മൂക്കറ്റം കടത്തില്‍ നില്‍ക്കുമ്പോഴും നികുതിപിരിച്ചില്ല; പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് കടുത്ത ധന പ്രതിസന്ധി

2015-16 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 1,54,057 കോടി രൂപയാണ്. 2011 ല്‍ യുഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സംസ്ഥാനത്തിന്റെ പൊതുകടം നിയന്ത്രിക്കുമെന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 78,673.24 കോടി രൂപ മാത്രമായിരുന്നു.

മൂക്കറ്റം കടത്തില്‍ നില്‍ക്കുമ്പോഴും നികുതിപിരിച്ചില്ല; പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് കടുത്ത ധന പ്രതിസന്ധി

2015-16 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 1,54,057 കോടി രൂപയാണ്. 2011 ല്‍ യുഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സംസ്ഥാനത്തിന്റെ പൊതുകടം നിയന്ത്രിക്കുമെന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 78,673.24 കോടി രൂപ മാത്രമായിരുന്നു. അപ്പോഴും സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കുമായി 3880 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ മിച്ചമുണ്ടായിരുന്നു.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ അഞ്ചുവര്‍ഷക്കാലം പിന്നിട്ടപ്പോഴേക്കും കേരളത്തിന്റെ പൊതു കടം 1,54,057 കോടിയായി വര്‍ധിക്കുകയാണ് ഉണ്ടായത്.എങ്ങിനെയാണ് സംസ്ഥാനം ഗുരുതരമായ ധന പ്രതിസന്ധിയില്‍ എത്തിച്ചേര്‍ന്നത് എന്നതാണ് ഇവിടെ ഏറ്റവും പ്രസക്തമായിട്ടുള്ള ചോദ്യം.


തനത് വരുമാനവും കടവും തമ്മിലുള്ള അനുപാതം 300 ശതമാനത്തില്‍ കൂടിയാല്‍ സംസ്ഥാനം കടക്കെണിയിലാണ് എന്നാണ് കണക്കാക്കുക.2015-16ലെ കണക്കുകള്‍ പ്രകാരം ഇത് 315.74ആയി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശരാശരി തനത് വരുമാനത്തിന്റെ വളര്‍ച്ച് 17 ശതമാനമായിരുന്നു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 14 ശതമാനമായി കുറഞ്ഞു.ഇത് തന്നെയാണ് ധനപ്രതിസന്ധിയുടെ മുഖ്യ കാരണം എന്നും സാന്പത്തിക വിദ്ഗധ മേരി ജോര്ജ്ജ് ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ശമ്പളപരിഷ്‌കരണവും ഏറ്റവും അവസാനം നടപ്പിലാക്കിയ പരിഷ്‌കരണവും ഉള്‍പ്പടെ രണ്ട് തവണ ശമ്പള പരിഷ്‌കരണത്തിന്റെ തോത് തലയില്‍ ഏറ്റേണ്ടി വന്ന് സര്‍ക്കാര്‍ കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. 40 % വരെയുള്ള വര്‍ദ്ധവാണ് അവസാന പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇത് ധനപ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

വിഴിഞ്ഞം പദ്ധതി , കണ്ണൂര്‍ എയര്‍പോട്ട് , മെട്രോ പോലുള്ള പദ്ധതികള്‍ക്ക് വികസന ചിലവ് വര്‍ദ്ധിച്ചപ്പോള്‍ മറുഭാഗത്ത് വരുമാനത്തില്‍ ഇടിവുണ്ടായി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും നികുതിപിരിച്ചെടുക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കടുത്ത വീഴ്ച വരുത്തിയതായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) നിയമസഭയില്‍ സമര്‍പ്പിച്ച 2015 മാര്‍ച്ച് 31 വരെയുള്ള റവന്യു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം മാത്രം 1872.12 കോടിരൂപയുടെ നികുതികുടിശിക പിരിച്ചെടുക്കാനുണ്ട്. ഇതുള്‍പ്പെടെ മൊത്തം 10,435.55 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ സ്‌റ്റേയും മറ്റുമുള്ള കേസുകളില്‍ അവ ഒഴിവാക്കാനും സംസ്ഥാനത്തിന് ലഭിക്കേണ്ട തുക നേടിയെടുക്കാനും വേണ്ടത്ര ശുഷ്‌ക്കാന്തി സര്‍ക്കാര്‍ കാട്ടിയില്ലെന്നും സി.എ.ജി. കുറ്റപ്പെടുത്തിയിട്ടിരുന്നു.

