പ്രവചനാതീതം കാസർകോട്

ബിജെപിയുടെ ശക്തമായ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് കാസർകോട് ജില്ല. കെ സുധാകരൻ കണ്ണൂര് വിട്ട് ഉദുമയിൽ എത്തിയതോടെ മത്സരം കടുത്തു. കെ സുധാകരനും കെ സരേന്ദ്രനുമാണ് ഈ ഇലക്ഷനിലെ രണ്ട് കാസർകോട് സെലിബ്രിറ്റികൾ- കാസർകോടിന്റെ രാഷ്ട്രീയം, മനോജ് എഴുതുന്നു.

പ്രവചനാതീതം കാസർകോട്

ks_1കാൽ നൂറ്റാണ്ടെങ്കിലുമായി കാസർകോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമായിരുന്നില്ല. ഇത്തവണ പക്ഷേ ചില മണ്ഡലങ്ങളിലെയെങ്കിലും ഫലം അത്ര ഉറപ്പോടെ പ്രവചിക്കാനാവില്ല. ശക്തമായ മത്സരത്തിന് കളമൊരുങ്ങിയ ഉദുമയും മഞ്ചേശ്വരവും സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി മാറിയിരിക്കുന്നു.

കണ്ണൂരിൽ നിന്ന് കെ.സുധാകരൻ ഉദുമയിലേക്ക് മത്സരിക്കാനെത്തിയത് യു.ഡി.എഫിൽ നവോന്മേഷം ഉണ്ടാക്കിയെന്നും അത് വോട്ടായി മാറുമെന്നും കോൺഗ്രസ്സും മുസ്ലിംലീഗും ഒരുപോലെ അവകാശപ്പെടുന്നു. ചോർന്നുപോയ വോട്ടുകൾ തിരിച്ചുപിടിക്കാനാവുമെന്നതാണ് അവകാശവാദത്തിന്റെ അനുബന്ധമായി കൂട്ടിച്ചേർക്കുന്നത്.


കണ്ണൂരിൽ നിന്ന് തിരസ്‌കൃതനായാണ് സുധാകരൻ ഉദുമയിൽ വരുന്നതെന്ന് ആരോപിക്കുന്നതിനു പുറമെ സുധാകരന്റെ വരവിനു അടിസ്ഥാനമായി ചില ഗൂഢ നീക്കങ്ങളുണ്ടെന്നും സി.പി.എം. ആരോപിക്കുന്നു. മഞ്ചേശ്വരത്ത് ബി.ജെ.പി.ക്ക് വോട്ടുമറിക്കാനും ഉദുമയിൽ ബി.ജെ.പി. വോട്ട് സുധാകരന് മറിക്കാനും നീക്കമുണ്ടെന്നാണ് ആരോപണം.

ബി.ജെ.പി. അക്കൗണ്ട് തുറക്കുന്നത് തടയാൻ യു.ഡി.എഫും എൽ.ഡി.എഫും രഹസ്യധാരണയുണ്ടെന്നാണ് ബി.ജെ.പി.യുടെ ആരോപണം. ഇത് പണ്ടേ തുടരുന്നതാണെന്നും ഇല്ലെങ്കിൽ എന്നേ അക്കൗണ്ട് തുറന്നേനെയെന്നും അവർ പറയുന്നു. ബി.ജെ.പി. വോട്ട് സംബന്ധിച്ച പുറത്തെ ആശക്കും ആശങ്കക്കും യുക്തമായ മറുപടിയെന്നോണം ഉദുമയിൽ ജില്ലാ പ്രസിഡന്റായ അഡ്വ.കെ.ശ്രീകാന്തിനെത്തന്നെ സ്ഥാനാർഥിയാക്കി ത്രികോണ മത്സരത്തിന് കോപ്പുകൂട്ടുകയാണ് ബി.ജെ.പി.

ks_2ജില്ലയിലെ അഞ്ചിൽ നാല് മണ്ഡലത്തിലും ഇത്തവണ പോരിന് കടുപ്പം കൂടിയിട്ടുണ്ട്. സി.പി.ഐ.യിലെ സിറ്റിങ്ങ് എം.എൽ.എ ഇ.ചന്ദ്രശേഖരൻ വീണ്ടും ജനവിധി തേടുന്ന കാഞ്ഞങ്ങാട് സ്ഥാനാർഥിയാവാൻ കോൺഗ്രസ്സിന്റെ പ്രമുഖ നേതാക്കളൊന്നും 'മത്സരി'ക്കാത്തതിനാൽ യു.ഡി.എഫിന്റെ ഒന്നാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഈ മണ്ഡലം ഉൾപ്പെട്ടതേയില്ല. എൻ.ഡി.എ.ക്കുവേണ്ടി ബി.ജെ.ഡി.എസ്.സ്ഥാനാർഥിയാണിവിടെ രംഗത്തുള്ളത്. ഗൾഫിൽ ബിസിനസ്സുകാരനും സാമൂഹ്യപ്രവർത്തകനുമായ എം.പി.രാഘവൻ. കാഞ്ഞങ്ങാട്ട് മുൻതൂക്കം എൽ.ഡി.എഫിനുതന്നെ.

