ഉന്നതതലത്തില്‍ അഴിച്ചുപണിയില്‍ അങ്കലാപ്പ് ; മുന്‍സര്‍ക്കാരിന്റെ വിശ്വസ്തര്‍ കൂട്ടത്തോടെ കേന്ദ്ര ഡെപ്യുട്ടേഷന് നീക്കം തുടങ്ങി

മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് വിവാദ ഉത്തരവുകളിറക്കിയ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേന്ദ്ര ഡെപ്യുട്ടേഷന് അപേക്ഷ നല്‍കിക്കഴിഞ്ഞു. ഈ ഉത്തരവുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് മേത്ത അപേക്ഷ നല്‍കിയത്. സന്തോഷ് മാധവന്റെ കമ്പനിക്ക് ഭൂമി തിരിച്ചു നല്‍കിയത്, മെത്രാന്‍ കായല്‍ നികത്തല്‍ തുടങ്ങിയ വലിയ വിവാദത്തിനടയാക്കിയ ഉത്തരവുകളിറക്കിയത് വിശ്വാസ്‌മേത്തയാണ്.

ഉന്നതതലത്തില്‍ അഴിച്ചുപണിയില്‍ അങ്കലാപ്പ് ; മുന്‍സര്‍ക്കാരിന്റെ വിശ്വസ്തര്‍ കൂട്ടത്തോടെ കേന്ദ്ര ഡെപ്യുട്ടേഷന് നീക്കം തുടങ്ങി

സര്‍ക്കാര്‍അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ അപ്രതീക്ഷിതമായ നീക്കത്തിലൂടെ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയതോടെ മുന്‍ സര്‍ക്കാരിന്റെ വിശ്വസ്തരായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അങ്കലാപ്പില്‍. ഇതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ പല ഉത്തരവുകളുമിറക്കിയ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കേന്ദ്ര ഡെപ്യട്ടേഷന് നീക്കം തുടങ്ങി. നാളെ നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സെക്രട്ടറിതല മാറ്റങ്ങളുണ്ടാകും.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെങ്കിലും വലിയ തോതിലുള്ള ഇളക്കി പ്രതിഷ്ഠയുണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു ഉന്നത ഉദ്യോഗസ്ഥര്‍. മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് സര്‍ക്കാരും നല്‍കിയിരുന്നത്. ആഭ്യന്തര വകുപ്പ അഡീഷണല്‍ ചീഫ്‌സെക്രട്ടറി നളിനി നെറ്റോയെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും വൈദ്യുതി ബോര്‍ഡ്‌ചെയര്‍മാന്‍ എം.ശിവശങ്കറിനെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചാണ് മാറ്റത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുംമുമ്പുതന്നെ ഉദ്യോഗസ്ഥതലത്തില്‍ മാറ്റം വേണമെന്ന് മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നീക്കങ്ങളെല്ലാം രഹസ്യമായിരുന്നു. സൂചന ലഭിച്ചതോടെ വലിയ രീതിയലുള്ള മാറ്റം നടത്തരുതെന്ന് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മാറ്റം വേണമെന്ന കര്‍ക്കശ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫിന്റെ വിശ്വസ്തരായിരുന്ന വകുപ്പു സെക്രട്ടറിമാരേയും പോലീസ് ഉദ്യോഗസ്ഥരേയും മാറ്റാനാണ് തീരുമാനം. ഇതോടൊപ്പം സര്‍ക്കാര്‍വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കും ചലനമുണ്ടാകും. സംസ്ഥാന പോലീസ് മേധാവിയെ തന്നെ സ്ഥാനത്തു നിന്നും മാറ്റി തീര്‍ത്തും അപ്രധാന തസ്തികയിലേക്ക് മാറ്റിയതോടെയാണ് മുന്‍സര്‍ക്കാരിന്റെ വിശ്വസ്തരായിരുന്നവര്‍ അങ്കലാപ്പിലായത്.

ഇതോടെയാണ് കേന്ദ്ര ഡെപ്യുട്ടേഷനുള്ള നീക്കം തുടങ്ങിയത്. മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് വിവാദ ഉത്തരവുകളിറക്കിയ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേന്ദ്ര ഡെപ്യുട്ടേഷന് അപേക്ഷ നല്‍കിക്കഴിഞ്ഞു. ഈ ഉത്തരവുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് മേത്ത അപേക്ഷ നല്‍കിയത്. സന്തോഷ് മാധവന്റെ കമ്പനിക്ക് ഭൂമി തിരിച്ചു നല്‍കിയത്, മെത്രാന്‍ കായല്‍ നികത്തല്‍ തുടങ്ങിയ വലിയ വിവാദത്തിനടയാക്കിയ ഉത്തരവുകളിറക്കിയത് വിശ്വാസ്‌മേത്തയാണ്. ഡിജിപിസ്ഥാനം നഷ്ടപ്പെട്ട സെന്‍കുമാറും കേന്ദ്ര ഡെപ്യുട്ടേഷന് ശ്രമിക്കുകയാണ്. ഇതോടൊപ്പം അച്ചടി വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമി ഉള്‍പ്പെടെയുള്ള ചില വകുപ്പു സെട്ട്രറിമാരും കേന്ദ്ര ഡെപ്യുട്ടേഷന് അപേക്ഷ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തന്ത്ര പ്രധാന സ്ഥലങ്ങളില്‍ എല്‍.ഡി.എഫ് വിശ്വസ്തര്‍ മതിയെന്ന തീരുമാനത്തിനു പിന്നാലെ പ്രതികാര നടപടികളും സര്‍ക്കാര്‍ തുടങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌പോലീസ് സേനയെ ഒന്നാകെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ അണിനിരത്തിയ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജി.ആര്‍.അജിത്തിനെക്കൊണ്ട് യൂണിഫോം ധരിപ്പിക്കുകയും ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും പവര്‍ഫുള്‍ വ്യക്തിയായി അറിയപ്പെട്ടിരുന്ന അജിത് മുഖമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് വളരെ അടുപ്പമുള്ളയാളാണ്. സരിത കേസില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ അനുകൂലിച്ച് പരസ്യമായ നിലപാടാണ് അസോസിയേഷന്‍ എടുത്തിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംഘടനാ പ്രവര്‍ത്തനത്തില്‍ മാത്രം സജീവമായിരുന്ന അജിത് പോലീസ് യൂണിഫോം ധരിച്ചിട്ടേയില്ലായിരുന്നു.

കഴിഞ്ഞ ദിവസം കമ്മിഷണര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അജിത് സ്ഥലംമാറ്റം നല്‍കിയത്. സാധാരണ വേഷത്തില്‍ എത്തിയ അജിത്തിനോട് യൂണിഫോം ധരിച്ചുവരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനുശേഷം സെക്രട്ടറിയറ്റിനു മുന്നില്‍ തന്നെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു.

Read More >>