സാമുദായിക രാഷ്ട്രീയത്തിന്റെ വിചിത്ര സമവാക്യങ്ങൾ

സാമൂദായിക സമവാക്യങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള മണ്ണാണ് കേരളത്തിന്റേത്. സാംസ്‌കാരിക നവോത്ഥാനത്തിന്റെ ചരിത്രത്തിൽ എത്രയൊക്കെ ഊറ്റം കൊണ്ടാലും മത, സാമുദായിക സമവാക്യങ്ങൾ കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശക്തവും നിശബ്ദവുമായ ഒരു സാന്നിദ്ധ്യമായിരുന്നു. ഈ സാമൂദായിക സമവാക്യങ്ങളുടെ ഒരു ചരിത്ര, രാഷ്ട്രീയ വായന- വിശാഖ് ശങ്കർ എഴുതുന്നു.

സാമുദായിക രാഷ്ട്രീയത്തിന്റെ വിചിത്ര സമവാക്യങ്ങൾ

വിശാഖ് ശങ്കർ

ഭരണപക്ഷം തോൽക്കുക എന്നത് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകളായി നിലനിന്ന് പോരുന്ന ഒരു പതിവാണ്. അതിന് ഒരു അപവാദമാകുമോ എന്ന് പരക്കെ സംശയിക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഇവിടെ കൗതുകകരമായ ഒരു വസ്തുതയുള്ളത് അഞ്ച് കൊല്ലം കൂടുമ്പോൾ ഭരണമാറ്റം ഉറപ്പ് വരുത്തുന്ന 'ഭരണവിരുദ്ധ' വികാരം ഇക്കുറി ഇല്ലായിരുന്നു എന്നതു കൊണ്ടായിരുന്നില്ല ആ സംശയം എന്നതാണ്. പല വലത് മാദ്ധ്യമങ്ങളും അങ്ങനെ ഒരു പ്രതീതി വരുത്തിത്തീർക്കാൻ ശ്രമിച്ചിരുന്നു എങ്കിലും അതൊന്നും കൊണ്ട് മറയ്ക്കാനാവാത്ത വണ്ണം പ്രത്യക്ഷവും പ്രകടവുമായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അഴിമതിയിൽ മുങ്ങിയ ഭരണചരിത്രം. എങ്കിലും വോട്ടെണ്ണൽ ദിവസം വരെയും ആ സംശയം നിലനിന്നിരുന്നു എന്നത് സത്യവുമാണ്.

എന്താണ് കാരണം

നാം കടന്നുവന്ന സാംസ്‌കാരിക നവോത്ഥാനത്തിന്റെ ചരിത്രത്തിൽ എത്രയൊക്കെ ഊറ്റം കൊണ്ടാലും മത, സാമുദായിക സമവാക്യങ്ങൾ കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശക്തവും നിശബ്ദവുമായ ഒരു സാന്നിദ്ധ്യമായിരുന്നു. ഈ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അത് ക്രമാനുഗതമായി ഒച്ചപ്പെടാൻ തുടങ്ങി. ഉമ്മൻ ചാണ്ടിയുടെ അരുവിക്കര മാതൃകയുടെ വിജയത്തോടെ അതിന് ഏതാണ്ട് അടിവരയിടപ്പെട്ടു. ആ സമവാക്യവും, അതുണ്ടാക്കാവുന്ന അന്തർധാരകളും തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ ഇത്രകണ്ട് അനിശ്ചിതവും ഇഞ്ചോടിഞ്ചുമായി പ്രവചിച്ചതും.

പരമ്പരാഗതമായി യു ഡി എഫിന്റെ വോട്ട് ബാങ്കായി മതന്യൂനപക്ഷങ്ങളും ഹിന്ദു സവർണ്ണ വിഭാഗങ്ങളും, ഇടതിന്റേതായി ഒ ബി സി, ദളിത് വിഭാഗങ്ങളും പരിഗണിച്ച് പോരുന്നു. ഈ പങ്കിടലിലേയ്ക്കാണ് ബിജെപി എന്ന തീവ്രഹിന്ദുത്വസംഘടന കടന്നു വരുന്നത്. 2011ലെ സെൻസസ് പ്രകാരം കേരളത്തിന്റെ മൊത്തം ജനസംഖ്യയിൽ 51%ഓളം ഹിന്ദുക്കളും, 26.5% മുസ്ലീങ്ങളും, 18.5%ഓളം ക്രിസ്ത്യാനികളും മറ്റുള്ളവർ എല്ലാം കൂടി 3%വും വരും. അതായത് യു ഡി എഫിന്റെ വോട്ട് ബാങ്കായ മുസ്ലീം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ തന്നെ 45% വരും. കൂടാതെ 17% സവർണ്ണ വോട്ടുകളും. എൽഡിഎഫിന്റേത് 23% വരുന്ന ഒ ബി സിയും 10% വരുന്ന ദളിതരും 1.25% വരുന്ന ആദിവാസിസമൂഹവും മൊത്തമായി കൂട്ടിയാലും 35% മാത്രമേ വരൂ. ഇത് കേവലമായ കണക്ക്. ഇതിൻപടിയാണെങ്കിൽ ഇവിടെ ഒരു തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിക്കില്ല. അപ്പോൾ പിന്നെ ഇതിലെ സാംഗത്യമെന്താണ്?