സര്‍ക്കാരിന് 2015 മാര്‍ച്ച് 31 വരെ പിരിഞ്ഞു കിട്ടാനുള്ള നികുതികുടിശിക 10,435.55 കോടി രൂപയാണ്. ഇതില്‍ 1049.79 കോടി രൂപയ്ക്ക് സര്‍ക്കാരാണ് സ്‌റ്റേ നല്‍കിയത്. 2290.07 കോടി രൂപയ്ക്ക് കോടതിയും സ്‌റ്റേകൊടുത്തിട്ടുണ്ട്. ഇതുള്‍പ്പെടെ ആകെ 3339.86 കോടി രൂപയുടെ നികുതി കുടിശ്ശികയാണ് സ്‌റ്റേയിലൂടെ പിരിക്കാനാകാതായത്. ഈ സ്‌റ്റേകള്‍ ഒഴിവാക്കാനോ പിരിക്കാനോ സര്‍ക്കാരോ വകുപ്പുകളോ വേണ്ട നടപടി എടുത്തിട്ടില്ല.വില്‍പ്പന, വ്യാപാരം 6398.31 കോടി, ഭൂ നികുതി 2057.43 കോടി, വാഹന നികുതി 1279.46 കോടി, വനവല്‍ക്കരണം 411.55 കോടി, എക്‌സൈസ് 193.50 കോടി, സര്‍ക്കാര്‍ ഓഡിറ്റ് ഫീസ് 35.15 കോടി, അച്ചടിയും സേ്റ്റഷനറിയും 16.55 കോടി, 41.49 കോടി, തൊഴില്‍ 1.20 കോടി, ഇരുമ്പേതര ഖനനം 0.91 കോടി എന്നിങ്ങനെയാണ് സര്‍ക്കാരിന് കിട്ടാനുള്ള കുടിശിക. മൂല്യവര്‍ധിത നികുതി നിയമത്തിന് കീഴില്‍ മുഴുവന്‍ വ്യാപാരികളെയും രജിസ്റ്റര്‍ ചെയ്യാത്തത് മൂലം പിഴയും പലിശയും ഉള്‍പ്പെടെ 200.94 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. 13.41 ലക്ഷം സ്ഥാപനങ്ങള്‍ നിലവിലുണ്ടെങ്കിലും 2.20 ലക്ഷം വ്യാപാരികള്‍ക്ക് മാത്രമേ രജിസ്‌ട്രേഷനുള്ളൂ. ചട്ടവും വ്യവസ്ഥകളും ശരിയായി നടപ്പാക്കാത്തത് മൂലം നികുതി നിര്‍ണ്ണയത്തില്‍ പലിശയും പിഴയും ഉള്‍പ്പെടെ 744.99 കോടി നഷ്ടപ്പെട്ടു. വ്യാപാരികള്‍ സമര്‍പ്പിക്കുന്ന എല്ലാ റിട്ടേണുകളും പരിശോധിക്കണമെന്ന വ്യവസ്ഥ വ്യക്തമായി നിര്‍വചിച്ചില്ല.

