തൊഴിലാളി ചൂഷണത്തിന്റെ അപ്പോസ്തലന്‍മാര്‍ വാഴുന്ന കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജ്; കിട്ടുന്ന ശമ്പളം ഒരുമാസത്തെ ആഹാരത്തിനു പോലും തികയാതെ ഹൗസ് സര്‍ജന്‍മാര്‍

നിയമം അനുശാസിക്കുന്ന 20,000 രൂപക്ക് പകരം നിലവിലെ 3975രൂപയുടെ സ്റ്റൈപ്പന്‍ഡ് 8000 ആക്കി വര്‍ദ്ധിപ്പിക്കാം എന്നതാണ് മാനേജ്മെന്റിന്റെ നിലപാട്. അത് പോലും പക്ഷെ വാക്കാല്‍ മാത്രമാണ്,എഴുതി നല്‍കാന്‍ മാനേജ്മെന്റ് തയ്യാറല്ല...

തൊഴിലാളി ചൂഷണത്തിന്റെ അപ്പോസ്തലന്‍മാര്‍ വാഴുന്ന കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജ്; കിട്ടുന്ന ശമ്പളം ഒരുമാസത്തെ ആഹാരത്തിനു പോലും തികയാതെ ഹൗസ് സര്‍ജന്‍മാര്‍

കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഹൗസ് സര്‍ജന്മാര്‍ നടത്തുന്ന സമരം 10ാം ദിവസത്തിലേക്ക്.ഐഎംഎയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞദിവസം വൈകി നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. നിയമം അനുശാസിക്കുന്ന 20,000 രൂപക്ക് പകരം നിലവിലെ 3975രൂപയുടെ സ്റ്റൈപ്പന്‍ഡ് 8000 ആക്കി വര്‍ദ്ധിപ്പിക്കാം എന്നതാണ് മാനേജ്മെന്റിന്റെ നിലപാട്. അത് പോലും പക്ഷെ വാക്കാല്‍ മാത്രമാണ്,എഴുതി നല്‍കാന്‍ മാനേജ്മെന്റ് തയ്യാറല്ല.


ലോക തൊഴിലാളി ദിനത്തില്‍ ആരംഭിച്ച സമരത്തിനോട് നിഷേധാത്മകമായ നിലപാട് ആണ് മാനേജ്മെന്റ്ും മുഖ്യധാരാ രാഷട്രീയപാര്‍ട്ടികളും സ്വീകരിക്കുന്നത്. സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവകയുടെ കീഴിലുള്ള ഡോക്ടര്‍ സോമര്‍വെല്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് എന്ന കാരക്കോണം മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് ഹൗസ് സര്‍ജന്‍മാര്‍ക്ക് 3975 രൂപയാണ് ഇപ്പോള്‍ സ്റ്റൈപ്പന്‍ഡ് ആയി നല്കുന്നത്.2008 ബാച്ചിലുള്ളവരാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് 2975ല്‍ നിന്നും 1000 രൂപ വര്‍ദ്ധിപ്പിച്ചത്. അങ്ങനെയാണ് സ്റ്റൈപ്പന്‍ഡ് 3975ലേക്ക് എത്തുന്നത്.ഇത് തന്നെ ചിലപ്പോള്‍ രണ്ടു മാസം കൂടുമ്പോഴാണ് കിട്ടുക.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്മാര്‍ക്ക് നല്‍കുന്ന തുക തന്നെ പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളിലും നല്‍കണം എന്ന വിജ്ഞാപനം കാറ്റില്‍പ്പറത്തിയാണ് മാനേജ്മെന്റ് ഇവരെ ചൂഷണം ചെയ്യുന്നത്. ഇതിന് പുറമേ ആണ് ലീവ് ഇനത്തില്‍ ഈടാക്കുന്ന പിഴ പോലുള്ള പിഴിയലുകള്‍.മാസത്തില്‍ ഒരു ദിവസത്തെ ലീവ് ഇവര്‍ക്ക് അനുവദനീയമാണ്. ലീവ് എക്സ്റ്റന്‍ഡ് ചെയ്യുകയാണെങ്കില്‍ ഓരോ ദിവസവും 250 രൂപ പിഴയൊടുക്കേണ്ടി വരും. എന്നാല്‍ പിഴ തുകയിലും എത്ര ദിവസത്തേക്ക് ലീവ് നീട്ടി എന്നുള്ളതിലും അന്തിമ തീരുമാനം മാനേജ്മെന്റിന്റേതാണ്. ഒരു ദിവസം ലീവ് എടുത്താലും ബന്ധപ്പെട്ടവര്‍ മൂന്ന് എന്ന് രേഖപ്പെടുത്തുകയാണെങ്കില്‍ പിഴയായി 750 രൂപയാണ് അടയ്ക്കേണ്ടി വരുക. ഇതില്‍ ഇളവ്് വരുത്താന്‍ ഇന്നലത്തെ ചര്‍ച്ചയില്‍ മാനേജ്മെന്റ് തയ്യാറായിട്ടുണ്ട്.