kerala politics_bjp_ldf_udf

തരംഗങ്ങൾക്കതീതമായി മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ മുസ്ലീം ലീഗിനും, ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ കേരളാ കോൺഗ്രസ്സിനും കാഴ്ചവെക്കാനാകുന്ന സ്ഥിരതയാർന്ന പ്രകടനമാണ് ഇവിടെ യു ഡി എഫിന്റെ സ്ഥിരനിക്ഷേപം. യഥാർത്ഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 2011ലെ നിയമസഭാതിരഞ്ഞെടുപ്പിലും മുസ്ലീംലീഗും ലയിച്ച് ഒന്നായിത്തീർന്ന (ബാലകൃഷ്ണപിള്ളയുടെത് ഒഴികെയുള്ള) കേരളാകോൺഗ്രസ്സും ചേർന്ന് മത്സരിച്ച് 39ൽ 29ഉം ജയിച്ചു. വൻ ഇടത് തരംഗം ഉണ്ടായിരുന്ന 2006ൽ പോലും അവർ മുസ്ലീംലീഗും വിഘടിച്ച് നിന്ന കേരളാകോൺഗ്രസിലെ മാണി, ജോസഫ് വിഭാഗങ്ങളും ചേർന്ന് പതിനഞ്ച് സീറ്റ് നേടി. 2001ൽ വലത് തരംഗം ഉണ്ടായപ്പോൾ 27 സീറ്റും. അതായത് ശരാശരി പത്തിരുപതില്പരം സീറ്റുകൾ മിനിമം ഈ മേഖലയിൽ, ഈ സംഘടനകളിൽ നിന്ന് ഉറപ്പാക്കാം. ബാക്കി നൂറിൽ അൻപത് നേടിയാൽ ഭരിക്കാം. ഇവിടെ പതിനേഴ് ശതമാനം വരുന്ന സവർണ്ണ വോട്ടുകളും, പിന്നെ ന്യൂനപക്ഷ വോട്ടുകളും അവർക്ക് നിർണ്ണായകമാകുന്നു.

മറിച്ച് ഇടത് പക്ഷത്തിനാണെങ്കിൽ പരമ്പരാഗത വോട്ട് ബാങ്കുകൾ ഒന്നടങ്കം അനുകൂലമായി വോട്ട് ചെയ്താലും 35 ശതമാനമേ വരൂ. പിന്നെയും ഒരു ഏഴെട്ട് ശതമാനത്തിന്റെ വോട്ട് എങ്കിലും ഉറപ്പുവരുത്തിയാലെ വിജയം പ്രതീക്ഷിക്കാനാവു. ഈ പറഞ്ഞതിനർത്ഥം മുസ്ലീം, ക്രിസ്ത്യൻ ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തി നമ്മൾ എത്തിയ 45 ശതമാനത്തിൽ എല്ലാവരും കൊൺഗ്രസ്സിന് വോട്ട് ചെയ്യുമെന്നല്ല. അതുപോലെ ഇടതിന് കണക്ക് കൂട്ടുന്ന 35%ൽ എല്ലാവരും ഇടതർ അല്ല എന്നതും കൂട്ടുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു. രാഷ്ട്രീയം എത്രത്തോളം സാമുദായികമാകുന്നോ അത്രത്തോളം ഇടത് സാദ്ധ്യതകൾ കുറയുന്നു. അതായത് ഒബിസി, ദളിത് വോട്ടുകളുടെ കേന്ദ്രീകരണം നടന്നാൽ കൂടി മതേതര, സാമുദായികേതര ലിബറൽ വോട്ട് വച്ചേ ഇടതുപക്ഷത്തിന് വിജയിക്കാനാവു. അങ്ങനെയിരിക്കെയാണ് ബി ഡി ജെ എസ്സിന്റെ വരവ്. അത് പരമ്പരാഗത ഇടത് വോട്ട് ബാങ്കിൽ വിള്ളൽ വരുത്തിയേക്കാം എന്ന സാദ്ധ്യതയും, ഒരുതരം അപ്രഖ്യാപിത ബിജെപി കോൺഗ്രസ്സ് അടവ് സഖ്യം എന്ന സാദ്ധ്യതയും ചേരുന്നതോടെ ഭരണ വിരുദ്ധ വികാരത്തിനും അപ്പുറം മറ്റ് ചില സാമുദായിക അടിയൊഴുക്കുകളാവുമോ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന സംശയം പ്രബലമായി. അത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കിയതും.

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടിയാണ് സി പി എം എന്ന നിരീക്ഷണം സാങ്കേതികമായെങ്കിലും ശരിയാണ് എന്ന് മേൽപറഞ്ഞ കണക്കുകൾ തെളിയിക്കുന്നു. വിജയിക്കണമെങ്കിൽ മതേതര വോട്ടുകൾ വേണമെങ്കിലും പരമ്പരാഗതമായി ഇടത് പക്ഷത്തിന് ഒപ്പം നിൽക്കുന്നവർ സമുദായം എന്ന നിലയിൽ ഹിന്ദു ഒ ബി സി, ദളിത് വിഭാഗങ്ങൾ ആണ്. ആ കണക്കനുസരിച്ച് ആണെങ്കിൽ കേരളത്തിലെ ഹിന്ദു സമുദായത്തിൽ ഏതാണ്ട് 70%വും സി പി എമ്മിനെ പിന്തുണയ്ക്കുന്നു.