ഉദുമയിൽ കഴിഞ്ഞ തവണ 48 ശതമാനത്തോളം വോട്ട് നേടി 11380 വോട്ടിന്റെ വൻഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ കെ.കുഞ്ഞിരാമൻ ജയിച്ചത്. എന്നാൽ മൂന്ന് കൊല്ലം കഴിഞ്ഞ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 835 വോട്ട് യു.ഡി.എഫിനായി കൂടുതൽ. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നില മെച്ചപ്പെടുത്തിയെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിലെ കണക്കിലാണ് യു.ഡി.എഫ്. പ്രതീക്ഷയർപ്പിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിമൂവായിരത്തിൽപരം വോട്ട് നേടിയ ബി.ജെ.പി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് കാൽ ലക്ഷത്തോടടുപ്പിച്ചുവെന്നു മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിൽ കാൽ ലക്ഷം കടത്തുകയും ചെയ്തു. ഈ വോട്ട് ഇനി കൂടിയാലും കുറഞ്ഞാലും അതേത് ഭാഗത്ത് ബാധിക്കുമെന്നതാണ് ഇരുമുന്നണികളുടെയും ചിന്താവിഷയം. സീറ്റ് നിലനിർത്തുമെന്ന് എൽ.ഡി.എഫും പിടിച്ചെടുക്കാനാകുമെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു.

ks_3ഇപ്പോഴത്തെ തൃക്കരിപ്പൂർ പഴയ തൃക്കരിപ്പൂരല്ല. സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ കരിവെള്ളൂർപെരളം, കാങ്കോൽആലപ്പടമ്പ് എന്നീ പഞ്ചായത്തുകളും പെരിങ്ങോംവയക്കരയും ഒഴിവാകുകയും നീലേശ്വരവും ചെറുവത്തൂരും ചേരുകയും ചെയ്ത മണ്ഡലം. അതായത് കല്ല്യാശ്ശേരിയും പയ്യന്നൂരും തളിപ്പറമ്പും പോലെയല്ല, കയ്യൂർ ഉൾപ്പെട്ട തൃക്കരിപ്പൂർ. എന്നിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ.കുഞ്ഞിരാമൻ 8765 വോട്ടിന് ജയിച്ച ഇവിടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ലീഡ് മൂവായിരത്തഞ്ഞൂറിൽ പരിമിതപ്പെടുത്താനായതിന്റെ ആവേശത്തിലായിരുന്നു യു.ഡി.എഫ്. എന്നാൽ ഈസ്റ്റ് എളേരിയിൽ കോൺഗ്രസ്സിൽ പിളർപ്പുണ്ടാവുകയും പിളർന്നുണ്ടായ ജനകീയ വികസന മുന്നണി പഞ്ചായത്ത് ഭരണം പടിക്കുകയും ചെയ്തത് അടുത്തയിടെയാണ.് ജനകീയ വികസന മുന്നണിയുടെ നേതാവ് ജയിംസ് പന്തമാക്കൽ ഇവിടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് യു.ഡി.എഫിന് പ്രയാസമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇ.കെ.നായനാരെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച പാരമ്പര്യമുള്ള മണ്ഡലത്തിൽ ഇത്തവണ നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. കയ്യൂർ സ്വദേശിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എം. ജില്ലാ സെക്രട്ടറിയറ്റംഗം രാജഗോപാലൻ. 1987ൽ മാത്രമാണ് കോമ്#ഗ്രസ്സിന് ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനായത്. അന്ന് ഉദുമയിൽ ജയിച്ച കെ.പി.കുഞ്ഞിക്കണ്ണനാണ് തൃക്കരിപ്പൂരിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്നത്.മുൻ ഡി.സി.സി. പ്രസിഡന്റും ഇപ്പോൾ കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ കുഞ്ഞിക്കണ്ണനും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ബി.ജെ.പി.യും രംഗത്തുണ്ടെങ്കിലും ശക്തമായ ത്രികോണ മത്സരമില്ല.