സ്റ്റൈപ്പന്‍ഡ് വര്‍ദ്ധിപ്പിക്കുക, ലീവ് എക്സ്റ്റന്റ്‌റ് ചെയ്യുമ്പോഴുള്ള 250 രൂപ ഫൈന്‍ എടുത്തു മാറ്റുക. മെന്‍സ് ഹോസ്റ്റല്‍ വാസികളില്‍ നിന്നും അടിക്കടി മെസ്സ് ഫീ ഡ്യൂ പിടിച്ചുവാങ്ങുന്ന നടപടി അവസാനിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.

പിഴിയാം പക്ഷെ കൊല്ലരുത്, ഞങ്ങളും മനുഷ്യരാണ്

ഓരോ വര്‍ഷവും പല പേരുകളില്‍ ഭീമമായ തുകയാണ് ഇവരില്‍ നിന്ന് ഈടാക്കുന്നത്. മിസലേനിയസ് ഫീ ഇനത്തില്‍ 30000 മുതല്‍ 40000 വരെ മാനേജ്മെന്റ് വാങ്ങുന്നുണ്ട്. ഇല്ലാത്ത മെസ്സിനും യാത്രാസൗകര്യങ്ങള്‍ക്കും കാശ് വാങ്ങുന്ന മെഡിക്കല്‍ കോളേജ് കൂടിയാണ് കാരക്കോണം. ബിരുദവിദ്യാഭ്യാസ കാലത്തെ മെസ്സ് ഫീ പോലും ഇവരില്‍ നിന്നും ഇപ്പോള്‍ ഈടാക്കുന്നുണ്ട്. അന്ന് ഓഡിറ്റ് ഇഷ്യൂ ഉണ്ടായിരുന്നു എന്നതാണ് അധികൃതരുടെ ന്യായം.യാത്രാ സൗകരവ്യം ഇവര്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ എല്ലാ വര്‍ഷവും അതിനായി ഒരു നല്ല തുക ഈടാക്കാറുണ്ട്. സ്റ്റാഫിന് വേണ്ടിയുള്ള യാത്രാസൗകര്യം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങാന്‍ പോലും 50 രൂപ നല്‍കണം.ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് ഫീസ് കൃത്യമായി വര്‍ാവര്‍ഷം അടക്കുമ്പോഴും ഓരോ തവണ നെറ്റ് ഉപയോഗിക്കുന്നതിനും പ്രത്യേകം ചാര്‍ജ്ജ് നല്‍കേണ്ടിയും വരുന്നു. കാമ്പസില്‍ ഉള്ള ലൈബ്രറിയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കും ഹൗസ് സര്‍ജന്മാര്‍ക്കും പുസ്തകങ്ങള്‍ നല്‍കില്ല എന്നതാണ് മാനേജ്മെന്റ് നിലപാട്. എന്നാല്‍ അതിനുള്ള ഫീസ് വിദ്യാര്‍ഥികള്‍ നേരത്തെ തന്നെ അടച്ചതാണ.് ഹോസ്റ്റല്‍ വാടക നല്കുമ്പോഴും മുറിയിലെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള തുക വിദ്യാര്‍ത്ഥികള്‍ തന്നെ കണ്ടെത്തണം. ഡ്യൂട്ടിക്കിടെ ടോയ്ലറ്റില്‍ പോയ വനിതാ ഹൗസ് സര്‍ജനോട് രോഗികള്‍ ഉപയോഗിക്കുന്ന കത്തീറ്റര്‍ യൂറിന്‍ ബാഗ് ഉപയോഗിക്കാനാണ് ഒരു മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടത്.