ഇത്തരം ഒരു രാഷ്ട്രീയ പരിസരത്തേക്കാണ് ബിജെപിയ്ക്ക് കടന്ന് കയറുവാനുള്ളത്. അഖിലേന്ത്യാ തലത്തിൽ അവരുടെ പ്രത്യയശാസ്ത്രം ഹിന്ദുത്വമാണെന്നിരിക്കെ കേരളത്തിൽ മാത്രമായി അവർക്കത് ഉപേക്ഷിക്കാനാവില്ല. കേരളത്തിലെ ജനസംഖ്യയിൽ 51% വരുന്ന ഹിന്ദുക്കളിൽ 34%ഓളം തത്വത്തിലെങ്കിലും ഇടത് പക്ഷത്താണ് താനും. അപ്പോൾ കോൺഗ്രസ്സ് മുക്ത ഭാരതം എന്ന മുദ്രാവാക്യമൊക്കെ നിലനിൽക്കുമ്പൊഴും ഇവിടെ അവരുടെ മുഖ്യപ്രതിയോഗി കോൺഗ്രസ്സല്ല, ഇടതുപക്ഷമാണ്. അതുകൊണ്ടുതന്നെ ഇടതിനെ ദുർബലപ്പെടുത്തുക എന്ന ദീർഘകാലലക്ഷ്യം വച്ച് കോൺഗ്രസ്സുമായി ചില അടവ് സഖ്യങ്ങൾ അവർക്ക് നിഷിദ്ധമാകുന്നില്ല താനും.

ldf_

ഈ 34% മാത്രം വരുന്ന ഇടത് വോട്ട് ബാങ്കിലേക്കാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ നമ്പൂതിരി മുതൽ നായാടി വരെ ഉൾക്കൊള്ളുന്നത് എന്ന് ഭാവിക്കുന്ന ഒരു സംഘടന കടന്നു വരുന്നത്. അത് കമ്യൂണിസ്റ്റ് പാർട്ടികളുടെ പരമ്പരാഗത വോട്ടിൽ സിംഹഭാഗവും, മൊത്തം ജനസംഖ്യയിൽ 23%വും വരുന്ന ഒരു പ്രബലവിഭാഗത്തിൽ വിള്ളൽ വരുത്തിയാൽ? പുതിയ നൂറ്റാണ്ടിന്റെ അക്കാദമിക്ക് സൈദ്ധാന്തിക ലോകത്തിൽ ഏറ്റവും 'സാദ്ധ്യത'യുള്ള ഒന്നായി മാറിയ സ്വത്വരാഷ്ട്രീയത്തിന്റെ പ്രതിനിധാനങ്ങളിൽ ദളിത് സമൂഹങ്ങളുടെ മുന്നേറുവാനുള്ള ശ്രമങ്ങൾക്കുള്ള ഏകവെല്ലുവിളിയായി ഇടത് രാഷ്ട്രീയത്തെ അടയാളപ്പെടുത്താനുള്ള പതിറ്റാണ്ടുകൾ നീണ്ട ശ്രമം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലം കൂടി പരിഗണിക്കുമ്പോൾ കഥയാകെ മാറി.

ഇത്തരത്തിൽ ഒരു വിശകലനത്തിന്റെ സാദ്ധ്യതകളാണ് വോട്ടെണ്ണുന്ന ദിവസം വരേക്കും ഈ തിരഞ്ഞെടുപ്പ് ഫലം അപ്രവചനീയമാക്കി നിലനിർത്തിയത്. വോട്ടെണ്ണലോടെ ഈ സമവാക്യങ്ങൾ ഒക്കെയും ഇടതുപക്ഷത്തിന് പ്രതികൂലമായി വരും എന്ന പ്രവചനം തെറ്റി. പക്ഷേ അതുകൊണ്ട് കേരളം മത സമുദായേതരമായ ഒരു വിശാല ജനാധിപത്യത്തിന്റെ വീക്ഷണകോണിലേക്ക് പരിവർത്തിക്കപ്പെട്ടു എന്നൊക്കെയുള്ള നിഗമനങ്ങളിലേക്ക് എത്തിച്ചേരാനാകുമോ എന്നതാണ് ചോദ്യം.

ആശങ്കകളിലെ പ്രത്യക്ഷ വൈരുദ്ധ്യം

ഇതുവരെ പറഞ്ഞുവന്നത് വച്ച് നോക്കിയാൽ കേരളത്തിലെ മതേതര ലിബറൽ വോട്ടുകൾ അഴിമതിയിൽ മുങ്ങിയ ഒരു സർക്കാരിനെതിരെ പ്രതികരിക്കുക എന്ന രാഷ്ട്രീയ ദൗത്യം ഏറ്റെടുത്തു എന്ന് വേണം മനസിലാക്കാൻ. ഒപ്പം ഉമ്മൻ ചാണ്ടി അരുവിക്കരയിൽ പയറ്റിയ ധൈര്യത്തിൽ അസംബ്ലി തിരഞ്ഞെടുപ്പിലും അലക്കിയ മത, സാമുദായിക വികേന്ദ്രീകരണ തന്ത്രം തകർന്നു എന്നും. പക്ഷേ അതാണോ വസ്തുത? അഴിമതിയാരോപണ വിധേയരായ മന്ത്രിമാരിൽ ആകെ കെ.ബാബു മാത്രമാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. 'കളങ്കി'തരായ മന്ത്രിമാരിൽ മാണിയും അടൂർ പ്രകാശും ഇബ്രാഹിം കുഞ്ഞും അനൂപ് ജേക്കബും മുതൽ സാക്ഷാൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വരെ വിജയിച്ച തിരഞ്ഞെടുപ്പിൽ ഇതിലെങ്ങും ഇല്ലാത്ത പന്തളം സുധാകരനെയും ജോസഫ് വാഴയ്ക്കനെയും പോലെയുള്ളവരാണ് പ്രതിച്ഛായാനഷ്ടത്തിന്റെ വില കൊടുത്തത്. മുസ്ലീം, ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ നിന്ന് ഇക്കുറിയും ഒരു വോട്ട് ചോർച്ച സംഭവിച്ചിട്ടില്ല. ആകെയുള്ള 47ൽ 25ഉം നേടി യു ഡി ഫിന്റെ നട്ടെല്ലാകുന്നത് ഇക്കുറിയും അവർ തന്നെ. പിന്നെ എന്താണീ ഉമ്മൻ ചാണ്ടി ആവർത്തിക്കുന്ന 'അപ്രതീക്ഷിത പരാജയ'ത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തി സ്രോതസ്സ്?

