിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പക്ഷേ എൽഡിഎഫ് ശക്തമായി തിരിച്ചെത്തി. 1,95153 വോട്ടർമാരുള്ള മണ്ഡലത്തിൽ 92713 പുരുഷ വോട്ടർമാരും, 102440 സ്ത്രീവോട്ടർമാുമാണ് ഉള്ളത്.

കൊല്ലം ജില്ലയിൽ പ്രവചനാതീത മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നുകൂടിയാണ് കുണ്ടറ നിയോജക മണ്ഡലം. തൊഴിലാളി നേതാവും, സിപിഐ(എം) സംസ്ഥാന സമിതി അംഗവുമായ മേഴ്‌സിക്കുട്ടിയമ്മ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങുമ്പോൾ, കോൺഗ്രസ് വക്താവ് രാജ്‌മോഹൻ ഉണ്ണിത്താനാണ് പ്രധാന എതിർ സ്ഥാനാർത്ഥി. ബിജെപി സർവീസ് സംഘടന സംസ്ഥാന നേതാവായിരുന്ന എംഎസ് ശ്യാംകുമാറാണ് ബിജെപി സ്ഥാനാർത്ഥി.

പത്തനാപുരം

താരപോരാട്ടമാണ് പത്തനാപുരത്തെ വ്യത്യസ്തമാകാകുന്നത്. യുഡിഎഫ് മണ്ഡലമായ പത്തനാപുരത്ത് 2001 ലാണ് ബാലകൃഷ്ണപിള്ളയുടെ മകനും, സിനിമാ നടനുമായ കെബി ഗണേഷ് കുമാർ ജയിക്കുന്നത്. തുടർന്ന് 2006ലും 2011 ലും ഗണേഷ് കുമാർ തന്റെ ഭൂരിപക്ഷം ഉയർത്തി. 2011 ൽ 20402 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സിപിഐ(എം) ജില്ല സെക്രട്ടറിയായിരുന്ന കെ രാജഗോപാലിനെ ഗണേഷ്‌കുമാർ തോൽപിച്ചത്. 2014 ൽ കൊടിക്കുന്നിൽ സുരേഷിനും പത്തനാപുരം നല്കി 14,919 വോട്ടിന്റെ ഭുരിപക്ഷം. യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫ് മുന്നണിയിലെത്തിയ കേരളകോൺഗ്രസ് ബി യോടും കെബി ഗണേഷ് കുമാറിനോടും വോട്ടർമാരുടെ പ്രതികരണം എന്താകും. ആരോപണങ്ങളുണ്ടായി മന്ത്രിസഭയിൽ നിന്ന് പുറത്ത് പോയ കെബി ഗണേഷ്‌കുമാറിനെയും, അഴിമതി കേസിൽ വിഎസ് കേസ് പറഞ്ഞ് ജയിലിട്ട ബാലകൃഷ്ണപിള്ളയെയും തിരിച്ചെടുത്തത് എങ്ങനെയാകും ജനങ്ങൾ വിലയിരുത്തുക എന്നത് പത്തനാപുരം വിധി വരുമ്പോൾ അറിയാനാകും. 187013 വോട്ടർമാരുള്ള മണ്ഡലത്തിൽ 88157 പുരുഷ വോട്ടർമാരും, 98856 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്.

എൽഡിഎഫിന് വേണ്ടി കേരളാ കോൺഗ്രസ് ബി സ്ഥാനാർത്ഥിയായി കെബി ഗണേഷ്‌കുമാർ മത്സര രംഗത്തിറങ്ങുമ്പോൾ സിനിമാ താരവും, കോൺഗ്രസ് സഹയാത്രികനുമായ ജഗദീഷ് ആണ് എതിർ സ്ഥാനാർത്ഥി. മറ്റൊരു സിനിമ താരമായ ഭീമൻ രഘുവാണ് ബിജെപിയ്ക്ക് വേണ്ടി മത്സര രംഗത്തുള്ളത്. പരമ്പരാഗതമായി കോൺഗ്രസ് മണ്ഡലമാണ് പത്തനാപുരം, എന്നാൽ ഗണേഷ് കുമാറും ജഗദീഷും ഭീമൻ രഘുവും കൊമ്പു കോർക്കുമ്പോൾ രാഷ്ട്രീയത്തിന് അതീതമായൊരു മാനം മണ്ഡലത്തിന് കൈവന്നു.

