തങ്ങള്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്നത് തുല്യാവകാശം; ആദ്യ സമ്മതിദാനാവകാശം വിനിയോഗിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം

ആദ്യമായി വോട്ട് രേഖപ്പെടുത്തിയ സന്തോഷത്തില്‍ എല്‍ജിബിടി ക്യു സമൂഹം.ഭരണഘടന തങ്ങള്‍ക്കും ഉറപ്പ് നല്കുന്നത് തുല്യവകാശങ്ങള്‍ ആണെന്നും ഇത്തവണ അത് തെളിയിക്കാന്‍ വേണ്ടിയാണ് താന്‍ വോട്ട് ചെയ്തതെന്നും ട്രാന്‍സെക്ഷ്വലായ സൂര്യ തിരുവനന്തപുരത്ത് നാരദാ ന്യുസിനോട് പറഞ്ഞു.അസ്തിത്വം ഒളിച്ചു വയ്ക്കുന്ന പലര്‍ക്കും മുഖ്യ ധാരയിലേയ്ക്കു വരാന്‍ തിരഞ്ഞെടുപ്പിലെ ഈ അംഗീകാരം പ്രചോദനമാകുമെന്നും പാറ്റൂര്‍ വാട്ടര്‍ അഥോറിറ്റിയില്‍ വോട്ട് രേഖപ്പെടുത്തിയ സൂര്യ പറഞ്ഞു.തന്റെ സ്വത്വം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞ് 2015ല്‍ കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയിലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്.

തങ്ങള്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്നത് തുല്യാവകാശം; ആദ്യ സമ്മതിദാനാവകാശം വിനിയോഗിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം

ഇത്തവണത്തെ പ്രകടനപത്രികയില്‍ ഇടത്‌വലത് മുന്നണികള്‍ തങ്ങള്‍ക്കും ഇടംനല്‍കിയത് മാറ്റത്തിന്റെ സൂചനയാണെന്ന് സൂര്യ പറയുന്നു. അധികാരത്തിലത്തെുന്നവരോട് പറയാനുള്ളത് മനുഷ്യനെന്ന പരിഗണന തങ്ങള്‍ക്ക് നല്‍കണമെന്നാണ്. തൊഴില്‍വിദ്യാഭ്യാസരംഗത്ത് മറ്റു പിന്നാക്കവിഭാഗങ്ങളെപ്പോലെ തങ്ങള്‍ക്കും സംവരണം നല്‍കണമെന്നും സുര്യ പറയുന്നു.

മുമ്പ് രേഖകളിലെല്ലാം 'പുരുഷ'വിഭാഗത്തിലായതിനാല്‍ വോട്ടര്‍പട്ടികയില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്താനേ കഴിയൂ എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ രേഖകള്‍ ഹാജരാക്കിയത് ഉള്‍പ്പടെ നിരവധി കടമ്പകള്‍ പിന്നിട്ടാണ് സൂര്യ 'സ്ത്രീയായി വോട്ടര്‍ പട്ടികയില്‍ ഇടംനേടിയത്.


കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കിയ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ആണ് ഇത്തവണത്തേത്ത്. പക്ഷെ ഇത്തവണ ട്രാന്‍സ്‌ജെന്‍ഡറായി വോട്ട് ചെയ്യാന്‍ സാധിക്കുന്നത് വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ്. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുതല്‍ക്കാണ് കേരളത്തില്‍ സ്ത്രീ പുരുഷന്‍ എന്നിവക്ക് പുറമേ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വിഭാഗം കൂടി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്. നവംബറില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 82 ട്രാന്‍സ്‌ജെന്‍ഡറുകള്‍ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ 'മറ്റുള്ളവര്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ 82 പേര്‍ പോലും ഉള്പ്പെട്ടിട്ടില്ല.