അഴിമതിയല്ലെങ്കിൽ പിന്നെ എന്ത്? ഉപജാപങ്ങളുടെ തമ്പുരാനായ സാക്ഷാൽ ചാണ്ടിയെ വെല്ലും വിധം ഇടത് പക്ഷം എന്തെങ്കിലും തന്ത്രം ഇറക്കി ഉണ്ടാക്കിയതാണ് ഈ വിജയമെന്ന് ഒരു വലത് തിരഞ്ഞെടുപ്പ് വിദഗ്ധനും പറയുമെന്ന് തോന്നുന്നില്ല. കാരണം അങ്ങനെ ഒരു സന്ദേഹം ഉണ്ടായിരുന്നുവെങ്കിൽ അതവർ ഇലക്ഷൻ പ്രഖ്യാപനവും തിരഞ്ഞെടുപ്പും തമ്മിലുള്ള ദീർഘമായ കാലാന്തരത്തിൽ എവിടെയെങ്കിലും വച്ച് ശക്തമായി പ്രകടിപ്പിക്കുമായിരുന്നു. ഇത് വലത് നിരീക്ഷകർക്ക് ഉറപ്പും, യഥാർത്ഥ ഇടതിന് വലത്തേക്ക് ചായുന്ന സംശയവും, അതുകൊണ്ട് തന്നെ ഇടതിന്റെ ആത്മവിശ്വാസം 'വെറും' ആത്മവിശ്വാസവുമായി പ്രതിഫലിച്ച തിരഞ്ഞെടുപ്പ് തന്നെയായിരുന്നു.

bjp_1

അത്തരം ഒന്നിന്റെ അന്ത്യം കുറിച്ചുകൊണ്ടാണ് 91-47-1-1 എന്ന നിലയിൽ ഒരു തരംഗം തന്നെ സൂചിപ്പിക്കുന്ന ഈ തിരഞ്ഞെടുപ്പ് ഫലം. അപ്പോൾ ബി ഡി ജെ എസ് ഇടത് വോട്ട് ബാങ്കുകളിൽ നിർണ്ണായകമായ കവർച്ചകൾ നടത്തുമെന്നും, സ്വത്വരാഷ്ട്രീയം ഉണ്ടാക്കിയ സൈബർ സൈദ്ധാന്തിക തരംഗത്തിൽ ദളിത് പക്ഷം ഇടതിനെ പാടെ കൈവിടുമെന്നും, ആദിവാസി മേഖലയിൽ ബദൽ മുന്നേറ്റങ്ങൾ നടക്കും എന്നുമൊക്കെയുള്ള കണക്ക് കൂട്ടലുകൾ തകർക്കുന്നതല്ലേ ഈ തിരഞ്ഞെടുപ്പ് ഫലം? ആ നിലയ്ക്ക് ഈ ഫലത്തിന് ശേഷവും ആശങ്കപ്പെടുന്നതിൽ വൈരുദ്ധ്യമില്ലേ?

ഒറ്റനോട്ടത്തിൽ അങ്ങനെ തോന്നാം. പക്ഷേ ഇതിലേക്ക് പിന്നെയും പല വീക്ഷണ കോണുകൾ സാദ്ധ്യമാണ്. അവയിൽ നിറയെ ആശങ്കകളാണ് എന്നതാണ് പ്രശ്‌നം.

നേർകണക്കുകൾ തെറ്റുമ്പോൾ

നവോത്ഥാന കേരളത്തിന്റെ മതേതര ലിബറൽ ജനാധിപത്യ പാരമ്പര്യത്തിന്റെ വിജയമായി ഈ വിജയത്തെ കാണുവാനാണ് എനിക്കും ഇഷ്ടം. പക്ഷേ വസ്തുതാപരമായി അങ്ങനെ ആയിരിക്കുവാൻ ആഗ്രഹം മാത്രം പോരല്ലോ. സാമുദായിക രാഷ്ട്രീയത്തിന് മേൽ മതേതര ജനാധിപത്യം നേടിയ ഒരു വിജയം തന്നെ ആയിരുന്നോ ഇത്? അങ്ങനെയെങ്കിൽ ആശങ്കപ്പെടാൻ ഒന്നുമില്ല എന്നതും വ്യക്തം. പക്ഷേ അങ്ങനെ അല്ല എന്ന് തെളിയിക്കുന്ന കണക്കുകളും വസ്തുതകളും ട്രെൻഡുകളും ഉണ്ടായിരുന്നു എന്നതാണ് സത്യം.