ചവറ

എൽഡിഎഫ് വലിയ പരീക്ഷണത്തിന് മുതിർന്ന മണ്ഡലമാണ് ചവറ. ആർഎസ്പി കോട്ടയായ ചവറയിൽ മുന്നണി സംവിധാനത്തിന്റെ ഭാഗമായി എല്ലാകാലത്തും ആർഎസ്പിയാണ് എൽഡിഎഫിൽ മത്സരിച്ച് പോന്നിരുന്നത്. മണ്ഡലം രൂപീകരിച്ച ശേഷം ആർഎസ്പി പാർട്ടികൾ മാത്രമെ മണ്ഡലത്തിൽ വിജയിച്ചിട്ടുള്ളു. മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫ് കൈവിട്ട കളി തന്നെകളിച്ചു. ബാർ വ്യവസായിയും, സുധീരന്റെ മദ്യനയത്തോടുള്ള വിയോജിപ്പിൽ കോൺഗ്രസ് വിടുകയും ചെയ്ത വിജയൻ പിള്ളയാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി. മണ്ഡലം സിഎംപിയ്ക്കാണെങ്കിലും സ്ഥാനാർത്ഥിയെ നേരത്തെ തന്നെ തീരുമാനിക്കുകയായിരുന്നു.

മന്ത്രിയും ബേബി ജോണിന്റെ മകനുമായ ഷിബു ബേബി ജോണിന് വിജയൻ പിള്ളയെ പോലൊരു എതിരാളി മണ്ഡലത്തിൽ ഇല്ലെന്നതാണ് സത്യം. ഈസി വാക്കോവർ പ്രതീക്ഷിച്ചിരുന്ന ഷിബുവിന് അപ്രതീക്ഷിതമായി കിട്ടിയ അടിയായിരുന്ന വിജയൻ പിള്ളയുടെ സ്ഥാനാർത്ഥിത്വം. ബിജെപി മുൻ ജില്ല പ്രസഡിന്റ് എം സുനിലാണ് ബിജെപി സ്ഥാനാർത്ഥി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 6061 വോട്ടിനായിരുന്നു എൻകെ പ്രേമചന്ദ്രനെ മണ്ഡലത്തിൽ ഷിബു ബേബി ജോൺ പരാജയപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നണി മാറിയെത്തിയ പ്രേമചന്ദ്രന് 24,441 വോട്ടിന്റെര ഭൂരിപക്ഷവും ചവറ നൽകി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയ ഒരേ ഒരു നിയമസഭാ മണ്ഡലവും ചവറയാണ്. വിജയൻ പിള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായതോടെ ഈ കണക്കുകളുടെ പ്രശസ്തി നഷ്ടപെട്ടു. 171900 വോട്ടർമാരുള്ള മണ്ഡലത്തിൽ 83433 പുരുഷ വോട്ടർമാരും, 88467 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്.

കൊട്ടാരക്കര

എൽഡിഎഫ് ഉറച്ച കോട്ടയായി കണക്കാക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കൊട്ടാരക്കര. ബാലകൃഷ്ണ പിള്ള എൽഡിഎഫിൽ എത്തുകകൂടി ചെയ്തതോടെ എൽഡിഎഫ് പ്രതീക്ഷ കൂടുതൽ വർദ്ധിച്ചു. ഒരുകാലത്ത് ബാലകൃഷ്ണപിള്ള സ്ഥിരമായി വിജയിച്ചിരുന്ന മണ്ഡലത്തിൽ 2006 ലാണ് ഐഷാപോറ്റിയിലൂടെ മണ്ഡലം എൽഡിഎഫ് പിടിച്ചെടുക്കുന്നത്. 2011 ൽ ഐഷാപോറ്റി ഭൂരിപക്ഷം 20,592 ആയി വർദ്ധിപ്പിച്ചു. എന്നാൽ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫിനെ കൈവിട്ടു. കൊടിക്കുന്നിൽ സുരേഷിന് 4645 വോട്ടിന്റെ ഭൂരിപക്ഷം നൽകി മണ്ഡലം. 195950 വോട്ടർമാരുള്ള മണ്ഡലത്തിൽ 92294 പുരുഷ വോട്ടർമാും, 103656 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്.

