പൊതു ഖജനാവില്‍ നിന്നും പണം നല്‍കി രണ്ട് മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത കേരള സര്‍ക്കാര്‍ നിലപാട് ഭീകരമാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം നല്‍കി രണ്ട് ജനസ്വധീനമുള്ള മാധ്യമങ്ങളെ വിലയ്ക്കെടുത്തിരിക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇത് പെ...

പൊതു ഖജനാവില്‍ നിന്നും പണം നല്‍കി രണ്ട് മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത കേരള സര്‍ക്കാര്‍ നിലപാട് ഭീകരമാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

kerala-secretariat

സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം നല്‍കി രണ്ട് ജനസ്വധീനമുള്ള മാധ്യമങ്ങളെ വിലയ്ക്കെടുത്തിരിക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇത് പെയ്ഡ് ന്യൂസിനെക്കാള്‍ ഭീകരമാണെന്നും കേരളം സന്ദര്‍ശിച്ച പ്രസ് കൗണ്‍സില്‍ പ്രതിനിധികള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശ പ്രകാരം പെയ്ഡ് ന്യൂസ് സംബന്ധിച്ച് നിരീക്ഷണത്തിന് പ്രസ്‌കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങളായ ടി. അമര്‍നാഥ്, സി.കെ. നായ്ക് എന്നിവരാണ് കേരളം സന്ദര്‍ശിച്ചത്. സംസ്ഥാനത്ത് സര്‍ക്കുലേഷനില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന ദിനപത്രങ്ങള്‍ക്ക് ഒരുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പരസ്യങ്ങളുടെ നിരക്ക് മുന്നൂറും ഇരുന്നൂറും ശതമാനമാണ് വര്‍ധിപ്പിച്ച് നല്‍കിയത്. വര്‍ദ്ധന മറ്റൊരു പത്രത്തിനും വരുത്തിയുമില്ല. ഈ നീക്കം പെയ്ഡ് ന്യൂസ് രൂപം മാറിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് കമ്മിറ്റി അംഗങ്ങള്‍ സൂചിപ്പിച്ചത്.


കേരളത്തിനേക്കാള്‍ ജീവിത നിലവാരത്തിലും സാക്ഷരതയുള്‍പ്പെടെയുള്ള കാര്യങ്ങളിലും പിറകില്‍ നില്‍ക്കുന്ന ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലുള്ള നീക്കം കണ്ടിട്ടില്ലെന്നും അംഗങ്ങള്‍ സൂചിപ്പിക്കുന്നു. അപകടകരമായ നീക്കമാണിത്. പരസ്യത്തിന്റെ താരിഫ് വര്‍ധന വാര്‍ത്തകളിലെ നിഷ്പക്ഷതയെ ബാധിച്ചുവോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ അത് അപകടകരമാണ്. പത്രങ്ങളുടെ പേര് ഈ ഘട്ടത്തില്‍ പറയുന്നില്ല. തെരഞ്ഞെടുപ്പു കമീഷന് റിപ്പോര്‍ട്ട് നല്‍കിയശേഷം പേര് വെളിപ്പെടുത്തും- അംഗങ്ങള്‍ സൂചിപ്പിച്ചു.

അംഗങ്ങള്‍ പത്രങ്ങളുടെ പേര് സൂചിപ്പിച്ചില്ലെങ്കിലും പ്രസ്തുത ദിനപത്രങ്ങള്‍ മലയാളമനോരമയും മാതൃഭൂമിയുമാണെന്ന് നാരദ ന്യൂസ് തെളിവുകളുള്‍പ്പെടെ പുറത്തുവിട്ടിരുന്നു. ഇൌ പത്രങ്ങളുടെ 2014ലെ സര്‍ക്കുലേഷന്‍, അന്ന് നല്‍കിയ സര്‍ക്കാര്‍ പരസ്യ താരിഫ്, ഇപ്പോഴത്തെ സര്‍ക്കുലേഷന്‍, പരസ്യ താരിഫ് എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ വിശദാംശങ്ങള്‍ ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും റിപ്പോര്‍ട്ട് നല്‍കുമെന്നും അംഗങ്ങള്‍ അറിയിച്ചു.