2011ൽ നടന്ന തിരഞ്ഞെടുപ്പിൽ കേവലം 6% ആയിരുന്ന ബിജെപിയുടെ വോട്ട് വിഹിതമാണ് ഇക്കുറി സഖ്യം വഴി 15% ആയിരിക്കുന്നത്. ഇവിടെ ഫെയ്‌സ് ബുക്കിൽ ടി സി രാജേഷ് സിന്ധു പങ്കുവയ്ക്കുന്ന ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളും കണക്കുകളും ഉണ്ട്. അത് പുതിയ വോട്ടർമാരെക്കുറിച്ചുള്ളതാണ്. അതായത് 2011ൽ 1,73,87,651 പേർ വോട്ട് ചെയ്തപ്പോൾ ഇക്കുറി അത് 2,01,25,321. അഥവാ 27,37,570 പേർ പുതിയതായി വോട്ട് ചെയ്തു. ബിജെപിയുടെ വോട്ട് 19,67,055 കൂടുകയും ചെയ്തു. ആ നിലയ്ക്ക് 'വോട്ടു വർധിച്ചതിന്റെ ഗുണഫലത്തിൽ മൂന്നിൽ രണ്ടും കേവലം 6% വോട്ടു മാത്രം നേടിയിരുന്ന കക്ഷിയുടെ പെട്ടിയിലേക്കു പോയി എന്നാണ് അർഥം. ബാക്കി മൂന്നിലൊന്നിന്റെ ഗുണം മാത്രമാണ് കേരളത്തിലെ ഏറ്റവും പ്രബലമായ രണ്ടു മുന്നണികൾക്കുമായി ലഭിക്കുന്നത്.' എന്ന് രാജേഷ് നിരീക്ഷിക്കുന്നു. ഒപ്പം 'കന്നി വോട്ടർമാരിൽ നല്ലൊരു ശതമാനവും ബിജെപി മുന്നണിക്ക് അനുകൂലമായി ചിന്തിക്കുന്നുണ്ടെന്നതാണ് വസ്തുത' എന്നും. മറ്റുചില കണക്കുകൾ കൂടി ലഭ്യമാകാതെ പുതു വോട്ടർമാർ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്നു എന്ന് ഉറപ്പിക്കാനാവില്ലെങ്കിലും രാജേഷിന്റെ ആശങ്ക തള്ളിക്കളയാനാവുന്ന ഒന്നല്ല. പ്രത്യേകിച്ചും തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന പല അഭിപ്രായ സർവേകളും ഒരുപോലെ മുപ്പത് വയസ്സിന് താഴെയുള്ളവരിൽ ഭൂരിപക്ഷവും ബി ജെ പി (എൻ ഡി എ) അനുകൂലമായി ചിന്തിക്കുന്നു എന്ന് കണ്ടെത്തിയിരുന്ന പശ്ചാത്തലത്തിൽ.

തീർച്ചയായും വോട്ടിങ്ങ് ശതമാനത്തിൽ വന്ന വർദ്ധന ഈ കണക്കുകളെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായി സമ്മതിദാനാവകാശം ഉപയോഗിച്ച വോട്ടർമാർ വഴി തന്നെയാണോ ഈ വർദ്ധനവ് എന്നത് വ്യക്തവുമല്ല. ഒപ്പം കഴിഞ്ഞ വർഷം വോട്ട് ചെയ്യാതെ ഇക്കുറി അത് ചെയ്തവരുടെ എണ്ണം എന്ന സാദ്ധ്യത. പുതു വോട്ടർമാരിൽ മൂന്നിൽ രണ്ട് ബിജെപിയ്ക്ക് ചെയ്തു എന്ന് അവർക്ക് ഉണ്ടായ വോട്ട് വർദ്ധന വച്ച് മാത്രം കണക്കാക്കാൻ ആകുമോ എന്നതിൽ സംശയിക്കേണ്ടതുള്ളത് ഇതുകൊണ്ടാണ്. എങ്കിലും 'വോട്ടു വർധിച്ചതിന്റെ ഗുണഫലത്തിൽ മൂന്നിൽ രണ്ടും കേവലം 6% വോട്ടു മാത്രം നേടിയിരുന്ന കക്ഷിയുടെ പെട്ടിയിലേക്കു പോയി' എന്നത് അത് പുതു വോട്ടർമാർ വഴിയാണോ എന്ന സംശയം ഉള്ളപ്പോഴും നിലനിൽക്കുന്നുണ്ട് താനും.

ഇഞ്ചോടിഞ്ച് പോരാട്ടം 91-47 ആയത്

അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും എന്നൊരു പ്രതീതി യു ഡി എഫും മാദ്ധ്യമങ്ങളും ചേർന്ന് സൃഷ്ടിച്ച ഒരു തിരഞ്ഞെടുപ്പാണ് 91-47-1-1 എന്ന നിലയ്ക്ക് അവസാനിച്ചത്. എന്നാൽ അത്തരം ഹൈപ്പൊന്നും ഇല്ലെങ്കിലും യഥാർത്ഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത് 2011ലായിരുന്നു. അന്ന് 46% വോട്ട് കിട്ടിയ യു ഡി എഫ് 70 സീറ്റ് നേടി എങ്കിൽ ഇന്ന് അവർക്ക് 47 സീറ്റ് മാത്രമാണ് ലഭിച്ചത്. അന്ന് 45% നേടിയ എൽ ഡി എഫിന് 68 സീറ്റ് കിട്ടിയെങ്കിൽ ഇന്നത് 91 ആയിരിക്കുന്നു. ഇതിനിടയിലാണ് ബിജെപി വോട്ട് വിഹിതം ഏതാണ്ട് മൂന്നിരട്ടി കൂടിയതും. ഇതിനെ കൃത്യമായ ഡാറ്റയൊന്നും ലഭ്യമല്ലെങ്കിലും പൊതുവായ ചില നിരീക്ഷണങ്ങളോട് ഒത്ത് വായിച്ചാൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് ആഭിമുഖ്യം പുലർത്തുമ്പോഴും ഒരു പ്രായോഗിക തീരുമാനം എന്ന നിലയിൽ കോണ്ഗ്രസ്സിന്റെ മൃദുഹിന്ദുത്വ മുതലാളിത്ത നയങ്ങൾക്ക് വോട്ട് ചെയ്തിരുന്ന സവർണ്ണ, 'നവക്ഷത്രിയ',യാഥാസ്ഥിതിക മദ്ധ്യവർഗ്ഗത്തിലെ നല്ലൊരു ശതമാനം കേന്ദ്രത്തിൽ വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ ഇരിക്കുന്ന മോഡി സർക്കാരിൽ നിന്നും ആവേശം ഉൾക്കൊണ്ട് ഇക്കുറി നേരിട്ട് ബിജെപിയ്ക്ക് തന്നെ വോട്ട് ചെയ്തു എന്ന് തോന്നുന്നു.