എൽഡിഎഫിന് വേണ്ടി ഐഷാ പോറ്റിതന്നെയാണ് മൂന്നാം തവണയും കൊട്ടാരക്കരയിൽ അങ്കത്തിനിറങ്ങുന്നത്. കോൺഗ്രസ് യുവനേതാവും, മുൻ ഡിസിസി പ്രസിഡന്റ് സത്യശീലന്റെ മകനുമായ സവിൻ സത്യനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥിയായി രാജേശ്വരിയമ്മയാണ് മത്സരിക്കുന്നത്.

പുനലൂർ

ചൂട് കൂടിയ പുനലൂരിൽ പക്ഷേ തെരഞ്ഞെടുപ്പിൽ പറയത്തക്ക ചൂടില്ല. സിപിഐയുടെ ഉറച്ച കോട്ടയാണ് പുനലൂർ. കാര്യമായ മത്സരം പുനലൂരിലും പ്രതീക്ഷിക്കപെടുന്നില്ല. ഒരുതവണ പുനലൂർ മധു അട്ടിമറി വിജയം നേടിയതൊഴിച്ചാൽ എല്ലാകാലത്തും എൽഡിഎഫ് സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജയിച്ച് പോരുന്നത്. 2011 ൽ 18,005 വോട്ടിന്റെ ഭൂരിപക്ഷത്തനായിരുന്നു കെ രാജു മണ്ഡലത്തിൽ രണ്ടാമതും തെരഞ്ഞെടുക്കപെട്ടത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മണ്ഡലം ചുവന്നുതന്നെ നിന്നു. 4640 വോട്ടിന്റെ ഭൂരിപക്ഷമാണ് എംഎ ബേബിയ്ക്ക് മണ്ഡലം നല്കിയത്.

ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് അഡ്വക്കേറ്റ് കെ രാജു പനലൂരിൽ ജനവിധി തേടുന്നത്. അട്ടിമറികൾ സംഭവിച്ചില്ലങ്കിൽ പനലൂർ സിപിഐ നിലനിർത്തുകയും ചെയ്യും. ഘടകകക്ഷിയ്ക്ക് നൽകിയ സീറ്റിൽ മുസ്ലീംലീഗ് ജില്ല പ്രസിഡന്റ് എ യൂനുസ് കുഞ്ഞാണ് യുഡിഎഫ് സ്ഥാനാർത്ഥി. മുൻ ഡിസിസി സെക്രട്ടറി കെട്ടിടത്തിൽ സുലൈമാൻ റിബലായി രംഗത്തുണ്ട്. കേരളാ കോൺഗ്രസ് പിസി തോമസിന്റെ സിസിൽ ഫെർണാണ്ടസാണ് എൻഡിഎ സ്ഥാനാർത്ഥി.