മാതൃഭൂമിക്കും മനോരമയ്ക്കും സര്‍ക്കാരിന്റെ നന്ദിപ്രകടനം; സര്‍ക്കാര്‍ പരസ്യങ്ങളില്‍ മൂന്നിരട്ടിയിലധികം വര്‍ധനവ്

10.9.2014 തീയ്യതിയില്‍ പിആര്‍ഡി ഇറക്കിയ ഉത്തരവ് പ്രകാരമാണ് നിരക്ക് വര്‍ധനവ് വരുത്തിയിരിക്കുന്നത്. നേരത്തേ, കോളം സെന്റീമീറ്ററിന് മനോരമയ്ക്ക് 1380 രൂപയായിരുന്നെങ്കില്‍ പുതുക്കിയ ചാര്‍ജ് 4288 രൂപയായാണ് വര്‍ധിപ്പിച്ചത്. മാതൃഭൂമിക്ക് പഴയ നിരക്ക് 945 രൂപയായിരുന്നെങ്കില്‍ പുതുക്കിയ ചാര്‍ജ് 2904 ആണ്.

പിആര്‍ഡി പട്ടികയനുസരിച്ച് മനോരമയ്ക്കും മാതൃഭൂമിക്കും ഒപ്പം 'E' ഗ്രൂപ്പില്‍ വരുന്ന ദേശാഭിമാനിക്ക് നിരക്കില്‍ യാതൊരു വര്‍ധനവുമുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നിരക്ക് വര്‍ധനവിനായി മനോരമയും മാതൃഭൂമിയും ഏറെ നാള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കുറച്ചു നാള്‍ മനോരമയില്‍ പിആര്‍ഡി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. കൂടാതെ നേതാക്കളുടെ ചിരിക്കുന്ന മുഖവും മനോരമയില്‍ വന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് മനോരമയ്ക്കും മാതൃഭൂമിക്കും വേണ്ടി മാത്രമായി പ്രത്യേക നിരക്ക് വര്‍ധനവ് സര്‍ക്കാര്‍ വരുത്തിയത്.

prd

സാധാരണയായി എല്ലാ പത്രങ്ങള്‍ക്കും ഒന്നിച്ച് നിലവിലെ നിരക്കില്‍ നിന്നും 10 ശതമാനം വര്‍ധനവാണ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഇവിടെ മൂന്നൂറ് ശതമാനത്തിന്റെ വര്‍ധനവാണ് മാതൃഭൂമിക്കും മനോരമയ്ക്കുമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, മറ്റ് പത്രങ്ങളുടെ നിരക്കില്‍ യാതൊരു മാറ്റവും വരുത്തിയതുമില്ല. ഓരോ ആയിരം പത്രികകള്‍ക്കും ചതുരശ്ര സെന്റീമീറ്ററിന് 55 പൈസ വേണമെന്നായിരുന്നു മനോരമയുടേയും മാതൃഭൂമിയുടേയും ആവശ്യം. ഒടുവില്‍ ചര്‍ച്ചകള്‍ക്ക് ശേഷം അഞ്ച് പൈസ കുറച്ച് 50 പൈസയായി നിശ്ചയിക്കുകയായിരുന്നു.

സര്‍ക്കാര്‍ പിആര്‍ഡി വഴി പരസ്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയില്‍ 72 ശതമാനവും നിലവില്‍ മനോരമയും മാതൃഭൂമിയുമാണ് കൊണ്ടുപോകുന്നത്. മനോരമയിലും മാതൃഭൂമിയിലും വരുന്ന അരപേജ് സര്‍ക്കാര്‍ പരസ്യത്തിനായി ലഭിക്കുന്ന തുക 14,38,400 രൂപയാണ്. മറ്റെല്ലാ പത്രങ്ങള്‍ക്കും കൂടി ചിലവാകുന്നതാകട്ടെ, 567600 രൂപയും. അരപേജ് പരസ്യത്തിനായി മുമ്പ് മനോരമയ്ക്ക് നല്‍കിയിരുന്നത് 2,76,000 ആണെങ്കില്‍ പുതുക്കിയ നിരക്ക് പ്രകാരം 8,57,600 രൂപയാണ്. മാതൃഭൂമിക്കാകട്ടെ, നേരത്തേ 1,89,000 രൂപയാണെങ്കില്‍ പുതുക്കിയ നിരക്ക് 5,80,800 രൂപയായി വര്‍ധിപ്പിച്ചു.

കടക്കെണിയില്‍ സംസ്ഥാന സര്‍ക്കാര്‍ നട്ടംതിരിയുമ്പോഴാണ് സര്‍ക്കുലേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്രങ്ങളെ പ്രീണിപ്പിക്കാനായുള്ള സര്‍ക്കാരിന്റെ കൊള്ള. ധനകാര്യവകുപ്പ് അറിയാതെയും മന്ത്രിസഭയുടെ പരിഗണനയില്ലാതെയുമാണ് സര്‍ക്കാരിന്റെ വഴിവിട്ട സഹായം എന്നാണ് അറിയാന്‍ സഹായിക്കുന്നത്.