ഇതിന് സമാന്തരമായി മുസ്ലീം, ക്രിസ്ത്യൻ ആധിപത്യ മേഖലകൾക്ക് പുറത്തുള്ള മുസ്ലീം, ക്രിസ്ത്യൻ സമൂഹങ്ങളിൽ എൻഡിഎ നടത്തിയ പ്രചണ്ഡപ്രചാരണങ്ങളും അതുളവാക്കുന്ന ഭീഷണികളോട് പോലും കോണ്ഗ്രസ്സ് പുലർത്തിയ മുട്ടനാട്, കുറുക്കൻ തന്ത്രവും ഉണ്ടാക്കിയ അരക്ഷിതത്വബോധം ആ വോട്ടുകളുടെ ഇടത് കേന്ദ്രീകരണത്തിന് കാരണമായിത്തീരുകയും ചെയ്തിരിക്കാം. അതാവാം ഈ കളിയൊക്കെ കളിച്ചിട്ടും കോൺഗ്രസ്സിന്റെ ദയനീയ പതനത്തിൽ കലാശിച്ചത്.

എന്തായാലും ഒരു കാര്യം വ്യക്തം. കേരളത്തിലും ബിജെപി വളരുക തന്നെയാണ്. ഈ തിരഞ്ഞെടുപ്പിൽ 2011നെ അപേക്ഷിച്ച് യു ഡി എഫിന് ഏഴ് ശതമാനത്തോളം വോട്ട് ചോർച്ചയുണ്ടായി (38.86%) എന്നത് സ്വാഭാവികമായി തോന്നാം . എന്നാൽ വൻഭൂരിപക്ഷം നേടിയ ഇടതുപക്ഷത്തിനും ഒന്നര ശതമാനത്തിലധികം വോട്ട് നഷ്ടമാവുകയാണ് ചെയ്തതെന്ന് (43.31%) കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു സീറ്റ് മാത്രം നേടിയ ബി ജെ പി മാത്രമാണ് ഇക്കുറി വോട്ട് ശതമാനം വർദ്ധിപ്പിച്ചത്. അവർ ഒൻപത് ശതമാനത്തോളം വോട്ട് അധികം നേടി.

ചില പ്രാദേശിക അപവാദങ്ങൾ

ബി ജെ പിയുടെ വോട്ട് വർദ്ധനയ്ക്ക് കാരണം മേല്പറഞ്ഞപോലെ കോണ്ഗ്രസ്സിന്റെ മൃദു ഹിന്ദുത്വ മുതലാളിത്ത നയങ്ങൾക്ക് വോട്ട് ചെയ്തിരുന്ന സവർണ്ണ മദ്ധ്യവർഗ്ഗം ഇക്കുറി ബിജെപി സഖ്യത്തിന് വോട്ടുചെയ്തതാണ് എന്ന നിരീക്ഷണം എന്നാൽ എല്ലായിടത്തും ശരിയാവണമെന്നും ഇല്ല. ഉദാഹരണത്തിന് ബി ജെ പി, ബി ഡി ജെ എസ് സഖ്യം എംഎൽ എമാരെ വിരിയിക്കും എന്ന് പറയപ്പെട്ടതിൽ ഒരുപാട് വാതു വയ്ക്കപ്പെട്ടതൊന്നുമല്ല ഒരു പതിറ്റാണ്ടായി എൽ ഡി എഫ് പ്രതിനിധീകരിക്കുന്ന ചത്തന്നൂർ അസംബ്ലി നിയോജക മണ്ഡലം. 2001ൽ അത് യു ഡി എഫിനൊപ്പം ആയിരുന്നു. ഇക്കുറിയും വലത്, അല്ലെങ്കിൽ ഇടത് എന്നതിൽ മാറ്റമൊന്നും സംഭവിച്ചില്ല. സി പി ഐയുടെ ജയലാൽ ഭൂരിപക്ഷം മെച്ചപ്പെടുത്തി വിജയിച്ചു. പക്ഷേ അവിടെ രണ്ടാമത് എത്തിയത് ബി ജെ പി ആണ്.

ഇവിടെ മത്സരിച്ചത് ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു എങ്കിലും അദ്ദേഹം ഈഴവ സമുദായത്തിൽ പെട്ട ആളായിരുന്നു. ഈഴവ സമുദായത്തിന് നിർണ്ണായക ശക്തിയുള്ള ഇവിടെ ബി ഡി ജെ എസ്, ബി ജെ പി സഖ്യം ചിട്ടയായി പ്രവർത്തിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ അവർ ഏറെ മുമ്പിലായി. ശക്തമായ ത്രികോണ മത്സരത്തിൽ യു ഡി എഫ് മൂന്നാമതായതോടെ ഒരുപക്ഷേ ബി ജെ പി വിജയിച്ചേക്കാം എന്ന അവസ്ഥയായി. അതോടെ പരമ്പരാഗതമായി കോൺഗ്രസ്സിന് വോട്ട് ചെയ്തുപോരുന്ന ക്രിസ്ത്യൻ സമുദായം ബി ജെ പിയെ തോൽപിക്കുക എന്ന ലക്ഷ്യം വച്ച് ഇടത് പക്ഷത്തിന് വോട്ട് ചെയ്യുവാൻ തീരുമാനിച്ചു എന്ന് അവിടത്തുകാർ നിരീക്ഷിക്കുന്നു. പക്ഷേ അപ്പോഴും അത് ജയലാലിന് നഷ്ടമായ ഈഴവ വോട്ടുകൾക്ക് പകരമായിരിക്കാം എന്നല്ലാതെ ഇക്കുറി അദ്ദേഹം നേടിയ വൻഭൂരിപക്ഷത്തെ പ്രതിഫലിപ്പിക്കുന്നില്ല.

