ലോകം കാത്തിരിക്കുന്നു, കേരളാ മോഡല്‍ 2.0 ക്കായി

കേരളവികസനത്തിന്റെ മികവ് അറിയണമെങ്കില്‍ ഇന്ത്യയിലെ മറ്റേതെങ്കിലുമൊരു സംസ്ഥാനവുമായി ഒന്ന് താരതമ്യം ചെയ്തു നോക്കണം. അതിനായി കേരളം പോലെതന്നെ വികസനത്തില്‍ പ്രശസ്തവും ചര്‍ച്ചാ വിഷയവുമായ ഗുജറാത്തിനെ നമുക്കിവിടെ പരിഗണിക്കാം

ലോകം കാത്തിരിക്കുന്നു, കേരളാ മോഡല്‍ 2.0 ക്കായി

പ്രവീണ്‍ പരമേശ്വര്‍

'Kerala, a state in India, is a bizarre anomaly among developing nations, a place that offers real hope for the future of the Third World. They stand out as the Mount Everest of social development; there's truly no place like it'. കേരളത്തിനെ ഇങ്ങനെ വാനോളം പുകഴ്ത്തുന്നത് അമേരിക്കയില്‍ ജനിച്ച, ഹാര്‍വാര്‍ഡില്‍ പഠിച്ച, 2013 ലെ ഗാന്ധി പീസ് അവാര്‍ഡ് ജേതാവായ ബില്‍ മക്-കിബ്ബന്‍ എന്ന പരിസ്ഥിതി വിദഗ്ദ്ധന്‍ ആണ്. 'The social development model in Kerala is an example for all states in India' എന്ന വാക്കുകളിലൂടെ നമ്മെ അഭിനന്ദിച്ചത് 2014 ലെ നോബല്‍ പ്രൈസ് ജേതാവായ കൈലാസ് സത്യാര്‍ഥി ആണ്. മലയാളിയെ സുഖിപ്പിക്കുന്നതിലൂടെ സ്വകാര്യ നേട്ടങ്ങള്‍ കൊയ്‌തെടുക്കുവാന്‍ വേണ്ടി കെട്ടിച്ചമച്ച ഷുഗര്‍-കോട്ടട് കമ്മന്റ്‌സ് അല്ല ഇവയൊന്നും. മറിച്ച്, അമേരിക്കയിലെയും യൂറോപ്പിലെയും പല രാജ്യങ്ങള്‍ക്കും മുകളില്‍ നില്‍ക്കുന്ന നമ്മുടെ സാമൂഹിക വികസനം കണ്ടിട്ടുള്ള തികച്ചും ആത്മാര്‍ഥമായ അഭിനന്ദനം, അതാണീ വാക്കുകള്‍. 'കേരളാ മോഡല്‍' വികസനത്തിനുള്ള സത്യസന്ധമായ അംഗീകാരം.


'എന്നാല്‍, എന്താണ് ഇത്രയ്ക്കും പുകഴ്ത്തുവാന്‍ ഇവിടുള്ളത്. നല്ലൊരു വ്യവസായമുണ്ടോ, വൃത്തിയുള്ള റോഡുണ്ടോ, എല്ലായിടത്തും വൈ-ഫൈ ഉണ്ടോ, എന്തിന്  നല്ലൊരു ഷോപ്പിംഗ് മാളെങ്കിലും ഉണ്ടോ?  ഇതൊന്നും ഇല്ലാതെ 'കേരളാ മോഡല്‍ ആണത്രേ കേരളാ മോഡല്‍'. കണ്ടു പഠിക്കണം മറ്റു സംസ്ഥാനങ്ങളെ, അവരുടെ രീതികളെ, അവിടത്തെ ഭരണകര്‍ത്താക്കളെ!

