വൈദ്യതി വാഗ്ദാനങ്ങളൊന്നും പൂര്‍ത്തിയാകാത്തതിനാല്‍ സംസ്ഥാനം ഇരുട്ടിലേക്ക്; വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും

കഴിഞ്ഞ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തത് 3000 മെഗാവാട്ട് വൈദ്യുതി. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് വാഗ്ദാനം ചെയ്തതിന്റെ പത്തിലൊന്ന് വൈദ്യുതി പോലും കമ്മീഷന്‍ ചെയ്യാനായില്ല.

വൈദ്യതി വാഗ്ദാനങ്ങളൊന്നും പൂര്‍ത്തിയാകാത്തതിനാല്‍ സംസ്ഥാനം ഇരുട്ടിലേക്ക്; വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും

Aryadan

കോഴിക്കോട്: വൈദ്യതി വാഗ്ദാനങ്ങളൊന്നും പൂര്‍ത്തിയാക്കാത്തതു കൊണ്ട് സംസ്ഥാനം ഇരുട്ടിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഏത് സര്‍ക്കാര്‍ വന്നാലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. സംസ്ഥാനത്തെ ചൂടിനൊപ്പം വൈദ്യതി ഉപഭോഗത്തിലും വന്‍ വര്‍ദ്ധനയാണുള്ളത്. ഈ നില തുടര്‍ന്നാല്‍ കടുത്ത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി അധിക്യതര്‍ സര്‍ക്കാറിനോട് വ്യക്തമാക്കിയിട്ടുണ്ട്.


കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്തത് 60.1 മെഗാവാട്ട് വൈദ്യുതി മാത്രം. കഴിഞ്ഞ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തത് 3000 മെഗാവാട്ട് വൈദ്യുതി. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് വാഗ്ദാനം ചെയ്തതിന്റെ പത്തിലൊന്ന് വൈദ്യുതി പോലും കമ്മീഷന്‍ ചെയ്യാനായില്ല. അഞ്ച് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ മാത്രമാണ് അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയത്. തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതികള്‍ ഭൂരിഭാഗവും തുടങ്ങി വെക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. തുടങ്ങിയവ പലതും നിര്‍മ്മാണം നിലച്ചു. ബാക്കി ഇഴഞ്ഞു നീങ്ങുന്ന പദ്ധതികള്‍ നിലക്കുമെന്ന അവസ്ഥയിലാണ്.2867 മെഗാവാട്ടാണ് സംസ്ഥാനത്തിന്റെ സ്ഥാപിത വൈദ്യുത ഉല്‍പ്പാദനശേഷി. ഇത് ഇരട്ടിയാക്കുമെന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് പത്രികയില്‍ യു ഡി എഫ് അവകാശപ്പെട്ടിരുന്നത്.

അഞ്ചു വര്‍ഷത്തിനകം വാഗ്ദാനങ്ങളൊന്നും നടപ്പിലായില്ലെന്ന് മാത്രമല്ല വന്‍ പദ്ധതികള്‍ പലതും പാതിവഴിയില്‍ നിലച്ചിരിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയായ 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. മുക്കാല്‍ ഭാഗത്തോളം പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം കരാറുകാരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് പണി പൂര്‍ണമായും നിലച്ചത്.

40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ പദ്ധതിയും നിലച്ചു. മാങ്കുളം പദ്ധതി ഭൂമിപ്രശ്നത്തില്‍ കുടുങ്ങി കിടക്കുകയാണ്. ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നു.പാമ്പാര്‍ പദ്ധതി കാബിനറ്റ് അംഗീകാരത്തിന്നപ്പുറം ഒന്നും നടന്നിട്ടില്ല. പല പദ്ധതികളും നടത്തിപ്പ് സംബന്ധിച്ച് കരാറുകാരും ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഭൂതത്താന്‍ കെട്ട് (24 മെഗാവാട്ട് ), പൊരിങ്ങല്‍കൂത്ത് ( 24 മെഗാവാട്ട് ) വെള്ളത്തൂവല്‍ ( 3.6 മെഗാവാട്ട്),ചിമ്മിനി ( 2.5 മെഗാവാട്ട്), പെരുന്തേനരുവി (6 മെഗാവാട്ട് ) എന്നിവയാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തിയാക്കിയ പദ്ധതികള്‍.

എന്നാല്‍ കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 172.35 മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ കമ്മീഷന്‍ ചെയ്തു. ഈ കാലയളവില്‍ 52.85 മെഗാവാട്ട് വൈദ്യുതി സ്വകാര്യമേഖലയിലും ഉല്‍പ്പാദനം തുടങ്ങി.500 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഇടത് സര്‍ക്കാറിന്റെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്.

Read More >>