ചിലര്‍ക്കൊക്കെ ആധാര്‍ കാര്‍ഡില്‍ ടിജി എന്ന് രേഖപ്പെടുത്തി ലഭിച്ചുവെങ്കിലും പലര്‍ക്കും ഇപ്പോഴും സ്ത്രീയെന്നോ പുരുഷനെന്നോ മാത്രമാണ് ഇതില്‍ രേഖപ്പെട്ടുത്തിയിട്ടുള്ളത്. ഔദ്യാഗികമായി ട്രാന്‍സ്‌ജെന്‍ഡറാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ ലഭിക്കാനുള്ള നടപടികള്‍ ഇപ്പോഴും ലളിതമല്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം നടപടികളെ കുറിച്ച് കൃത്യമായ അവബോധമില്ലാത്തതും നടപടികള്‍ തടസ്സപ്പെടുത്തുന്നു. ഡോക്ടറോ ഗസ്റ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നുള്ളത് തങ്ങളെ അവേഹളിക്കുന്നതിന് തുല്യമാണ് എന്നും ഇവര്‍ ആരോപിക്കുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്വയംസാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നിരിക്കെ ആണ് ഇത്. സ്വഭാവികരീതിയിലുള്ള ആണ്‍ പെണ്‍ എന്ന് വേര്‍തിരിച്ച് അംഗീകരിക്കുന്ന പതിവ് മാറ്റി ഭിന്നലിംഗപദവിക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അംഗീകാരം നല്‍കണമെന്ന് നാഷണല്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റി ഒഫ് ഇന്‍ഡ്യ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കവേ സുപ്രിം കോടതി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ഔദ്യോഗിക ഫോമുകളില്‍ ഭിന്നലിംഗപദവിക്കാര്‍ക്ക് മൂന്നാമതൊരു കാറ്റഗറി ഉണ്ടാകേണ്ടതാണ്.

ചില കണക്കുകള്‍ പ്രകാരം, കേരളത്തില്‍ 10,000 ഭിന്നലിംഗക്കാരുണ്ട്. 25,000ത്തോളം ട്രാന്‍സ്‌ജെന്‍ഡറുകള്‍ കേരളത്തിലുണ്ട് എന്നാണ് ചില്ല സംഘടനയുടെ ഭാരവാഹി അനില്‍ വ്യക്തമാക്കുന്നത്. കുറഞ്ഞത് ഓരോ ജില്ലയിലും 1000 പേരെങ്കിലും ഉണ്ടാകണം. മെയില്‍ ടു ഫീമെയില്‍ വിഭാഗത്തില്‍പ്പെടുന്നവരാണ് കൂടുതലും അംഗീകരിക്കപ്പെട്ടിട്ടുള്ളത്. തങ്ഹളുടെ അസ്ഥിത്വം പുറത്ത് പറയാന്‍ ഇപ്പോഴും ഭയക്കുന്നത് ഫീമെയില്‍ ടു മെയില്‍ വിഭാഗത്തില്‍പ്പെടുന്നവരാണ്.എന്നാല്‍ ഇനിയും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല തങ്ങളെന്നും മറ്റുള്ളവര്‍ക്കുള്ള അതേ പ്രശ്‌നങ്ങളാണ് തങ്ങള്‍ക്കും ഉള്ളതെന്നും ഇവരെ ബോധ്യപ്പെടുത്താന്‍ സമൂഹത്തിനും സര്‍ക്കാരിനും ഉത്തരവാദിത്ത്വമുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നത് സഹയാത്രിക സംഘടനയുടെ പ്രവര്‍ത്തകന്‍ ശരത് ചേല്ലുരാണ്. പുതിയ ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തെ വലിയ പ്രതീക്ഷകളോടെയാണ് കാണുന്നതെന്ന് ഇവര്‍ പറയുന്നു. ഭാവിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവസ്ഥകള്‍ക്ക് ഇതുകൊണ്ട് മാറ്റമുണ്ടാകുമെന്നു തന്നെ കരുതുന്നു. ഭിന്നലിംഗക്കാര്‍ക്കും ഏത് ജോലിയും ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് കേരളം മാറുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ഇവര്‍ നാരദാന്യുസിനോട് പറഞ്ഞു.

സ്വന്തം അസ്ഥിത്വത്തില്‍ വോട്ട് ചെയ്യാനായി ഇനിയും ഏറെ ദൂരം പോകണമെന്നിരിക്കേ കുറഞ്ഞത്‌ അവഗണനയും ചൂഷണവും മൂലം ഇനിയിവര്‍ക്ക് കേരളം വിടേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ട് ചുമതല അധികൃതര്‍ക്കും  പൊതുസമൂഹത്തിനും ഉണ്ട്.

Story by