മക്-കിബ്ബനും, സത്യാര്‍ഥിയും ഒക്കെ എന്ത് പറഞ്ഞാലും നമ്മളില്‍ ചിലരെങ്കിലും ഒരുപക്ഷെ ഇങ്ങനെയേ പ്രതികരിക്കൂ. ഒരു വികസനവും ഇല്ലാതെ 'വഴിമുട്ടി നില്‍ക്കുന്ന കാട്ടുമുക്കാണ് കേരളം' എന്ന് ആരേലും പറഞ്ഞാല്‍  തലയാട്ടിയങ്ങ് സമ്മതിക്കുകയും ചെയ്യും. ചിലപ്പോള്‍  അതിനു വന്‍ പ്രചരണവും കൊടുക്കും.

എന്നാല്‍ കേരളവികസനത്തിന്റെ  മികവ് അറിയണമെങ്കില്‍ ഇന്ത്യയിലെ മറ്റേതെങ്കിലുമൊരു സംസ്ഥാനവുമായി ഒന്ന് താരതമ്യം ചെയ്തു  നോക്കണം. അതിനായി കേരളം പോലെതന്നെ വികസനത്തില്‍ പ്രശസ്തവും ചര്‍ച്ചാ വിഷയവുമായ ഗുജറാത്തിനെ നമുക്കിവിടെ പരിഗണിക്കാം, ഗുജറാത്ത് മോഡല്‍. ഇവിടെ ഊഹാപോഹങ്ങള്‍ വേണ്ട, തികച്ചും ഒദ്യോഗികം ആയ കാനേഷുമാരിയും മനുഷ്യ വികസന സൂചികയും (HDI) തന്നെ നമുക്ക് അവലംബിക്കാം. ഒന്ന് കേന്ദ്ര സര്‍ക്കാരിന്റെയും മറ്റേത് യുണൈറ്റഡ് നേഷന്‍സിന്റെയും പ്രസിദ്ധീകരണങ്ങള്‍ ആണല്ലോ, വിശ്വാസ്യതയ്ക്ക് കുറവുണ്ടാകുവാന്‍ വഴിയില്ല.

ആദ്യം വികസനത്തിന്റെ അടിസ്ഥാനമായ പാര്‍പ്പിടം തന്നെയാകട്ടെ. കേരളത്തില്‍ 92 % ത്തിലധികം പേര്‍ക്കും സ്വന്തമായി ഭൂമിയുള്ളപ്പോള്‍ ഗുജറാത്തില്‍ അത് 80% നു താഴെ മാത്രമാണ്.  ഇനി  വീടുകളിലെ ശൗചാലയങ്ങളുടെ ലഭ്യത നോക്കിയാലോ, അവിടെയും കേരളം വളരെ മുന്നിലാണ്. മലയാളക്കരയിലെ 94% വീടുകളിലും ശൗചാലയങ്ങള്‍ ഉള്ളപ്പോള്‍ ഗുജരാത്തിലീ ഭാഗ്യം 54% കുടുംബങ്ങളിലെ ഉള്ളു. അതായത് ഗുജറാത്തിലെ 46% കുടുംബങ്ങളും പ്രഭാതകൃത്യങ്ങള്‍ക്ക് വെളിംപ്രദേശങ്ങളെയോ പൊതു നിരത്തുകളെയോ ആണ് ഇപ്പോഴും ആശ്രയിക്കുന്നത്.

ഇനി ആരോഗ്യ രംഗത്തെ ചില കണക്കുകള്‍ നോക്കാം, യോഗയും ആയുര്‍വേദവും ഒക്കെ ചെയ്തു നമ്മള്‍ സംരക്ഷിക്കുവാന്‍ വല്ലാതെ ശ്രമിക്കുന്ന ആരോഗ്യം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിക്കും എന്ന് കണക്കുകള്‍ പറയുന്ന സമൂഹം മലയാളികള്‍ ആണ്. ലൈഫ് എക്‌സ്‌പെക്റ്റന്‍സി 74 വയസ്സ്. ഗുജറാത്തിക്കിത് 64.1 ആണ്. അതായത് കേരളത്തില്‍ ജനിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് 10 വര്‍ഷം കൂടുതല്‍ ജീവിക്കുവാന്‍ അവസരം ലഭിച്ചവരാണ് നമ്മള്‍ മലയാളികള്‍. ഇനി ശിശു മരണനിരക്ക് നോക്കിയാലോ, ഗുജറാത്തില്‍ ജനിക്കുന്ന 1000 ല്‍  44 കുഞ്ഞുങ്ങളും അച്ഛനെയും അമ്മയെയും കരയിപ്പിച്ചുകൊണ്ട് മരണത്തിനെ പുല്‍കുവാന്‍ വിധിക്കപ്പെടുമ്പോള്‍ കേരളത്തിലിത് സംഭവിക്കുന്നത് 13 പേര്‍ക്ക് മാത്രമാണ്. അതുപോലും ഗുരുതരമാണെങ്കിലും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മള്‍ വളരെ പുരോഗമിച്ചിരിക്കുന്നു.