മറ്റ് വകുപ്പുകളുമായി നികുതി നിര്‍ണ്ണയത്തിന് ഏകോപനമില്ലാത്ത് മൂലം 117.6 കോടിയുടെ നികുതി ചുമത്താനായിട്ടില്ല. സ്വയം നികുതി നിര്‍ണ്ണയം അംഗീകരിക്കുന്നതിന് മുമ്പ് ഇവ പരിശോധിക്കുന്നതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ 128.17 കോടി രൂപയും നഷ്ടമായി. ഉയര്‍ന്ന നികുതി ചുമത്താമായിരുന്ന ഇനങ്ങളെ താഴ്ന്ന നിരക്കില്‍ നികുതി ചുമത്തിയത് മൂലം നാലു കേസുകളില്‍ മാത്രം 6.19 കോടിയുടെ നഷ്ടമുണ്ടായി.
മുന്നാര്‍ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്‍േറഷന്‍ കമ്പനിയുടെ ആദായം നികുതി നിര്‍ണയത്തില്‍ നിന്ന് വിട്ടുപോയത് മൂലം 1.95 കോടിയുടെ റവന്യൂ നഷ്ടമുണ്ടായി. വാഹനങ്ങളുടെ പഴക്കം തെറ്റായി കണക്കാക്കി നികുതി നിര്‍ണയിച്ചിലൂടെ 1182 കേസുകളിലായി 1.39 കോടിയും നഷ്ടപ്പെട്ടു. പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ റിപ്പോര്‍ട്ട് 20 വില്ലേജ് ഓഫീസര്‍മാര്‍ തഹസില്‍ദാര്‍മാര്‍ക്ക് അയക്കുന്നതില്‍ വരുത്തിയ വീഴ്ച വരുത്തിയത് 2.24 കോടിയുടെ നഷ്ടത്തിനും വഴിവച്ചു. കെട്ടിടങ്ങളില്‍ നികുതി നിര്‍ണയിക്കുന്നതില്‍ 14 തഹസില്‍ദാര്‍മാര്‍ വീഴ്ച വരുത്തതിയത് 2.26 കോടി നഷ്ടപ്പെടുകയും വിദേശ മദ്യത്തിലുണ്ടായ കുറവുമായി ബന്ധപ്പെട്ട് 4.35 കോടി പിഴ ഈടാക്കാനായില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ പൊതുകടം 1,54,057 കോടി രൂപ.എല്‍ഡിഎഫ് സര്‍ക്കാരിനെ കാത്തിരിക്കുന്നത് കടുത്ത ധന പ്രതിസന്ധി.

2015 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി എന്ന അധ്യായത്തിന്റെ ആമുഖത്തില്‍ പറയുന്നത് ഇങ്ങിനെയാണ്.'സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 1.53 ശതമാനമായി ധനക്കമ്മി കുറച്ചുകൊണ്ടുവരാന്‍ 20141-5 ലെ ബജറ്റ് എസ്റ്റിമേറ്റ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ കടുത്ത ആഭ്യന്തര വെല്ലുവിളികളും ബാഹ്യസമ്മര്‍ദ്ദങ്ങളും സംസ്ഥാന വരുമാന വര്‍ധനവിനെ പ്രതികൂലമായി ബാധിക്കുകയും ബജറ്റില്‍ വിഭാവനം ചെയ്ത രീതിയില്‍ ധനസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയാതെ വരികയും ചെയ്തു.'

കടുത്ത ആഭ്യന്തര വെല്ലുവിളികളും ബാഹ്യസമ്മര്‍ദ്ദങ്ങളും സംസ്ഥാന വരുമാന വര്‍ധനവിനെ പ്രതികൂലമായി ബാധിച്ചു എന്ന് പറയുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ നേരിട്ട് അഴിമതി,നികുതിയിളവുകള്‍ ഉള്‍പ്പടെയുള്ള ആരോപണങ്ങളും ഓര്‍ത്തെടുക്കാവുന്നതാണ്. സംസ്ഥാനത്തെ മൂക്കറ്റം കടത്തിലാഴ്ത്തിയ വികലമായ നികുതി നയങ്ങളും നികുതി പിരിവിലെ അനാസ്ഥയും ആരെയൊക്കെ സഹായിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് മുന്‍ ധനകാര്യമന്ത്രി കെ. എം മാണിയോടും കൂട്ട് നിന്ന മുഖ്യമന്ത്രി ഉമ്മന്ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളോടും ചോദിക്കാനുള്ളത്.

ഇപ്പോഴത്തെ ധന പ്രതിസന്ധി എല്‍ഡിഎഫ് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കും. കാലിയായ ഖജനാവ് വെല്ലുവിളിയാണന്നും സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കുമെന്നും നിയുക്ത ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.നിലവില്‍ സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പൊതുസമൂഹത്തിനും വിദഗ്ധര്‍ക്കും കൃത്യമായ ചിത്രം ലഭിക്കാന്‍ ധവളപത്രം ഇറക്കുന്നത് കൊണ്ട് സാധിക്കുമെന്നതല്ലാതെ പ്രത്യേകിച്ച് വലിയ ഗുണം ഉണ്ടാകാനില്ല. നിലവിലെ ധനപ്രതിസന്ധിയില്‍ നിന്ന് തലയൂരാന്‍ എന്തൊക്കെ മാജിക്കുകളാണ് തോമസ് ഐസക്കിനും എല്‍ഡിഎഫിനും  വരും നാളുകള്‍ കാട്ടേണ്ടിവരുക എന്നും കാത്തിരുന്ന് കാണാം.