ഇത്തരത്തിൽ ബിജെപി സഖ്യം ജയിക്കുമോ എന്ന ആശങ്കയാലും, അതിനെ ചെറുക്കുന്നതിൽ കോൺഗ്രസ്സ് നടത്തിയ അലംഭാവത്തിൽ പ്രതിഷേധിച്ചും കൃസ്ത്യൻ, മുസ്ലീം ഭൂരിപക്ഷ മേഖലയ്ക്ക് പുറത്തുള്ള ന്യൂനപക്ഷങ്ങളുടെ വോട്ട് ഇടത് പക്ഷത്ത് കേന്ദ്രീകരിച്ചു എന്നത് യുക്തിസഹമായ ഒരു നിരീക്ഷണമാണ്. പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12,589 ആയിരുന്ന ജയലാലിന്റെ ഭൂരിപക്ഷം ഇക്കുറി പരമ്പരാഗത വോട്ടുബാങ്കിൽ ചോർച്ച സംഭവിച്ചിട്ടും 34406 ആയി വർദ്ധിച്ചു. അതായത് ഏതാണ്ട്21,000 വോട്ടിന്റെ വർദ്ധന. എന്നാൽ ലഭിച്ച വോട്ടിൽ ഉണ്ടായ വർദ്ധനവ് എതാണ്ട് അതിന്റെ മൂന്നിലൊന്ന്, 7419 മാത്രവും. 2011ൽ 3839 വോട്ട് മാത്രം ലഭിച്ച ബിജെപിയ്ക്ക് ഇക്കുറി 29360 വോട്ട് അധികം (33199) ലഭിച്ചു, അതായത് ഇവിടെ ബി ഡി ജെ എസ് ഘടകം കാര്യമായി പ്രവർത്തിച്ചു എന്ന്. എന്നിട്ടും ജയലാലിന്റെ ഭൂരിപക്ഷം കൂടിയെങ്കിൽ അത് ന്യൂനപക്ഷ വോട്ട് കൂടാതെ സവർണ്ണ ഹിന്ദു വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ കൂടി സംഭവിച്ചതല്ലേ?

ബി ഡി ജെ എസ്, ബി ജെ പി സഖ്യം

ഇവിടെ ചാത്തന്നൂരിൽ സംഭവിച്ചത് ലളിതമായി വിശദീകരിക്കാം. അത് ബി ജെ പി ടിക്കറ്റിലായാൽ പോലും ഒരു ഈഴവൻ ജയിച്ചുവരുന്നത് ബി ജെ പി, കോൺഗ്രസ്സ് ചായ് വുള്ള നായർ വോട്ടർമാരിൽ നല്ലൊരു വിഭാഗത്തിന് സഹിക്കില്ല എന്നതാണ്. അവർ കമ്യൂണിസ്റ്റ് വിരോധം മാറ്റിവച്ച് ഇക്കുറി ഗോപാലകൃഷ്ണപിള്ളയുടെയും സതിഭായി അമ്മയുടെയും മകനായ ജയലാലിന് വോട്ട് ചെയ്തു. അങ്ങനെ പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ വീണിട്ട് പോലും ഇടത് പക്ഷ സ്ഥാനാർത്ഥിയ്ക്ക് ഇവിടെ ഭൂരിപക്ഷം കൂടി.

bdjs_vellappally

ഇതിൽ നിന്ന് മനസിലാകുന്നത് ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടുന്നത് ബി ജെ പി, ബി ഡി ജെ എസ് സഖ്യമുണ്ടാക്കിയ, ആ സഖ്യത്തിനോട് കോൺഗ്രസ്സ് എടുത്ത നിലപാടുണ്ടാക്കിയ ഇലക്ടറൽ പ്രതിപ്രവർത്തനങ്ങളാണ്. കേരളത്തിൽ എത്തുമ്പോൾ എൻ ഡി എ നേരിടുന്ന എറ്റവും വലിയ പ്രശ്‌നം മറ്റെല്ലായിടത്തും അവർ ഫലപ്രദമായി മാനിപ്പുലേറ്റ് ചെയ്ത ജാതി തന്നെയാണ്. വൻപ്രതീക്ഷയോടെ അവർ ഇറക്കിയ സാമുദായിക രാഷ്ട്രീയത്തിന്റെ 'തുറുപ്പ്' കാർഡ് പല ഇടങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായി അവർക്ക് വിനയായി!