മറ്റൊരു കണക്ക് പ്രതിരോധ കുത്തിവയ്പ്പുകളെ കുറിച്ചാണ്. ഗുജറാത്തില്‍ 1000 ല്‍ വെറും 555 കുഞ്ഞുങ്ങള്‍ക്ക് മാത്രം പ്രധിരോധ മരുന്നുകള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ 810 പേര്‍ക്കും അത് ലഭിക്കുവാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. ആരോഗ്യ രംഗത്തെ കേരളത്തിന്റെ വികസനം ഇവിടെയും ഒതുങ്ങുന്നില്ല. ഗുജറാത്ത് പോലൊരു സമ്പന്ന സംസ്ഥാനത്ത് വെറും 58 % കുട്ടികള്‍ മാത്രമാണ് ആശുപത്രികളില്‍ ജനിക്കുകയും ആദ്യശുശ്രുഷ ലഭ്യമാകുകയും ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ 100 % ജനനവും നടക്കുന്നത് ആശുപത്രികളിലാണ്.

ഇനിയൊരു പ്രധാന വികസന സൂചിക നമ്മള്‍ കാണേണ്ടത് വിദ്യാഭ്യാസത്തില്‍ ആണ്. കേരളത്തിലെ 94% പേരും സാക്ഷരത കൈവരിച്ചവര്‍ ആയിരിക്കുമ്പോള്‍, ഗുജറാത്തില്‍ അടിസ്ഥാനമായ എഴുത്തും വായനയും അറിയാത്തവര്‍ ഇനിയും 22% പേരുണ്ട്. അതായത് 68% മാത്രമാണ് സാക്ഷരതാ നിരക്ക്. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തിലും ഈ അന്തരം കാണുവാന്‍ കഴിയും.

വൈദ്യുതി, ജലലഭ്യത, ഭക്ഷണലഭ്യത, ക്ഷേമപെന്‍ഷനുകള്‍, സ്ത്രീശാക്തീകരണം, പിന്നോക്ക വികസനം തുടങ്ങി മനുഷ്യ ജീവിതത്തിനെ നേരിട്ട് ബാധിക്കുന്ന മറ്റു പല മേഖലകളിലും കേരളം മുന്നിലാണെങ്കിലും ഓരോന്നും വിശദീകരിക്കുവാന്‍ ഈ സ്ഥലം ഉപയോഗപ്പെടുത്തുന്നില്ല. അവസാനമായി ധനപരമായ നേട്ടം കൂടിയെഴുതാം. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജിഡിപി യുടെ കാര്യത്തില്‍  മുന്നിലാണ് ഗുജറാത്ത്, അഞ്ചാം സ്ഥാനം. പതിനൊന്നാണ് കേരളത്തിന്റെ സ്ഥാനം. അതായത്  ജി.ഡി.പി യില്‍ കേരളം വളരെ പിന്നിലാണ്. എന്നാല്‍ ഇതിനോടുകൂടെ ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കണക്കുകൂടെയുണ്ട്. ഗുജറാത്തില്‍ 14% ജനങ്ങള്‍ ദാരിദ്രരേഖയ്ക്ക് താഴെ ഉള്ളപ്പോള്‍, കേരളത്തിലിത് വെറും 7 % മാത്രമാണ്. അതായത് ജി ഡി പി യില്‍ മുന്നില്‍ നില്ക്കുമ്പോഴും, കേരളത്തിലേതിനേക്കാള്‍ ഇരട്ടി ദാരിദ്ര്യം ഉണ്ട് ഗുജറാത്തില്‍ എന്ന് ചുരുക്കം. ഇതിന് ഒരു പ്രധാന കാരണം ഗുജറാത്ത് വികസന മാതൃകയിലെ കേന്ദ്രീകൃതമായ ധനവികസനം ആണ്. അതായത് ജി.ഡി.പിയില്‍ കണക്കാക്കപ്പെടുന്ന സമ്പത്ത് ചിലരില്‍ മാത്രമായി ഒതുങ്ങുന്നു എന്നുസാരം.  മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സാധ്യമാകുന്ന ധനപരമായ വികസനം ഒരു ന്യൂനപക്ഷത്തില്‍ കേന്ദ്രീകരിക്കാതെ എല്ലാവരിലേയ്ക്കും എത്തിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്നതും നമ്മുടെ കേരളം തന്നെയാണ്.

