ദളിത് വേട്ടകള്‍ക്കും സ്ത്രീ പീഡനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വേദിയൊരുക്കുവെന്ന് കോടിയേരി

മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നതുപോലുള്ള ദളിത് വേട്ടകള്‍ക്കും സ്ത്രീ പീഡനങ്ങള്‍ക്കും കേരളത്തില്‍ വേദി ഒരുക്കി കൊടുക്കയാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് കോടിയേരി

ദളിത് വേട്ടകള്‍ക്കും സ്ത്രീ പീഡനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വേദിയൊരുക്കുവെന്ന് കോടിയേരി

മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നതുപോലുള്ള ദളിത് വേട്ടകള്‍ക്കും സ്ത്രീ പീഡനങ്ങള്‍ക്കും കേരളത്തില്‍ വേദി ഒരുക്കി കൊടുക്കയാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് ചോദിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ഇക്കാര്യം ചോദിച്ചിരിക്കുന്നത്.

പെരുമ്പാവൂരില്‍ അരങ്ങേറിയ നിര്‍ഭയ മോഡല്‍ കൊലപാതകത്തിനെ ശക്തമായി അപലപിച്ചിരിക്കുകയാണ് കോടിയേരി. നിയമവിദ്യാര്‍ത്ഥിയായ ദളിത് പെണ്‍കുട്ടി ജിഷമോളെ മൃഗീയമായി ബാലാത്സംഗം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണുംകെട്ടി നില്‍ക്കുകയാണെന്നും കോടിയേരി പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച കൊലപാതകം നടന്നിട്ടും ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ ആഭ്യന്തര വകുപ്പിന് സാധിച്ചിട്ടില്ല.


പോലീസിന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളുടെ ബാഹുല്യത്തില്‍ നിന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെടുകയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും കോടിയേരി പറയുന്നു.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിലും ഡല്‍ഹി നിര്‍ഭയ മോഡല്‍ കൊലപാതകം നടന്നിരിക്കുന്നു! പെരുമ്പാവൂരിലാണ് നിയമവിദ്യാര്‍ത്ഥിയായ ദളിത് പെണ്‍കുട്ടി ജിഷമോളെയാണ് അതിക്രൂരമായി കൊല ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച കൊലപാതകം നടന്നിട്ടും ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ ആഭ്യന്തര വകുപ്പിന് സാധിച്ചിട്ടില്ല. ഈ പെണ്‍കുട്ടിയെ കൊലചെയ്യും മുന്‍പ് മൃഗീയമായി ബലാല്‍സംഗം ചെയ്തിരുന്നു എന്നാണ് പ്രാഥമിക തെളിവുകള്‍ വ്യക്തമാക്കുന്നത്. ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ്കുത്തിക്കയറ്റിയതായും വന്‍കുടല്‍ കുത്തി പുറത്തെടുത്തതായും പോലീസ് ഇന്‍ക്വ
സ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും മൃഗീയമായ കൊലപാതകം നടന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ കണ്ണുംകെട്ടി ഇരിക്കുന്നത്?കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെടുകയാണെന്ന്, പോലീസിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളുടെ ബാഹുല്യത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ക്രമസമാധാനപാലനം തകര്‍ന്നുപോയ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നതുപോലുള്ള ദളിത് വേട്ടകളും സ്ത്രീ പീഡനങ്ങളും കേരളത്തില്‍ അരങ്ങേറുന്നതിനുള്ള വേദി ഒരുക്കി കൊടുക്കയാണോ ഈ സര്‍ക്കാര്‍? ഇത് അനുവദിച്ചുകൊടുക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സാധിക്കില്ല.

ജിഷമോളുടെ കൊലപാതകത്തിന് പിന്നിലുള്ള ക്രിമിനലുകളെ എത്രയും പെട്ടെന്ന് പിടികൂടി നിയമ നടപടികള്‍ക്ക് വിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.