നിയമസഭ തെരഞ്ഞെടുപ്പില്‍ മുരളിയേയും പത്മജയേയും തോല്‍പ്പിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍

കോണ്‍ഗ്രസിന്റെ വോട്ട് ബി.ജെ.പിക്ക് മറിക്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നതെന്നും പാര്‍ട്ടി വട്ടിയൂര്‍ക്കാവില്‍ തോല്‍വിയിലേക്ക് പോകുകയാണെന്ന് പ്രവര്‍ത്തകര്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടും ആരും ഇത് കാര്യമായി പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. പ്രവര്‍ത്തകരുടെ അങ്കലാപ്പുകള്‍ക്കിടയില്‍ കെ. മുരളീധരന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു....

നിയമസഭ തെരഞ്ഞെടുപ്പില്‍ മുരളിയേയും പത്മജയേയും തോല്‍പ്പിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കെ കരുണാകരന്റെ പൈതൃകം ഇല്ലാതാക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. കരുണാകരന്റെ മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ കെ. മുരളീധരനേയും പത്മജയേയും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനുള്ള നീക്കമാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയതെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കരുണാകരന്റെ ഒരു ഓര്‍മ്മപോലും അവശേഷിപ്പിക്കരുതെന്ന ഉദ്ദേശത്തോടുകൂടിയാണ് മുരളീധരനും പത്മജയ്ക്കുമെതിര നേതാക്കള്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പോലും ഇതിന്റെ ഭാഗമായിരുന്നുവെന്നും സൂചനയുണ്ട്. ഈ നീക്കത്തില്‍, തെരഞ്ഞെടുപ്പ് രംഗത്ത് മുന്‍പരിചയമുണ്ടായിരുന്ന കെ. മുരളീധരന്‍ അതിജീവിച്ചപ്പോള്‍ പത്മജ വേണുഗോപാല്‍ പരാജയപ്പെടുകയായിരുന്നു. യുഡിഎഫിന് ഏശറ സാധ്യതയുണ്ടായിരുന്ന തൃശൂര്‍ മണ്ഡലത്തിലെ പത്മജയുടെ പരാജയം ഈ നീക്കത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുകയാണ്.


മുരളീധരന്‍ മത്സരിച്ച തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനെക്കാള്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ട എന്നു പറയാവുന്നതാണ് തൃശൂര്‍ മണ്ഡലം. എന്നാല്‍ ഈ രണ്ടുമണ്ഡലങ്ങളിലും ആസൂത്രിതമായി ഇവര്‍ ഇരുവരെയും പരാജയപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. കെ മുരളീധരന്റെ പരാജയത്തിനായി വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളാണ് ചുക്കാന്‍ പിടിച്ചതെന്നും മംഗളം വെളിപ്പെടുത്തുന്നു. തൊട്ടടുത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ഒരു മന്ത്രിയും ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

കോണ്‍ഗ്രസിന്റെ വോട്ട് ബി.ജെ.പിക്ക് മറിക്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നതെന്നും പാര്‍ട്ടി വട്ടിയൂര്‍ക്കാവില്‍ തോല്‍വിയിലേക്ക് പോകുകയാണെന്ന് പ്രവര്‍ത്തകര്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടും ആരും ഇത് കാര്യമായി പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. പ്രവര്‍ത്തകരുടെ അങ്കലാപ്പുകള്‍ക്കിടയില്‍ കെ. മുരളീധരന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ണ്ണായക നിമിഷത്തിലെ ഇടപെടല്‍ മൂലം കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താനായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന് കനത്ത പരാജയമുണ്ടാകുമെന്നും ആ പരാജയത്തിനിടയില്‍ അദ്ദേഹം ജയിച്ചുവരികയാണെങ്കില്‍ പിന്നെ കേരളത്തിന്റെ കോണ്‍ഗ്രസിന്റെ ചുക്കാന്‍ പിടിക്കുന്നത് മുരളിയായിരിക്കുമെന്നും മനസ്സിലാക്കിയ നേതാക്കള്‍ മുരളിയുടെ തോല്‍വി ഉറപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരിടവേളയ്ക്കു ശേഷം വളര്‍ന്നുവരുന്ന മുരളീധരന്റെ ജനപ്രീതി മുന്നില്‍ക്കണ്ടായിരുന്നു ഈ നീക്കം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പലസമയത്തും കരുണാകരനോട് കാണിച്ച ചില മര്യദകേടുകള്‍ വിവാദമായതും അതിന്റെ അടിസ്ഥാനത്തില്‍ മുരളി നേതൃത്വത്തിലേക്ക് വന്നാല്‍ അക്കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്നുള്ളതും നേതാക്കളെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

യുഡിഎഫ് കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുന്ന മണ്ഡലത്തില്‍ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടത് ഈ നീക്കങ്ങളുടെ ഫലമായാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മജ മത്സരിക്കുന്ന സമയത്ത് മുതിര്‍ന്ന പല നേതാക്കളും ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് അന്വേഷിച്ചിട്ടുപോലുമില്ലെന്ന് പത്മജതന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. പത്മജയെ തോല്‍പ്പിക്കുന്നതിന്റെ ഭാഗമായി ഏകദേശം 15,000ല്‍ പരം വോട്ടുകളാണ് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് ചോര്‍ത്തിക്കൊടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷം പാര്‍ട്ടി അധികാരത്തിലിരുന്നിട്ടും, പാര്‍ട്ടിയുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കാതിരുന്നത് കേരള രാഷ്ട്രീയത്തില്‍ നിന്നും കരുണാകരന്റെ ഓര്‍മ്മകളെ ഉന്മൂലനം ചെയ്യുന്നതിന്റെ സഭാഗമാണെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതുപോലെ കരുണാകരന് സ്മാരകംനിര്‍മ്മിക്കാനായി സര്‍ക്കാരില്‍ നിന്നും നന്ദാവനത്ത് ഭൂമി ലഭ്യമാക്കിയിട്ട് അഞ്ചുവര്‍ഷത്തിലേറെയായെങ്കിലും യാതൊരു ചലനവും സ്മാരക നിര്‍മ്മാണത്തിലുണ്ടായിട്ടില്ല.

Read More >>