ചാത്തന്നൂർ

പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ചാത്തന്നൂർ കരകയറിയിട്ടില്ല. ഒരു മുന്നണിയെ മാത്രം ജയിപ്പിച്ച ചരിത്രമില്ല ചാത്തന്നൂരിന്. സിപിഐ ശക്തി കേന്ദ്രമെന്ന് കരുതപ്പെടുന്ന മണ്ഡലമാണെങ്കിലും, പ്രതാപ വർമ തമ്പാനും സിവി പത്മരാജനുമെല്ലാം മണ്ഡലത്തിൽ ജയിച്ച് കയറിയ കോൺഗ്രസുകാരാണ്... 2011 ൽ 12,583 വോട്ടുകൾക്കായിരുന്നു ചാത്തന്നൂരിൽ സിപിഐ സ്ഥാനാർത്ഥി ജിഎസ് ജയലാൽ മണ്ഡലത്തിൽ വിജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് തന്നെയായിരുന്നു ഭൂരിപക്ഷം. 175090 വോട്ടർമാരുള്ള മണ്ഡലത്തിൽ 80211 സ്ത്രീ വോട്ടർമാരും, 94879 സത്രി വോട്ടർമാരുമാണ് ഉള്ളത്. തുടർച്ചയായി രണ്ടാം വിജയം ലക്ഷ്യമിടുന്ന ജയലാൽ തന്നെയാണ് ചാത്തന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി. ശൂരനാട് രാജശേഖരനെയാണ് മണ്ഡലം തിരിച്ച് പിടിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്. ബിജെപി സ്ഥാനാർത്ഥി ബിബി ഗോപകുമാറും ശക്തമായ മത്സരമാണ് മണ്ഡലത്തിൽ കാഴ്ചവെയ്ക്കുന്നത്.

ചടയമംഗലം

സിപിഐയുടെ ഉരുക്ക് കോട്ടയാണ് ചടയമംഗലം. 2001 ൽ പ്രയാർ ഗോപാലകൃഷണൻ ജയിച്ചതൊഴിച്ചാൽ സിപിഐയുടെ വിജയഗാഥകളെ മണ്ഡലത്തിന് പറയാനുള്ളു. 2011 ൽ 23,642 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മുല്ലക്കര രത്‌നാകരൻ ചടയമംഗലത്തുനിന്ന് രണ്ടാമതും വിജയിച്ചത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 6,806 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലം എൽഡിഎഫിന് നൽകി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മണ്ഡലം ചുവന്നു തന്നെ നിന്നു.

Untitled-2 copyഹാട്രിക് വിജയം ലക്ഷ്യമാക്കി മുല്ലക്കര രത്‌നാകരൻ വീണ്ടും മത്സര രംഗത്തിറങ്ങുമ്പോൾ കോൺഗ്രസും ശക്തനായ സ്ഥാനാർത്ഥിയെതന്നെ രംഗത്തിറിക്കി. കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സനാണ് യുഡിഎഫ് സ്ഥാനാര്ത്ഥി. ശിവദാസൻ പിള്ളയാണ് ബിജെപി സ്ഥാനാർത്ഥി. അട്ടമറികൾ ഉണ്ടായില്ലങ്കിൽ മണ്ഡലം ഇത്തവണയും ചുവക്കുമെന്ന് ഉറപ്പാണ്.

രാഷ്ട്രീയ പരീക്ഷണങ്ങളുടെ വിളനിലമാണ് ഇത്തവണ കൊല്ലം ജില്ല. മുന്നണിമാറിയ ആർഎസ്പിയ്ക്ക് മൂന്ന് സീറ്റുകളിലെയും നിലനിൽപിന്റെ പോരാട്ടമാകുമ്പോൾ എൽഡിഎഫ് മുന്നണിയെ നയിക്കുന്ന സിപിഐഎമ്മിന് അത് അഭിമാന പോരാട്ടമാണ്. എൽഡിഎഫിൽ ഒരോ സീറ്റുകളിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ് (ബി), സിഎംപി, ആർഎസ്പി എൽ എന്നിവർക്ക് മത്സരങ്ങൾ ജീവന്മരണ പോരാട്ടങ്ങളാണ്. തെക്കൻ കേരളത്തിൽ മുസ്ലീം ലീഗിന്റെ ഏക സീറ്റായ പുനലൂരിൽ വിജയിക്കുക എന്നത് ലീഗിനും നിർണായകമാണ്. കൊല്ലത്തെയും പത്തനാപുരത്തെയും തെരഞ്ഞെടുപ്പ് ഫലം സിപിഐഎമ്മിനും പ്രധാനമാണ്. തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള കൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലം എല്ലാ മുന്നണികളിലും മാറ്റങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്.

Read More >>