കാഴ്ച അന്യമായ കാര്‍ത്തിക അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് നേടിയെടുത്തത് അവിസ്മരണീയ നേട്ടം

പ്ലസ് വണ്ണില്‍ 15 മാര്‍ക്ക് അകലത്തില്‍ 1200 എന്ന ലക്ഷ്യം കൈവിട്ടെങ്കിലും പ്ലസ് ടുവിന് കാര്‍ത്തിക ആ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു.

കാഴ്ച അന്യമായ കാര്‍ത്തിക അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് നേടിയെടുത്തത് അവിസ്മരണീയ നേട്ടം

എസ്. കാര്‍ത്തികയെന്ന മിടുക്കി ഹയര്‍സെക്കന്‍ഡറി ഹ്യൂമാനിറ്റീസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും നേടിയ എപ്ലസ് നേട്ടത്തിന് പൊന്‍തിളക്കമുണ്ട്. രോഗം മൂലം ഒന്‍പതാം വയസ്സില്‍ ലോകത്തിന്റെ കാഴ്ച അന്യമായ ഈ പെണ്‍കുട്ടി തന്റെ വിധിയോട് പടവെട്ടി നേടിയെടുത്തതാണ് ഈ നേട്ടം.

കാരാപ്പുഴ തൃക്കാര്‍ത്തികയില്‍ കാര്‍ത്തികയെന്ന മിടുക്കിക്ക് തന്റെ ഒമ്പതാം വയസ്സിലാണ് കണ്ണിന്റെ കാഴ്ച നഷ്ടമായി തുടങ്ങിയത്. എന്നാല്‍ വിധിയുടെ പിടിയില്‍ അമര്‍ന്നിരിക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. പ്ലസ് വണ്ണില്‍ 15 മാര്‍ക്ക് അകലത്തില്‍ 1200 എന്ന ലക്ഷ്യം കൈവിട്ടെങ്കിലും പ്ലസ് ടുവിന് കാര്‍ത്തിക ആ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. അന്നു കാരാപ്പുഴ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ഏക വിദ്യാര്‍ഥിനിയായിരുന്നു കാര്‍ത്തിക. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കാര്‍ത്തിക എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറ് മാര്‍ക്കു നേടിയപ്പോള്‍ വീട്ടുകാര്‍ക്കൊപ്പം നാട്ടുകാര്‍ക്കും ഇന്നലെ സന്തോഷദിനമായി.


മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കാര്‍ത്തികയെ അന്ധകാരം പിടികൂടിയത്. നാലാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ സ്പെഷല്‍ സ്‌കൂളിലായിരുന്നു പഠനം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ അച്ഛന്‍ എം.ബി.ജയചന്ദ്രനും അമ്മ ശ്യാമയും മകള്‍ക്കൊപ്പം ഏതുകാര്യത്തിനുമുണ്ടായിരുന്നു. സ്‌പെഷ്യല്‍ സ്‌കൂളിന്റെ പരിമിതിക്കുള്ളില്‍ തളച്ചിടാന്‍ മാതാപിതാക്കള്‍ ഒരുക്കമല്ലായിരുന്നു. അതിന്റെ ഭാഗമായി തുടര്‍ പഠനത്തിനായി കാര്‍ത്തികയെ മാതാപിതാക്കള്‍ കാരാപ്പുഴ എന്‍എസ്എസില്‍ ചേര്‍ക്കുകയായിരുന്നു.

മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ കാര്‍ത്തികയ്ക്കു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിനറ്റ് അടക്കമുള്ള അധ്യാപകര്‍ മികച്ച പിന്തുണയാണു നല്‍കിയതെന്ന് കാര്‍ത്തികയും മാതാപിതാ്കളും പറയുന്നു. ചോദ്യം വായിച്ചു കൊടുത്തതിനു ശേഷം കാര്‍ത്തിക പറഞ്ഞുകൊടുത്ത ഉത്തരങ്ങള്‍ മറ്റൊരു വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ പകര്‍ത്തിയെഴുതുകയായിരുന്നു.

പഠനത്തില്‍ മാത്രമല്ല കാര്‍ത്തികയുടെ കഴിവ് വെളിവായിട്ടുള്ളത്. സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിലും കാര്‍ത്തിക താരമാണ്. കഥാരചനയില്‍ തുടര്‍ച്ചയായ മൂന്നുവര്‍ഷം ജേതാവായ കാര്‍ത്തിക ശാസ്ത്രീയ സംഗീതത്തിലും ഉപകരണസംഗീതത്തിലും പ്രതിഭതെളിയിച്ചിട്ടുണ്ട്.

Read More >>