യുഡിഎഫിലെ നാല് മന്ത്രിമാര്‍ക്ക് തോല്‍വി

പി.കെ ജയലക്ഷ്മി, കെ ബാബു, ഷിബു ബേബി ജോണ്‍, കെപി മോഹനന്‍ എന്നിവരാണ് തോറ്റ മന്ത്രിമാര്‍. ഇവരെ കൂടാതെ സ്പീക്കര്‍ എന്‍. ശക്തന്‍ ഇടത് തരംഗത്തില്‍ അടിയറവ് പറഞ്ഞു.

യുഡിഎഫിലെ നാല് മന്ത്രിമാര്‍ക്ക് തോല്‍വി

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റത് കനത്ത തിരിച്ചടി. 47 സീറ്റുകളിലാണ് യുഡിഎഫിന് വിജയിക്കാനായത്. യുഡിഎഫ് മന്ത്രിസഭയിലെ നാല് മന്ത്രിമാരുടെ പരാജയത്തിനും നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷിയായി.

പി.കെ ജയലക്ഷ്മി, കെ ബാബു, ഷിബു ബേബി ജോണ്‍, കെപി മോഹനന്‍ എന്നിവരാണ് തോറ്റ മന്ത്രിമാര്‍. ഇവരെ കൂടാതെ സ്പീക്കര്‍ എന്‍. ശക്തന്‍ ഇടത് തരംഗത്തില്‍ അടിയറവ് പറഞ്ഞു.

ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇടതുപക്ഷത്തിന് അനുകൂലമായത്. 91 സീറ്റാണ് എല്‍ഡിഎഫ് നേടിയത്.


കോണ്‍ഗ്രസ് നേതാക്കളായ കെ. സുധാകരന്‍, പാലോട് രവി, സെല്‍വരാജ്, എ.ടി. ജോര്‍ജ്, ശരത്ചന്ദ്രപ്രസാദ്, ജോസഫ് വാഴയ്ക്കന്‍, ശൂരനാട് രാജശേഖരന്‍, വര്‍ക്കല കഹാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും തോല്‍വിയേറ്റു വാങ്ങി. ഇരു മുന്നണികളിലുമായി ഇരുപത്തഞ്ചോളം സിറ്റിംഗ് എംഎല്‍എമാരാണ് തോറ്റത്.

ബാര്‍ കോഴ അഴിമതിയില്‍ കെ ബാബുവിന് ജനം നല്‍കിയ മറുപടിയാണ് 62,697 വോട്ടുകള്‍ നേടി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സ്വരാജ് നേടിയ വിജയം. 4,467 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്വരാജ് വിജയിച്ചത്.

1991 മുതല്‍ കെ ബാബുവിനെ തുടര്‍ച്ചയായി ജയിപ്പിച്ച മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇവിടെയാണ് ബാബുവിന് അടിപതറിയിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അഴിമതിക്കെതിരായ ജനവികാരം, ഭരണവിരുദ്ധ വികാരം എന്നിവയും ബാബുവിന് തിരിച്ചടിയായി.

നോട്ടയും അപരയുമാണ് ജയലക്ഷ്മിക്ക് തിരിച്ചടിയായത്. പികെ ജയലക്ഷ്മിയുടെ അപര നേടിയത് 1300 വോട്ടുകളാണ്. ആയിരത്തിലധികം വോട്ടുകള്‍ നോട്ടയ്ക്ക് പോയി.

Read More >>