സിപിഐയുടെ സ്വന്തം തോറ്റ സ്ഥാനാര്‍ത്ഥി ബെനറ്റ്


കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു കാരക്കോണം മെഡിക്കല്‍േകാളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം. ഒരു കോടി രൂപയുടെ പേയന്‍മെന്റ് സീറ്റ് ആരോപണം ഉള്ള അണികളെ കൂടി നിരാശപ്പെടുത്തി.സിപിഎമ്മിന്റെ സമ്മര്‍ദ്ദം ആണ് ബെന്നറ്റിന്റെ സ്ഥാനര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചത് എന്നും ആരോപണം ഉയര്‍ന്നു.തിരുവനന്തപുരത്തെ എല്‍എംഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ മിഷന്‍ ഓഫ് സൗത്ത് കേരള ഡയോസസ് ഓഫ് ദ ചര്‍ച്ച് ഓഫ് ദ സൗത്ത് ഇന്ത്യ (എസ്ഐയുസി) എന്ന സൊസൈറ്റിയുടെ കീഴില്‍ സാമ്പത്തിക തിരിമറി നടത്തിയതിന് ബെന്നറ്റ് എബ്രഹാമിനെതിരെ മ്യൂസിയം സ്റ്റേഷനിലും വഞ്ചിയൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും പരാതികള്‍ ഉണ്ട്.2004 ലും സമാന സ്വഭാവമുള്ള ഒരു പരാതി ബെന്നറ്റിനെതിരെയുണ്ടായി. കാരക്കോണം മെഡിക്കല്‍ കോളജ് ഭരണം നഷ്ടമാകാതിരിക്കാന്‍ ഗൂഢാലോചന നടത്തുകയും ഇതിന്റെ ഭാഗമായി വ്യാജ രേഖകള്‍ ചമച്ച്, അന്യായ ലാഭം ഉണ്ടാക്കിയെന്നുമാണ് പരാതി. ഈ കേസുകളൊക്കെ ഒത്തുതീര്‍പ്പായി പോയി എന്നതായിരുന്നു ലോക് സഭ തിരഞ്ഞെടുപ്പ് വേളയില്‍ ബെനറ്റ് എബ്രഹാമിന്റെ വാദം.

മാനേജ്മെന്റിന്റെ പ്രതികാര നടപടികള്‍ , തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കണ്ണടക്കുന്ന പാര്‍ട്ടികളും

കാരക്കോണം കോളേജിലെ നിലവിലെ പ്രതിഷേധം ഏതു വിധേയനും അടിച്ചമര്‍ത്താനാണ് മാനേജ്മെന്റിന്റെ ശ്രമം. ഇതിനായി മാനേജ്മെന്റിന്റെ സ്പെഷ്യല്‍ ഗുണ്ടകളും രംഗത്തുണ്ട്. പ്രതികാര നടപടികള്‍ ഉണ്ടാവുമെന്നത് ഉറപ്പായതിനാല്‍ തങ്ങളുടെ പേര് പോലും വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയാണ് ഇവരുടെത്. 2002ല്‍ നടന്നതുപോലെ കള്ളക്കേസുകളില്‍ കുടുക്കാനുള്ള സാധ്യതകളും ഇവര്‍ ഭയക്കുന്നു. വിദ്യാര്‍ത്ഥികളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അച്ഛനമ്മമാര്‍ക്ക് മേലും സമ്മര്‍ദ്ദം ഉണ്ട്. നാരദാ ന്യുസിനോട് പ്രതികരിക്കാന്‍ തയ്യാറാകാതെ പ്രിന്‍സിപ്പല്‍ തിരക്കുകള്‍ സൂചിപ്പിച്ച് ഒഴിഞ്ഞു മാറി.

അതേസമയം,ജാതി വോട്ടുകള്‍ നിര്‍ണായകമായ പാറശ്ശാലയില്‍ ന്യുനപക്ഷ മാനജേമെന്റിനെ പ്രത്യേകിച്ച് മുന്‍ സ്ഥാനര്‍ത്ഥി ബെനറ്റ് എബ്രഹാമിനെ പിണക്കാന്‍ ഇടതിന് ആവില്ല.ഭരണം പിടിക്കാനുള്ള തിരക്കില്‍ തത്കാലം കാരക്കോണം ഏണി ആകരുത് എന്നാണ് വലതിനും ബിജെപിക്കും ആഗ്രഹം.

ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കുക എന്ന് ഡോ ജിനേഷ്.

കാരക്കോണം ഡോ.സൊമര്‍വെല്‍ സിഎസ്ഐ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ക്ക് നല്കുന്ന ശമ്പളം മാസം വെറും 3975 രൂപ മാത്രം. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്യുന്ന ഹൗസ് സര്‍ജന്‍ ഡോക്ടര്‍മാര്‍ക്ക് 20000 രൂപ ലഭിക്കുമ്പോഴും ഒരു മാസത്തെ ഭക്ഷണ ചിലവിനു പോലും പണം ലഭിക്കാതെ ജോലി ചെയ്യുകയാണ് കാരക്കോണം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ ഡോക്ടര്‍മാര്‍. ഹൗസ് സര്‍ജന്‍ ഡോക്ടര്‍മാര്‍ക്ക് കേരളത്തില്‍ ഒരേ ശമ്പളം നല്കണം എന്ന് സര്‍ക്കാരും ആരോഗ്യ സര്‍വ്വകലാശാലയും നിര്‍ദേശിച്ചിട്ടുള്ളതാണ്. എങ്കിലും അത് മാനിക്കാതെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അവിടങ്ങളില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരെ ചൂഷണം ചെയ്യുന്നു. അതുപോലെ പി ജി റസിഡന്റ്റ് ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം ആയ 45000 രൂപ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും നല്‍കണം എന്ന സര്‍ക്കാര്‍, ഹൈക്കോടതി നിര്‍ദ്ദേശങ്ങളും അവര്‍ പാലിക്കുന്നില്ല.