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഹിന്ദുക്കൾ കേരളത്തിൽ ഒരു വലിയ ഭൂരിപക്ഷം അല്ല. മുസ്ലീം, ക്രിസ്ത്യൻ, മറ്റ് മതന്യൂനപക്ഷങ്ങൾ എല്ലാം ചേർന്ന് മൊത്തം ജനസംഖ്യയിൽ 48% വരുന്നു. ഇതിൽ ആദ്യ രണ്ട് വിഭാഗങ്ങൾക്ക് പാർലമെന്ററി രാഷ്ട്രീയത്തിൽ നിർണ്ണായകമായ പ്രാതിനിധ്യബലം ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട് ഈ ഡെമോഗ്രഫി. ബാക്കിയുള്ള 52ൽ യഥാക്രമം 23ഉം 16ഉം 10ഉം ശതമാനം ഈഴവ, നായർ, ദളിത് സമുദായങ്ങളാണ്. ഈ സമുദായങ്ങൾക്കിടയിലാകട്ടെ ജാതിപ്രശ്‌നം നിശബ്ദമെങ്കിലും സജീവവുമാണ്. അവർ തമ്മിലൊരു സാമുദായിക ലഹളയൊന്നും അടുത്ത കാലത്ത് നടന്നിട്ടില്ല. പക്ഷേ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തിന് പോലും അവരെ ഒരുമിച്ച് അണിനിരത്താനാവില്ല എന്ന സത്യം കൂടി ഈ തിരഞ്ഞെടുപ്പ് ഫലം പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയം ഇവിടത്തെ പാർലമെന്ററി രാഷ്ട്രീയത്തിൽ അത്ര എളുപ്പം പുഷ്പിക്കില്ല. കാരണം കേരളം മതേതര, സമുദായേതര ജനാധിപത്യമൂല്യങ്ങളിലേക്ക് പൊടുന്നനെ ഉയർന്നതല്ല, ബി ജെ പിക്ക് കേരളത്തെ മാത്രം കണ്ടുകൊണ്ട് സവർണ്ണ ഹിന്ദുത്വം വിട്ട് ഒ ബി സി, ദളിത് സാമുദായിക രാഷ്ട്രീയം ഇറക്കി കളിക്കാൻ കഴിയില്ല എന്നതാണ്. അത്തരം ശ്രമങ്ങൾ അഖിലേന്ത്യാ രാഷ്ട്രീയത്തിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ അവർ ഭയക്കുന്നു എന്നതിനാലാണ്.

പൊള്ളയായ ശുഭാപ്തിവിശ്വാസങ്ങൾ

ഒന്നാം യു പി എ സർക്കാരിന് തുടർച്ച ഉണ്ടായപ്പോൾ പലരും അത് ഇന്ത്യൻ ജനതയുടെ ജനാധിപത്യപരമായ ജാഗ്രതയ്ക്ക് നിദാനമായാണ് എണ്ണിയത്. അടുത്ത തിരഞ്ഞെടുപ്പിലോ? ഓരോ തിരഞ്ഞെടുപ്പിലും ജയിക്കുന്ന കക്ഷികൾ ജനത്തിന്റെ ജനാധിപത്യപരമായ ഉൾകാഴ്ചയുടെയും ജാഗ്രതയുടെയും വിജയമായി വ്യാഖ്യാനിക്കുകയാണ് കേരളത്തിലും പതിവ്. ഇത്തരം വസ്തുതാവിരുദ്ധമായ ശുഭാപ്തിവിശ്വാസങ്ങളിലൂടെ നിയതമായൊരു മുഖമോ സ്വത്വമോ ഇല്ലാത്ത പൊതുജനത്തെ വാഴ്ത്തിയും, അവരെ കാവലാളായി ആഘോഷിച്ചുമാണ് നമ്മുടെ രാഷ്ട്രീയമണ്ഡലമെന്നല്ല, സാംസ്‌കാരികമണ്ഡലമാകെ നിലനിൽക്കുന്നത്. സിവിൽ സമൂഹം മുതൽ മൾടിറ്റിയൂഡ് വരെയുള്ള ഉത്തരാധുനിക സൈദ്ധാന്തിക ആഘോഷങ്ങളിൽ ഒക്കെയും അവർ സൗകര്യപൂർവ്വം ഉപേക്ഷിക്കുന്ന നിരവധി വൈരുദ്ധ്യങ്ങളുണ്ട്. അവയെ അഭിസംബോധന ചെയ്യുക എന്ന അപകടകരമായ ബാദ്ധ്യത രാഷ്ട്രീയ സംഘടനകളുടെ ചുമലിൽ കെട്ടിവച്ച് വിശ്രമിക്കുന്ന ബുദ്ധിജീവികളാണ് ഒരുപക്ഷേ നമ്മുടെ ജനാധിപത്യ സമൂഹത്തിൽ സാദ്ധ്യമായ ഏറ്റവും വലിയ അശ്ലീലം.

പൊതുബോധത്തിന് സുഖകരമായ വ്യാഖ്യാനങ്ങൾ മാത്രം നടത്തി ജീവിക്കുന്ന ഒരു വിഭാഗവും, കേവലനിഷേധം നൽകുന്ന കാൽപനിക വിപ്ലവസാദ്ധ്യതകളിൽ വെറുതെ അഭിരമിക്കുന്ന മറ്റൊരു വിഭാഗവും ചേർന്ന് ജനാധിപത്യം പോലെ അടിമുടി ഭൗതികവും പ്രായോഗികവും ചരിത്രബന്ധിയായ തിരുത്തലുകൾ ആവശ്യപ്പെടുന്നതുമായ ഒരു വ്യവസ്ഥയെ എങ്ങും എത്തിക്കില്ല എന്ന് ഉറപ്പാണ്. ബദലുകൾ വേണ്ടിയിരിക്കുന്നു. പക്ഷേ അതിന് ഒരു ബദൽ സംഘടനയോ, സിദ്ധാന്തമോ തട്ടിക്കൂട്ടി അറിവ് ആപേക്ഷികമാണെന്ന് പറഞ്ഞ് അതിനെ പ്രതിരോധിച്ചാൽ പോര. ബദൽ വേണ്ടത് പൊതുബോധത്തിനാണ്. അതിന് പര്യാപ്തമായ രാഷ്ട്രീയ, സാംസ്‌കാരിക ഇടപെടലുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ഫലവും സൂചിപ്പിക്കുന്നത്; അല്ലാതെ ഇതോടെ എല്ലാം ശരിയായെന്ന് അല്ല. വേണ്ടത് കേവല ശുഭാപ്തിവിശ്വാസമല്ല, മൂല്യബന്ധിയായ അവധാനതയാണ്. അതുണ്ടായാൽ എല്ലാം ശരിയാവും .