കേരളം സൊമാലിയയെക്കാള്‍ കഷ്ടമെന്ന് കുമ്മനം രാജശേഖരന്‍

സൊമാലിയയെക്കാള്‍ കഷ്ട്മാണ് കേരളം. പ്രധാനമന്ത്രി പറയാത്തത് പറഞ്ഞു എന്ന് പറയുന്നത് എന്തിനാ. എനിക്കത് സമര്‍ത്ഥിക്കാന്‍ സാധിക്കും

കേരളം സൊമാലിയയെക്കാള്‍ കഷ്ടമെന്ന് കുമ്മനം രാജശേഖരന്‍

കേരളത്തില്‍ 140 മണ്ഡലങ്ങളിലും ത്രികോണ മത്സരം എന്നാണ് താങ്കള്‍ അവകാശപ്പെടുന്നത്...പക്ഷെ നിരീക്ഷകരും ചില റിപ്പോര്‍ട്ടുകളും സുചിപ്പിക്കുന്നത് ഇരുപതോളം  മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥനത്ത് എത്താന്‍ സാദ്ധ്യതയുണ്ട് എന്ന് മാത്രമാണല്ലോ?.

ഒന്നും രണ്ടും മൂന്നും ഇപ്പോള്‍ നിര്‍വചിക്കാന്‍ പറ്റുന്ന അവസ്ഥയല്ല. 140 മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ച വെക്കും. പ്രവചനാതീതമായ രീതിയില്‍ മത്സരം കാഴ്ചവെക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. ഞങ്ങള്‍ക്ക് മേല്‍കയ്യുണ്ട്.


എല്‍ഡിഎഫിനെയും യുഡിഎഫിന്റെയും പ്രചാരണത്തേക്കാള്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കി ആഡംബരം നിറഞ്ഞ പ്രചാരണമല്ലേ് ബിജെപി ഇത്തവണ കേരളത്തില്‍ നടത്തുന്നത്. പോസ്റ്റര്‍ ഒട്ടിക്കുന്നത് മുതല്‍ ഹെലികോപ്ടര്‍ വരെ.. എവിടുന്നാണ് ഇതിനൊക്കെ പണം. ഇത് കേരളത്തില്‍ ഗുണം ചെയ്യുമോ?.

അമിതമായ പണചിലവ് എന്നതൊക്കെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആരോപണമാണ്. എല്‍ഡിഎഫും യുഡിഎഫും ചിലവാക്കുന്നതിന്റെ നാലിലൊന്ന് പോലും ഞങ്ങള്‍ ചിലവാക്കുന്നില്ല. അവര്‍ക്ക് അവരുടേതായിട്ടുള്ള ശക്തിയുണ്ട് കേരള രാഷ്ട്രീയത്തില്‍. യഥാര്‍ത്ഥത്തില്‍ ഏറ്റവും കൂടുതല്‍ പണം ഒഴുക്കി കൊണ്ടിരിക്കുന്നത് അവരാണ്. അതിപ്പോള്‍ ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്. ഹെലികോപ്ടര്‍ എല്ലാവരും ഉപയാഗിക്കുന്നുണ്ട്. ആരാ ഉപയോഗിക്കാത്തത്. ബിജെപി ഉപയോഗിക്കുന്നു എന്ന് പറഞ്ഞാല്‍ അഖിലേന്ത്യാ നേതാക്കന്മാരാണ് ഹെലികോപ്ടറില്‍ യാത്ര ചെയ്യുന്നത്. വെള്ളാപ്പള്ളി നടേശന് അല്ലെങ്കില്‍ നേതാക്കന്മാര്‍ക്ക് ഇപ്പോള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പെട്ടന്ന് യാത്ര ചെയ്യുകയോ തിരികെ വരുകയോ വേണ്ടി വരുമ്പോള്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നു അതിലെന്താണിത്ര തെറ്റ്.  ബിജെപി അല്ലെങ്കില്‍ എന്‍ഡിഎയുടെ നേതാക്കന്മാര്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അതൊക്കെ വാര്‍ത്തയാകുന്നത് എങ്ങിനെയെന്ന് മനസ്സിലാകുന്നില്ല. വെള്ളാപ്പള്ളി നടേശന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചാല്‍ അത് വാര്‍ത്തയാകുമോ.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ചത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം എന്നാണ്. ഇതും വിവാദമായിരുന്നു....?