ശക്തമായ ത്രികോണ മത്സരം കൊണ്ട് പണ്ടേതന്നെ ശ്രദ്ധേയമായ മഞ്ചേശ്വരത്തും കാസർകോട്ടും ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. മഞ്ചേശ്വരത്ത് മൂന്ന് സ്ഥാനാർഥിയും കഴിഞ്ഞ തവണ മത്സരിച്ചവർതന്നെ. യു.ഡി.എഫിനു വേണ്ടി സിറ്റിങ്ങ് എം.എൽ.എ. മുസ്ലിം ലീഗിലെ പി.ബി.അബ്ദുൾ റസാഖും ബി.ജെ.പിക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും എൽ.ഡി.എഫിനുവേണ്ടി കഴിഞ്ഞതിനു മുമ്പത്തെ തവണ ഇവിടെ നിന്ന് ജേതാവായ സി.പി.എം. നേതാവ് സി.എച്ച്. കുഞ്ഞമ്പുവും. ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് യു.ഡി.എഫും പിടിച്ചെടുക്കുമെന്ന് ബി.ജെ.പി.യും 2006ലെ ഫലം ആവർത്തിക്കുമെന്ന് എൽ.ഡി.എഫും ഉറപ്പിച്ചുപറയുമ്പോൾ പ്രവചനം ഇവിടെ എളുപ്പമല്ലാതാകുന്നു. കഴിഞ്ഞ തവണ 5828 വോട്ടിനാണ് അബ്ദുൾ റസാഖ് വിജയിച്ചത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന കെ.സുരേന്ദ്രൻ മൂന്ന് കൊല്ലം കഴിഞ്ഞ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേതിനേക്കാൾ വോട്ട് യു.ഡി.എഫിനും ബി.ജെ.പിക്കും പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർധിച്ചു കൃത്യം 2642 വീതം!. മൂന്ന് മുന്നണിയും അതിശക്തമായ പ്രചരണത്തിലാണ്. വരുംദിവസങ്ങളിലെ അടിയൊഴുക്കുകളാവും ഫലത്തിന് നിർണായകം.

ks_4കാസർകോട്ടും ത്രികോണ മത്സരമാണെങ്കിലും യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ശക്തമായ മത്സരം. എൽ.ഡി.എഫ്. ഐ.എൻ.എല്ലിന് വിട്ടുകൊടുത്ത മണ്ഡലം അവർക്ക് വേണ്ടെന്ന് വാശിപിടിച്ചുനിന്നത് മുന്നണിക്കാകെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഒടുവിൽ കൊല്ലത്തുനിന്നുള്ള നേതാവായ ഡോ.എം.എ. അമീനെയാണ് ഐ.എൻ.എൽ. രംഗത്തിറക്കിയത്. ഐ.എൻ.എല്ലിൽ നിന്ന് തിരിച്ചെത്തി മുസ്ലിംലീഗ് നേതാവായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വൻവിജയം നേടിയ എൻ.എ.നെല്ലിക്കുന്ന് തന്നെയാണിത്തവണയും യു.ഡി.എഫ്. സ്ഥാനാർഥി. ബി.ജെ.പിയാകട്ടെ രാഷ്ടീയ രംഗത്ത് അത്ര പരിചിതനല്ലാത്ത രവീശ തന്ത്രി കുണ്ടാറിനെയാണ് സ്ഥാനാർഥിയാക്കിയിട്ടുള്ളത്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് രവീശ.

വർധിച്ച ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും പ്രകടമായ സൂചന യു.ഡി.എഫിനനുകൂലമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാളും വലിയ ഭൂരിപക്ഷമാണ് മൂന്ന് കൊല്ലത്തിനു ശേഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ചത് ലീഡ് 9738ൽ നിന്ന് 13190ലേക്കെത്തിക്കാനായി. അതേ ഗ്രാഫ് തുടരാനാകുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. ബി.ജെ.പിയും നല്ല പ്രതീക്ഷയിലാണ്. വോട്ടുകളൊന്നും ചോർന്നുപോകാതെ പരമാവധി വോട്ട് സമാഹരിച്ച് ശക്തി തെളിയിക്കാനാകുമെന്ന് എൽ.ഡി.എഫും ഐ.എൻ.എല്ലും ആഗ്രഹിക്കുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ട് നില

മഞ്ചേശ്വരം

യു.ഡി.എഫ് 52459
എൽ.ഡി.എഫ്29433
ബി.ജെ.പി 46631

കാസർകോട്

യു.ഡി.എഫ്54426
എൽ.ഡി.എഫ്22827
ബി.ജെ.പി41236

ഉദുമ

യു.ഡി.എഫ്56291
എൽ.ഡി.എഫ്55456
ബി.ജെ.പി24584

കാഞ്ഞങ്ങാട്

യു.ഡി.എഫ് 56954
എൽ.ഡി.എഫ്64669
ബി.ജെ.പി23578

തൃക്കരിപ്പൂർ

യു.ഡി.എഫ് 62001
എൽ.ഡി.എഫ്65452
ബി.ജെ.പി 12990

ജില്ലാ പഞ്ചായത്ത് കക്ഷി നില 2015
ആകെ സീറ്റ് 17
യു.ഡി.എഫ്8
എൽ.ഡി.എഫ്7
ബി.ജെ.പി2

മൂന്ന് നഗരസഭകളിൽ രണ്ടെണ്ണം എൽ.ഡി.എഫും ഒന്ന് യു.ഡി.എഫും നേടി (കാഞ്ഞങ്ങാടും നീലേസ്വരവും എൽ.ഡി.എഫ്. കാസർകോട് യു.ഡി.എഫ്.)