ഇത്തരത്തില്‍ വസ്തുതാധിഷ്ടിതമായ വിശകലനത്തിലൂടെ  കേരളാ മോഡല്‍ ഒരു വലിയ ശെരിയാണെന്ന്  വ്യക്തമാകുന്നു. അപ്പോഴും  വികസനം പൂര്‍ണമാണ് എന്ന വാദം തെല്ലുമില്ല. ആദിവാസി മേഖലകളില്‍, പരിസര ശുചിത്വത്തില്‍, കൃഷിയില്‍  ഒക്കെ നാമിനിയും ബഹുദൂരം മുന്നിലേയ്ക്ക് പോകുവാനുണ്ട്. എങ്കിലും ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് തുടങ്ങിയ പല സൊഷ്യലി സ്റ്റ്രഗ്ഗിളിംഗ് സംസ്ഥാനങ്ങള്‍ക്കും നമ്മുടെ ഈ കൊച്ചു കേരളം ഒരു വഴികാട്ടിതന്നെയാണ്; അടിസ്ഥാന വികസനം എങ്ങനെ നടത്തണമെന്നറിയാതെ വഴിമുട്ടിനില്‍ക്കുന്നവര്‍ക്കൊരു അസ്സല്‍ വഴികാട്ടി.

ഈ മോഡലിന്റെയും അതിലൂടെയുള്ള നേട്ടങ്ങളുടെയും അവകാശം ഏതെങ്കിലുമൊരു മുന്നണിക്കോ, രാഷ്ട്രീയ പാര്‍ട്ടിക്കോ, മന്ത്രിക്കോ മാത്രമാണെന്ന് അഭിപ്രായപെട്ടാല്‍ അത് തെറ്റും നീതികേടുമാകും. താരതമ്യേന മികച്ച രാജഭരണവും, ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനവും, ഗുരുദേവനും, അയ്യങ്കാളിയും, സഹോദരന്‍ അയ്യപ്പനും ഒക്കെ നടത്തിയ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും, ഗള്‍ഫ് പണവും ഒക്കെ അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. അതിനോടൊപ്പം, സമ്പത്തിലും, കച്ചവടത്തിലും, സമ്പന്നന്റെ ഉന്നമനത്തിനും മാത്രം ഊന്നല്‍ കൊടുത്ത് നടത്തുന്ന ഭരണത്തിലൂടെ മേല്‍ത്തട്ടില്‍ ഉണ്ടാകുന്ന തിളക്കം കാലാന്തരത്തില്‍ 'ട്രിക്കിള്‍ ഡൌണ്‍' ചെയ്ത് താഴേയ്ക്ക് എത്തിക്കോളും എന്ന് വിശ്വസിക്കുന്ന വലതുപക്ഷ വികസന സങ്കല്‍പ്പത്തിന്റെ പിന്നാലെ പോകാതെ, ആദ്യം വീട് ആഹാരം ജലം ഭൂമി ആരോഗ്യം സാക്ഷരത സാമൂഹിക-സുരക്ഷ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് കെട്ടുറപ്പുള്ള സംവിധാനം ഉണ്ടാക്കിയതിനു ശേഷം മേല്‍ത്തട്ടിലുള്ള വികസനം നടത്തുകയാണ് ശേരിയെന്നു വിശ്വസിക്കുന്ന 'ഇടതുപക്ഷ വികസന തത്വവും' നമുക്കനുകൂലമായിരുന്നു.