ബിജെപി ജയിക്കും എന്നു മാത്രമേ പറയാനുള്ളു. ബിജെപി മത്സരിക്കുന്നത് എല്‍ഡിഎഫിനോടും യുഡിഎഫിനോടും ആണ്. അല്ലാതെ എല്‍ഡിഎഫിനോടോ യുഡിഎഫിനോടോ മാത്രമല്ല. രണ്ട് പേരും തുല്യ ശത്രുക്കളാണ്. രണ്ടും പേരും പ്രതിയോഗികളാണ്. രണ്ട് പേരും ജനവിരുദ്ധരാണ്, 60 വര്‍ഷം കൊണ്ട് കേരളം നശിപ്പിച്ചവരാണ് , അരക്ഷിതാവസ്ഥക്ക് ഉത്തരവാദികളാണ്. രണ്ടില്‍ നിന്നും ഒരു മാറ്റമാണ് ആഗ്രഹിക്കുന്നത്. ആ മാറ്റത്തിന് വേണ്ടിയാണ് ബിജെപി വാദിക്കുന്നത്.

തുല്യ നീതി എന്നത് കൊണ്ട് എന്താണ് ബിജെപി ഉദ്ദേശിക്കുന്നത്. മറ്റ് മതക്കാര്‍ക്ക് ലഭിക്കുന്ന എന്താണ് ഹിന്ദുക്കള്‍ക്ക് ലഭിക്കാത്തത്.?

ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ കൈയടക്കി വെച്ചിരിക്കുന്നു. ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും ആരാധനാലയങ്ങള്‍ ഭരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. രണ്ട് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന കാര്യത്തിലാണ്. അതില്‍ മതം നോക്കുന്നത് എന്തിനാണ്. ആയിരം രൂപ ക്രിസ്ത്യാനികള്‍ക്കും മു്സ്ലീമുകള്‍ക്കും കൊടുക്കുന്നുണ്ടെങ്കില്‍ അത് ഹിന്ദുകള്‍ക്കും കൊടുക്കണം. അതാണ് തുല്യ നീതി. കൊടുക്കാതിരിക്കല്ല കൊടുക്കണം. പാര്‍ശ്വവത്കരിക്കപ്പെട്ട നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. തുല്യ നീതി കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ആദിവാസികള്‍ക്കൊന്നും നീതി കിട്ടുന്നില്ല. അവരെ ഉയര്‍ത്തികൊണ്ട് വരേണ്ടേ. നീതി കൊടുക്കുന്ന സമയത്ത് തുല്യമായി കൊടുക്കണം.

ക്ഷേത്രങ്ങളുടെ ഭരണം സംബന്ധിച്ച ഇപ്പോഴും ഭരണസമിതികളില്‍ സര്‍ക്കാര്‍ നോമിറ്റേഡ് എന്ന സാങ്കേതിക തടസ്സം മാത്രമേയുള്ളു. സമുദായ നേതാക്കള്‍ ആഗ്രഹിക്കുന്നതനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്…

ഒരു മതേതര രാജ്യത്ത് എന്തിനാ ഹിന്ദു മന്ത്രിമാര്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. അവരെ തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നത് ഹിന്ദുക്കള്‍ മാത്രമല്ലല്ലോ. പിന്നെ എന്തിനാ അവര്‍ ഒരു മത കേന്ദ്രത്തെകുറിച്ചുള്ളകാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത്. എല്ലാവരുടെയും വോട്ട് കിട്ടിയാണ് അവര്‍ ജയിച്ചത്. അവര്‍ പ്രവര്‍ത്തിക്കേണ്ടത് എല്ലാവര്‍ക്കും വേണ്ടിയാണ്. എല്ലാവര്‍ക്കും ഉള്ളത് പോലുള്ള നീതി ഇവര്‍ക്കും കൊടുക്കണം.

പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശം വലിയ വിവാദമാവുകയും അതിന് താങ്കള്‍ ഉള്‍പ്പടെ വിശദീകരണവുമായി രംഗത്ത് വരുന്നു. സോഷ്യല്‍ മീഡയിയില്‍ ഇത് വലിയ ചര്‍ച്ചായിട്ടുണ്ട് പ്രധാനമന്ത്രിയുടെ നാവ് പിഴച്ചതാണോ. അദ്ദേഹത്തിന് കണക്കുകള്‍ നിരത്തി വ്യക്തമാക്കാമായിരുന്നില്ലേ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ എല്ലാ രംഗത്തും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ സൊമാലിയയോട് ഉപമിക്കേണ്ടിയിരുന്നോ?.