2002 ല്‍ ഓരോ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും പകുതി എംബിബിഎസ്് സീറ്റുകളിലേക്ക് സ്റ്റേറ്റ് എന്ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍ ഫീസ് മാത്രം ഈടാക്കി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും എന്ന് വാക്ക് പറഞ്ഞ എല്ലാ സ്വകാര്യ കോളെജുകളും ആ നിബന്ധനകളില്‍ നിന്നും പിന്മാറിയിട്ടു കാലങ്ങളായി. അവര്‍ പണം മാത്രം ലക്ഷ്യമിട്ട് രോഗികളെയും വിദ്യാര്‍ത്ഥികളെയും ചൂഷണം ചെയ്യുന്നു. ഈ തെറ്റായ നയം അവസാനിപ്പിക്കേണ്ടതുണ്ട്. മെഡിക്കല്‍ കോളെജിലേക്ക് അടക്കാന്‍ ബാധ്യതകള്‍ ഒന്നും ഇല്ല എന്ന് മാനേജ്മെന്റ് തന്നെ അംഗീകരിച്ചതിന് ശേഷം അവസാന വര്‍ഷ പരീക്ഷ എഴുതി വിജയിച്ചവരുടെ കയ്യില്‍ നിന്നും രണ്ടും മൂന്നും മാസം കൂടുമ്പോള്‍ പണ്ട് പഠിച്ചിരുന്ന കാലത്തെ പിഴ അടക്കണം എന്ന് ആവശ്യപ്പെടുന്നത് അധാര്‍മ്മികമാണ്.

അവിടെ പഠിക്കുന്നവര്‍ തലവരിപ്പണം കൊടുത്തു പഠിച്ചവരാണ്, അതിനാല്‍ അവര്‍ക്ക് ശമ്പളം നല്കുന്നത് തന്നെ അനാവശ്യമാണ് എന്ന് മാനേജ്മന്റ് പ്രചരണം നല്കുന്നു എന്നും കേള്‍ക്കുന്നു; അങ്ങിനെ ചിന്തിക്കുന്നവരോട് അഡ്മിഷന്‍ ലഭിച്ചു കഴിഞ്ഞ് എല്ലാ വിദ്യാര്‍ത്ഥികളും തുല്യരാണ്. വിദ്യാഭ്യാസവും, പ്രവര്‍ത്തി പരിചയങ്ങളും എല്ലാം തുല്യമായ രീതിയിലാണ് കൊടുക്കുന്നത്. അവിടെ മെറിറ്റിനൊ, മാനേജുമെന്റിനോ സ്ഥാനം ഇല്ല. സ്റ്റൈപെന്‍ഡിന്റെ കാര്യത്തിലും ആ തുല്യതയാണ് പാലിക്കേണ്ടത്, ഈ കാര്യത്തില്‍ മാനേജുമെന്റുകള്‍ തുല്യത എന്തായാലും പാലിക്കുന്നുണ്ട്. എല്ലാവര്‍ക്കും ഒരു പോലെ നക്കാപ്പിച്ച സ്‌റ്റൈപെന്‍ഡാണല്ലോ കൊടുക്കുന്നത്.പല സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും പലപ്പോഴും ആവശ്യത്തിന് അധ്യാപകരെ (ഡോക്ടര്‍മാരെ) പോലും നിയമിക്കാറില്ല. പല വിഭാഗങ്ങളിലും മെഡിക്കല്‍ കൌണ്‍സില്‍ പരിശോധനാ സമയത്തേക്ക് മാത്രം വാടകക്ക് എടുക്കുന്ന ഡോക്ടര്‍മാരാണ് ഉണ്ടാവുക.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കുന്ന ഇത്തരം പരാമര്‍ശങ്ങളെ അവഗണിക്കുക. അനീതിക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായ ആ കുട്ടികളെ പിന്തുണക്കുക. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കുക.

(ഡോ ജിനേഷ് പി എസ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അദ്ധ്യാപകനാണ്‌
)

Read More >>