സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും കഴിഞ്ഞ മാസം മാത്രം ജാമ്യത്തിലിറങ്ങിയത് 224 മാനഭംഗക്കേസ് പ്രതികള്‍

സംസ്ഥാനത്ത് 2015 ല്‍ മാത്രം മാനഭംഗവുമായി ബന്ധപ്പെട്ട് 1,263 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ സ്ത്രീകള്‍ക്കെതിരെ 12,383 മറ്റു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മാനഭംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും കഴിഞ്ഞ മാസം മാത്രം ജാമ്യത്തിലിറങ്ങിയത് 224 മാനഭംഗക്കേസ് പ്രതികള്‍

പെരുമ്പാവൂരില്‍ ഏതാനും ദിവസം മുമ്പ് ക്രൂരമായി കൊല ചെയ്യപ്പെട്ട ജിഷയുടെ കേസന്വേഷണത്തിനിടെ വിവരം ശേഖരിച്ച പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് അറിയാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയത് 224 മാനഭംഗക്കേസുകളിലെ പ്രതികളെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയധികം പേര്‍ കഴിഞ്ഞ ഒരു മാസം മാത്രം പുറത്തിറങ്ങിയവരുടെ എണ്ണമാണെന്നുള്ളതാണ് അതിശയിപ്പിക്കുന്ന വസ്തുത.


ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ജയില്‍ ഡിജിപി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരിക്കുകയാണ്. മാനഭംഗകേസുകളില്‍ ഉള്‍പ്പെട്ട ആര്‍ക്കെങ്കിലും ജിഷയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന അന്വേഷിക്കാന്‍ ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ ജയിലില്‍നിന്നിറങ്ങിയ മാനഭംഗക്കേസ് പ്രതികളുടെ വിവരം നല്‍കാനാണ് പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നത്. മാനഭംഗത്തിനു ശിക്ഷ നല്‍കുന്ന ഐപിസി 376-ാം വകുപ്പു പ്രകാരം ജയിലിലുള്ളവരില്‍ ആരെങ്കിലും ഏപ്രിലില്‍ പുറത്തിറങ്ങിയിട്ടുണ്ടോ എന്ന് അറിയിക്കാനായിരുന്നു നിര്‍ദ്ദേശം.

ഇതിന്റെ ഭാഗമായി എല്ലാ ജയിലുകളിലേക്കും പ്രത്യേക സര്‍ക്കുലര്‍ അയച്ചായിരുന്നു വിവരശേഖരണം നടന്നത്. ജിഷവധവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ പ്രതിയുടെ രേഖാചിത്രവുമായി ജയിലില്‍ കഴിയുന്ന പ്രതികളുടെ ചിത്രങ്ങള്‍ ഒത്തുനോക്കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കിയ അന്വേഷണ സംഘം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്ത് 2015 ല്‍ മാത്രം മാനഭംഗവുമായി ബന്ധപ്പെട്ട് 1,263 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ സ്ത്രീകള്‍ക്കെതിരെ 12,383 മറ്റു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മാനഭംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ നഗര- ഗ്രാമ പ്രദേശങ്ങളിലായി 171 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജിഷ ക്രൂരപീഡനത്തിനിരയായി മരണപ്പെട്ട ശേഷവും ഇതേ വിഭാഗത്തില്‍പ്പെട്ട ഏകദേശം പത്തോളം കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയതിരിക്കുകയാണ്.