അദ്ദേഹത്തിന് ഇവിടുത്തെ കഷ്ടങ്ങളും ദുരിതങ്ങളും കണ്ടപ്പോള്‍ സൊമാലിയയാാണ് ഓര്‍മ്മ വന്നത എന്നാണ അദ്ദേഹം പറഞ്ഞത്. ഞാന്‍ കുറച്ച കൂടി കടുപ്പിക്കുകയാണ് സൊമാലിയയെക്കാള്‍ കഷ്ട്മാണ് കേരളം. പ്രധാനമന്ത്രി പറയാത്തത് പറഞ്ഞു എന്ന് പറയുന്നത് എന്തിനാ. എനിക്കത് സമര്‍ത്ഥിക്കാന്‍ സാധിക്കും. പ്രധാനമായും മുഖ്യമന്ത്രി ജനസമ്പര്‍ക്കത്തിന് വേണ്ടി പോയപ്പോള്‍ ദാരിദ്രയരേഖക്ക് താഴെയുള്ള ജനങ്ങളുടെ എണ്ണമാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ കൂടെ ഞങ്ങളെ കൂടി ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ലഭിച്ചത്. അപ്പോള്‍ കേരളത്തില്‍ ധാരാളം ദാരിദ്ര്യം അുഭവിക്കുന്ന ജനങ്ങള്‍ ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടില്ലേ. രണ്ടാമത് ഏറ്റവും കൂടുതല്‍ അസുഖം ബാധിച്ച ചികിത്സാസഹായം ആവശ്യപ്പെട്ട് നിരവധി പേര്‍ എത്തി. നിരവധി പേര്‍ രോഗാതുരരാണ് .കേരളം രോഗാതുരമായി കൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം ഇവിടെ ഭുമിയില്ലാത്തവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി നിയമം നടപ്പിലാക്കാത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്. എന്ത് നേട്ടമാണ് ഇവിടെയുള്ളത് എന്നാണ് പറയുന്നത്.159000 കോടി രൂപയുടെ കടമുള്ള സംസ്ഥാനം.ഈ കടം എങ്ങിനെയുണ്ടായി . അപ്പോള്‍ എന്ത് വികസനം ഉണ്ടായിയെന്നാണ് പറയുന്നത്. തൊഴില്ലാലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ മാന്‍പവര്‍ കയറ്റി അയക്കുന്ന സംസ്ഥാനമാണ് കേരളം.ഏറ്റവും അധികം കാര്‍ഷികോദ്പാദനം കുറഞ്ഞപോയ സംസ്ഥാനമാണ് കേരളം. ബാക്കിയെല്ലായിടവും കൂടുകയാണ് ചെയ്തത്. അവിടെ വിളയിക്കുന്നത് നമ്മള്‍ ഉപയോഗിക്കുന്നത്.അപ്പോള്‍ എന്ത് വികസനം നടപ്പിലാക്കി എന്നാണ് പറയുന്നത്. എയര്‍കണ്ടീഷന്‍ഡ് മുറികളും പുതിയ കാറുകളും വില്പന നടത്തുന്നു എന്നതാണോ അത്. സൊമലിയ എന്ന രാജ്യവുമായി താരതമ്യപ്പെടുത്തുന്നത് കഷ്ടനഷ്ടങ്ങളും ദുഖങ്ങളും ദുരിതങ്ങളും ഏറുന്ന സംസ്ഥാനമാണ് കേരളം എന്നുള്ളത് കൊണ്ടാണ്. യാതൊരു വിധത്തിലുമുള്ള പ്ലാനിംഗ് ഇല്ലാത്ത സംസ്ഥാനമാണ് കേരളം. വ്യവസായശാലകള്‍ ആരും തുടങ്ങുന്നില്ല.ഉള്ളതൊക്കെ പൂട്ടുകയാണ്.അങ്ങിനെയാക്കെയുള്ള ഒരു സംസ്ഥാനത്തെ ദുഖങ്ങളും കാണുന്ന സമയത്ത് സൊമാലിയ പോലൊരു രാജ്യമാണ് ഓര്‍മ്മ വരുക. ഞാന്‍  അതിനേക്കാള്‍ കൂടുതലാണ് പറയുക. മുഖ്യമന്ത്രി അത് നിഷേധിക്കട്ടെ.

പ്രധാനമന്ത്രിയുടെ വിദ്യഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിക്ക് ബിരുദം ഇല്ലെങ്കില്‍ അത് വലിയ കുറവാണ് എന്ന ഇന്ത്യാക്കാര്‍ ധരിക്കുമോ. അമിത് ഷാ പ്രധനമന്ത്രി കൂട്ടുകെട്ട് മെനയുന്ന തന്ത്രങ്ങള്‍ പാളി തുടങ്ങിയോ?.


എന്റെ യോഗ്യതയെ കുറിച്ചാണെങ്കില്‍ ഞാന്‍ ഉത്തരം പറയാം. അതിന് ഉത്തരവാദിത്ത്വപ്പെട്ട ആള്‍ക്കാര്‍ വാര്‍ത്താസമ്മേളനം നടത്തി വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹത്തിനോട് നേരിട്ട് ചോദിക്കണം.

ഇന്ന് അഞ്ചാം തവണയാണ് കേരളത്തില്‍ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നത്. ഈ വിവാദങ്ങള്‍ അണികളെ തളര്‍ത്തുന്നില്ലേ?

അണികള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്. ആത്മധൈര്യം, ആത്മാഭിമാനം വര്‍ദ്ധിച്ചു.

Read More >>