ഈ രീതിയില്‍ ജീവിതത്തിന്റെ നിലവാരമുയര്‍ത്തുന്നതില്‍ കേരളത്തിനു കൈവരിയ്ക്കുവാന്‍ കഴിഞ്ഞ മികച്ച വിജയങ്ങള്‍ കണ്ടുകൊണ്ടാണ് അമര്‍ത്ത്യാസെന്നും, ശ്രീ. സത്യാര്‍ഥിയും, മാക്-കിബ്ബന്നും ഒക്കെ നല്ലവാക്കുകള്‍ രേഖപ്പെടുത്തിയത്.  ഇപ്പോള്‍ 2016 ല്‍ വികസനത്തിന്റെ അടുത്ത ലെവലിലേയ്ക്ക് മൂവ് ചെയ്യേണ്ട കാലമായിരിക്കുന്നു. ഇന്ന് നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ അതനിവാര്യമാണ്.  ഇതുവരെയുള്ള നീക്കങ്ങള്‍ 'കേരള മോഡല്‍ 1.0' ആയിരുന്നുവെങ്കില്‍  പ്രകൃതിയ്ക്ക് കോട്ടംതട്ടാത്ത വ്യവസായം, പരിസ്ഥിതിക്ക് ഇണങ്ങുന്ന അടിസ്ഥാന സൌകര്യം, ധാര്‍മികതയ്ക്ക് നിരക്കുന്ന പണപരമായ പോളിസ്സി തുടങ്ങിയവയിലൂടെ മനുഷ്യമുഖമുള്ള ധന വികസനത്തിന്റെ പുതിയ തലത്തിലേക്ക് നമുക്ക് ചുവട് വയ്ക്കണം - ഒരു കേരള മോഡല്‍ 2.0, അതിനു സമയമായി.

സാമൂഹിക വികസനത്തില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും ഒരു മാതൃകയായതു പോലെ ഈ നീക്കത്തിലും ഏറ്റവും ശെരിയും ശാസ്ത്രീയവുമായ തീരുമാനങ്ങളിലൂടെ ലോകത്തിനുതന്നെ ഒരു റെഫറന്‍സ് കേസ് ആകുവാന്‍ നമുക്ക് കഴിയണം. വലിയ മാറ്റങ്ങള്‍ക്കു വഴിതെളിച്ച കേരള മോഡല്‍ 1.0 ക്ക് ശേഷം, കേരളാ മോഡല്‍ 2.0 ഒരു യാഥാര്‍ത്ഥ്യമാക്കുന്നതിലായിരിക്കണം വരുന്ന സര്‍ക്കാറിന്റെ കൂടുതല്‍ ശ്രദ്ധ. പത്തു വര്‍ഷങ്ങള്‍ക്കപ്പുറം 2026 ല്‍ നാരദാ ന്യൂസിന് വേണ്ടി ഒരു ലേഖനം എഴുതുമ്പോള്‍ 'കേരളാ മോഡല്‍ 2.0 യെയും  അഭിമാനത്തോടെ വിശകലനം ചെയ്യുവാന്‍ കഴിയും എന്നാണ് വിശ്വാസം. ആ വിശ്വാസത്തിന്റെ ആശ്വാസത്തില്‍ തത്ക്കാലം നിറുത്തുന്നു.

കേരളാ മോഡല്‍ 2.0 വരും, എല്ലാം ശരിയാകും.

Story by